Jump to content

താൾ:Sarada.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോമളനാണ്. ഹൈക്കോർട്ടിൽ വക്കീലായിട്ടു ഇക്കാലം കഷ്ടിച്ചു മൂന്നു മാസമേ ആയിട്ടുള്ളൂ. ഹൈക്കോടതി പൂട്ടിയിരുന്നതിനാൽ ഈ സമയം നാട്ടിൽ വന്നതാണ്. ഇദ്ദേഹത്തിന്റെ ഭവനം പൂഞ്ചോലക്കര എടത്തിനു സമീപമാണ്. എന്നാൽ പകൽ മുഴുവനും ഇദ്ദേഹം അച്ഛനോടുകൂടി പൂഞ്ചോലക്കര എടത്തിലാണ് താമസം. രാമൻ മേനോന്റെ എഴുത്തു കിട്ടീട്ട് ഏകദേശം ഒന്ന് ഒന്നരമാസം കഴിഞ ശേഷമാണ് ഇദ്ദേഹം മദിരാശിയിൽനിന്ന് വീട്ടിൽ എത്തിയത്. ഇദ്ദേഹത്തോടു രാഘവനുണ്ണി വിവരങ്ങൾ എല്ലാം പറഞതിൽ ഉടനെ കത്തിനു തക്കതായ ഒരു മറുപടി അയക്കേണ്ടതായിരിന്നു എന്ന് ഇദ്ദേഹം മറുപടി പറഞ്ഞു

രാ:-നിന്റെ അഭിപ്രായത്തോടുകൂടി ഞാൻ യോജിക്കുന്നില്ല, അപ്പു, മറുപടി അയച്ചിട്ടില്ലെങ്കിൽ എന്താണു ദോഷം?

കൃ:-ദോഷം എന്താണെന്ന് അല്ല ഇവിടെ ഒന്നാമതു ചിന്തിക്കേണ്ടത്. ഇത്ര കഠിന ചതി ചെയ്യാൻ ഉറച്ച് ഇങ്ങിനെ ഒരു കത്ത് അയച്ചതു വാങ്ങി മിണ്ടാതിരിക്കുന്നത് എടത്തിലെ മർയ്യാദയ്ക്കും സ്ഥിതിക്കും മതിയായിട്ടുള്ളതോ എന്നാണ്. ഈ ചതി വെളിച്ചത്താക്കി ഈ എഴുതിയ ദുഷ്ടക്കള്ളനേയും അവനു സഹായിച്ചവരെയും ജേലിൽ വെപ്പിക്കണം, അതാണ് ചെയ്യേണ്ടത്. ഈ എഴുത്ത് എടത്തിലേക്കു വളരെ അപമാനകരമായിട്ടുള്ളതാണെന്നുള്ളതിനു സംശയമില്ല. ഇതു കൂടാതെ മറുപടി ഒന്നും അയക്കാതിരിക്കുന്നത് അവർ വ്യവഹാരം കൊടുത്തുവെങ്കിൽ നുമ്മൾക്കു ഗുണകരമായ ഒരു സംഗതിയായി ഒരിക്കലും വരാൻ പാടില്ല.

രാ:-ഈ കത്തു കിട്ടീട്ടുണ്ടെന്നു വ്യവഹാരം കൊടുക്കുന്ന പക്ഷം എന്തിനു സമ്മതിക്കുന്നു.

കൃ:-അച്ഛനെ കൂട്ടിൽ‌ കയറ്റി സത്യത്തിന്മേൽ‌ ഈ എഴുത്തിനെപ്പറ്റി ചോദിച്ചാലോ.

രാ:-ഞാൻ ഒരിക്കലും എഴുത്തു കിട്ടി എന്നു സമ്മതിക്കയില്ലാ, എന്നാൽ‌ എന്താണ് വരാൻ. കത്തു രജിസ്ട്രാക്കി അയച്ചതല്ലല്ലോ. കിട്ടീട്ടില്ലെന്ന് പറഞ്ഞാൽ അവർ എങ്ങിനെ ഉണ്ടെന്നു തെളിയിക്കും.

കൃ:-സത്യത്തിന്മേൽ കളാവു പറവാൻ ഉറയ്ക്കുന്ന പക്ഷം അങ്ങിനെ തന്നെ. ഇങ്ങിനെയാണ് ഭാവമെങ്കിൽ കത്തു രജിസ്ത്രറാക്കി അയച്ചിരുന്നാലും കിട്ടീട്ടില്ലെന്നു പറയാമല്ലോ.

രാ:-രജിസ്ത്രറാക്കിയ കത്തു വാങ്ങിയതാണെങ്കിൽ നമ്മുടെ ഒപ്പുള്ള രശീതി തെളിവിൽ വന്നാലോ?

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/92&oldid=169902" എന്ന താളിൽനിന്ന് ശേഖരിച്ചത്