താൾ:Sarada.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആറാം അദ്ധ്യായം

രാമൻ മേനോന്റെ എഴുത്തു വായിച്ചതിൽ പരിഭവപ്പെട്ട പൂഞ്ചോലക്കര അച്ഛനും മരുമകൻ രാഘവനുണ്ണിയും തമ്മിൽ ഉണ്ടായ സംവാദം കഴിഞ്ഞ ദിക്കിലാണ് ഒന്നാം അദ്ധ്യായം അവസാനിച്ചത്. ഈ സംവാദം കഴിഞിട്ടിട്ട് ഈ അദ്ധ്യായത്തിൽ എഴുതുന്ന കഥ നടന്ന കാലത്ത് ഏകദേശം‌ ഒന്നു രണ്ടുമാസങൾ ആയിരിക്കുന്നു. എന്റെ പ്രിയപ്പെട്ട വായനക്കാരെ, നിങ്ങൾ‌ ഒന്നാം അദ്ധ്യായത്തെ വായിച്ചിട്ട് ഇപ്പോഴേക്ക് എത്ര സമയമായി ? ഇതു കഴിഞിട്ട് ഒന്നു രണ്ടു മാസമായി എന്നു നിങ്ങൾ‌ പറയുന്നതാണെങ്കിൽ ഞാൻ ഇനി എഴുതുന്നില്ല. നിങ്ങളുടെ ഉത്തരം ഇപ്പോൾ കിട്ടുവാൻ സാധിക്കുന്നതല്ലല്ലോ. അര മണിക്കൂറായി അല്ലെങ്കിൽ ഒരു മണിക്കൂറായി എന്നാണ് നിങ്ങളുടെ മറുപടി എന്നു മനസ്സിന്ന് അത്യന്തം തൃപ്തിയോടെ തന്നെയാണെങ്കിലും വിശേഷസംഗതി ഒന്നും കൂടാതെ ഞാൻ തന്നെ നിശ്ചയിച്ച് ഇനിയും എഴുതുന്നു. എന്നെപ്പോലെയുള്ള ക്ഷുദ്രകവികൾക്ക് ക്ഷുദ്രദേവതകളെപ്പോലെ ആശ ഏറിയിരിക്കും. അതുകൊണ്ടു ഗ്രന്ഥത്തിന്റെ ഗുണദോഷ ചിന്തയ്ക്കുള്ള കാലമാവുന്നതുവരെ നമ്മുടെ വൈത്തിപ്പട്ടരുടെ മാതിരി മോഹത്തെ ഒട്ടും ഞാൻ ചുരുക്കുന്നില്ല.

എഴുത്തു വായന കഴിഞ്ഞതിൽ പിന്നെ രണ്ടു മൂന്നു ദിവസങളിൽ പൂഞ്ചോലക്കര എടത്തിലും സമീപസ്ഥലങ്ങളിലും എഴുത്തിലെ സംഗതികളെപ്പറ്റിയുള്ള പ്രസ്താവം പ്രചുരമായിരുന്നു. എവിടെ രണ്ടു പേർ കൂടുന്നുവോ അവിടെയെല്ലാം ഈ പ്രസംഗം തന്നെ. രാഘവനുണ്ണി ഈ സംഗതിയെപ്പറ്റി ആലോചിച്ചതിൽ തത്ക്കാലം ഒന്നും പ്രവർത്തിക്കേണ്ട എന്നാണ് നിശ്ചയിച്ചത്. ശങ്കുനമ്പിക്കും കോന്തനുണ്ണിക്കും കേശവനുണ്ണിക്കും ഈ അഭിപ്രായം‌ തന്നെയാണ് ഉണ്ടായത്. കൃഷ്ണനുണ്ണി ഇതിൽ യാതൊരു അഭിപ്രായവും പറഞില്ല. ബി. എൽ. പരീക്ഷയ്ക്കു വായിക്കുന്ന ഗോവിന്ദനുണ്ണി ഈ കാലം എടത്തിൽ ഉണ്ടായിരുന്നു. ഇയാൾക്കും രാഘവനുണ്ണിയുടെ മകൻ കൃഷ്ണമേനോനും എഴുത്തിനു തക്കതായ മറുപടി അയക്കേണമെന്നായിരുന്നു അഭിപ്രായം.

രാഘവനുണ്ണിയുടെ മകൻ കൃഷ്ണമേനോൻ ഹൈക്കോർട്ടിൽ ഒരു വക്കീലാണ്. ഇയാൾ അതിഗംഭീര ബുദ്ധിമാനും ഇംഗ്ലീഷിലും സംസ്കൃതത്തിലും വ്യവഹാരശാസ്ത്രത്തിലും വളരെ വിദഗ്ദനും ആണ്. വയസ്സ് ഇക്കാലം ഇരുപത്തിനാലു മാത്രമേ ആയിട്ടുള്ളൂ. കണ്ടാൽ അതി

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/91&oldid=169901" എന്ന താളിൽനിന്ന് ശേഖരിച്ചത്