താൾ:Sarada.djvu/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഈ സംഭാഷണം കഴിഞ്ഞു് ഏകദേശം ഒരു മാസത്തോളം ഇതിനെപ്പറ്റി രാഘവനുണ്ണി ഒന്നും ചെയ്തില്ല. അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം രാവിലെ രാഘവനുണ്ണിയുടെ സ്വന്തം കാര്യസ്ഥൻ പാച്ചു മേനോൻ എന്തോ ബദ്ധപ്പെട്ടു് ഒരു കാര്യം അറിയിക്കാൻ ഉണ്ടെന്നുള്ള ഭാവത്തോടുകൂടി രാഘവനുണ്ണിയുടെ സമീപത്തിൽ പോയി നിന്നു.

രാ:-എന്താണു പാച്ചു വിശേഷിച്ചു വല്ലതും പറവാനുണ്ടോ?

പാ:-ഇന്നാൾ വലിയച്ഛനു് ഒരു എഴുത്തയച്ചില്ലെ ഒരു രാമൻ മേനോൻ. അയാളും ഒരു പെൺകുട്ടിയും കൂടി ഉദയന്തളി എത്തീട്ടുണ്ടത്രെ. അവിടെ തിരുമുല്പാടു് അവർക്കു് പാർപ്പാൻ വീടും മറ്റും ശട്ടമാക്കികൊടുത്തിരിക്കുന്നുപോൽ. വ്യവഹാരം ഉടനെ തുടങ്ങുന്നു പോൽ. എല്ലാം തിരുമുല്പാട്ടിലെ സഹായം തന്നെയാണത്രെ.

ഈ വാക്കുകൾ കേട്ടപ്പോൾ രാഘവനുണ്ണിയുടെ മനസ്സു് ഒന്നു കാളി. എടത്തിലേക്ക് ഇത്ര വൈരിയായ തിരുമുൽപ്പാടു് എനി സ്വസ്ഥനായിരിക്കയില്ലെന്നുള്ളതിന്നു സംശയമില്ല. വേഗം രാഘവനുണ്ണി ഇരുന്ന ദിക്കിൽനിന്നു് എഴുന്നേറ്റു നിന്നു.

രാ:-പാച്ചുവോടു് ആരാണു ഈ വിവരം പറഞ്ഞതു്?

പാ:-കരിപ്പാട്ടിൽ കണ്ടന്മേനോൻ എന്റെ അനുജൻ അച്ചുതനോടു് ഇന്നലെ പറഞ്ഞുപോൽ. അവനാണു് ഇപ്പോൾ എന്നോടു് പറഞ്ഞതു്. അവൻ ഇന്നലെ മുത്തശ്ശ്യാരുകാവിൽ ഉത്സവം കാണാൻ പോയിരുന്നു. അവിടെവെച്ചു് കണ്ടന്മേനോനെ കണ്ടുവത്രെ.

"ഞാൻ ജ്യേഷ്ടനെ ഒന്നു കാണട്ടെ" എന്നു പറഞ്ഞു് ഉടനെ രാഘവനുണ്ണി അവിടെനിന്നു പോയി. നേരെ പോയതു് തന്റെ മകൻ ഇരിക്കുന്ന മാളികയിലേക്കാണു്. അവിടെ ചെന്നപ്പോൾ കൃഷ്ണമേനോനെയും ഗോവിന്ദനുണ്ണിയെയും കണ്ടു.

രാ:- അപ്പു വർത്തമാനം അറിഞ്ഞുവോ? പണ്ടു് എഴുത്തയച്ച കൂട്ടർ ഉദയന്തളി എത്തീട്ടുണ്ടത്രെ.

കൃ:-ശരി, എനി പത്രിക തയ്യാറാക്കാൻ ഒരുങ്ങുക തന്നെ. ഞാൻ അന്നു പറഞ്ഞതു് അച്ഛനു ബോദ്ധ്യമായില്ലല്ലോ. അവർ ഇതുവരെ വേണ്ടുന്ന ഒരുക്കങ്ങൾ എല്ലാം ചെയ്യുകയായിരുന്നു. എനി സമൻസ്സ് വരുന്നതു കാണാം. തിരുമുൽപ്പാട് ഈ കൂട്ടരെകൊണ്ട് എന്തൊക്കെയാണു ചെയ്യിക്കുന്നതെന്നു് ആർക്കറിയാം. കാര്യത്തിൽ പരമാർത്ഥമില്ലെന്നു് അച്ഛനു നല്ല ധൈര്യമുണ്ടോ?

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/94&oldid=169904" എന്ന താളിൽനിന്ന് ശേഖരിച്ചത്