താൾ:Sarada.djvu/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


"അങ്ങിനെ തന്നെ" എന്നു പറഞ്ഞു രാഘവനുണ്ണി ശങ്കുനമ്പിയെ വിളിച്ചു് ഈ വക്കീലന്മാരുടെ അടുക്കലേക്കു് ആളെ അയപ്പാൻ ഏല്പിച്ചു. കരിപ്പാട്ടിൽ കണ്ടന്മേനോനെപ്പോലെ ഈ എടത്തിലേക്കു് ഒരു വ്യവഹാരകാര്യസ്ഥനുണ്ടായിരുന്നു. അയാളുടെ പേരു് താശ്ശാരുമേനോൻ എന്നായിരുന്നു. അയാളെ ഉടനെ കർപ്പൂരയ്യനേയും ശാമുമേനോനേയും കൂട്ടിക്കൊണ്ടു വരുവാൻ അയച്ചു.

താശ്ശൻമേനോൻ ഉടനെ പുറപ്പെട്ടു് ഈ വക്കീലന്മാർ താമസിക്കുന്ന ദിക്കിൽ എത്തി. അന്ന് ഒരു ഞായറാഴ്ചയായിരുന്നു. കച്ചേരിക്കു വക്കീലന്മാർ പോയിരിക്കയില്ലെന്നു നിശ്ചയിച്ച് വക്കീൽ ശാമുമേനോന്റെ വീട്ടിലേക്കു ഒന്നാമതായി താശ്ശന്മേനോൻ കയറി വന്നു ശാമുമേനോനെ വീട്ടിൽ കണ്ടില്ല.

"ശാമുമേനോൻ വക്കീൽ ഇവിടെ ഇല്ലെ" എന്നു താശ്ശന്മേനോൻ ചോദിച്ചതിനു്

(ഉമ്രത്തുനിന്നിരുന്ന ഒരു ഭൃത്യൻ) "ഇല്ല കൊളമ്പിൽ വായിക്കാൻ പോയിരിക്കുന്നു." എന്നു പറഞ്ഞു.

താ:- കൊളമ്പിലോ ?

ഭൃത്യൻ:- അതെ

താ:- എവിടെയാണു് കൊളമ്പു് ?

ഭൃത്യൻ:- വലിയ അമ്പലത്തിന്റെ കിഴക്കുഭാഗത്തു്.

താശ്ശന്മേനോൻ വ്യവഹാരകാര്യമായി പലപ്പോഴും ഈ ദിക്കിൽ വന്നിട്ടുണ്ടെങ്കിലും ഒന്നു് ഒന്നര കൊല്ലമായിട്ട് വ്യവഹാരകാര്യങ്ങൾ വിശേഷവിധിയായി ഇല്ലാത്തതിനാൽ ഈ ദിക്കിൽ വന്നിട്ടില്ലായിരുന്നു. ഈ കാലത്തിനുള്ളിൽ ഉണ്ടായതാണ് ഈ ഭൃത്യൻ പറഞ്ഞ "കൊളമ്പും" "വായനയും" ഏതെങ്കിലും താശ്ശമേനോനു് ഈ വാക്കു് അശേഷം മനസ്സിലായില്ലെങ്കിലും അന്വേഷിക്കാമെന്നുവച്ചു് അവിടെ നിന്നിറങ്ങി. കുറെ നടന്നപ്പോൾ സ്ക്കൂളിൽ പഠിക്കുന്ന ഒരു ചെറുപ്പക്കാരനെ വഴിയിൽ കണ്ടു്.

താ:- കുളമ്പു് എവിടെയാണു് അറിയുമോ ?

സ്കൂൾകുട്ടി:- കുളമ്പൂ് സിലോണിലാണു്.

താ:- വിഷമമായി. ഇപ്പോൾ രണ്ടു സംശയമായി . സിലോൺ എവിടെയാണു് ?

സ്ക്കൂൾകുട്ടി:- അതു് ഒരു ദ്വീപാണു്. തെക്കെ സമുദ്രത്തിലാണു്.

താ:- ദ്വീപോ, വക്കീലന്മാർ വായിക്കുന്നതു് ദ്വീപിൽ നിന്നാണോ?

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/96&oldid=169906" എന്ന താളിൽനിന്ന് ശേഖരിച്ചത്