താൾ:Sarada.djvu/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാ :- അസൂയ്യ , അസൂയ്യ , അസൂയ്യ തന്നെ , നിങ്ങൾ എത്ര അസൂയപ്പെട്ടാലും അന്നംഭട്ടിദീക്ഷിതർ സമ്മതിച്ച ഒരു ബുക്കിന്നു യാതൊരു ന്യൂനതയും വരുന്നതല്ല.

രാ :- ഞാൻ ബുക്കിലെപ്പറ്റി എന്താണ് ദുഷിച്ചത് ? ബുക്കിന്റെ പേരിനെ പറ്റിയല്ലെ വ്യവഹാരമുണ്ടായത് ?

ചാ :- (ചിറിച്ചുകൊണ്ട്) അപ്പോഴേക്ക് ഇതും വ്യവഹാരമായോ ? എന്താണ് സല ചേർക്കേണ്ടത്. ഗോഷ്ടിമയം എന്നേ പറവാനുള്ളു.

വക്കീൽ ശിവരാമമേനോൻ :- നിങ്ങൾ തമ്മിൽ ശണ്ടകൂടണ്ട. നിങ്ങൾക്ക് എല്ലാപേർക്കും ഒരുപോലെ രസിക്കാൻ തക്കവണ്ണം ഞാൻ ഒരു നോവൽ എഴുതുവാൻ പോവുന്നു.

ശാ :- എന്താണു കഥ ? എന്താണു ബുക്കിന്റെ പേര്.

ശി :- ബുക്കിന്റെ പേര് പാതാള രാജാവ് എന്നാക്കേണമെന്നാണ് തല്ക്കാലം ഞാൻ വിചാരിക്കുന്നത്. ഒറച്ചിട്ടില്ല. കഥ എന്താണെന്ന് ഞാൻ പറകയില്ലാ. എന്നല്ല ബുക്കു വായിച്ചാലും എന്താണ് അതിലെ കഥ എന്നു അത്രവേഗം മനസ്സിലാവുമൊ എന്നും സംശയം. വായിച്ചു നന്ന ബുദ്ധിമുട്ടിയശേഷം ഒരു സമയം മനസ്സിലാവാനും മതി. അങ്ങിനെയാണ് ഞാൻ എഴുതുവാൻ ഭാവം.

ശാ :- ഇങ്ങിനെ ബുക്ക് എഴുതിയാൽ നിങ്ങളുടെ ബുക്ക് ആരു വായിക്കും.

ശി :- ബഹുജനങ്ങൾ വായിക്കും. തലകുലുക്കി രസിക്കും. അതിനു വിദ്യയുണ്ട്. നിങ്ങൾ നോക്കിക്കൊള്ളിൻ.

ശാ :- കഥ മനസ്സിലാവാതെ ജനങ്ങൾ രസിക്കുമോ ?

ശി :- കഥ വേഗം മനസ്സിലാവാഞ്ഞാലാണ് ബുദ്ധിമാന്മാർ രസിക്കുക. ബുദ്ധിമാന്മാർ രസിച്ചാൽ സാധാരണ ജനങ്ങൾ എല്ലാവരും രസിക്കും. ഗാംഭീർയ്യമുള്ള നോവലുകളുടെ ലക്ഷണങ്ങൾ നിങ്ങൾക്കു നിശ്ചയമില്ല. ഗാംഭീർയ്യമുള്ള നോവലുകൾ വായിച്ചാൽ? ഒന്നാമതു മനസ്സിനു യാതൊരു സ്തോഭങ്ങളും ഉണ്ടാവരുത്. വായിക്കുന്നിടത്തോളം മനസ്സു സ്തംഭിച്ചു ഘനമായി യാതൊരു വികാരങ്ങളും കൂടാതെ നില്ക്കണം. വായിച്ചു മുഴുവനായാൽ ഒരു ആശ്ചർയ്യരസംമാത്രം മനസ്സിനു തോന്നണം.

ശാ :- എന്ത് ആശ്ചർയ്യരസമാണ് മനസ്സിന്നു കഥ മനസ്സിലാവാഞ്ഞാൽ തോന്നുന്നത്.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/104&oldid=169736" എന്ന താളിൽനിന്ന് ശേഖരിച്ചത്