താൾ:Sarada.djvu/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഘ :- "ശൂർപ്പണഖാ" "ഇന്ദുലേഖാ " ശരി , ശരി. രൂക്ഷാക്ഷരം വിശേഷം തന്നെ. ബഹുരസികൻ തന്നെയാണ് നിങ്ങൾ. നിങ്ങൾക്കു ദൈവം തുണയ്ക്കട്ടെ. മറ്റു ഞാൻ എന്തു പറയട്ടെ. നായികയുടെ "കോലാഹലം" എന്നു പറയുന്നത് എത്ര അപഹസിക്കത്തക്ക ഒരു വാക്കാണ്.

ചാ :- അശേഷം അപഹസിക്കത്തക്ക വാക്ക് അല്ല, കോലാഹലം എന്നു പറഞ്ഞാൽ വിനോദം എന്നാണ് അർത്ഥം. നിങ്ങളെപ്പോലെ ഞാൻ പഠിച്ചിട്ടില്ലെങ്കിലും കുറെ സംസ്കൃതം എനിക്കും അറിയാം. നാഴികമണിയുടെ കോലാഹലം എന്നു പറയുന്നതിൽ ഒരബദ്ധവുമില്ലാ. വാക്കിനു നല്ല ഭംഗിയുമുണ്ട്. ഈ വാക്കു കേട്ടപ്പോൾ രാഘവമേനോനും സംസ്കൃതത്തിൽ നല്ല സമർത്ഥനും രസികനും മൂന്നു കാലുകൾമാത്രം ഉള്ള കസാലമേൽ ഇരുന്നു കിളിവാതിലിന്റെ അഴിപിടിച്ച് ഇരുന്നു വായിക്കുന്നാളും ആയ മാധവമേനോനും ചിറിച്ചു. മാധവമേനോൻ കസാലമേൽനിന്നു എഴുനീറ്റും കസാല ഉടനേ മറിഞ്ഞുവീണു.

മാധവമേനോൻ :- കോലാഹലം എന്ന പദത്തിന്നു വിനോദം എന്നർത്ഥമില്ലാ. ഹെ , അഥവാ വിനോദം എന്നർത്ഥംവെക്കുന്ന പക്ഷം തന്നെ നായികയുടെ വിനോദം എന്ന പേരിട്ടാൽ നല്ല ഭംഗിയുണ്ടോ ?

ചാ :- കോലാഹലം എന്ന വാക്കിന്നു സംസ്കൃതത്തിൽ ജീവനായ അർത്ഥം എന്താണ് ? മാധവമേനോൻ പറയൂ , സംസ്കൃതത്തിൽ പരീക്ഷ കൊടുത്ത ആളല്ലേ ?

മാ :- 'കോലാഹലം' 'കളകള' എന്നാണ് അപിധാനം . ഒരു കളകള ശബ്ദം എന്നു മാത്രമാണ് ജീവനായ അർത്ഥം.

ചാ :- ശരി , ശരി. എന്നാൽ ഈ പേരു വളരെ യുക്തമാണെന്നു എനിക്കു തോന്നുന്നു.

രാ :- ശരി , 'ള' കാരം രണ്ടുണ്ടല്ലോ ഇല്ലേ ?

ചാ :- അതെ. 'ള' കാരം ബഹു മൃദുളമാണ്.

രാ :- ശരി. പിരളമാണ്, മദ്ദളമാണ് , എലത്താളമാണ് , ശരി തന്നെ. എന്നാൽ "ലീലാലോലകല്ലോലവല്ലീ കളകള" എന്നാക്കുക പേര്.

മാ :- ഇതിലും നല്ലതു 'വളവള' എന്നു ചേർക്കുന്നതാണെന്ന് എനിക്കു തോന്നുന്നു. "ലീലാലോലകല്ലോലവല്ലീ വളവള" എന്നായ്ക്കോട്ടേ. പേരു ഇങ്ങിനെ ഇട്ടാൽ ബുക്കിന്നു യഥാർത്ഥനാമത്വം എന്ന ഒരു ഗുണം കൂടി ഉണ്ടെന്നു ജനങ്ങൾ സമ്മതിക്കും.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/103&oldid=169735" എന്ന താളിൽനിന്ന് ശേഖരിച്ചത്