താൾ:Sarada.djvu/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശി :- ഇത്ര മനസ്സിരുത്തി വായിച്ചിട്ടും കഥ വഴിപോലെ മനസ്സിലായില്ലല്ലോ എന്നും നാനൂറു അഞ്ഞൂറു പേജ് വായിച്ചിട്ടും മനസ്സിന്നു ഒരു വികാരവും ഒരേടത്തും വായിക്കുമ്പോൾ ഉണ്ടായില്ലല്ലൊ എന്നു ഉള്ള ആശ്ചർയ്യരസം തന്നെ. ഇങ്ങിനെ ബുക്കു എഴുതേണമെങ്കിൽ പ്രയാസമില്ലെ , ഇതാണ് ബുക്കിന്റെ ഗാംഭീർയ്യം. നിങ്ങൾക്കു നോവലിന്റെ തത്വം മനസ്സിലായിട്ടില്ല. നോവലിൽ "പ്ലോട്ട് "എന്ന കഥാരചനാവൈഭവം കാണിക്കുന്നതായാൽ കഥാസംബന്ധത്തെ വായനക്കാരനു ക്ഷണത്തിൽ മനസ്സിലാവാത്ത വിധം എഴുതിക്കൊണ്ടുപോണം. ചിലേടങ്ങളിൽ ലേശം മനസ്സിലാവരുത്. എത്ര വായിച്ചാലും മനസ്സിലാവരുത്. ഗ്രന്ഥകർത്താവുതന്നെ പിന്നെ വായിക്കുമ്പോൾ പരിഭ്രമിച്ചു വശാവണം. അതാണ് ഈ നോവലുകളുടെ ഗാംഭീർയ്യം. അദ്ധ്യായങ്ങൾ വളരെ വേണം. ഒരു അദ്ധ്യായത്തിൽ പറഞ്ഞ കഥയുടെ വാൽ പിന്നെ വളരെ അദ്ധ്യായങ്ങൾ കഴിഞ്ഞതിന്റെ ശേഷമേ അല്പം കാണാവു. അതു കണ്ടാൽ തന്നെ ഏതിന്റെ വാലാണ് അത് എന്നു ക്ഷണേന മനസ്സിലാവരുത്. എന്നിട്ട് വായനക്കാർ തപ്പിത്തിരിഞ്ഞു ബുദ്ധിമുട്ടേണം. ഇങ്ങിനെ വന്നാൽ ബുക്കിന്നു ഗാംഭീർയ്യമായി. അങ്ങിനെയാണ് ഞാൻ എഴുതുവാൻ ഭാവം.

രാ :- മഹാപാപം ! നിങ്ങൾ എന്തിനു് ഈശ്വരാ ഇംഗ്ലീഷ നോവലുകളെ വഷളാക്കുന്നു. ഇങ്ങിനെയാണ് നിങ്ങൾ ബുക്ക് എഴുതുന്നുവെങ്കിൽ എനിക്കു നിങ്ങൾ അയക്കുന്ന കോപ്പി ഞാൻ വായിക്കാതെ ചുട്ടുകളയും.

ശി :- നിങ്ങൾക്കു ഞാൻ കോപ്പി അയക്കാൻ ഭാവമില്ല. എന്റെ ബുക്കിനെ രസിച്ചു വായിപ്പാൻ മാത്രം ബുദ്ധിശക്തിയുള്ളവർ ദൈവകൃപയാൽ മലയാളത്തിൽ വളരെയുണ്ട്. അവരെല്ലാം രസിക്കും. അവർ രസിച്ചാൽ സർവ്വജനങ്ങളും രസിക്കും.

രാ :- ആകട്ടെ , ഇംഗ്ലീഷിൽ പ്ലോട്ടിന്റെ രസം നിങ്ങൾ പറഞ്ഞ വിധമാണെന്നു മലയാളികളെ തെറ്റായി ധരിപ്പിക്കരുതെ. നിങ്ങളുടെ രസം ഇങ്ങിനെയാണെന്നു പറഞ്ഞോളിൻ. പ്ലോട്ടിന്റെ ലക്ഷണം നിങ്ങൾ പറഞ്ഞവിധമാണെന്നു പറഞ്ഞാൽ അറിവുള്ളോർ നിങ്ങളെ പരിഹസിക്കും.

ഇവരുടെ സംവാദം ഇത്രത്തോളമാവുമ്പോഴേക്കു കർപ്പൂരയ്യന്റെ വായനകഴിഞ്ഞ് അദ്ദേഹം എഴുനീറ്റു.

ക :- കൂട്ടരെ , ഒരു കഷണം കടലാസ്സുണ്ടോ ഇവിടെ എങ്ങാനും ഈ ബുക്കയച്ച സ്നേഹിതന് എന്റെ അഭിപ്രായം എഴുതി ഇപ്പോൾ തന്നെ അയച്ചുകളയാമായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/105&oldid=169737" എന്ന താളിൽനിന്ന് ശേഖരിച്ചത്