താൾ:Sarada.djvu/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറ്റൊന്നു നമ്മുടെ സ്നേഹിതനുണ്ടാക്കിയതാണു്. ഏതാണു് നന്നായതെന്നു പറയിൻ.

മാധവമേനോൻ ഒന്നാമതു കൃഷ്ണമേനോൻ ഉണ്ടാക്കിയ മറുപടി വായിച്ചു. അതു രാഘവമേനോനു കൊടുത്തു. എന്നിട്ടു ശാമുമേനോൻ എഴുതിയ കത്തു വായിച്ചു. വായിച്ചുതുടങ്ങിയതുമുതൽ ചിറിയും തുടങ്ങി. ഏകദേശം പകുതിയായപ്പോൾ ചിറി കലശലായി. ചിറിച്ചു ചിറിച്ചു വായിപ്പാൻ വയ്യാതെയായി. കടലാസ്സ് മേശമേൽ ഇട്ടു. രാഘവമേനോൻ ഉടനെ ആ കടലാസ്സ് എടുത്തു വായിച്ചു. ചിറിച്ചു ശാമുമേനോന്റെ മുഖത്തേക്ക് ഒന്നു നോക്കി.

ക:- എന്താണ് കത്തിൽ വാചകത്തിനു വല്ല അബദ്ധവുമുണ്ടോ?

രാ:- കഷ്ടം, സർവ്വാബദ്ധം. ഈ കത്തിൽ രാമൻമേനോൻ പറയുന്ന സകല സംഗതികളേയും സമ്മതിച്ചിരിക്കുന്നുവല്ലോ.

ശാ:- (കഠിനദേഷ്യത്തോടുകൂടി) നിങ്ങളോട് ഞാൻ എന്റെ കത്തിനെ കുറിച്ച് അഭിപ്രായം ചോദിച്ചിട്ടില്ല.

എന്നു പറഞ്ഞു കത്തുകൾ രണ്ടും കയ്യിൽ എടുത്തു് കർപ്പൂരയ്യനോട്.

ശാ:- സ്വാമീ ഏതാണു് ഇതിൽ അയക്കേണ്ടതു്? ആൾ താമസിക്കുന്നു. വേഗം തീർച്ച പറയുക.

ക:- കൃഷ്ണമേനോൻ തയ്യാറാക്കിയതു് അസ്സൽ എഴുതിച്ചു് അയച്ചോളു. അതു മതി. ഭാരം നമുക്കു വേണ്ട.

ഈ വാക്കുകൾ കേട്ട ഉടനെ അങ്ങനെതന്നെ എന്നു പറഞ്ഞു ശാമുമേനോൻ വലിയ ക്രോധത്തോടെ കർപ്പൂരയ്യന്റെ മുറിയിൽ നിന്നു കടന്നുപോവുകയും ചെയ്തു.

രാഘവമേനോൻ:- സ്വാമീ ഈ കൃഷ്ണമേനോൻ അതിസമർത്ഥനായ ഒരു കുട്ടി തന്നെ ആണു്. അയാളുടെ വാചകം ബഹുവിശേഷം തന്നെ.

ക:- സംശയമില്ലാ. അയാളുടെ കത്തിൽ രണ്ടു മൂന്നു പോയിണ്ടുകൾ കാണുന്നതു് അസ്സലായിരിക്കുന്നു.

എന്നു പറഞ്ഞ ഇവർ എല്ലാവരും പിരിഞ്ഞു. കർപ്പൂരയ്യന്റെ അഭിപ്രായപ്രകാരം വളരെ കുണ്ഠിതത്തോടുകൂടി ശാമുമേനോൻ കൃഷ്ണമേനോൻ തയ്യാറാക്കിയ കത്തു് അസ്സൽ എഴുതിച്ചു താശ്ശൻമേനോൻ വശം കൊടുത്തയച്ചു. താശ്ശൻമേനോൻ കത്തു കൊണ്ടുപോയി അച്ചന്റെ പക്കൽ കൊടുത്തു. അച്ചൻ വായിച്ചു കേട്ടു വളരെ സന്തോഷിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/112&oldid=169745" എന്ന താളിൽനിന്ന് ശേഖരിച്ചത്