ശാരദ/ഏഴാം അദ്ധ്യായം
←ആറാം അദ്ധ്യായം | ശാരദ രചന: ഏഴാം അദ്ധ്യായം |
എട്ടാം അദ്ധ്യായം→ |
ഉദയന്തളിക്കു കത്തയച്ചതിന്റെ ഏഴാം ദിവസം പൂഞ്ചോലക്കര അച്ചനു റജിസ്ട്രു ചെയ്തതായ ഒരു കത്തുകിട്ടി. കത്തു തുറന്നു താഴെ പറയും പ്രകാരം വായിച്ചു.
താങ്കളുടെ മരുമകളായ മരിച്ച കല്യാണിഅമ്മയുടെ മകൾ ശാരദ എന്നപെൺകുട്ടിയെ ആ കുട്ടിയുടെ സ്ഥിതിക്കും യോഗ്യതയ്ക്കും തക്കവിധം രക്ഷിപ്പാൻ താങ്കൾ വീഴ്ച ചെയ്യുന്നതിനാൽ ആ കുട്ടി തന്റെ രക്ഷിതാവായ അച്ഛൻ രാമൻമേനോൻ മുഖാന്തിരം തന്റെ അവകാശങ്ങളെ സ്ഥാപിച്ചു കിട്ടുവാൻ സിവിൾ കോർട്ടിൽ ഒരു വ്യവഹാരം തുടങ്ങുവാൻ വിചാരിക്കുന്നു എന്നും താങ്കൾ ഇന്നു മുതൽ പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ ആ കുട്ടിയെ താങ്കളുടെ എടത്തിലെ സന്തതിയായി കൈക്കൊണ്ടു വേണ്ടുന്ന എല്ലാ സംരക്ഷണങ്ങളും ചെയ്യുമെന്നു് രേഖാ മൂലമായി എന്നെ അറിയിക്കുന്നില്ലെങ്കിൽ താങ്കളുടെയും താങ്കളുടെ അനന്തരവന്മാരുടേയുംമേൽ മേല്പറഞ്ഞപ്രകാരമുള്ള ഒരു സിവിൾ വ്യവഹാരം നടത്താൻ മേല്പറഞ്ഞ കുട്ടി രക്ഷിതാവു് രാമൻമേനോൻ മുഖാന്തിരം എന്നെ നിശ്ചയിച്ചിരിക്കുന്നു എന്നും ഈ കത്തിനു താങ്കൾ മറുവടി അയപ്പാൻ വിചാരിക്കുന്നുണ്ടെങ്കിൽ അതു് എനിക്കു് അയക്കേണ്ടതാണെന്നും ഇതിനാൽ അറിയിച്ചിരിക്കുന്നു.
ഈ കത്തു വായിച്ചപ്പോൾ അച്ചനു് ഉണ്ടായ വ്യസനവും ലജ്ജയും ക്രോധവും ഇന്നപ്രകാരമെന്ന് പറവാൻ പ്രയാസം. ഉടനെ രാഘവനുണ്ണിയെ വിളിച്ചു.
അച്ചൻ:- എനിയും നോം താമസിക്കുന്നതത്ര വെടിപ്പല്ലാ. ആ വൈത്തിപ്പട്ടരെ ക്ഷണത്തിൽനോക്കി പാട്ടിൽ പിടിക്കണം. എന്നാൽ ഈ കാര്യം എല്ലാം വെളിവാവും. പക്ഷെ എന്തു ചിലവു വന്നാലും വേണ്ടതില്ല. ഉടനെ ആൾ പോവട്ടെ. തക്കതായ ഒരാളെ അയയ്ക്കണം. നോം ആളെ അയയ്ക്കുമ്പോൾ പട്ടരു് വീർയ്യം നടിച്ചു വരാൻ മടിക്കും. പോവുന്നാൾ സമർത്ഥനായാൽ അയാളെ കൊണ്ടുവരാം. [ 115 ] രാഘവനുണ്ണി :- കല്പിച്ചതു ശരിയാണു്. ഉടനേ ആളെ അയച്ചു കളയാം.
എന്നു പറഞ്ഞു എടത്തിൽ ഉള്ള കാർയ്യസ്ഥന്മാരിൽ കുറെ അധികം സാമർത്ഥ്യമുള്ളവനെന്നു വിചാരിക്കപ്പെട്ടു വന്ന കുഞ്ചുമേനോനെയും രണ്ടു ഭൃത്യന്മാരേയും ഉടനേ വൈത്തിപ്പട്ടരുടെ നാട്ടിലേക്കായി അയച്ചു.
നമ്മുടെ പൂഞ്ചോലക്കര അച്ചനു മനസ്സിനുണ്ടായ വ്യസനവും, അസ്വാസ്ഥ്യതയും നിമിഷംതോറും വർദ്ധിച്ചു വർദ്ധിച്ചു വന്നു. സ്വഭാവത്തിൽ ഇദ്ദേഹത്തിനു രണ്ടു വിശേഷവിധിയായ അവസ്ഥകൾ ഉണ്ടു്. എന്തെങ്കിലും തനിക്കു മനസ്സിനു് ഒരു വ്യസനമോ, തന്റെ കാർയ്യങ്ങൾക്കു വല്ല ദോഷമോ, തട്ടാൻ എടയുണ്ടെന്നു കാണുന്ന സമയങ്ങളിലെല്ലാം ജാതകപരീക്ഷയും പ്രശ്നവും കലശലായി നടത്തും. അതും പ്രകാരംതന്നെ മന്ത്രവാദത്തിലും വളരെ പ്രതിപത്തിയാണു്. പ്രശ്നം വെച്ചു പറയുന്നതു് എല്ലാം ഇദ്ദേഹത്തിനു ബഹുവിശ്വാസമാണു്. ഒരു കാർയ്യത്തിൽ ജയിക്കുമെന്നു് പ്രാശ്നികൾ തീർച്ചയായി പറഞ്ഞാൽ പിന്നെ ആ കാർയ്യത്തിൽ യഥാർത്ഥത്തിൽ അപജയം വന്നാൽകൂടി വന്നു എന്നു് അച്ചന്റെ മനസ്സിൽ തോന്നുവാൻ പ്രയാസം. അത്ര വിശ്വാസമാണു് പ്രശ്നത്തിൽ. ജയിക്കുമെന്നു് തീർച്ചയായി പ്രശ്നക്കാരൻ പണിക്കരു് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ജയം വരാതിരുന്നാൽ കൂടി "ആട്ടെ വരട്ടെ ഇതുകൊണ്ട് ആയില്ല. ചാത്തുപ്പണിക്കരുടെ വാക്കു വെറുതെ ആയി ഇതുവരെ കണ്ടിട്ടില്ല. ഇതുകൊണ്ടു് കാര്യം തീർച്ചയാവുകയില്ല." എന്നും മറ്റും പറഞ്ഞു ഉടനെ രണ്ടാമതും ചാത്തുപ്പണിക്കരെക്കൊണ്ടു പ്രശ്നം വെപ്പിക്കും. "ഇതു ഒരു തോല്മയല്ല. ഈ കാര്യത്തിൽ പര്യവസാനത്തിൽ ഇവിടുന്നു ജയിച്ചില്ലെങ്കിൽ അടിയൻ കവിടിസഞ്ചി കിണറ്റിൽ ഇട്ടിട്ടു് ചാടി കാശിക്കുപോവും." എന്നു ചാത്തുപ്പണിക്കരു പറയും. ഈ വാക്കുകൾ ഓലയിൽ കുറിച്ചു വെപ്പിക്കും. ആ ഓല എടുത്തു വായിച്ചാൽ മനസ്സിനു കൃതാർത്ഥതയായി. ദോഷമായി ഒരു കോടതി കല്പിച്ച വിധിപകർപ്പു വായിക്കുമ്പോൾ അച്ചനു മനസ്സിന്നു ഉണ്ടാവുന്ന കുണ്ഠിതം ചാത്തുപ്പണിക്കരുടെ കുറിപ്പു വായിച്ചാൽ തീർന്നു. ഇങ്ങനെയാണ് ഈ ശുദ്ധാത്മാവിന്റെ സ്വഭാവം. എന്നാൽ ചാത്തുപ്പണിക്കരോ, ഇവൻ അതിസമർത്ഥനായ ഒരു പ്രാശ്നികനാണ്. ഇവന്റെ പാർപ്പിടം ഉദയന്തളിക്കു സമീപമാണ്. ഉദയന്തളി രാമവർമ്മൻ തിരുമുല്പാട്ടിലെ ഒരു കുടിയായ്മകൂടി ഉണ്ട്. എങ്കിലും അച്ചന്റെ വക വസ്തുക്കളാണ് ഇവൻവശം അധികം [ 116 ] ഉള്ളതു്. എടത്തിലെ ഒരു പ്രത്യേക ആശ്രിതന്റെ നിലയിലാണു് അച്ചൻ ഇവനെ വിചാരിച്ചു വന്നിട്ടുള്ളതു്. അങ്ങിനെ വിചാരിപ്പാൻ വേണ്ടുന്നതിലധികം നാട്യം നടിപ്പാൻ ചാത്തുപ്പണിക്കർക്ക് ബഹുവശതയും ഉണ്ടു്. ഉദയന്തളിയിൽനിന്നു തന്റെ വസതി വിട്ടു പൂഞ്ചോലക്കര എടത്തിനു സമീപം പാർപ്പു് ആക്കേണമെന്നുള്ള അച്ചന്റെ ഉപദേശം അത്യാദരവോടെ അനുഷ്ഠിപ്പാൻ ചാത്തുപ്പണിക്കരു് ഒരുങ്ങി, ഒരുങ്ങി, നില്ക്കുന്നു എന്നു് അച്ചനെ പൂർണ്ണമായും വിശ്വസിപ്പിച്ചിട്ടുണ്ടു്. ഇങ്ങിനെ വിശ്വസിപ്പിച്ചുതുടങ്ങീട്ടു് അഞ്ചെട്ടു കൊല്ലങ്ങളായി എങ്കിലും അതുപ്രകാരം യഥാർത്ഥത്തിൽ പ്രവർത്തിക്കാത്തതുകൊണ്ടുള്ള ഒരു പരിഭവം ലേശംപോലും അച്ചനു് ഉണ്ടാക്കാതെ കഴിച്ചുവന്നു. അത്ര സമർത്ഥനാണു് ഈ ചാത്തുപ്പണിക്കരു്.
ഒടുവിൽ പറഞ്ഞ കത്തുകിട്ടിയ ഉടനെ ചാത്തുപ്പണിക്കരെ വിളിപ്പാൻ ആൾ പോയി. ചാത്തുപ്പണിക്കരു് വിളിക്കാൻ വന്ന ആളോട്കൂടി എടത്തിലേക്കായി ഉടനെ പുറപ്പെട്ടു. വഴിയിൽവെച്ച് വിളിപ്പാൻ വന്ന ആളോടു ചാത്തുപ്പണിക്കരു പറഞ്ഞു.
"മുമ്പു എവിടെയോ വെച്ചു കണ്ടതായി തോന്നുന്നു. എടത്തിൽ വെച്ചു തന്നെയോ, അറിഞ്ഞില്ല."
"അതെ പണിക്കരെ, ഞാൻ എടത്തിൽ വെച്ചു പലപ്പോഴും കണ്ടിട്ടുണ്ടു്."
"ശരിതന്നെ എനിക്കു് ഓർമ്മത്തെറ്റു വന്നുപോയി. വലിയ തമ്പുരാനു ദേഹസൂഖക്കേട് ഒന്നും ഇല്ലല്ലൊ ? അവിടത്തെ ഒരു ആശ്രയം മാത്രമാണു് എനിക്കുള്ളതു്. വെറെ യാതൊരു തമ്പുരാക്കന്മാരുടെയും ആശ്രയത്തിൽപെടാതെ കാലം കഴിക്കേണമെന്നാണു് എന്റെ ആഗ്രഹം. ഇന്നലെ ഉദയന്തളിയിൽനിന്നു് ആൾ വന്നിരുന്നു, ഞാൻ പോയില്ലാ. ഏതായാലും ഉദയന്തളി പ്രദേശം വിടേണമെന്നു, ഞാൻ തീർച്ചയാക്കിയിരിക്കുന്നു. വലിയ തമ്പുരാനു അങ്ങിനെയാണു് തിരുമനസ്സു്. ഞാൻ അതിനെ അനുവർത്തിച്ചു നില്ക്കുകയല്ലാതെ മറ്റു് ഒരു പ്രകാരത്തിലും ഒന്നും പ്രവർത്തിക്കയില്ലാ. ഉദയന്തളിക്കാരും എടത്തിൽ നിന്നും എനിയും എന്തോ ഒരു വ്യവഹാരമുണ്ടാവാൻ പോവുന്നുപോൽ. ഉള്ളതുതന്നെ ആയിരിക്കും അല്ലെ?"
"അതെ ഉദയന്തളിക്കാരും എടത്തിൽ നിന്നും നേരിട്ടിട്ടല്ല വ്യവഹാരം."
"പിന്നെയോ, എങ്ങിനെയാണു ഭാവം എന്നറിഞ്ഞില്ല." [ 117 ] "മുമ്പു് എടത്തിൽനിന്നു കല്യാണിഅമ്മ എന്ന ഒരു സ്ത്രീ നാടുവിട്ടുപോയിട്ടുണ്ടായിരുന്നുവത്രെ. ആ സ്ത്രീയുടെ മകളാണെന്നു പറഞ്ഞു കൊണ്ടു തിരുവനന്തപുരക്കാരൻ ഒരു പിള്ള ഒരു പെൺകിടാവിനെ ഉദയന്തളിയിൽ കൊണ്ടു വന്നു പാർപ്പിച്ചിരിക്കുന്നു. ആ കുട്ടിക്ക് എടത്തിൽനിന്നു ചെലവു കൊടുക്കേണമെന്നും മറ്റും പിള്ള അച്ചന്നു് എഴുതി അയച്ചിരിക്കുന്നു. രാമവർമ്മൻ നിരുമുല്പാടിന്റെയും വൈത്തിപ്പട്ടരുടേയും ഉത്സാഹത്തിന്മേലാണത്രെ ഈ കൂട്ടം ഉണ്ടാവാൻപോകുന്നതു്."
"വൈത്തിപ്പട്ടർ തമ്പുരാൻ ഏതാണു ഞാൻ അറിയില്ല."
"വൈത്തിപ്പട്ടർ ഒരു വലിയ കള്ളനാണു്. ഞാൻ ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളു. കണ്ടാൽ ഭയമാവും. എപ്പോഴും സർപ്പദൃഷ്ടിയാണു് പട്ടർക്കു്. ഒരു പിശാചിനെപ്പോലെയാണു്"
"പട്ടർ ഇപ്പോൾ എവിടെ ഉണ്ടു്."
"അയാളുടെ സ്ഥലത്തു തന്നെ. അവിടേക്കു് എടത്തിൽനിന്നു ആളെ അയച്ചിരിക്കുന്നു. പട്ടരെ പിടിച്ച പിടിയാലെ കൂട്ടിക്കൊണ്ടുവരുവാൻ കുഞ്ചുമേനോൻ ആൾക്കാരോടുകൂടി പോയിരിക്കുന്നു."
"പട്ടർതമ്പുരാനെ കൂട്ടിക്കൊണ്ടു വന്നിട്ടു് എന്താണു കാർയ്യം. അദ്ദേഹം എടത്തിലേക്കു വൈരിയാണെങ്കിൽ അദ്ദേഹം വരുമോ?"
"വരും , വരും പണത്തിന്മേൽ അയാൾക്കു ബഹു ആർത്തിയാണത്രെ. പണം കൊടുത്താൽ അയാൾ നുമ്മടെ ഭാഗത്തു ചേരുമെന്നു് എല്ലാവരും തീർച്ചയായി പറയുന്നു."
"പട്ടർ തമ്പുരാനെ നുമ്മടെ ഭാഗത്തു ചേർത്താൽ നുമ്മൾക്കു് എന്തൊരു ഗുണമാണു വിശേഷവിധിയായി ഉണ്ടാവാൻ ഉള്ളതു് എന്നറിഞ്ഞില്ല."
"പട്ടരു് നുമ്മുടെ ഭാഗമായാൽ അവർ സകലാളുകളും തോല്ക്കും എന്നു സകലാളുകളും പറയുന്നു. ഈ പട്ടരാണ് എടത്തിൽ നിന്നും കല്യാണിഅമ്മയെ കൊണ്ടുപൊയ്ക്കളഞ്ഞതുപോൽ. അതു നിമിത്തം എടത്തിലേക്കു പട്ടരോടു വിരോധമായി. പട്ടരെ പൂഞ്ചോലക്കര ദിക്കിൽനിന്ന് ആട്ടിക്കളഞ്ഞുവത്രേ."
"അപ്പോൾ നാടുവിട്ടുപോയ പട്ടർ അങ്ങിനെ പൂഞ്ചോലക്കരയ്ക്കു മടങ്ങിവന്നു."
"കല്യാണിഅമ്മ വഴിയിൽവെച്ചു് ഇവിടം വിട്ടപോയ ഉടനെ മരിച്ചുപോയത്രെ. അതാണു് പട്ടർ മടങ്ങിപ്പോന്നതു്."
"ഈ പട്ടർ വൃദ്ധനോ?" [ 118 ] "വളരെ വയസ്സായിരിക്കുന്നു"
"ഉദയന്തളി കൊണ്ടുവന്നു പാർപ്പിച്ചിട്ടുള്ള കുട്ടി വളരെ ചെറുപ്പമായിരിക്കും"
"പത്തുപതിനൊന്നു വയസ്സേ ആയിട്ടുള്ളു എന്നാണ് കേട്ടതു്"
"കല്യാണി എന്നു പേരായ തമ്പുരാട്ടി ഈ ദിക്കുവിട്ടു പോയിട്ടു എത്ര കൊല്ലമായോ അറിഞ്ഞില്ല "
"അതു എനിക്കു നിശ്ചയമില്ല. പത്തു് ഇരുപതു് കൊല്ലമായി എന്നു ചിലർ പറയുന്നു."
"ഉദയന്തളിക്കാർ വ്യവഹാരത്തിന്നു പുറപ്പെട്ടാൽ അതിന്നു വേണ്ടുന്ന തെളിവു കൊടുത്താലല്ലെ അവർ ജയിക്കയുള്ളു. എന്തു തെളിവാണു് അവർക്കു കൊടുക്കാൻ കഴിയുന്നതു്? ആ വക വല്ല പ്രസ്താവവും കേട്ടുവോ എന്നറിഞ്ഞില്ല"
"ഞാൻ യാതൊന്നും കേട്ടില്ലാ. പട്ടരു സ്വാധീനമായാൽ അവർ കേവലം തോറ്റുപോവുമെന്നു തീർച്ചയായും ആളുകൾ പറയുന്നു."
"ഈ വന്നിട്ടുള്ള കുട്ടിയും പിള്ളയും സൂക്ഷ്മത്തിൽ എന്തു ജാതിക്കാരാണെന്നാണു് ആളുകൾ പറയുന്നതു്. എന്നറിഞ്ഞില്ലാ."
"ശൂദ്രർ തന്നെയാണുപോൽ. താണ ജാതിക്കാരാണത്രെ."
"എന്തൊരു കഷ്ടമാണു്. ഈ മാതിരി വ്യാജം പ്രവർത്തിച്ചു തുടങ്ങിയാൽ എന്തു നിവൃത്തി. എന്നെ തല്ക്കാലം വിളിപ്പാൻ കല്പിച്ചതിന്നു വിശേഷകാരണം ഒന്നും ഉണ്ടായിരിക്കയില്ലാ."
"പതിനഞ്ചു ദിവസത്തിനകത്തു് അന്യായം ഫയലാക്കുമെന്നു് ഒരു രജിസ്ത്രകത്ത് അയച്ചിരിക്കുന്നു. അതു കിട്ടിയ ഉടനെ പണിക്കരെ വിളിക്കാൻ കല്പനയായി."
ഇങ്ങിനെ ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടു് ഇവർ വഴി നടന്നു എടത്തിൽ എത്തി.
ചാത്തുപ്പണിക്കർ കണ്ടാൽ സുമുഖനാണു്. വെളുത്ത നിറമാണു്. കഷണ്ടിയാണു് തലയിൽ എങ്കിലും മുഖത്തിനു് ആകപ്പാടെ നല്ല ശ്രീയുണ്ടു്. നല്ല പാവുമുണ്ടു് രണ്ടു് അടി അമരം താഴ്ത്തി ഉടുത്തിട്ടുണ്ടു്. നെറ്റിയിലും മാറത്തും വെളുത്തു് ഭസ്മക്കുറി ഇട്ടിരിക്കുന്നു. കഴുത്തിൽ സ്വർണ്ണം കെട്ടിയ ഒരു വലിയ പഞ്ചമുഖരുദ്രാക്ഷം ഒരു ചെറിയ നൂലിന്മേൽ ധരിച്ചിട്ടുണ്ടു്. വൃത്തിയായി തുന്നിച്ച കവിടിസഞ്ചിയും ഓലപ്പഞ്ചാംഗവും മുഴുവൻ വെള്ളികെട്ടി. ഒരു എഴുത്താണിയും ഒരു വെളുത്ത തോർത്തുമുണ്ടുകൊണ്ടു മൂടി എടത്തെ കക്ഷത്തിൽ വെച്ചിട്ടുണ്ടു്. [ 119 ] അച്ചനെ കണ്ട ഉടനെ താണു വലിച്ചു് കൂട്ടി തൊഴുതു. ഒന്നാമതു താണു തല വണങ്ങി തൊഴുതശേഷം പിന്നെ നീർന്നുനിന്നു് അച്ചന്റെ മുഖത്തേക്കു നേരെ നോക്കി അല്പം ഒരു മന്ദഹാസത്തോടും അതിഭക്തിരസത്തോടും കൂടി നോക്കി മാർവിടത്തിന്നു നേരെ കൈകൾകൊണ്ടു വന്നു ഒരു അഞ്ചെട്ടു പ്രാവശ്യം തൊഴുതു.
അച്ചൻ:- എന്താണു് ഈയ്യിടെ ഇങ്ങോട്ടു് വരവു് ചുരുക്കുന്നു?
പണിക്കർ:- അടിയൻ ഒരു മാസമായി ഇവിടെ ഉണ്ടായിരുന്നില്ല. തേഞ്ചേരി കോവിലകത്തു് ഒരു തറവാട്ടു പ്രശ്നത്തിനായി വിടകൊണ്ടിരുന്നു. അടിയൻ തിരുമനസ്സിലെ ഒരു കാരുണ്യത്തെയല്ലാതെ വേറെ യാതൊന്നിനേയും ഇച്ഛിക്കുന്നവനല്ല. ഇവിടെ തല്ക്കാലം തിരക്കുകൾ ഇല്ലെന്ന് അറിഞ്ഞതിനാൽ തേഞ്ചേരിനിന്നു് ആൾ വന്നപ്പോൾ വിടകൊണ്ടതാണു്.
അ:- ഇവിടെ ചുരുങ്ങീട്ട് ഒരു പ്രശ്നം വേണം.
ഇതു പറഞ്ഞപ്പോൾ പണിക്കർ മേലോട്ടു രണ്ടു ഭാഗത്തേക്കും ഒന്നു നോക്കി. വലത്തെ കൈ മുക്കിന്റെ മദ്ധ്യത്തിൽ വച്ചു വായുവേ ഉറച്ചുവിട്ടു. ഇതിനു് ശരം എന്നു പറയും.
അ:- എന്താണു് നോക്കിയതു്. ശരം എങ്ങിനെ. ശുഭമോ, അശുഭമോ?
പ:- ശുഭം, ശുഭം, അത്യന്തശുഭം.
അ:- ഈശ്വരോ രക്ഷതു.
പ:- ഭഗവൽകൃപ പൂർത്തിയായി ഉണ്ടു്. വിളിപ്പാൻ വന്നപ്പോൾ തന്നെ രണ്ടു മൂന്നു ശുഭലക്ഷണങ്ങൾ കണ്ടിരിക്കുന്നു.
അകായിൽ നിന്നു പുറത്തേക്കു കടന്ന ഒരു ചെറുപ്പക്കാരൻ കാർയ്യസ്ഥൻ പറഞ്ഞു പ്രശ്നംവേണമെന്നു് കല്പിച്ചപ്പോൾ ഞാൻ ഈ വാതുക്കൽ നില്ക്കുന്നുണ്ടായിരുന്നു. കല്പിച്ച ഉടനെ ഒരു ഗൌളി ഈ പടിയിന്മേൽ നിന്നു ശബ്ദിച്ചു.
അ:- (വലിയ ബദ്ധപ്പാടോടുകൂടി) എത്ര ശബ്ദിച്ചു എത്ര ശബ്ദിച്ചു?
പണി:- എത്ര ശബ്ദിച്ചു. എത്ര ശബ്ദിച്ചു?
കാർയ്യസ്ഥൻ:- ഞാൻ എണ്ണീട്ടില്ല.
അ:- (വലിയ ക്രോധത്തോടെ) കഴുതെ കടന്നു പുറത്തുപോ. ഗൌളി ശബ്ദിക്കുമ്പോൾ എണ്ണണ്ടെ. നീ എന്തൊരു ബുദ്ധിഹീനനാണ്. ഈ വക അസത്തുക്കൾ ചോറ്റു ചിലവിനു തന്നെ. കടന്നു പുറ [ 120 ] ത്തുപോ വിഡ്ഢി. കാര്യസ്ഥൻ ഇളിഭ്യനായി അകത്തേക്കു തന്നെ പോയി.
പണിക്കർ പ്രശ്നത്തിനായി കിഴക്കെ കോലായിൽ ഇരുന്നു. വിശേഷമായ ഒരു വീരാളിപ്പുല്ലുപായ് മടക്കി ഇട്ടു് അതിൽ കിഴക്കോട്ടു് അഭിമുഖമായി ചാത്തുപ്പണിക്കർ ഇരുന്നു. ഇരിക്കുന്നതിനു മുമ്പു് പുല്ലുപായ് തൊട്ടു് ഒന്നു വന്ദിച്ചു. കസാലമേൽ ഇരിക്കുന്ന അച്ഛനേ വീണ്ടും ഒന്നു തൊഴുതശേഷമാണു് ഇരുന്നതു്. നല്ല ചുവന്ന പട്ടുകോണ്ടു് കസവുവെച്ചു് ഉണ്ടാക്കീട്ടുള്ള സഞ്ചിയിൽ നിറയെ നിറച്ചു വച്ച കവിടിയും ഓലയും എടുത്തു് എടത്തുഭാഗത്തു വച്ചു. പായയിൽ ഇരിക്കുമ്പോഴേക്കു് പണിക്കരുടെ മുഖത്തിൽനിന്നു് സ്ഫുരിക്കുന്ന ഒരു ഭക്തിരസം ഇന്നപ്രകാരമെന്നു പറവാൻ പ്രയാസം. കണ്ണു് ഭക്തിരസപാരവശ്യത്താൽ പകുതിയെ മിഴിയുന്നുള്ളു. പ്രശ്നത്തിനു് പണിക്കർ ഇരുന്ന ഉടനെ എടത്തിൽ ഉള്ള ഉണ്ണിമാരും മറ്റും കോലാമൽ വന്നു നിറഞ്ഞുനിന്നിരുന്നു. പണിക്കർ മന്ദമായി കവിടി എടുത്തു മുമ്പില്വെച്ചു തൊഴുതു. സഞ്ചി അഴിച്ചു് അത്യന്ത ധവളമായിരിക്കുന്ന ഒരു ഇരുന്നാഴിയോളം കവിടി വീരാളിപ്പായയിൽ ചൊരിഞ്ഞു. ചെറു വക കവിടികളിൽ പത്തും പതിനഞ്ചും വലിയ കവിടികളും സ്ഫടിക മഷിക്കുപ്പിയോ മറ്റൊ പൊളിഞ്ഞതിൽനിന്ന് എടുത്ത ആറേഴു സ്ഫടികക്കഷണങ്ങളും ഉണ്ടായിരുന്നു. കവടി ചൊരിഞ്ഞ് ഉടനെ പണിക്കർ അതിനെ അത്യന്ത ഭക്തിരസത്തോടുകൂടി തൊട്ട് അഭിവാദ്യം ചെയ്തു. കവിടിയെ അഭിവാദ്യം ചെയ്തതു കണ്ടാൽ ആ കവടിയാണ് സാക്ഷാൽ ജഗദീശ്വരൻ എന്നു തോന്നും. ഇതു കഴിഞ്ഞയുടനെ രാശിചക്രം ഉണ്ടാക്കി ഗണപതിക്കു വിടകൾ നിരത്തി പലേപ്രകാരമുള്ള അഭിവാദ്യങ്ങളും ജപങ്ങളും കഴിഞ്ഞശേഷം പ്രശനത്തിനു ആരംഭിച്ചു. ഒരു നാഴികയിൽ ചെറുകവിടി തന്റെ മുമ്പിലേ നീക്കിവെച്ചു വലത്തേ കൈകൊണ്ടു അതിനെ തൊട്ടുകൊണ്ട് അച്ചന്റെ മുഖത്തേക്കു പണിക്കർ ഭാക്തിയോടെ ഒന്നു നോക്കി. അച്ചൻ ഭക്തിവിശ്വാസത്താൽ കണ്ണു പകുതി അടച്ചും കൈകൾ രണ്ടും കൂപ്പുകൈയ്യാക്കി മാറത്ത് അടുപ്പിച്ചുവെച്ചും കൊണ്ട് പറഞ്ഞു. "ഞാൻ എന്റെ മനസ്സിൽ ഇപ്പോൾ ഒരു കാർയ്യത്തെകുറിച്ച് വിചാരിക്കുന്നുണ്ട്. അതിൽ എനിക്കു വരുവാൻ പോകുന്ന ഗുണദോഷത്തെ ഈ പ്രശ്നം സത്യമായി അറിഞ്ഞു തരട്ടെ."
ഈ വക്കുകൾ പറഞ്ഞുകഴിഞ്ഞ ഉടനെ പണിക്കർ മന്ദമായി മുമ്പിൽ കൂട്ടിവെച്ച കവിടികളെ തലോടി തലോടി ചുഴറ്റിതുടങ്ങി. [ 121 ] കണ്ണുകൾ രണ്ടും തീരെ അടച്ചു മന്ത്രജപവും തുടങ്ങി. പണിക്കരുടെ ചുണ്ടുകൾ ഈ ജപത്താൽ അതികലശലായി എളകിത്തുടങ്ങി. വിറപ്പനി ഉണ്ടായാൽ ഇത്രവേഗം വിറയ്ക്കുകയില്ല. വിറ ക്രമേണ കലശലായി തുടങ്ങി. കവിടി തലോടലും മുറുകി മുറുകി ക്രമേണ കലശലായി. അതുപ്രകാരം തന്നെ ചുണ്ടുകളുടെ വിറയലും. അച്ചനും ഈ സമയം വെറുതെ ഇരുന്നില്ല. തന്റെ ഭഗവതിയേയും മുമ്പു മരിച്ചു പോയ അച്ചന്മാരേയും ധ്യാനിച്ചു കണ്ണു് അടച്ചു് തൊഴുതുംകൊണ്ടിരുന്നു. ഒടുവിൽ കവിടിയുടെ ചലനവും നിന്നു. ധ്യാനശക്തിയാൽ ഒരു നിമിഷം പണിക്കർ കവിടി ചുഴറ്റാതെ മന്ത്രം ജപിക്കാതെ കയ്യു് കവിടിമേൽവച്ചുകൊണ്ടു് നിശ്ചഞ്ചലനായി ഇരുന്നു. കവിടി ചുഴറ്റുന്ന ശബ്ദം മാറിയപ്പോൾ അച്ചൻ കണ്ണുകൾ മിഴിച്ചു. പണിക്കർ ചുഴറ്റിയിരുന്ന കവിടിയിൽനിന്നു് ഒരു പിടി വാരിയെടുത്ത് വേറെ വെച്ചു. കണ്ണുമിഴിച്ചു് ഉടനെ വേറെ വാരിവെച്ച കവിടികളിൽനിന്നു ക്രമപ്രകാരമുള്ള കിഴിവുകൾ കിഴിച്ചു.
അച്ചനു് പ്രശ്നത്തിൽ വളരെ ഭ്രമമാണെങ്കിലും പ്രശ്നശാസ്ത്രത്തെക്കുറിച്ചു യാതൊന്നും നിശ്ചയമില്ല.
അച്ചൻ:- എന്താണു രാശി?
പണിക്കർ:- കന്നിരാശിയാണ് ഉദയം. ലഗ്നത്തിൽ ശനിയും, രണ്ടിൽ കേതുവും, മൂന്നിൽ ഗുളികനും, നാലിൽ ചന്ദ്രനും, അഞ്ചിൽ ചൊവ്വായും, ഏഴിൽ വ്യാഴവും, അഷ്ടമത്തിൽ രാഹുവും, പത്തിൽ ആദിത്യബുധന്മാരും, പതിനൊന്നിൽ ശുക്രനും. ഇങ്ങനെയാണ് ഗ്രഹസ്ഥിതി. ശീർഷോദയരാശിയാണു്.
അച്ചൻ:- അതുകൊണ്ടു്.
പ:- വളരെ നല്ലതാണു്. ശീർഷോദയേ സമഭിവാഞ്ചിത കാർയ്യ സിദ്ധി പൃഷ്ടോദയ വിഫലതാ എന്നാണു് പ്രമാണം. ഉദയരാശിയാകുകൊണ്ടു് ഇഷ്ടാർത്ഥസിദ്ധിയുണ്ടാവുമെന്നുള്ളതിനു സംശയമില്ല.
അ:- ഈശ്വരോ രക്ഷതു.
പ:- പിന്നെ മൂർദ്ധോദയവും നരരാശിയും മറ്റും വന്നിട്ടുള്ളതുകൊണ്ടും ഇഷ്ടാർത്ഥം ലഭിക്കേണ്ടതാണു്.
അ:- ഇവിടെ ഞാൻ വിചാരിച്ച കാർയ്യം എന്താണെന്നുകൂടി പറഞ്ഞിട്ടു് പിന്നെ ഫലത്തെക്കുറിച്ചു പറയാം.
പ:- പറയാം (കുറേനേരം ഗ്രഹസ്ഥിതികൾ നോക്കിയശേഷം) അടിയന്റെ മനസ്സിൽ തോന്നുന്നതു് ഇതു് ഒരു വ്യവഹാരസംബന്ധമായ പ്രശ്നമാണെന്നാണു്. പ്രമാണങ്ങൾ പറയാം. [ 122 ] അ:- (മന്ദഹസിച്ചുംകൊണ്ടു്) "അതെ, പണിക്കർക്ക് സമനായ ഒരു ജ്യോതിഷക്കാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എനി ഗുണദോഷങ്ങൾ പറയുകയേ വേണ്ടു. ഒരു വ്യവഹാരത്തെപ്പറ്റി തന്നെയാണ് പ്രശ്നം. അങ്ങിനെ ആയാൽ ഈ രാശികൊണ്ടുള്ള ഫലം വെടിപ്പായി കേൾക്കട്ടെ.
പ:- വ്യവഹാരപ്രശ്നത്തിൽ ശനിയുടെ ഉദയം ഉണ്ടാവുന്നതു വളരെ വിശേഷവിധിയായിട്ടുള്ളതാണു്. "വിവാദേ ശത്രുഹനനേരണേ സങ്കടകേപി വാ ക്രുമൌ മൂർത്തൌ ശഭോജ്ഞേയഃ ക്രൂരതൃഷ്ട്യാ പരാജയഃ:" എന്നാണു് പ്രമാണം. ഉദയരാശിയിൽ പാപോദയം വ്യവഹാരകാർയ്യത്തിന്നും ശത്രുനാശത്തിന്നും വളരെ ഗുണമായുള്ളതാണു്. പിന്നെ "ഭാന്വിന്ദൂബലിനൌ ചതുഷ്ടയഗതൌ ക്ഷേത്രം തായൊർവ്വാ ഭവേ ദാരൂഢംയദിവൊ ദ്യദിസ്തി നൃപതേ രാജ്യാനുഭൂതിഃപരം. ഏതൌ ചേദ്വി പരിതതാമുപഗതൌ രാജ്ഞാനുഭൂയെ തനോ രാജ്യം സമ്യഗതീരയേദവനിഭുദ്യോഗാശ്ചചിന്ത്യാ ഇഹ" ആദിത്യചന്ദ്രന്മാർ ബലവാന്മാരായും കേന്ദ്രസ്ഥന്മാരായും വരികയും അവരുടെ ക്ഷേത്രം ആരൂഢമായോ ഉദയമായോ വരികയും ചെയ്താൽ രാജപ്രീതിക്കും മറ്റും യോഗമുണ്ടാവുന്നതാണ്. പിന്നെ നിവൃത്തിരാശിയിൽ വ്യാഴം സ്വക്ഷേത്ര ബലത്തോടുകൂടി ഇരിക്കുന്നതും ശുഭപ്രദം തന്നെ. "ജീവസ്ഥഗേ ബലവതി ദ്രവിണാദിലാഭോ മാനോന്നതിർന്നരപതേർന്നിതരാം പ്രസാദഃ ശത്രുക്ഷയശ്ചയശസാഞ്ച സമാഗമോഥ ദൈവൈനുകൂല്യമപി സർവ്വഹിതാർത്ഥ സിദ്ധി" വിചാരിച്ച സകല കാർയ്യവും സാധിക്കും. കീർത്തി താനേ അധികമായി ഉണ്ടാകും. രാജാവിന്റെ പ്രീതിയുണ്ടാവും. ശത്രു ക്ഷയിക്കും എന്നാണ്.
അ :- (രാഘവനുണ്ണിയെ നോക്കീട്ട്) ഈമാതിരി വ്യാജങ്ങൾ പ്രവർത്തിക്കുന്നവർക്ക് ക്ഷയമല്ലാതെ വരുമോ. പ്രശ്നശാസ്ത്രം മിത്ഥ്യയാവുമോ ?
രാ :- ഒരിക്കലും ആവുകയില്ല. ഈ മഹാവ്യാപ്തി നടത്തുവാൻ ഉത്സാഹിക്കുന്നവർ ആസകലം ജേലിലാവാതിരിക്കുമോ ?
പ :- (മന്ദഹസിച്ചുംകൊണ്ട്) ഏകദേശം അത്രത്തോളം എല്ലാം വരുമെന്നുതന്നെ അടിയനു തോന്നുന്നു. ശനിയുടെ ഉദയം ഈ വക പ്രശ്നത്തിൽ അത്യന്തവിശേഷമാണ്. ശത്രുസംഹാരിയാണ് ശനി. പിന്നെ ഇവിടെ ലഗ്നകർമ്മപതിയായ ബുധൻ നിപുണയോഗപ്രദനായിട്ടു സ്വക്ഷേത്രത്തിൽ കർമ്മഭാവത്തിങ്കൽ ഇരിക്കുന്നു. ഇത് അത്യന്തശുഭമാണ്. അതുകൂടാതെ സർവ്വാഭീഷ്ടസ്ഥാനപതിയായ ചന്ദ്രൻ ലഗ്ന [ 123 ] കർമ്മപതിയായ ബുധനെ ദൃഷ്ടിചെയ്തുംകൊണ്ട് നാലിൽ ഇരിക്കുന്നത് അഭീഷ്ടകാർയ്യസിദ്ധിയെ കൊടുക്കുന്നതാണ്. പിന്നെ ധനഭാഗ്യപതിയായ ശുക്രൻ പതിനൊന്നാം ഭാവത്തിലിരിക്കുന്നത് ഏറ്റവും ശുഭപ്രദം തന്നെ. "ഭാഗ്യം നൃണാം പ്രഥമമത്ര വിചാരണീയം ഭാഗ്യം ഹി സർവ്വശുഭകാരണമാഹുരാർയ്യഃ ഭാഗ്യാധിപേഭിമതരാശിഗതേ നരാണാം ജീവേക്ഷിതേ നനുഭവേദഖിലാർത്ഥസിദ്ധിഃ". ഇത്യാദികളായ അനേകപ്രമാണങ്ങൾ നോക്കിയാലും ഇവിടേക്ക് ഈ കാർയ്യത്തിൽ ജയംവരാതെ ഇരിപ്പാൻ തരമില്ല. അത്രയുമല്ല വ്യാഴശുക്രന്മാർക്ക് ഇഷ്ടഭാവസ്ഥിതിയും മറ്റും ഉണ്ടായാൽ രാജമന്ത്രിയുടെ അനുകൂലതകൊണ്ട് ഒരു വിശേഷവിധി ഈ കാർയ്യത്തിൽ സിദ്ധിക്കേണ്ടതാണ്. "ഉദയഭംശശിനസ്സുത ഈക്ഷതേ ഹിമരുചിം യ ദിവ പരമശുഭഃ വിജയഭൃത് ധനലബ്ധി മിരാദിശോശുഭതം പുനരത്ര ന കിഞ്ചന" എന്നാണ് പ്രമാണം.
അച്ചൻ :- ആ മഹാപാപി ഉദയന്തളി ഈ കാർയ്യത്തിൽ ജേലിൽ കുടുങ്ങാതിരിക്കില്ല. അത്രയ്ക്കുമാത്രം വിശേഷത് കാണുന്നുണ്ട്. ഈ പ്രശ്നവശാൽ ഇല്ലെ പണിക്കരെ ?
പ :- നിസ്സംശയമായി ഉണ്ട്. സംശയം തിരുമനസ്സിലേക്കു ലേശം വേണ്ട. എന്നല്ല ബുധൻ ഉദയരാശിയെ നോക്കുകയോ ചന്ദ്രനെ ശുക്രൻ നോക്കുകയോ ചെയ്താൽ അത്യന്തശുഭോദയമാണ്. "ശുഭവർഗ്ഗലഗ്നഗതേ ലഗ്നേവാ സൌമ്യയോഗമായാതേ ബ്രൂയാദഭിമതസിദ്ധിം പൃഷ്ഠസ്ഥആനാന്തവാപ്തീം."
പണിക്കർ ഇത്രത്തോളം പറയുമ്പോഴേക്ക് അമ്പലത്തിൽനിന്നു വാദ്യശബ്ദവും ശംഖുവിളിയും കേട്ടു. ഉടനെ പണിക്കർ "ഇത്ര വിശേഷമായ ഒരു ലക്ഷണം എനി ഒന്നും ഉണ്ടാവാനില്ല. പ്രശിനകാലത്ത് ഭേരിനാദവും ശംഖദ്ധ്വനിയും ഒരു അത്യന്ത വിശേഷണ ലക്ഷണമാണ്. "ഭേരീമൃദംഗമൃദുമദ്ദള ശംഖ വീണാ വേദദ്ധ്വനിനിർമ്മധുരമംഗലഗീതഘോഷഃ" എന്നാണ് പ്രമാണം.
അച്ചന്റെ മനസ്സു തെളിഞ്ഞു. വക്കീൽ രാഘവമേനോന്റെ കത്തു വായിച്ചതിനാലുണ്ടായ സകല വ്യസനവും മൌഢ്യവും തീർന്ന് വ്യവഹാരത്തിൽ ജയിച്ച് , രാമവർമ്മൻ തിരുമുല്പാടിനേയും , രാമൻമേനോനെയും പതുപ്പത്തുകൊല്ലം തടവിൽ വെപ്പാൻ കല്പിച്ചതിൽ ഉണ്ടാവുന്നപ്രകാരം സന്തോഷിച്ചു. പണിക്കർക്ക് സമ്മാനം കൊടുത്തു അയച്ച് വൈത്തിപ്പട്ടരുടെ വരവും കാത്തിരുന്നു. [ 124 ] ചത്തുപ്പണിക്കരെ നുമ്മൾക്ക് അത്രവേഗം വിടാൻ പാടില്ല. ഈ കള്ളജോത്സ്യൻ ഇയാളുടെ വീട്ടിൽ തിരിയെ എത്തിയത് അറിഞ്ഞ ഉടനെ രാമവർമ്മൻ തിരുമുല്പാട് ഇയാളെ വിളിപ്പാൻ ആളെ അയച്ചു. എടത്തിൽ പ്രശ്നംകഴിഞ്ഞാൽ എല്ലാം തിരുമല്പാട് ഉടനെ പണിക്കരെ വരുത്തി സകല വിവരങ്ങളും ചോദിച്ചറിയുമാറുണ്ട്. അച്ചനെപ്പോലെതന്നെ പ്രശ്നശാസ്ത്രത്തിൽ തിരുമുല്പാട്ടിലേക്കും ബഹു വിശ്വാസമാണ്. പണിക്കര് രണ്ടുദിക്കിലും തരംപോലെ പറഞ്ഞ് പണം പിടുങ്ങന്നതിൽ അതിനിപുണനും ആയിരുന്നു.
ചാത്തുപ്പണിക്കരു് ജാഗ്രതയായി ഉദയന്തളി കോവിലകത്തു കല്പനപ്രകാരം ഹാജരായി. അച്ചനെ തൊഴുത് അഭിവാദ്യം ചെയ്തതിലും ഭംഗിയായി ആ വക ആചാരങ്ങളെ എല്ലാം കാണിച്ചു പഞ്ചപുച്ഛമടക്കി മുമ്പാകെ നിന്നു.
തിരുമുല്പാട് :- എന്താണ് ഇന്നലെ പൂഞ്ചോലക്കര പ്രശ്നത്തിന്നു പോയിരുന്നുവോ ? എന്തു സംബന്ധമായിട്ടിയിരുന്നു പ്രശ്നം ?
ചാ :- (മന്ദഹസിച്ചുംകൊണ്ട്) ഒരു വ്യവഹാരപ്രശ്നമായിരുന്നു.
തി :- എങ്ങിനെ പ്രശ്നവശാൽ , എടത്തിലേക്കു ഗുണമായിട്ടോ കണ്ടത് ?
ചാത്തുപ്പണിക്കരു് ഒരു മന്ദഹാസത്തോടുകൂടി തല പതുക്കെ ഒന്നു താഴ്ത്തി നിന്നു.
ത :- എന്താണ് പറയാൻ മടിക്കേണ്ട. പ്രശ്നവശാൽ ഗുണമായിട്ടാണ് കണ്ടത് എങ്കിൽ ഇവിടെ അതുകൊണ്ടു ഒരു മൌഢ്യവും ഇല്ല. ധാരാളമായി പറയാം. എന്തായിരുന്നു രാശി ?
പ :- കന്നി രാശിയായിരുന്നു. ശനി ഉദയമാണ്.
തി :- അതുകൊണ്ടോ ?
പ :- റാൻ. ഗുണം പോരാ. വ്യവഹാരപ്രശ്നത്തിനു പാപോദയം കേവലം വിരോധം തന്നെ. 'പാപേ ലഗ്നതേ പരാജയ ശിരോരുഗ്‌ദുഃഖദുഷ്കീർത്തായാഃ സ്ഥാനഭ്രംശ ധനക്ഷയാഖില ശരീരാസ്വസ്ഥ്യ ദുഃഖാധികാഃ പാപേ വിത്തഗദേ സ്വപൂർവ്വനിചത ദ്രവ്യക്ഷയോ വക്രരുഗ് ഭർത്തവ്യമായ ദക്ഷണാംബഗരുജാ ദുഷ്ടോക്തി പാത്രക്ഷതി '. ഈ പ്രമാണം കൊണ്ട് പാപൻ ലഗ്നഗതനായിരിക്കും വിഷയത്തിങ്കൽ പരാജയം , കാര്യത്തിൽ തോൽമതന്നെ , മനോദുഖം , അപകീർത്തി , സ്ഥാനഭ്രംശം മുതലായ കഠിനദോഷഫലങ്ങളാണ്. അത് ഇവിടെ വന്നിട്ടുണ്ട്. ശനി വിശേഷിച്ചും ദോഷവാൻ തന്നെ ഹോരാ ശാസ്ത്രത്തിൽ പറയുന്നു "അദൃഷ്ടാർത്ഥോരോഗീ മദനവശ [ 125 ] ഗോത്യന്ത മലിന ശ്ശിശുത്വേപീഡാർത്ത സവിതൃസുതലഗ്നേത്യലസവാൻ. ഗുരുസ്വക്ഷൊച്ചസ്ഥേ നൃപതിസദൃശോ ഗ്രാമപുരപസ്സുവിദ്വാംശ്ചാർവ്വാംഗൊ ദിനകരസമോന്യത്ര കഥിത!". ഇത്ര മാത്രമല്ല ദോഷം. ദുരിതാധിപനാണ് ലഗ്നാധിപനോടുകൂടി കർമ്മത്തിൽ-അതുതന്നെ പരാജയത്തിനു മതി . 'അരാതി രോഗാദ്യ മരാധിനാഥോ മൃതിശ്വരോ മൃത്യുഭയം കരോതി വ്യായാധിപോ ഭ്രംശദരിദ്രതാദ്യം യോഗേക്ഷണാദ്യൈരശുഭോ വിശേഷാൽ" പിന്നെ ഇവിടെ ബുധമൌഢ്യം ഉള്ളതു ഏറ്റവും ദോഷം തന്നെ. വലുതായ ഒരു വ്യവഹാരം ഇപ്പോൾ സംഭവിക്കുകയും ആറാം ഭാവാധിപന്റെ ഉദയം ലഗ്നത്തിൽ വരികയും അഷ്ടമത്തിൽ പാപൻ ഉണ്ടായിരിക്കുകയും അഞ്ചാമെടത്ത് അഷ്ടമാധിപനായ ആദിത്യൻ ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ അത്യന്തദേഷമാണ് ഫലമെന്നു നിശ്ചയമായി അനുമാനിക്കേണ്ടതാണ്. ഇതിന്നു പ്രമാണമുണ്ട്. "ഷഷ്ഠം ദ്വാദശമഷ്ടമം ചമുനയോ ഭാവാനനിഷ്ടാൻ വിദുസ്തന്നാഥന്വിതവീക്ഷിതായദധിപായേ ചാവിഭാവാസ്സ്വയം തത്ര സ്ഥാംശ്ചയദീശ്വരാസ്ത്രയയിമേ നശ്യന്തിഭാവാനൃണാം ജാതാവാ വിഫലാ വിനഷ്ടവികലാ സ്തത്രാദികഷ്ടോഷ്ടമഃ" ! വിശേഷിച്ചു അഷ്ടമാധിപൻ സുകൃതസ്ഥാനത്തു നിന്നതും സുകൃതക്ഷയം തന്നെ. ലഗ്നത്തിൽ ശനിയും അഞ്ചിൽ ചൊവ്വായും നിന്നതുകൊണ്ടു ഈ ലഗ്നത്തിന്നു പരാജയം. തോൽമ ഭവിക്കുമെന്നു മാത്രമല്ല പക്ഷെ അതു നിമിത്തം വല്ല ഉന്മാദമോ ചിത്തഭ്രമമോ കൂടിയുണ്ടാവാൻ ഇടയുള്ളതായിട്ടാണു വിചാരിക്കേണ്ടത്. പ്രമാണമുണ്ട് ലഗ്നംസ്ഥേധി ക്ഷണേ ദിവാകരസുതോ ഭൌമോധവാദ്യാനഗോ. മന്ദേലഗ്നഗതെ മദാത്മജതപസ്സംസ്ഥൊ മഹീനന്ദന: മൂർത്തൊ മൂഢശശീന്ദു ജൌ കൃശശശി മന്ദശ്ചരഃ ഫേസ്ഥിതൗപാപോപേതകൃ ശാമൃതാശുരുദയായുസ്സ്വാന്ത്യധർമ്മോപഗൌ.
അടിയൻ ഇത്ര ദോഷകരമായ ലക്ഷണങ്ങൾ ഈയ്യിടെ എങ്ങും ഒരു പ്രശ്നത്തിലും കണ്ടിട്ടില്ല. പ്രശ്നം വേണമെന്നു അവിടുന്നു കല്പനയായ ഉടനെതന്നെ ഒന്നു രണ്ടു കഠിനദുർലക്ഷണങ്ങളാണ് ഉണ്ടായത്. ഒന്നാമത് അടിയൻ നിന്നിരുന്നതിനു നേരെ മേൽഭാഗത്തിൽ ഒരു ബലിഭുക്കു മുറിയെ പറന്നുപോയി. ഉടൻ ഒരു മാർജ്ജാരൻ അടിയന്റെ മുമ്പിൽകൂടി ഓടിപ്പോയി. എന്തൊ ഇത് അവിടേക്ക് ഒരു ആപൽക്കാലമാണെന്നാണ് അടിയനു് ആകപ്പാടെ തോന്നിയത്.
തിരുമുല്പാട്ടിലേക്ക് ബഹു സന്തോഷമായി. നമ്മുടെ പെരുങ്കള്ളൻ പണിക്കരു് രണ്ടു മുണ്ടുകൾ ഓണപ്പുടവയായി വാങ്ങി വീട്ടിലേ [ 126 ] ക്കു മടങ്ങിപ്പോരികയും ചെയ്തു. പ്രശ്നത്തിന്നു ഉടനെ കോവിലകത്തേക്കു ചെല്ലണമെന്നു ഏറ്റിട്ടാണ് പോന്നത്. എന്നാൽ ഈ പെരുങ്കള്ളന്റെ വർത്തമാനത്തെക്കുറിച്ച് ഞാൻ എനി എഴുതുന്നില്ല. ഈ കള്ളത്തൊഴിൽകൊണ്ടു നാട്ടുകാരെ ഭ്രമിപ്പിച്ചു പണം പിടുങ്ങി നടന്നുകൊള്ളട്ടെ.
വൈത്തിപ്പട്ടരെ കൂട്ടിക്കൊണ്ടുപോയ വർത്തമാനത്തെക്കുറിച്ചാണ് എനി ഈ അദ്ധ്യായത്തിൽ പറവാനുള്ളത്. എടത്തിലെ കാര്യസ്ഥൻ കുഞ്ചുമേനോനും ഭൃത്യന്മാരും വൈത്തിപ്പട്ടരെ കൂട്ടിക്കൊണ്ടുവരുവാൻ പുറപ്പെട്ട വിവരം മുമ്പു പറഞ്ഞിട്ടുണ്ടല്ലോ.
രാമന്മേനോനും മറ്റും ഉദയന്തളിക്കു പുറപ്പെട്ടുപോയ മുതൽ വൈത്തിപ്പട്ടരുടെ ആലോചനകൾ എല്ലാം അതുവരെ ഉണ്ടായിരുന്ന പ്രകൃതികളിൽനിന്നു കേവലം മാറിയിരിക്കുന്നു. രാമൻമേനോൻ കൂടെ ഉണ്ടായിരുന്നപ്പോൾ ഏതു വിധമെങ്കിലും അദ്ദേഹത്തിന്റെ കയ്യിൽനിന്നു പണം തട്ടിപറിക്കേണമെന്നുള്ള ദുരാശയായിരുന്നു ഇദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവാൻ ഉദയന്തളിയിൽനിന്ന് ഉദയവർമ്മൻ തിരുമുല്പാടും ആൾക്കാരും എത്തിയതു കണ്ടനിമിഷം മുതൽ രാമൻമേനോനെ സേവിച്ചിട്ട് തനിക്കു യാതൊരു പ്രയോജനവും ഉണ്ടാകയില്ലെന്നു പട്ടരു തീർച്ചയാക്കിയിരിക്കുന്നു. എനി ഈ കാര്യസംബന്ധമായി തനിക്കു വല്ലതും സമ്പാദിക്കേണമെങ്കിൽ പൂഞ്ചോലക്കര എടക്കാരുടെ ഭാഗം ചേർന്ന് രാമൻമേനോടു മത്സരിച്ചാൽ മാത്രമേ സാധിക്കയുള്ളു എന്ന് പട്ടര് ഉറപ്പായി നിശ്ചയിച്ചിരിക്കുന്നു. രാമൻമേനോൻ വ്യവഹാരത്തിന്നു പുറപ്പെടും എന്നുള്ളതിനെപ്പറ്റി പട്ടർക്ക് ലേശംപോലും സംശയം ഉണ്ടായിരുന്നില്ല. ഉദയന്തളി രാമവർമ്മൻ തിരുമുല്പാടും പൂഞ്ചോലക്കര എടക്കാരും തമ്മിൽ ഉള്ളസ്ഥിതിയെപ്പറ്റി വൈത്തിപ്പട്ടർക്ക് നല്ല അറിവുണ്ട്. എന്തെങ്കിലും ഒരു സംഗതി കിട്ടിയാൽ പൂഞ്ചോലക്കര എടക്കാരോടു വ്യവഹാരത്തിന് പുറപ്പെടേണമെന്ന് അത്യാഗ്രഹത്തോടു കൂടിയാണ് തിരുമുല്പാട് ഇരിക്കുന്നത് എന്ന് വൈത്തിപ്പട്ടര് നല്ലവണ്ണമറിയും. രാമൻമേനോൻ വ്യവഹാരം തുടങ്ങിയാൽ പൂഞ്ചോലക്കര ഒന്നു ഭയപ്പെടും. അപ്പോൾ തനിക്കു കടന്നു വീഴാം. രാമൻമേനോന്റെ ഭാഗം ചേർന്നതിനാൽ വിശേഷപ്രയോജനങ്ങൾ ഒന്നും ഉണ്ടാകയില്ല. ശങ്കരനും തിരുമുല്പാടും അത്യാവശ്യത്തിലധികം ഒന്നും രാമൻമേനോനെക്കൊണ്ടു ചിലവിടീക്കുകയില്ല. പിന്നെ രാമൻമേനോൻവശം ആദ്യം താൻ ഊഹിച്ചിരുന്നതുപോലെ [ 127 ] യുള്ളദ്രവ്യം ഇല്ല. അത്രയുമല്ല, സ്വതേ തിരുമുല്പാട് ലുബ്ധനാണ്, അദ്ദേഹം വ്യവഹാരഭ്രാന്ത് നിമിത്തം പണം കുറെ അധികം ചെലവു ചെയ്തു ക്ഷീണിച്ചിരിക്കുന്ന കാലമാണ്. പൂഞ്ചോലക്കാരോ ദ്രവ്യത്തിൽ നീന്തിക്കുളിക്കുന്നവരാണ്. ഇങ്ങിനെ ദ്രവ്യപുഷ്ടിയും പ്രബലതയും ചെലവു ചെയ്‌വാൻ അലക്ഷ്യതയും ഉള്ള ഒരു കൂട്ടരെ വേറെ കാണുകയില്ല. വലിയച്ചൻ സന്തോഷിച്ചാൽ ഒരു ചെറിയ കളപ്പാട ചാർത്തിക്കിട്ടിയാൽ പോരേ? ഒരു ചേരിക്കല്ല കാര്യം കിട്ടിയാൽ മതിയല്ലോ. നിശ്ചയമായും കഴിയുമെങ്കിൽ എടത്തിലെ ഭാഗം തന്നെയാണ് ചേർന്നുത്സാഹിക്കേണ്ടത്. ഇങ്ങിനെ ആയിരുന്നു വൈത്തിപ്പട്ടരുടെ വിചാരം. എന്നാൽ പട്ടർക്കു എടക്കാരെ ഉള്ള ഭയം വിട്ടിട്ടില്ല. താനെ കടന്നു ചെന്നു സേവയ്ക്കു കൂടികളയാം എന്നുള്ള ആലോചന ഉണ്ടയതേയില്ല. തന്നെ എടത്തിൽനിന്നു വിളിപ്പിക്കണം. എന്നാൽ ഭാഗ്യമായിപ്പോയി. വിളിപ്പിക്കുമോ അതാണു സംശയം. താൻ രാമൻമേനോന്റെ ഭാഗിയണെന്നല്ലെ അപ്പോൾ ഉള്ള ശ്രുതി. അങ്ങിനെ ഇരിക്കുമ്പോൾ തന്നെ വിളിപ്പിക്കുമോ, സംശയം.എന്നാൽ ഉദയന്തളിക്കു രാമൻമേനോന്റെ കൂടെ താൻ പോയിട്ടില്ലല്ലൊ. ആ വർത്തമാനം എടത്തിൽനിന്ന് അറിയാതിരിക്കുമോ ഒരിക്കലും ഇല്ല. അപ്പോൾ ഒരു സമയം വിളിപ്പിക്കാൻ ആളെ അയച്ചുവെന്നുകൂടെ വരാം, വരാം, ഇങ്ങിനെ പട്ടര് ഇരുഭാഗവും ആലോചിച്ച് ഒരു ഭാഗവും ഉറയ്ക്കാതെ വശായി. എന്നാൽ തന്നെ പൂഞ്ചോലക്കര എടക്കാർ വിളിപ്പിച്ചാൽ എന്തെല്ലാം കളവുകളാണു രാമൻമേനോനെക്കൊണ്ടും ശാരദായെക്കൊണ്ടും പറയേണ്ടത് എന്നുള്ളത് പട്ടർ മുമ്പുതന്നെ ആലോചിച്ചു നിശ്ചയിച്ചിട്ടുണ്ട്. പട്ടർ ഇങ്ങനെ സംശയിച്ചികൊണ്ടിരിക്കുന്ന കാലത്താണ് ഒരു ദിവസം രാവിലെ എടത്തി ലെ കാര്യസ്ഥൻ കുഞ്ചുമേനോനും ഭൃത്യന്മാരും തന്റെ ഗൃഹത്തിലേക്കു കയറിവരുന്നതു കണ്ടത്. കണ്ടപ്പോൾതന്നെ പട്ടർക്കു കാര്യം മനസ്സിലായി, മനസ്സിന് അത്യന്തം സന്തോഷമായി.
വൈ:-ഓ, ഹൊ, ഓ, ഹൊ, ശിവ! ശിവ! എത്ര കാലമായി കുഞ്ചുമേനോനെ കണ്ടിട്ട്. ഇരിക്കിൻ, ഇരിക്കിൻ. എടത്തി ൽ നിന്നു തന്നെയായിരിക്കും വരുന്നത്.
കുഞ്ചുമേനോൻ:- അതെ, അച്ചൻ കല്പിച്ചിട്ട് വന്നതാണ്. സ്വാമിയെ ഉടനെ അങ്ങട്ടു കൂട്ടിക്കൊണ്ടു ചെല്ലുവാൻ കല്പനായായിരിക്കുന്നു. [ 128 ] വൈ:- (സന്തോഷത്താൽ ചിറിച്ചുംകൊണ്ടു) എന്തിനാണപ്പാ തല്ലിക്കാനൊ? പണ്ടത്തെ കറ എനിയും വലിയ എജമാനെന്നു തീർന്നിട്ടില്ലെന്നു തോന്നുന്നു.
ക:-ശിക്ഷ, തല്ലിക്കാനും മറ്റുമല്ല. സ്വാമിയെ കാണ്മാൻ അവിടുന്നു വഴുകി നിൽക്കുന്നു. ഉടനെ പുറപ്പെടുന്നില്ലെ? നിങ്ങളോട് അവിടത്തേയ്ക്കുള്ള സകല മുഷിച്ചിലും തീർന്നു. മനസ്സു തെളിഞ്ഞിരിക്കുന്നു. ആ തിരുവനന്തപുരക്കാരൻ കള്ളൻപിള്ളയും കുട്ടിയും നിങ്ങളുടെ അടുക്കെവന്നു താമസിച്ചിരുന്നുവെന്നും നിങ്ങൾ ഈ കള്ളക്കാര്യത്തിനു സഹായിക്കുകയില്ലെന്നു തീർച്ചയായി പറഞ്ഞശേഷം അവർ നിങ്ങളെ വിട്ട് ഉദയന്തളിക്കു കടന്നുപോയി എന്നും കേട്ടിട്ട് അവിടുന്നും ഉണ്ണിമാരും എല്ലാവരും ഒരുപോലെ സന്തോഷിച്ചിരിക്കുന്നു. ഒട്ടും താമസിക്കാതെ എനി പുറപ്പെടണം. നിങ്ങൾ ചെറുപ്പം മുതൽക്കെ അവിടെ ആശ്രയിച്ചു വന്നാളല്ലെ? അവസാനംവരെ ആശ്രയം തന്നെയാവട്ടെ.
വൈ:-ഈശ്വരൻ സത്യസ്വരൂപനാണല്ലൊ. അച്ഛന്റെ മനസ്സിൽ ദൈവംതന്നെ സത്യത്തെ ഉദിപ്പിക്കട്ടെ. ഞാൻ അവിടേക്കു ഒരിക്കലും ഒരു ദോഷവും ചെയ്കയില്ല. ഞാൻ അവിടുന്നു കല്പിക്കുന്നതുപോലെ പ്രവർത്തിപ്പാൻ എല്ലായ്പോഴും ഒരുക്കമാണ്. ഞാൻ ആ പിള്ളയ്ക്ക് ഒരു സഹയവും ചെയ്കയില്ലെന്നു പറഞ്ഞതു അച്ഛൻ അറിഞ്ഞു ഇല്ലേ? ഈശ്വരാധീനം, സത്യം അറിഞ്ഞുവല്ലോ.
ക:-വെടിപ്പായി അറിഞ്ഞു. പലരും ആ ദിക്കിൽ ഈ വിവരങ്ങൾ പറയുന്നുണ്ടല്ലോ.
വൈ:-ഈശ്വരോ രക്ഷതു. ഞാൻ ചെയ്തത് ഉറക്കത്തിൽ കാലു തലോടി കൊടുത്തതുപോലെ ആയില്ലല്ലോ. അതെന്റെ ഒരു ഭാഗ്യം.
ക:-വലിയ ഭാഗ്യം തന്നെ. അവിടുന്ന് ഒന്നു കടാക്ഷിച്ചാൽ സ്വാമി കുബേരനായി പോയല്ലോ.
വൈ:-കടാക്ഷിക്കണ്ടേ?
ക:-കടാക്ഷിക്കും.
വൈ:-എപ്പോൾ കടാക്ഷിക്കുമോ?
ക:-നിങ്ങൾ അവിടെ ചെന്ന നിമിഷം കടാക്ഷിക്കും.
വൈ:-എന്തൊ അപ്പാ. ഈ നിഭാഗ്യമണ്ടയുംകൊണ്ടു ചെല്ലുന്നേടത്ത് എല്ലാം അനർത്ഥം
ക:-നിർഭാഗ്യമണ്ട എല്ലാം തീർന്നു. ഭാഗ്യമുണ്ടായിപ്പോയി. അതിഭാഗ്യമണ്ട. ആട്ടെ എപ്പോഴാണ് പുറപ്പെടുന്നത്. [ 129 ] വൈ:-രാവിലത്തെ വണ്ടിക്കല്ലെ എനി തരമുള്ളു.
അന്ന് കുഞ്ചുമേനോനും കൂടെയുള്ളവരും പട്ടരുടെ കൂടെ താമസിച്ചു. പിറ്റെ ദിവസത്തെ വണ്ടിക്കു വൈത്തിപ്പട്ടരും കുഞ്ചുമേനോനും ഭൃത്യന്മാരും പൂഞ്ചോലക്കരക്കായി പുറപ്പെടുകയും ചെയ്തു. കുഞ്ചുമേനോൻ പലേവിധം ശ്രമിച്ചിട്ടും വൈത്തിപ്പട്ടർ രാമന്മേനോന്റെയും ശാരദായുടെയും യഥാർത്ഥസ്ഥിതികളെ കുറിച്ചു യാതൊന്നും കുഞ്ചുമേനോടു പറഞ്ഞില്ല. അതു ഗോപ്യമായിട്ടുള്ളതാണെന്നും വലിയച്ഛനോടു മാത്രം സ്വകാര്യമായിട്ടെ പറവാൻ പാടുള്ളുവെന്നും പറഞ്ഞു ശഠിച്ചു യാതൊരു വിവരത്തേയും അറിയിച്ചില്ല.
വൈത്തിപ്പട്ടർ എടത്തിൽ എത്തിയത് ഒരു വൈകുന്നേരം അഞ്ചുമണി സമയമാണ്. പട്ടരെ കണ്ടപ്പോഴേക്കു എടത്തിലുള്ളവർക്ക് ഒക്കെയും ഒരു പരിഭ്രമം. എന്താണ് ഈ പരിഭ്രമത്തിന്നു സംഗതി എന്ന് അവർക്കുതന്നെ നിശ്ചയമില്ല. എടത്തിൽ ഉള്ളവരിൽ കൃഷ്ണനുണ്ണി ഒഴികെ മറ്റു സകല ആളുകൾക്കും ശാരദായേയും രാമൻമേനോനേയും വൈത്തിപ്പട്ടർ വേഷംകെട്ടി പുറപ്പെടീച്ചതാണെന്നായിരുന്നു വിചാരം. കൃഷ്ണനുണ്ണി ഒന്നും തീർച്ചയാക്കീട്ടില്ല. ഒരു സമയം കാര്യം നേരായിരിക്കാം എന്ന് ഒരു സംശയമുണ്ടായിരുന്നു. വൈത്തിപ്പട്ടരെ കണ്ടപ്പോൾ അദ്ദേഹത്തിന്നു ഈ സംശയം മിക്കവാറും തീർന്നു എന്നു തന്നെ പറയാം. പട്ടരുടെ ക്രൂരവക്ത്രവും സർപ്പദൃഷ്ടിയും കണ്ടപ്പോൾ ഇയ്യാൾ ഒരു മഹാപാപിതന്നെയാണ്, ഇയ്യാൾ ചെയ്യുന്നത് പാപകർമ്മങ്ങളായിട്ടാണ് വരുവാൻ അധികം സംഗതിയുള്ളത്. പട്ടരുടെ കള്ളപ്രവൃത്തി തന്നെയായിരിക്കണം ഇത് എന്നും മറ്റും കൃഷ്ണനുണ്ണിക്കും കൂടി തോന്നിപ്പോയി. പട്ടർ എടത്തിൽ പൂമുഖത്തു കയറിയപ്പോഴേക്കു മാളികമുകളിൽനിന്നു പട്ടരെ വിളിക്കാൻ ഒന്നുരണ്ടുപേർ ബദ്ധപ്പെട്ട് ഓടിയെത്തി. മുകളിൽ വൈത്തിപ്പട്ടർ കയറിച്ചെന്നു. അച്ചൻ തെക്കിനിമാളികമുകളിൽ തളത്തിൽ നിൽക്കുന്നു. പട്ടരെ കണ്ട ഉടനെ-
അച്ചൻ:-നിങ്ങൾ ആവശ്യപ്പെട്ടപ്രകാരം ക്ഷണത്തിൽ വന്നുവല്ലോ. സന്തോഷമായി.
വൈ:-ഞാൻ ഇവിടത്തെ ആശ്രിതനാണെന്നുള്ള വിചാരം ഇതു വരെ വിട്ടിട്ടില്ല. കാലദോഷത്താൽ ഇവിടത്തേക്കു എന്റെ മേൽ അപ്രീതി ഉണ്ടാവാൻ കാരണമായി. ഏതായാലും എനിക്ക് ഇവിടുത്തെ അന്നം ഭക്ഷിച്ചു വളർന്നവനാണെന്നുള്ള സ്മരണയും ഇതുവരെ വിട്ടിട്ടില്ലാ. ഈ ജന്മം വിടുകയുമില്ല. [ 130 ] അ:-നിങ്ങൾക്കു ആ ഭക്തിയുണ്ടെന്ന് ഞാൻ ഈയ്യിടെ ചില വിവരങ്ങൾ കേട്ടതിൽ നിശ്ചയിച്ചു.
വൈ:-(കണ്ണുനീർ തുടച്ചും എടത്തൊണ്ട വിറച്ചുംകൊണ്ട്) ദൈവം സത്യസ്വരൂപനാണ്. സത്യംതന്നെയാണു പ്രമാണം എന്നുള്ളത് എനിക്കു നല്ല ബോദ്ധ്യമുണ്ട് എജമാനനെ, സത്യം വിട്ട് ഒന്നും ഞാൻ പ്രവർത്തിക്കയില്ല.
അ:-എന്താണു വൈത്തിപ്പട്ടരെ ഈ ഘോഷങ്ങൾ എല്ലാം കേൾക്കുന്നത്? ഇവിടെ നേരിട്ടു രണ്ടു എഴുത്തുകളായി വരുന്നു. ആരാണ് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്? എന്താണ് വിവരങ്ങൾ. എല്ലാം കേൾക്കട്ടെ.
വൈ:-എല്ലാ വിവരങ്ങളും ബോധിപ്പിക്കാം. കുറെ സ്വകാര്യമായിട്ടേ ഇപ്പോൾ ബോധിപ്പിപ്പാൻ പാടുള്ളു. ഇവിടെ പുറമെ ആരും ഇല്ലായിരിക്കും.
എന്നു പറഞ്ഞു വൈത്തിപ്പട്ടർ തളത്തിന്റെ ഉമ്മറത്തെ മുറിയിലേക്കു നോക്കിയപ്പോൾ ഒരു പത്തിരുപത് ആളുകൾ ശ്വാസം കഴിക്കുന്ന ഒച്ചകൂടി അടക്കി ചെവികൾ കൂർപ്പിച്ച് വൈത്തിപ്പട്ടരുമായുള്ള അച്ചന്റെ സംഭാഷണം ഒട്ടൊഴിയാതെ കേൾപ്പാൻ ഒളിച്ചു നിൽക്കുന്നതുകണ്ടു. ഉടനെ അച്ചനും മുറിയിലേക്കു നോക്കി. "എന്താണ് ഇവിടെ ആൾക്കൂട്ടം? എല്ലാവരും തഴത്തിറങ്ങി പോവിൻ. അസത്തുക്കൾ. സ്വകാര്യമായി എനിക്കു ഒന്നും സംസാരിക്കാൻ കൂടി വയ്യ. ഇവിടെ" എന്ന് അച്ഛൻ പറഞ്ഞത് കേട്ട് എല്ലാവരും ബദ്ധപ്പെട്ടു താഴത്തിറങ്ങിപ്പോയി. ആ കൂട്ടത്തിൽ രണ്ടു നാല് രസികന്മാർ അച്ഛനും വൈത്തിപ്പട്ടരും വീണ്ടും സംസാരം തുടങ്ങിയപ്പോൾ മടങ്ങി മുമ്പത്തെ സ്ഥാനത്തുതന്നെ പോയിനിന്നു സംഭാഷണം മുഴുവനും കേട്ടതായി വിചാരിപ്പാൻ എടയുണ്ട്.
അ:-(വൈത്തിപ്പട്ടരോട്) വിവരങ്ങൾ എല്ലാം പറയിൻ കേൾക്കട്ടെ.
വൈ:-എല്ലാം കേൾപ്പിക്കാം. എനിക്കു നാളെ അസ്തമനം വരെ എടതരണം. അപ്പോൾ ഞാൻ എല്ലാ വിവരവും വഴിപോലെ അറിയിക്കാം.
അ:-അതെന്തിനാണ്? എല്ലാം ഇപ്പോൾതന്നെ പറയാമല്ലോ?
വൈ:-അങ്ങിനെയല്ല. എനിക്ക് ഒരാളെ ഇവിടുത്തെ മുമ്പാകെ കൊണ്ടുവരാനുണ്ട്. അയാൾക്കാണ് വിവരങ്ങൾ എല്ലാം നിശ്ചയ [ 131 ] മുള്ളത്. അയാൾ എന്റെ സ്വാധീനത്തിൽ ഉണ്ട്. അയാളെ ഒന്നു കൂട്ടിക്കൊണ്ടുവരണം.
അ:-ആരാണ് ഈ ആൾ? എവിടെയുണ്ട് ഈയാൾ?
വൈ:-ആ തിരുവനന്തപുരത്തുകാരൻ പിള്ളയുടെ കൂടെ ഉണ്ട്. നമ്മുടെ രാജ്യക്കാരൻ കൃഷ്ണൻ എന്നു പേരായ ഒരു ചെക്കനാണു ഇവൻ. ഇവനാണ് എന്നോടു എല്ലാ വിവരങ്ങളും പറഞ്ഞത്. ഇവൻ വിവരങ്ങൾ പറഞ്ഞശേഷമാണ് എന്റെ മനസ്സിന്നു കേവലം വിരോധം തോന്നി ഞാൻ പിള്ളയുമായി തെറ്റിയത്.
അ:-എന്താണ് വിവരങ്ങൾ? അതു പറയൂ.
വൈ:-അത് ഇവിടെ അവൻതന്നെ ബോധിപ്പിക്കും. എനിക്ക് ഇവിടെ അറിയിപ്പാൻകൂടി ഭയവും ലജ്ജയും തോന്നുന്നു. അതുകൊണ്ട് എജമാനൻ ഇന്നു രാത്രിയത്തെ എട എനിക്ക് കല്പിച്ചു അനുവദിച്ചാൽ സകല വിവരങ്ങളേയും ഞാൻ നാളെ ഇവിടുത്തെ മനസ്സിലാക്കിക്കൊള്ളാം. എന്റെ കൂടെ ഉദയന്തളിയോളം വരുവാൻ ആ ദിക്കു പരിചയമുള്ള ഒരാളേയും അയച്ചു തരുവാൻ കല്പനയാവണം.
അ:-അങ്ങിനെ തന്നെ, എന്നാൽ നാളെ വെളിച്ചാവുമ്പോഴേക്ക് എത്തുമല്ലോ. ആ ചെക്കൻ ഇപ്പോഴും പിള്ളയുടെ കൂടെ തന്നെയോ? അവൻ നിങ്ങൾ വിളിച്ചാൽ വരുമോ?
വൈ:-അവൻ എന്റെ സ്വന്തം ആളാണ്. മുമ്പു ഞാൻ ഒരബദ്ധം പ്രവർത്തിച്ചപ്പോൾ ഒന്നിച്ചു കൂട്ടിക്കൊണ്ടു പോയതാണ്. അവൻ ഞാൻ പറഞ്ഞപ്രകാരം എല്ലാം കേൾക്കും. അവനെ എനി ഇവിടുന്നു രക്ഷിക്കണം. ഈ നേര് അവൻ പറയുന്നത് ഇവിടുത്തെ ഒരു കാരുണ്യം മാത്രം ഇച്ഛിച്ചിട്ടാണ്.
അ:-അതിനെന്തു സംശയം. നിശ്ചയമായി അവനെയും അവന്റെ കുടുംബത്തേയും ഞാൻ രക്ഷിക്കും. ഉടനെ പോയി കൂട്ടിക്കൊണ്ടുവരിൻ.
എന്നും പറഞ്ഞു വൈത്തിപ്പട്ടരുടെ കൂടെ ഗൂഢമായി ഒരാളെയും അയപ്പാൻ അച്ഛൻ കല്പിച്ചു. പട്ടര് ഊൺ കഴിഞ്ഞ് രാത്രിതന്നെ പുറപ്പെട്ടു. ഉദയന്തളി പ്രദേശം നല്ല പരിചയമുള്ള ഒരാളോടുകൂടി ആ ദിക്കിലേക്കു പോയി. രാമൻമേനോൻ താമസിക്കുന്ന മഠത്തിനു സമീപം ഒരു ദിക്കിൽ താമസിച്ചു. കൂടെയുള്ളവനെ പ്രഭാതസമയത്തു രാമൻമേനോൻ പാർക്കുന്ന മഠത്തിലേക്ക് അയച്ചു. കൃഷ്ണൻ എന്നു പേരായി അവിടെ ഒരുവനുണ്ട്. അവനെ സ്വകാര്യമായി വിളിച്ച് വൈത്തിപ്പട്ടര് ഒന്നു സംസാരിപ്പാൻ വിളിക്കുന്നു. പട്ടര് അടുക്കെ [ 132 ] വന്നു നിൽക്കുന്നുണ്ടെന്നു് പറഞ്ഞു കൂട്ടിക്കൊണ്ടു വരുവാൻ പറഞ്ഞയച്ചു. വൈത്തിപ്പട്ടരുടെ ആൾ ചെല്ലുമ്പോൾ കൃഷ്ണൻ കുളത്തിലേക്കു പോവാൻ പുറപ്പെട്ടു മഠത്തിന്റെ മിറ്റത്തു നിൽക്കുന്നു. അന്വേഷിച്ചതിൽ കൃഷ്ണനാണെന്നു അറിഞ്ഞശേഷം "വൈത്തിപ്പട്ടരു് വിളിക്കുന്നു "എന്ന് പട്ടരുടെ ആൾ പറഞ്ഞു. കൃഷ്ണൻ സന്തോഷിച്ചു മദിച്ചു കുതിച്ചു് ഓടി പട്ടരുടെ അടുക്കെ എത്തി.
"സ്വാമീ , സ്വാമീ, സ്വാമി വന്നുവോ ? എന്നെ ഇന്നുതന്നെ വല്ലതും വാങ്ങിത്തന്നു പറഞ്ഞയക്കണേ."
വൈ :- ആട്ടെ നീ അവിടെ പോയി നിന്റെ മുണ്ടുകളോ മറ്റൊ ഉണ്ടെങ്കിൽ അതുകൾ ആരു കാണാതെ എടുത്ത് ഇങ്ങട്ടുവാ , എനി നീ രാമൻമേനോന്റെ കൂടെ താമസിക്കേണ്ട. നിണക്കു നല്ല സമ്പാദ്യത്തിന്നു എല്ലാം വഴിയായിപ്പോയി.
കൃ :- അപ്പോൾ മാസ്പടി ചോദിക്കണ്ടെ ?
വൈ :- ഒരക്ഷരവും ഉരിയാടൊല്ല. ഉടനെ ഒളിച്ചുപോന്നോ. കാര്യം എല്ലാം നീ ഇവിടെ വന്നിട്ടു ഞാൻ പറഞ്ഞു തരാം. കാൽനാഴികയ്ക്കുള്ളിൽ നീ ഇവിടെ എത്തണം.
കൃ :- അങ്ങിനെ തന്നെ സ്വാമീ. എനിക്കെല്ലാം സ്വാമിയുടെ കല്പന തന്നെ.
എന്നു പറഞ്ഞു കൃഷ്ണൻ മടങ്ങിപ്പോയി. തനിക്കുണ്ടായിരുന്ന രണ്ടു മൂന്നു മുണ്ടുകളും കുടയും എടുത്ത് രാമൻമേനോന്റെ മഠത്തിൽ ആർക്കും സംശയം തോന്നിക്കാതെ ചാടി മടങ്ങി വൈത്തിപ്പട്ടരുടെ അടുക്കെ ചെന്നു. ഉടനെ മൂന്നുപേരും പൂഞ്ചോലക്കരയ്ക്ക് പുറപ്പെട്ടു. വൈത്തിപ്പട്ടരും കൃഷ്ണനും വഴിയിൽ ഒരു മഠത്തിൽ ഭക്ഷണത്തിനാണെന്നു പറഞ്ഞു കയറി. അവിടെ വെച്ചും പിന്നെ പൂഞ്ചോലക്കര സാവധാനത്തിൽ നടന്നു എത്തുന്നതുവരേക്കും ശാരദയേയും രാമൻമേനോനേയും കുറിച്ച് അച്ചൻ ചോദിച്ചാൽ പറയേണ്ടുന്ന വിവരങ്ങളെ എല്ലാം കൃഷ്ണനെ ഉരുക്കുഴിപ്പിച്ച് പഠിപ്പിച്ചു. പറഞ്ഞു കൊടുത്തതുപോലെ പറയാറായോ എന്നറിവാൻ രണ്ടു മൂന്നു പ്രാവശ്യം വൈത്തിപ്പട്ടര് തന്നെ കൃഷ്ണനെക്കൊണ്ട് കഥ പറയിച്ചു. വെടിപ്പായി പറയാറായി എന്നു പട്ടർക്ക് പൂർണ്ണബോദ്ധ്യമായശേഷം മാത്രം കൃഷ്ണനേയുംകൊണ്ടു വൈത്തിപ്പട്ടര് എടത്തിലേക്കു കയറിച്ചെന്നു. അപ്പോഴേക്കു രണ്ടു മൂന്നു നാഴിക രാവായിരിക്കുന്നു. അച്ചൻ അപ്പോൾ നാമത്തിന് ഇരിക്കുകയായിരുന്നു. വൈത്തിപ്പട്ടർ എത്തിയാൽ ഏതു സമയമായാലും ക്ഷണത്തിൽതന്നെ അറിയിക്കണമെന്നു കല്പിച്ചിരുന്നതിനാൽ നാമ [ 133 ] ത്തിനിടയിൽ തന്നെ അച്ചനെ ഭൃത്യന്മാർ വൈത്തിപ്പട്ടരു് എത്തി എന്നുള്ളവിവരം അറിയിച്ചു. അച്ചൻ ബദ്ധപ്പെട്ടു നാമം ഒരു വിധം എല്ലാം ജപിച്ചു എഴുനീറ്റു വൈത്തിപ്പട്ടരേയും കൂടെയുള്ളവനേയും മുകളിലേക്കു വിളിപ്പാൻ കല്പിച്ചു.
അച്ചൻ വേഗത്തിൽ വൈത്തിപ്പട്ടരോടും കൃഷ്ണനോടും അകത്തേക്കു കടക്കാൻ പറഞ്ഞു. അകത്തു കടന്ന ഉടനെ-
അച്ചൻ :- ഇവനോ , നേരുകളെ എല്ലാം നിങ്ങളോട് പറഞ്ഞത് ?
പ :- അതെ ഇവൻ എല്ലാ വിവരങ്ങളേയും ഇവിടെ ബോധിപ്പിക്കും.
കൃ :- ഞാൻ എല്ലാ വിവരവും അങ്ങേക്ക് പോതിപ്പിക്കട്ടെ ?
അ :- പറ കേൾക്കട്ടെ.
കൃ :- ഞാൻ കളവ് ഒന്നും പറയില്ല. നേരേ പറയുള്ളു. എന്നെ തമ്പുരാൻ തിരുമനസ്സുതന്നെ രക്ഷിക്കണം !
അ :- അങ്ങിനെ തന്നെ. വിവരങ്ങൾ എല്ലാം നീ എന്നോട് പറ.
കൃ :- കല്യാണി അമ്മ ഇവിടംവിട്ടു പോകുമ്പോൾ വൈത്തിപ്പട്ടർ സ്വാമിയും ഞാനും കൂടെപ്പോയി. കാശിവരയ്ക്ക് കൂടെ പോയി. കാശിയിൽ ഞങ്ങൾ താമസിച്ചു. അപ്പോഴേക്ക് രാമപിള്ളയെ കണ്ടെത്തി. രാമപിള്ള ഞങ്ങളുടെ കൂടെ താമസമായി. അപ്പോഴേക്ക് വൈത്തിപ്പട്ടർ സ്വാമിക്ക് ദ്യേഷ്യമായി. ഞങ്ങളെ അവിടെ തന്നെ വിട്ടുംവെച്ചു സ്വാമി ഇങ്ങോട്ടു പോന്നു. കല്യാണിഅമ്മ ഉടനെ മരിച്ചുപോയി. രാമപിള്ള കല്യാണി അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന പണ്ടങ്ങളും പണവും എല്ലാം കയ്ക്കലാക്കി. എനിക്കു ഒന്നും തന്നില്ല. മടങ്ങിവരാൻ ചിലവും തന്നില്ല. പിന്നെ രാമപിള്ള ഉശാനി ദിക്കിലേക്കു പോയി. ഉശാനിനിന്ന് ഒരു പട്ടാണിച്ചി ജാതിക്കാരത്തി തേവടിസ്ത്രീയുമായിട്ടു് സംസർഗ്ഗമായി. ഒരു കൊല്ലത്തോളം അവടെ ഒന്നിച്ചുതന്നെ താമസിച്ചു. അവർക്ക് ഒരു പെങ്കിടാവ് ഉണ്ടായിരുന്നു. രാമപിള്ളയുടെ സംസർഗ്ഗത്തിന്ന് മുമ്പുതന്നെ പട്ടാണിച്ചിക്ക് ഉണ്ടായ പെൺകിടാവാണ്. ആ പെൺകിടാവ് കണ്ടാൽ നന്നാണ്. വളരെ നന്നാണ്. ഈ പട്ടാണിച്ചി സ്ത്രീ മരിച്ചുപോയി. പിന്നെ ഈ പെൺകിടാവിനെയും കൊണ്ട് ഞങ്ങൾ വടക്കു രാജ്യമെല്ലാം തെണ്ടി. ഞങ്ങളുടെ കൂടെ ഒരു ശങ്കരനുണ്ട്. അയാൾ അപ്പാ വലിയ വികൃതിയാണ്. അയാൾക്ക് ചൂതാട്ടവും റാക്കു കുടിയും ആണ് വേല. ഒരു പത്തുകൊല്ലം ഞങ്ങൾ തെണ്ടിത്തിരിഞ്ഞു നടന്നു. രാമപിള്ളയുടെ കയ്യിലുള്ള മുതൽ മുക്കാലും തീരാറായി. കടം കൊടുത്തിട്ടു കിട്ടാതെയും. [ 134 ] കള്ളു കുടിച്ചിട്ടും ചൂതാട്ടത്തിലും കൂടി ശങ്കരമേനോൻ തന്നെയാണു മുക്കാലും പണം കളഞ്ഞത്. പിന്നെ ഞങ്ങൾ ശെലവിനു ഞെരുക്കമായി, ശങ്കരമേനോൻ ഒരു ചതിക്കു വട്ടംകൂട്ടി. തമ്പുരാന്റെ ഈ എടത്തിൽ വളരെ കോപ്പുണ്ടെന്നു കല്യാണിഅമ്മ പറഞ്ഞിട്ടുണ്ട്. ഈ പട്ടാണിച്ചി പെൺകിടാവ് വളരെ നന്നാണല്ലോ. ഇതു കല്യാണിഅമ്മയുടെ മകളാണെന്നു പറഞ്ഞു തമ്പുരാന്റെ എടത്തിൽ വന്നു കൂട്ടംകൂടിയാൽ വല്ലതും കിട്ടുമെന്നു ശങ്കരമേനോൻ പറഞ്ഞ് പിള്ളയെ ബോധിപ്പിച്ചു. ഞാനും അങ്ങനെ തന്നെ പറയണമെന്ന് പൊന്നും വിളക്കും വെച്ച് സത്യം ചെയ്യിച്ചു. ഞാൻ സത്യം ചെയ്തു. ഞങ്ങൾ പിന്നെ രമേശ്വരത്തുവന്നു. അവിടെ വൈത്തിപ്പട്ടർ സ്വാമിയെ കണ്ടു. ശങ്കരമേനോൻ ഈ പട്ടാണി പെണ്ണെ കല്യാണിഅമ്മയുടെ മകളാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. സ്വാമി കല്യാണിഅമ്മ മരിച്ചതു കേട്ടു വ്യസനംകൊണ്ട് പെൺകുട്ടിയേയും ഞങ്ങളേയും സ്വാമീന്റെ ഗൃഹത്തിൽ കൊണ്ടെന്നു അവിടുന്നു തമ്പുരാനു എഴുത്തയച്ചു. അതിന്റെ ശേഷം സ്വാമിക്കു ഈ പട്ടാണിച്ചി കുട്ടിയുടെ നിറവും ഉടുപുടവയും കണ്ടു സംശയമായി എന്നോട് തെരക്കി ചോദിച്ചു. സത്യം ചെയ്തു ചോദിച്ചപ്പോൾ ഞാൻ നേരെല്ലാം പറഞ്ഞു. സ്വാമിക്കു ബഹുദേഷ്യമായി. ശങ്കരമേനോൻ അപ്പോഴേക്കു ഉദയന്തളിനിന്ന് ആളെ വരുത്തി, ഞങ്ങൾ ഉദയന്തളിക്കു പോന്നു. ഇതാണു തമ്പുരാനെ സത്യം.
അ:- ശിവ, ശിവ, നാരായണ! കേട്ടതു മതി, മതി, മതി, പട്ടാണിച്ചി ജാതിയാണു പെണ്ണ്.
കൃ:- അതെ, തമ്പുരാനെ.
അ:- ഈ മുസൽമാൻ ജാതി മാപ്പിളജാതിയോ?
കൃഷ്ണൻ വൈത്തിപ്പട്ടരുടെ മുഖത്തു നോക്കി.
വൈ:- അതെ, ശുദ്ധ ബൗദ്ധൻ ബൗദ്ധജാതിതന്നെ.
അ:- കഷ്ടം, ശിവ! ശിവ! കഷ്ടം വൈത്തിപ്പട്ടരെ, നിങ്ങൾ എന്തുകൊണ്ട് ഈ വിവരം ഉടനെ ഉദയന്തളിക്കു അറിയിച്ചില്ല. ഉദയന്തളിക്കാരും ഇവിടെയും ബദ്ധ മത്സരമായാലും അവരുടെ ക്ഷേത്രം മുതലായതു അശുദ്ധം വരുത്തുന്നതു ബ്രാഹ്മണർക്കു പരക്കെ ദോഷം വരുന്ന കാര്യമണല്ലൊ. നിങ്ങൾ എന്തുകൊണ്ട് ഇതുവരെ അറിയിച്ചില്ല.
വൈ:- ഞാൻ എന്താണു എജമാനനെ അറിയിക്കേണ്ടത്? ഉദയന്തളിയിൽനിന്ന് ഉദയവർമ്മൻ തിരുമുല്പാടുതന്നെ വന്നു ഈ കുട്ടിയേയും രാമൻപിള്ളയേയും കെട്ടിവലിച്ചുകൊണ്ടു പോവുമ്പോൾ [ 135 ] ഞാൻ എന്തു പറയാനാണ്, ഉദയന്തളിക്കാർ ഒരു സമയം അവരുടെ ജാതിപോയാലും ഇവിടെ അപമാനം വരുത്തേണമെന്നായിരിക്കും വിചാരിക്കുന്നത്. ഞാൻ ഇതെല്ലാം പറഞ്ഞാൽ വഷളായി തീർന്നുവെങ്കിലോ ?
അ :- ഛെ , ഛെ. അതുപോരാ. നാം ഇപ്പോൾ ഉദയന്തളി തിരുമുല്പാട്ടിലേക്കും മറ്റ് ആ ദിക്കിൽ ഉള്ള പ്രമാണപ്പെട്ട നമ്പൂതിരിപ്പാടുമാർക്കും മറ്റും വെടിപ്പായി വേണ്ടുന്ന അറിവു രേഖാമൂലം കൊടുക്കണം. സംശയമില്ല. എനി അതിനു വാദമുണ്ടോ ? ആരടോ അവിടെ. ശങ്കു നമ്പിയെ വിളിക്കട്ടെ ? രാഘവനുണ്ണി എവിടെ ?
എന്നു പറഞ്ഞുകൊണ്ട് അച്ചൻ ക്രോധത്താലും , ശൌര്യത്താലും , ലജ്ജയാലും , തെളിവു കിട്ടിപ്പോയി എന്നുള്ള സന്തോഷത്താലും , ആകപ്പാടെ ഒരു ഭ്രാന്ത ചിത്തത്തിന്റെ നിലയിൽ ആയി ബദ്ധപ്പെട്ട് മാളികമുകളിൽനിന്ന് താഴത്തേക്ക് ഇറങ്ങി.
ആ ധൃതഗതി ആകപ്പാടെ കണ്ടപ്പോൾ വൈത്തിപ്പട്ടർക്ക് അല്പം ഭയം ഉണ്ടായി. തന്റെ ഈ പെരുംകളവ് ക്രമേണ ഉറപ്പിച്ചു കൊണ്ടുവന്നിട്ട് ലേശം ലേശമായി പുറത്തുവിട്ടു ക്രമേണ ജനങ്ങളെ മനസ്സിലാക്കി വന്നാലേ ഒരു സമയം നിലനില്ക്കുകയുള്ളു എന്നും ഒന്നായിട്ട് കൊട്ടിഘോഷിച്ച് ക്ഷണേന പരത്തിയാൽ ഒരു സമയം ക്ഷണത്തിൽ വെളിവായിപ്പോയാലോ എന്നും കുരുട്ട് ആലോചനയിൽ വൻപനായ വൈത്തിപ്പട്ടർക്ക് തോന്നിയതിനാൽ അച്ചന്റെ ഗോഷ്ടികൾ കണ്ടപ്പോൾ കുറെ ഭയവും വ്യസനവുമാണ് വൈത്തിപ്പട്ടർക്ക് ഉണ്ടായത്. പട്ടാണിജാതിയാണ് കുട്ടി എന്നു കൃഷ്ണന്റെ മുഖത്തിൽനിന്നു കേട്ടപ്പോൽ വെടികേട്ടു ശീലമില്ലാത്ത ഒരു ആന അടുത്തു വെടിപൊട്ടുന്ന ശബ്ദം കേട്ട് ഞെട്ടി മെരളുന്ന മാതിരി അച്ചൻ മെരളുന്നതുകണ്ട് വൈത്തിപ്പട്ടർ ഭയപ്പെട്ടു. ആട്ടെ വന്നതെല്ലാം വരട്ടെ. വല്ലതും ഇതിൽ തകരാറു വന്നാൽ അത് ഒഴിക്കാനും മാർഗ്ഗമുണ്ടെന്നു കണ്ടു പട്ടരുടെ ഭീതിക്ക് വളരെ ആധിക്യത ഉണ്ടായില്ല.