ത്തുപോ വിഡ്ഢി. കാര്യസ്ഥൻ ഇളിഭ്യനായി അകത്തേക്കു തന്നെ പോയി.
പണിക്കർ പ്രശ്നത്തിനായി കിഴക്കെ കോലായിൽ ഇരുന്നു. വിശേഷമായ ഒരു വീരാളിപ്പുല്ലുപായ് മടക്കി ഇട്ടു് അതിൽ കിഴക്കോട്ടു് അഭിമുഖമായി ചാത്തുപ്പണിക്കർ ഇരുന്നു. ഇരിക്കുന്നതിനു മുമ്പു് പുല്ലുപായ് തൊട്ടു് ഒന്നു വന്ദിച്ചു. കസാലമേൽ ഇരിക്കുന്ന അച്ഛനേ വീണ്ടും ഒന്നു തൊഴുതശേഷമാണു് ഇരുന്നതു്. നല്ല ചുവന്ന പട്ടുകോണ്ടു് കസവുവെച്ചു് ഉണ്ടാക്കീട്ടുള്ള സഞ്ചിയിൽ നിറയെ നിറച്ചു വച്ച കവിടിയും ഓലയും എടുത്തു് എടത്തുഭാഗത്തു വച്ചു. പായയിൽ ഇരിക്കുമ്പോഴേക്കു് പണിക്കരുടെ മുഖത്തിൽനിന്നു് സ്ഫുരിക്കുന്ന ഒരു ഭക്തിരസം ഇന്നപ്രകാരമെന്നു പറവാൻ പ്രയാസം. കണ്ണു് ഭക്തിരസപാരവശ്യത്താൽ പകുതിയെ മിഴിയുന്നുള്ളു. പ്രശ്നത്തിനു് പണിക്കർ ഇരുന്ന ഉടനെ എടത്തിൽ ഉള്ള ഉണ്ണിമാരും മറ്റും കോലാമൽ വന്നു നിറഞ്ഞുനിന്നിരുന്നു. പണിക്കർ മന്ദമായി കവിടി എടുത്തു മുമ്പില്വെച്ചു തൊഴുതു. സഞ്ചി അഴിച്ചു് അത്യന്ത ധവളമായിരിക്കുന്ന ഒരു ഇരുന്നാഴിയോളം കവിടി വീരാളിപ്പായയിൽ ചൊരിഞ്ഞു. ചെറു വക കവിടികളിൽ പത്തും പതിനഞ്ചും വലിയ കവിടികളും സ്ഫടിക മഷിക്കുപ്പിയോ മറ്റൊ പൊളിഞ്ഞതിൽനിന്ന് എടുത്ത ആറേഴു സ്ഫടികക്കഷണങ്ങളും ഉണ്ടായിരുന്നു. കവടി ചൊരിഞ്ഞ് ഉടനെ പണിക്കർ അതിനെ അത്യന്ത ഭക്തിരസത്തോടുകൂടി തൊട്ട് അഭിവാദ്യം ചെയ്തു. കവിടിയെ അഭിവാദ്യം ചെയ്തതു കണ്ടാൽ ആ കവടിയാണ് സാക്ഷാൽ ജഗദീശ്വരൻ എന്നു തോന്നും. ഇതു കഴിഞ്ഞയുടനെ രാശിചക്രം ഉണ്ടാക്കി ഗണപതിക്കു വിടകൾ നിരത്തി പലേപ്രകാരമുള്ള അഭിവാദ്യങ്ങളും ജപങ്ങളും കഴിഞ്ഞശേഷം പ്രശനത്തിനു ആരംഭിച്ചു. ഒരു നാഴികയിൽ ചെറുകവിടി തന്റെ മുമ്പിലേ നീക്കിവെച്ചു വലത്തേ കൈകൊണ്ടു അതിനെ തൊട്ടുകൊണ്ട് അച്ചന്റെ മുഖത്തേക്കു പണിക്കർ ഭാക്തിയോടെ ഒന്നു നോക്കി. അച്ചൻ ഭക്തിവിശ്വാസത്താൽ കണ്ണു പകുതി അടച്ചും കൈകൾ രണ്ടും കൂപ്പുകൈയ്യാക്കി മാറത്ത് അടുപ്പിച്ചുവെച്ചും കൊണ്ട് പറഞ്ഞു. "ഞാൻ എന്റെ മനസ്സിൽ ഇപ്പോൾ ഒരു കാർയ്യത്തെകുറിച്ച് വിചാരിക്കുന്നുണ്ട്. അതിൽ എനിക്കു വരുവാൻ പോകുന്ന ഗുണദോഷത്തെ ഈ പ്രശ്നം സത്യമായി അറിഞ്ഞു തരട്ടെ."
ഈ വക്കുകൾ പറഞ്ഞുകഴിഞ്ഞ ഉടനെ പണിക്കർ മന്ദമായി മുമ്പിൽ കൂട്ടിവെച്ച കവിടികളെ തലോടി തലോടി ചുഴറ്റിതുടങ്ങി.