താൾ:Sarada.djvu/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ദയവുചെയ്തു അയച്ച നോവൽബുക്കും കത്തും കിട്ടി. ഇപ്പോൾ ഈയ്യിടെ ഉണ്ടാക്കിയ നോവലുകൾ എല്ലാം ഓരോ അസഭ്യകഥകളും നേരംപോക്കും അടങ്ങീട്ടുള്ള ദുർദ്ദേവതമാരെപ്പോലെ തന്നെ മലയാളത്തിനെ ബാധിച്ചിരിക്കുന്നു. വായിപ്പാൻ അറയ്ക്കുന്നു. അനാവശ്യമായി ബ്രാഹ്മണരേയും മറ്റും ദുഷിക്കുന്നു. നിങ്ങളുടെ ബുക്കിന്ന് അതൊന്നുമില്ലെന്നു കൂടാതെ വളരെ പ്രശംസനീയമായിട്ടുണ്ടെന്നു ഞാൻ വിചാരിക്കുന്നു. നിങ്ങളുടെ കഥ വളരെ രസമുണ്ട്. നിങ്ങളുടെ വാചകത്തിന്നു നല്ല സുഖവും ഭടത്വവും ആകുന്നു. ആകപ്പാടേ നല്ല ഞെറിയുണ്ടെന്നു കൂടി ഇവിടെ പ്രസ്താവിക്കേണ്ടിവന്നുപോയിരിക്കുന്നു. അതു കൊണ്ട് ഈ സർട്ടിഫിക്കെറ്റു തരുന്നതിൽ എനിക്കു വളരെ കൃതഞ്ജതയും സത്വരവും ബഹുമാനവും സന്തോഷവും കൂടി ഉള്ളതു വീണ്ടും ആവർത്തിച്ചു ആവർത്തിച്ചു പറയുന്നു."

ക :- എന്താണ് ശാമുമേനോൻ പോരെ ?

ശാ :- ധാരാളം മതി. സർട്ടിഫിക്കറ്റ് ഒന്നാന്തരം. ഈ പുസ്തകത്തിന്റെ യോഗ്യതയ്ക്ക് ഒത്ത് സർട്ടിഫിക്കേറ്റു തന്നെ.

ഇവിടെ എന്റെ വായനക്കാരോട് എനിക്ക് ഒന്നു പറവാനുണ്ട്, കർപ്പൂരയ്യന്റെ മേൽക്കാണിച്ച കത്തിൽനിന്ന് അദ്ദേഹത്തിന്റെ വക്കീൽപ്രവൃത്തിയിൽ ഉള്ള സാമർത്ഥ്യത്തെയോ പഠിപ്പിനെയോകുറിച്ച് നിങ്ങൾ ഒന്നും അനുമാനിക്കരുത്. പട്ടർ അതിസമർത്ഥനായ ഒരു വക്കീലാണ്. പട്ടർ വ്യവഹാരശാസ്ത്രത്തിൽ അതിനിപുണനും കാര്യം ഗ്രഹിക്കുന്നതിലും ഗ്രഹിച്ചാൽ അതിനെപ്പറ്റി പ്രവർത്തിക്കുന്നതിലും വളരെ നൈപുണ്യമുള്ള ആളും ആകുന്നു. എന്നാൽ വ്യവഹാരകാര്യങ്ങൾ ഒഴികെയുള്ള സംഗതികളിൽ ഒന്നും അറിവു വളരെ കുറയുമെന്നല്ല സംസ്കൃതത്തിൽ പരിജ്ഞാനവും മലയാളവാചകങ്ങൾ എഴുതുവാനുള്ള വൈഭവവും ലേശംപോലും ഇദ്ദേഹത്തിന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ടുമാത്രം മേൽക്കാണിച്ച കത്ത് അല്പം അപകടമായി വന്നുപോയതാണ്.

മേൽക്കാണിച്ച എഴുത്തു പൂട്ടിവെച്ചശേഷം കർപ്പൂരയ്യനും ശാമുമേനോനും കൂടി ക്ലബ് മുറിയിൽ നിന്നു പുറത്തേയ്ക്കു വന്നു മിറ്റത്ത് നിന്നു.

ക :- എന്തിനാണ് പൂഞ്ചോലക്കരനിന്ന് ആൾ വന്നിരിക്കുന്നത് ? ഇന്നാൾ നോം കേട്ട ടിച്ചബോറൻ കേസ്സു തുടങ്ങാൻ ഭാവമുണ്ടോ ?

ശാമു :- ഇങ്ങിനെ ഒരു അന്യായമുണ്ടോ , രാമവർമ്മൻ തിരുമുല്പാടും ഒരു പട്ടരും തിരുവനന്തപുരക്കാരൻ ഒരു പിള്ളയും കൂടിയാണ് ഈ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/107&oldid=169739" എന്ന താളിൽനിന്ന് ശേഖരിച്ചത്