താൾ:Sarada.djvu/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ :- കടലാസ്സ് ഇല്ല. ഇതാ മഡ്രാസ്സ് ലൊഝർനലിൽ ആദ്യത്തെ കടലാസ്സ് ഒഴിവുണ്ട്. അതു മതി എങ്കിൽ കീറി തരാം.

ക :- ഓഹോ മതി. തടിച്ച കടലാസ്സൊ. കൂലി അധികമാവുമോ ?

ശാ :- സാമാന്യം തടി ഉണ്ട്. നേർപകുതി അരയണയ്ക്കു പോവുമെന്നു തോന്നുന്നു.

ക :- എന്നാൽ അതു കീറി എടുക്കിൻ.

ശാമുമേനോൻ കടലാസു കീറി എടുത്തുകൊടുത്തു.

ക :- എനി തൂവലും മഷിയും വേണമല്ലൊ. മഷിക്കും തൂവലിന്നും അന്വേഷണം തുടങ്ങി. അവിടെ എങ്ങും ആ രണ്ടു സാധനങ്ങളേയും കാണാൻ കഴിഞ്ഞില്ല. ഒടുവിൽ അയൽ മഠത്തിൽ ചോറ്റുകച്ചവടക്കാരൻ ചോറു വിറ്റതിന്റെ കണക്ക് എഴുതിക്കൊണ്ടിരിന്നേടത്തു നിന്ന് അയാളെ ഉപദ്രവിച്ച് ഒരു പഴയ കുറ്റി തൂവലും ഒരു ചിരട്ടക്കഷണത്തിൽ ഉള്ള മഷിയും തട്ടിപ്പറിച്ചു കൊണ്ടുവന്നു ക്ലബിലെ മേശമേൽ വെച്ച് എഴുത്തു തുടങ്ങി. എഴുത്തു തുടങ്ങിയപ്പോൾ മേശ കുലുങ്ങിത്തുടങ്ങി. അപ്പോൾ ഒരു ഭാഗത്തു കാലില്ലാത്തതിന്നു പകരം കൂട്ടി ഉയർത്തിവെച്ചിരുന്ന മരക്കഷണങ്ങളും കല്ലിന്റെ കഷണങ്ങളും കുറേശ്ശെ കുറേശ്ശെ വീണുതുടങ്ങി . മേശ ഒന്നു ചെരിഞ്ഞു. അതിന്മേൽ ഇരുന്നു വായിക്കുന്നവർ എഴുനീറ്റു നിന്നു. ഒരുവിധം അപ്പോഴേക്കു കർപ്പൂരയ്യന്റെ എഴുത്ത് അവസാനിച്ചു.

ക :- നുമ്മൾക്കു നല്ല ഒരു മേശ വാങ്ങണം.

ശാ :- സംശയമില്ല വാങ്ങണം. ഒരുവരി പട്ടിക ഉണ്ടാക്കണം. ആൾ ഒന്നുക്ക് നാലണ.

ക :- വയ്യാ , വയ്യാ , അത്ര അധികമായാൽ ആരും പണം തരികയില്ല. ഒരണ വെച്ചോളു. മാവുപലക വാങ്ങി ഉപായത്തിൽ ഉണ്ടാക്കിക്കാം. എന്നാൽ മതി.

ശാ :- മതി , മതി . എന്താണ് സർട്ടിഫിക്കറ്റ് ? ഒന്നു വായിച്ചു കേൾക്കാമൊ. ഇംഗ്ലീഷിലൊ മലയാളത്തിലൊ.

ക :- മലയാളത്തിൽ. മലയാളത്തിലുള്ള ബുക്കിന്നു ഇംഗ്ലീഷിൽ സർട്ടിഫിക്കറ്റ് കൊടുത്തതുകൊണ്ട് ന്യൂസ്പേപ്പർകാർ പരിഹസിച്ചിരിക്കുന്നു. എനിക്കു സംസ്കൃതവും മറ്റും വെച്ചു മലയാളത്തിൽ ഭംഗിയായി എഴുതുവാൻ വയ്യ. ഒരുവിധം ഇതാ ഞാൻ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു് താഴെ പറയുംപ്രകാരം വായിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/106&oldid=169738" എന്ന താളിൽനിന്ന് ശേഖരിച്ചത്