താൾ:Sarada.djvu/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താ:- എടത്തിൽനിന്നു് അടിയന്തിരമായി ഒരു കാര്യകൊണ്ടു പറവാൻ അയച്ചതാണു്. കർപ്പൂരയ്യനോടും നിങ്ങളോടും പറഞ്ഞു് നിങ്ങൾ രണ്ടുപേരേയും ഇന്നുതന്നെ എടത്തിലേക്കു കൂട്ടിക്കൊണ്ടു ചെല്ലുവാൻ അച്ചൻ പറഞ്ഞയച്ചിരിക്കുന്നു.

ശാ:- എനിക്കു തൽക്കാലം വരാൻ സാധിക്കില്ല. കർപ്പൂരയ്യനും തരമാവില്ലെന്നു തോന്നുന്നു. ഞാൻ ചോദിക്കാം. എന്താണ് കാര്യം?

താശ്ശന്മേനോൻ വിവരങ്ങളെല്ലാം പറഞ്ഞു.

ശാ:- ഇതു ഞങ്ങൾ കേട്ടിരിക്കുന്നു. ഇതിനു് ഇപ്പോൾ ഞങ്ങൾ വന്നിട്ടു് എന്താണു് വേണ്ടതു്? വ്യവഹാരം അവരു കൊടുക്കുന്നുണ്ടെങ്കിൽ കൊടുക്കട്ടെ. അതിന്റെ ശേഷമല്ലെ നോം വല്ലതും പ്രവർത്തിക്കേണ്ടതുള്ളു.

താ:- അപ്പോൾ ഈ കത്തിനു് മറുപടി അയക്കണ്ടേ?

ശാ:- വന്ന കത്തു് ഇങ്ങട്ടു് കൊണ്ടുവന്നിട്ടുണ്ടോ?

താ:- ഇല്ല.

ശാ:- പിന്നെ എങ്ങനെ മറുപടി എഴുതും? ആകട്ടെ ഞാൻ കർപ്പൂരയ്യനോട് ഒന്നു ചോദിക്കട്ടെ. നിങ്ങൾ വീട്ടിൽ പോയി താമസിക്കിൻ. ഞാൻ ഒരുമണിക്കൂറിനകത്തു് അങ്ങട്ട് വരാം.

എന്നു പറഞ്ഞു ശാമുമേനോൻ വീണ്ടും വായിക്കുന്ന മുറിയിലേക്കു ചെന്നു കർപ്പൂരയ്യനോടു സംസാരിച്ചു. മലയാളത്തിൽ തന്നെയാണു സംസാരിച്ചതു്. എങ്കിലും ഇംഗ്ലീഷ് പഠിച്ച മലയാളികൾ ഈ കാലത്തു മലയാളം സംസാരിക്കുന്ന മാതിരിയിൽ തന്നെയാണു് ഞാൻ ഈ സംവാദം ഇവിടെ എഴുതുന്നതും.

വക്കീൽ ശാമുമേനോൻ:- എന്താണ് സാർ വായിക്കുന്നതു്? പൂഞ്ചോലക്കര എടത്തിൽനിന്നു് ഒരാൾ വന്നിരിക്കുന്നു. നുമ്മൾ രണ്ടാളും ഒന്നു അവിടത്തോളം ചെല്ലേണമെന്നു പറഞ്ഞയച്ചിരിക്കുന്നു.

കർപ്പൂരയ്യൻ:- വരട്ടെ ഒരു പത്തു മിനിട്ടു താമസിക്കിൻ. ഞാൻ ഈബുക്കിൽ നാലഞ്ചു പേജുകൾകൂടി വായിച്ചോട്ടെ. എന്നിട്ടു നോക്കി സംസാരിക്കാം.

ശ:- എന്താണ് ബുക്ക്?

ക:- ഒരു മലയാളനോവൽ. എഴുതിയ വിദ്വാൻ എന്റെ ഒരു സ്നേഹിതനാണ്. ബുക്കിനെപ്പറ്റി എന്റെ ഒപ്പിനിയൻ കിട്ടുവാൻ ആവശ്യപ്പെട്ടിരിക്കുന്നു. ഞാൻ ഇത്രനേരം വായിച്ചതു് നോവൽ അല്ല. അതിനെപ്പറ്റി ഓരോരുത്തർ കൊടുത്തിട്ടുള്ള സ്തുതിലിഖിതങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/100&oldid=169732" എന്ന താളിൽനിന്ന് ശേഖരിച്ചത്