യാണു്. ബുക്കു് ഇത്ര വണ്ണം കാണുന്നതു് ന്യൂസ്പേപ്പർ റിവ്യൂകളും സർട്ടിഫിക്കറ്റുകളും ഇതിൽ അച്ചടിച്ചു ചേർത്തതുകൊണ്ടാണു്. ഇതു മുഴുവനും വായിച്ചു. ഇതിലൊന്നുപോലെ ഒന്നു ഞാനും എഴുതി അയിച്ചേക്കാമെന്നു വെച്ചു ഈ സർട്ടിഫിക്കറ്റുകൾ വായിക്കുകയാണ്. എനി ഒരു ആറേഴെണ്ണങ്ങൾകൂടി വായിപ്പാനുണ്ടു്.
ശാ:- ഇപ്പോൾ വായിക്കുന്നതു് ആരുടെ സർട്ടിഫിക്കറ്റാണെന്നറിഞ്ഞില്ല.
ക:- നോക്കട്ടെ പറയാം. നഗരം ചാർജ് ഹെഡ്കാൺസ്റ്റേബിൾ കൊന്നുണ്ണി പെരുമ്പ്രനായരുടെ ഒപ്പാണ് സർട്ടിഫിക്കെറ്റിനു ചോടെ കാണുന്നതു്.
ശാ:- എന്താണു് ബുക്കിന്റെ പേരു?
ക:- പേരു വളരെ വലിയ പേരാണു്. ( ഒന്നാമത്തെ പേജു നോക്കിക്കൊണ്ടു്) പേരു വളരെ നീളമായിരിക്കുന്നു. ഇതിൽ കാണുന്നതു്. "ലീലാലോലാകി, അല്ല, ലീലാവല്ലി."
ശാ:- ഞാൻ നോക്കാം എന്നു പറഞ്ഞു ബുക്കു കർപ്പൂയ്യേനോടു വാങ്ങി നോക്കി. ഓ, അതു ഞാൻ വായിച്ചിരിക്കുന്നു. ഇതിന്റെ പേരു് "ലീലാലോലകല്ലോല്ലവല്ലീകോലാഹലം" എന്നാണ്. ഈ ബുക്കു ബഹുവിശേഷമാണെന്നു് അന്നംഭട്ടി ദീക്ഷിതർ സമ്മതിച്ചിരിക്കുന്നുവത്രെ.
വക്കീൽ രാഘവമേനോൻ:- അദ്ദേഹം സമ്മതിച്ചാൽ ബുക്കു നന്നായിപ്പോകുമായിരിക്കും.
ശാ:- ഇന്നു ഈ ത്രിഭൂവനങ്ങളിലും അദ്ദേഹത്തിന്റെ സമ്മതത്തിന്നു മീതെ ഒന്നും വേണ്ടതില്ല.
രാ:- എന്താണു് ഹെ. തിഭൂവനങ്ങൾ എന്നു വെച്ചാൽ.
ശാ:- ഈ ലോകം മുഴുവനും തന്നെ. യൂർറാപ്പു്, ഏഷ്യാ, ആഫ്രിക്ക, അമേരിക്ക, പിന്നെ ദ്വീപുകളും സമുദ്രങ്ങളും തന്നെ.
രാ:- ശരി എനിക്കു ബോദ്ധ്യമായി. എന്താണു് ഈ ബുക്കിന്റെ നീണ്ട പേരിന്റെ അർത്ഥം.
ശാ:- ലീലാലോലകല്ലോലവല്ലി ഈ കഥയിലെ നായികയാണു്, അവളുടെ കോലാഹലം എന്നർത്ഥം.
രാ:- (ചിരിച്ചുംകൊണ്ടു്) നായികയുടെ കോലാഹലം എന്നു പറഞ്ഞാൽ എന്താണു് ഹെ, ഇതിന്റെ സാരം?
ശാ:- കോലാഹലം എന്ന വാക്കിന്റെ അർത്ഥം മനസ്സിലാവുന്നില്ലേ?