താൾ:Sarada.djvu/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തേക്കായി പുറപ്പെട്ടു. എന്തൊരു സ്ഥലമായിരിക്കണം ഇതു് എന്നു താശ്ശന്മേനോൻ അവിടെ ചെന്നു കയറുന്നതുവരെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. താൻ ചെന്നു കയറിയപ്പോൾ കണ്ടു തനിക്കു വളരെ പരിചയമുള്ള ഒരു പഴയ മഠത്തെ താശ്ശന്മേനോൻ വ്യവഹാരാവശ്യങ്ങൾക്കായി മുമ്പേ വന്നിരുന്ന കാലങ്ങളിൽ ഹരിഹരൻ പട്ടരു് എന്നു പേരായ ഒരു ചോറ്റുകച്ചവടക്കാരൻ ചോറുവച്ചു വിറ്റിരുന്ന ഒരു സ്ഥലമായിരുന്നു ഇതു്. താശ്ശന്മേനോൻ വ്യവഹാരങ്ങൾക്കായി വന്നാൽ ഒന്നും രണ്ടും മാസം ഒന്നായി ഈ മഠത്തിലാണ് താമസിച്ചുവന്നതു്. മഠം മുമ്പത്തേതിലും വളരെ ജീർണ്ണിച്ചിരിക്കുന്നു. കിഴക്കുഭാഗം മുമ്പു് ഒരു ചുമരുണ്ടായിരുന്നതു് ഇടിഞ്ഞുവീണ സ്ഥിതിയിൽ കിടക്കുന്നു. കാറ്റിന്റെയും മഴയുടെയും അസഹ്യതയെ തടുപ്പാൻ ആ ചുമരുണ്ടായിരുന്ന സ്ഥലത്തു് ഒരു ഓലപ്പായ് കെട്ടി തൂക്കിയിരിക്കുന്നു. ആ തൂക്കിയ പായ് പൊന്തിച്ചിട്ടുവേണം അകത്തേക്കു കടപ്പാൻ. താശന്മേനോൻ പായ് പൊന്തിച്ച് അത്തേക്കു തല ഇട്ടു നോക്കിയപ്പോൾ മുമ്പു താനും വഴിപോക്കരും പലപ്പോഴും ഉണ്ണാനിരുന്ന മുറിയിൽ എട്ടു പത്തു വലിയ യോഗ്യന്മാർ വളരെ ഘനത്തോടെ വർത്തമാനക്കടലാസ്സുകളേയും പുസ്തകങ്ങളേയും വായിക്കുന്നതു കണ്ടു. മുമ്പു താശ്ശന്മേനോൻ താമസിച്ചിരുന്നകാലത്തു ഈ മുറിയിൽ ഇപ്പോൾ കണ്ടതുപോലെയുള്ള വെളിച്ചം ഉണ്ടായിരുന്നില്ല. ഇതു് ഈ മുറിക്ക് വലിയ ജാലകങ്ങൾ പിന്നെ ഉണ്ടാക്കിവെച്ചതുകൊണ്ടാണെന്നു് എന്റെ വായനക്കാർ ശങ്കിക്കരുതെ. മേൽപ്പുരകെട്ടാൻ സമയപ്രകാരം വരിപ്പണം കിട്ടാത്തതുകൊണ്ടു പുരയുടെ ഓല അവിടവിടെ ദ്രവിച്ചു നശിച്ചുണ്ടായ ദ്വാരങ്ങളിൽക്കൂടി സൂര്യരശ്മി ധാരാളമായി അകത്തേക്കു പ്രവേശിച്ചുണ്ടാകുന്ന വെളിച്ചമാണു് ഈ അധികമായ വെളിച്ചം. വൃത്താകൃതിയായുള്ള ഈ രശ്മികളിൽ ചിലതു് അവിടെ ഇരിക്കുന്ന ചില യോഗ്യന്മാരുടെ തലമണ്ടയിൽ അടിക്കുന്നതിനെ വേഷ്ടിയാലും തോർത്തുമുണ്ടിനാലും തൽക്കാലം ആച്ഛാദനം ചെയ്തുകൊണ്ടു ഗാംഭീര്യഭാവത്തിനു് ഒട്ടും കുറവില്ലാതെ ചിലർ വായിക്കുന്നു. ഈ അറയുടെ നടുവിൽ ഒരു മേശ ഇട്ടിട്ടുണ്ടു്. അതിന്നു് ആകെ മൂന്നു കാലുകൾ മാത്രമേ ഉള്ളു. കഴിച്ചുള്ള ഒരു ഭാഗം സമമാക്കി നിർത്തീട്ടുള്ളതു് കല്ലുകളും മരക്കഷണങ്ങളും മേൽക്കുമേൽവച്ചു് ഉയർത്തീട്ടാണു്. തന്റെ സ്നേഹിതൻ വക്കീൽ ശാമുമേനോനവർകൾ ഇരിക്കുന്നതു കണ്ടതു് ഒരു പഴയ വാതിൽ പലകയിന്മേലാണ്. ഹരിഹരൻപട്ടരുടെ പഴയ അടുപ്പുകല്ലുകൾ പറിച്ചെടുത്തു രണ്ടുഭാഗത്തും ചുമരുപോലെ ഉയർത്തിവെച്ചു് അതിന്മേൽ വാതില്പലകവെച്ച് അതിന്മേ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/98&oldid=169908" എന്ന താളിൽനിന്ന് ശേഖരിച്ചത്