താൾ:Sarada.djvu/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ:-സർവ്വശക്തനായ ദൈവം സാക്ഷിയായി ആ കല്യാണി എന്ന സ്ത്രീ ഇവിടെനിന്നു് ഒളിച്ചുപോയി ഒരു രണ്ടു മാസങ്ങൾക്കുള്ളിൽ കുടകിന്നു സമീപം ഒരു സ്ഥലത്തുവെച്ചു് മരിച്ചുപോയിരിക്കുന്നു. ഇതെന്തു കഷ്ടമാണു്. ഇങ്ങിനത്തെ നിർമ്മര്യാദയുണ്ടോ? വൈത്തിപ്പട്ടരെ കുറ്റം പറയേണ്ട. ഇതെല്ലാം തിരുമുൽപ്പാടിന്റെ വിദ്യയാണു്. സംശയമില്ല. അയാൾക്കു വലിയ ആപത്തിനുള്ള സമയം അടുത്തിരിക്കുന്നു സംശയമില്ല. ഈ കാര്യത്തിൽപ്പെട്ട ആളുകൾ മുഴുവനും ജേലിൽ ആയിപ്പോവുമെന്നുള്ളതിനു എനിക്കു സംശയമില്ല. എനി ഇപ്പോൾ നോം എന്താണു പ്രവർത്തിക്കേണ്ടതു്, അപ്പു?

കൃ:-തൽക്കാലം എന്ത് പ്രവർത്തിപ്പാനാണു്? സമൻസ്സു വരുന്നതു കാത്തിരിക്കുക. എഴുത്തിന്നു മറുവടി അയപ്പാൻ ഭാവമില്ലല്ലോ.

രാ:-മറുവടി അയയ്ക്കണമെങ്കിൽ അയച്ചു കളയാം. നീ ഒരു മറുപടി കൊടുക്കൂ. അതു റജിസ്ട്രാക്കി അയച്ചുകളയാം. ഞാൻ ക്ഷണം ജ്യേഷ്ടനെ കണ്ടു വിവരം അറിയിക്കട്ടെ.

എന്നു പറഞ്ഞയുടനെ അച്ഛനെ കാണ്മാനായി രാഘവനുണ്ണി പോയി. അച്ഛനോടു വിവരം പറഞ്ഞപ്പോഴേക്കു അദ്ദേഹം ചുകപ്പു വസ്ത്രം കണ്ടു ഞെട്ടിയ കാളയുടെ മാതിരി ഉള്ളിൽ അടക്കാൻ പാടില്ലാത്തവിധമുള്ള ക്രോധവും പരിഭ്രമവും നിമിത്തം ഒരു ഭ്രാന്തനെപ്പോലെ രാഘവനുണ്ണിയെ കലശലയായി ശകാരിച്ചു തുടങ്ങി.

അ:-ഈ അത്യാപത്തു് ഒക്കെ വരുത്തിയത് നീയാണു്. അന്നു് എഴുത്തുവന്ന ദിവസം ആ വൈത്തിപ്പട്ടരെ ഇവിടെ കൂട്ടിക്കൊണ്ടുവന്നിരുന്നുവെങ്കിൽ ഞാൻ അയാളെ സ്വാധീനമാക്കി യാതൊരു കൂട്ടവും ഇല്ലാതെ കാര്യം അവസാനിപ്പിക്കുമായിരുന്നു. അതു ചെയ്യാനയക്കാതെ ഇതു വരെ ഇതിൽ ഒന്നും പ്രവർത്തിക്കാതെ കാര്യം നമ്മുടെ കഠിനശത്രുവിന്റെ കയ്യിൽ പെടുത്തിയതു് നീയാണു്. എനി നല്ലവണ്ണം കോടതി കയറി എടത്തിലെ സ്ത്രീകളുടെ വർത്തമാനങ്ങൾ കയ്യുംകെട്ടി പറയുകയേവേണ്ടു. തിരുമുൽപ്പാടു്, ഈ ജന്മം ഞാൻ സന്ധിക്കാൻ ആവശ്യപ്പെടുകയില്ല. നീ ഇത്ര ബുദ്ധി ഇല്ലാതെ പ്രവർത്തിച്ചുവല്ലോ. കഷ്ടം ഉടനെ വക്കീൽ കർപ്പൂരയ്യനേയും ശാമൂമേനോനേയും വരുത്തണം. എനിയെങ്കിലും ആൾ വേഗം പോവട്ടെ.

രാ:ആളെ ഉടനെ അയയ്ക്കാം. കൃഷ്ണൻ ഇവിടെ ഉണ്ടു്. ഈ കത്തിന്നു് ഒരു മറുവടി അവൻ തെയ്യാറാക്കുന്നുണ്ടു്. മറുവടി അയയ്ക്കണം എന്നാണ് അവന്റെ പക്ഷം.

അ:-നീ കർപൂരയ്യന്റെ അടുക്കലേക്കു് ആളെ ഓടിക്കൂ. ശാമൂമേനോനും വരട്ടെ. അവരു വന്നിട്ടു് എല്ലാം നിശ്ചയിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/95&oldid=169905" എന്ന താളിൽനിന്ന് ശേഖരിച്ചത്