താൾ:Sarada.djvu/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പോൾ കർപ്പൂരയ്യൻ തന്റ്റെ ആഫീസ്സുമുറിയിലേക്കു മടങ്ങിവന്നു എന്നു അറിഞ്ഞു ശാമുമേനോൻ അങ്ങോട്ടു ചെന്നു.

ക:-എന്താണു് സാർ. ടിച്ചബോറൻ കേസിന്റെ നോട്ടീസിന്നു മറുവടി തയ്യാറായോ? കൃഷ്ണമേനോൻ തയ്യാറാക്കിയ മറുവടി ഒന്നു വായിക്കൂ. അതു് ഒന്നാമതു കേൾക്കട്ടെ. ഞാൻ ആ കുട്ടിയെ കണ്ടിട്ടില്ല. സമർത്ഥനാണെന്നു് എന്നോടു ഹൈക്കോർട്ടുവക്കീൽ പറഞ്ഞു.

ശാ:-നല്ല സമർത്ഥൻ. ബങ്കാറയ്യന്റെ എപ്രണ്ടീസ്സായിരുന്നു കൃഷ്ണമേനോൻ! അതുകൊണ്ടു പറഞ്ഞതായിരിക്കും. ഈ കത്തു വായിച്ചുകേട്ടാൽ സാമർത്ഥ്യത്തെക്കുറിച്ചു് എല്ലാം സ്വാമിക്കു മനസ്സിലാവും. എന്നു പറഞ്ഞു് കത്തു് എടുത്തു താഴെ പറയുന്നപ്രകാരം വായിച്ചു.

"അയച്ച കത്തു കിട്ടി. നമ്മുടെ എടത്തിലേക്കു് അപമാനത്തെയും ഉപദ്രവത്തേയും ഉണ്ടാക്കിത്തീർക്കണമെന്നുള്ള അത്യാഗ്രഹത്തോടെ ഇരിക്കുന്നു ചില ദുഷ്ടന്മാരുടെ ദുരുപദേശത്താൽ മാത്രം സത്യത്തേയും മര്യാദയേയും ലജ്ജയേയും കേവലം വിട്ടു താൻ വ്യാജമായ ചില വിവരങ്ങളെ കുറിച്ചു് എഴുതിയ ഈ കത്തിനു താൻ ആവശ്യപ്പെടുന്ന പ്രകാരം എന്തൊരു മറുപടിയാണു് തനിക്കു അയക്കേണ്ടതു് എന്നു അറിയുന്നില്ല."

"നമ്മുടെ എടത്തിൽനിന്നു് ഈ രാജ്യം വിട്ടു പൊയ്ക്കളഞ്ഞതായി താൻ പറയുന്ന സ്ത്രീയിൽ തനിക്കു് ഒരു പെൺകുട്ടി ഉണ്ടായിരിക്കുന്നു എന്നു താൻ പറയുന്നതു് ഏറ്റവും കഠിനമായ വ്യാജമാണെന്നും, നിർല്ലജ്ജനായ താൻ ഈ വിധം ഉള്ള ഒരു വ്യാജത്തെ നിലനിർത്തി വല്ലതും സമ്പാദിക്കേണമെന്നോ, ഈ എടത്തിലേക്കു വല്ല അപമാനം വരുത്താമെന്നോ, ഉള്ള ദുർമ്മോഹത്തെ ക്ഷണേന വിടുന്നില്ലെങ്കിൽ അതു തനിക്കും തന്റെ ഉപദേഷ്ടാക്കന്മാർക്കും ഒരുപോലെ നാശത്തിനു ഹേതുവായി വരുമെന്നും മാത്രം തന്റെ കത്തിനു മറുപടിയായി അറിയിക്കുന്നു."

"തന്റെ രാജ്യവും വീടും ഏതു ദിക്കിലാണെന്നു് ഇതുവരെ ഇവിടെ ആർക്കും അറിവാൻ കഴിയാഞ്ഞതിനാൽ ഈ മറുവടി ഇതുവരെ അയക്കാഞ്ഞതാണു്. ഇപ്പോൾ താൻ എടത്തിലെ പരമശത്രുവും തന്റെ മുഖ്യ ഉപദേഷ്ടാവുമായ ഉദയന്തളി രാമവർമ്മൻ തിരുമുല്പാടിലെ അധീനത്തിൽ അദ്ദേഹത്തിന്റെ ഒരു മഠത്തിൽവന്നു താമസിക്കുന്നുണ്ടെന്നു അറിഞ്ഞതിനാൽ ഈ കത്തു് അങ്ങോട്ടു് അയച്ചിരിക്കുന്നു." പൂഞ്ചോലക്കര വലിയച്ചൻ.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/110&oldid=169743" എന്ന താളിൽനിന്ന് ശേഖരിച്ചത്