താൾ:Sarada.djvu/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലാണു് ശാമുമേനോനവർകൾ ഇരിക്കുന്നതു്. പ്രസിദ്ധനായ വക്കീൽ കർപ്പൂരയ്യനും അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഇരിക്കുന്നതു് ശാമുമേനോനെക്കാളും ഭേദമായിട്ടാണു്. ഇംഗ്ലീഷിൽ ഈസി ചെയർ എന്നു പേർ പറയപ്പെടുന്ന ഒരു വക ചാരിക്കിടക്കുന്ന കസാലയുടെ ഏതാനും ഒരംശത്തിന്മേലാണു് ഇദ്ദേഹം ഇരിക്കുന്നതു്. ഏതാനും ഒരംശം എന്നുവെച്ചാൽ വളരെ കുറച്ചേ ബാക്കിയുള്ളു. കാലുകളും കൈകളും വെക്കുന്ന രണ്ടു തണ്ടുകളും അതുകൾ നിർത്തിയിരുന്ന രണ്ടു കുറ്റികളും വെക്കുന്ന ചാരുന്ന ഭാഗം ഉള്ള തണ്ടുകൾ പൊട്ടിപ്പോയിരിക്കുന്നു. ചാരിക്കിടക്കുന്ന ഭാഗത്തു ബാക്കിയുള്ള തണ്ടിന്മേൽ ചൂരൽ മുഴുവനും പൊയ്പോയിരിക്കുന്നു. കഷ്ടിച്ചു് ഇരിക്കാനുള്ള സ്ഥലത്തു മാത്രമേ ചൂരൽ ഉള്ളു. കാൽ നാലുണ്ടു് , എന്നാൽ അതിൽ ഒന്നിനു കലശലായുള്ള എളക്കമോ വല്ല കേടോ ഉണ്ടെന്നു കർപ്പൂരയ്യൻ വായിക്കുന്നതിനിടയിൽ കൂടെക്കൂടെ ബദ്ധപ്പെട്ടു് ആ കാലിന്മേലേക്കു നോക്കുന്നതുകൊണ്ടു നിശ്ചയിക്കാം. വായിക്കുന്നതിൽ ഒന്നുരണ്ടാൾ ഈ അറയുടെ നടുവിൽ ഇട്ടിരിക്കുന്ന മേശയുടെ വക്കിന്മേൽ സന്ധിച്ച് ഇരുന്നുവായിക്കുന്നു. ഒരാൾ മൂന്നു കാലുകൾ മാത്രമുള്ള ഒരു ചെറിയ കസാലമേൽ ഇരുന്നുവായിക്കുന്നു. ഒരാൾ മൂന്നു കാലുകൾ മാത്രമുള്ള ഒരു ചെറിയ കസാലമേൽ ഇരുന്നു് വീഴാതിരിപ്പാൻ എടത്തെ കൈകൊണ്ടു ചെറിയ ഒരു കിളിവാതലിന്റെ അഴി മുറുക്കെ പിടിച്ചു വലത്തെ കയ്യിൽ വർത്തമാനക്കടലാസ്സുവച്ചു വായിക്കുന്നു. മറ്റൊരു യോഗ്യൻ ഹരിഹരൻ പട്ടരു് വേണ്ടെന്നുവെച്ചു് ഇട്ടേച്ചുപോയിട്ടുള്ള ഒരു പഴയ അരിപ്പെട്ടിയിന്മേൽ കയറി ഇരുന്നു വായിക്കുന്നു. മറ്റൊരാൾക്കു് ഇരിപ്പാൻ സാധനം ഒന്നും കിട്ടാത്തതിനാൽ ഹരിഹരൻ പട്ടരുടെ പഴയ അടുക്കളയുടെ മുറിമണ്ണിന്മേൽ തോർത്തുമുണ്ടു് മടക്കിഇട്ട് ഇരുന്നു വായിക്കുന്നു. താശ്ശന്മേനോന്റെ തല പായുടെ ഇടയിൽക്കൂടെ കണ്ട ഉടനെ,

ശാമുമേനോൻ:- ഓഹൊ, താശ്ശന്മാൻ എപ്പോൾ വന്നു. വളരെ കാലമായല്ലോ കണ്ടിട്ടു്.

എന്നു പറഞ്ഞു വാതിൽ പലകമേൽ നിന്നു് എഴുനീറ്റു താശ്ശന്മേനോനെ അകത്തേക്കു ക്ഷണിപ്പാൻ നിവൃത്തി ഇല്ലാത്തതിനാൽ പുറത്തേക്കു പുറപ്പെട്ടു.

താ:- ഞാൻ നിങ്ങളുടെ വീട്ടിൽ പോയി. ഇവിടെയാണു് നിങ്ങൾ എന്നു മനസ്സിലായില്ല. ഈ മഠത്തിന്നു് ഇപ്പോൾ കുളമ്പു് എന്നു പേരിട്ടതു് ഞാൻ അറിഞ്ഞിട്ടില്ല. ഞാൻ നിങ്ങളെ വളരെ തിരഞ്ഞു.

ശാ:- എന്താണ് വിശേഷിച്ചോ വന്നതു്?

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/99&oldid=169909" എന്ന താളിൽനിന്ന് ശേഖരിച്ചത്