Jump to content

താൾ:Sarada.djvu/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അച്ചനെ കണ്ട ഉടനെ താണു വലിച്ചു് കൂട്ടി തൊഴുതു. ഒന്നാമതു താണു തല വണങ്ങി തൊഴുതശേഷം പിന്നെ നീർന്നുനിന്നു് അച്ചന്റെ മുഖത്തേക്കു നേരെ നോക്കി അല്പം ഒരു മന്ദഹാസത്തോടും അതിഭക്തിരസത്തോടും കൂടി നോക്കി മാർവിടത്തിന്നു നേരെ കൈകൾകൊണ്ടു വന്നു ഒരു അഞ്ചെട്ടു പ്രാവശ്യം തൊഴുതു.

അച്ചൻ:- എന്താണു് ഈയ്യിടെ ഇങ്ങോട്ടു് വരവു് ചുരുക്കുന്നു?

പണിക്കർ:- അടിയൻ ഒരു മാസമായി ഇവിടെ ഉണ്ടായിരുന്നില്ല. തേഞ്ചേരി കോവിലകത്തു് ഒരു തറവാട്ടു പ്രശ്നത്തിനായി വിടകൊണ്ടിരുന്നു. അടിയൻ തിരുമനസ്സിലെ ഒരു കാരുണ്യത്തെയല്ലാതെ വേറെ യാതൊന്നിനേയും ഇച്ഛിക്കുന്നവനല്ല. ഇവിടെ തല്ക്കാലം തിരക്കുകൾ ഇല്ലെന്ന് അറിഞ്ഞതിനാൽ തേഞ്ചേരിനിന്നു് ആൾ വന്നപ്പോൾ വിടകൊണ്ടതാണു്.

അ:- ഇവിടെ ചുരുങ്ങീട്ട് ഒരു പ്രശ്നം വേണം.

ഇതു പറഞ്ഞപ്പോൾ പണിക്കർ മേലോട്ടു രണ്ടു ഭാഗത്തേക്കും ഒന്നു നോക്കി. വലത്തെ കൈ മുക്കിന്റെ മദ്ധ്യത്തിൽ വച്ചു വായുവേ ഉറച്ചുവിട്ടു. ഇതിനു് ശരം എന്നു പറയും.

അ:- എന്താണു് നോക്കിയതു്. ശരം എങ്ങിനെ. ശുഭമോ, അശുഭമോ?

പ:- ശുഭം, ശുഭം, അത്യന്തശുഭം.

അ:- ഈശ്വരോ രക്ഷതു.

പ:- ഭഗവൽകൃപ പൂർത്തിയായി ഉണ്ടു്. വിളിപ്പാൻ വന്നപ്പോൾ തന്നെ രണ്ടു മൂന്നു ശുഭലക്ഷണങ്ങൾ കണ്ടിരിക്കുന്നു.

അകായിൽ നിന്നു പുറത്തേക്കു കടന്ന ഒരു ചെറുപ്പക്കാരൻ കാർയ്യസ്ഥൻ പറഞ്ഞു പ്രശ്നംവേണമെന്നു് കല്പിച്ചപ്പോൾ ഞാൻ ഈ വാതുക്കൽ നില്ക്കുന്നുണ്ടായിരുന്നു. കല്പിച്ച ഉടനെ ഒരു ഗൌളി ഈ പടിയിന്മേൽ നിന്നു ശബ്ദിച്ചു.

അ:- (വലിയ ബദ്ധപ്പാടോടുകൂടി) എത്ര ശബ്ദിച്ചു എത്ര ശബ്ദിച്ചു?

പണി:- എത്ര ശബ്ദിച്ചു. എത്ര ശബ്ദിച്ചു?

കാർയ്യസ്ഥൻ:- ഞാൻ എണ്ണീട്ടില്ല.

അ:- (വലിയ ക്രോധത്തോടെ) കഴുതെ കടന്നു പുറത്തുപോ. ഗൌളി ശബ്ദിക്കുമ്പോൾ എണ്ണണ്ടെ. നീ എന്തൊരു ബുദ്ധിഹീനനാണ്. ഈ വക അസത്തുക്കൾ ചോറ്റു ചിലവിനു തന്നെ. കടന്നു പുറ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/119&oldid=169752" എന്ന താളിൽനിന്ന് ശേഖരിച്ചത്