താൾ:Sarada.djvu/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണുകൾ രണ്ടും തീരെ അടച്ചു മന്ത്രജപവും തുടങ്ങി. പണിക്കരുടെ ചുണ്ടുകൾ ഈ ജപത്താൽ അതികലശലായി എളകിത്തുടങ്ങി. വിറപ്പനി ഉണ്ടായാൽ ഇത്രവേഗം വിറയ്ക്കുകയില്ല. വിറ ക്രമേണ കലശലായി തുടങ്ങി. കവിടി തലോടലും മുറുകി മുറുകി ക്രമേണ കലശലായി. അതുപ്രകാരം തന്നെ ചുണ്ടുകളുടെ വിറയലും. അച്ചനും ഈ സമയം വെറുതെ ഇരുന്നില്ല. തന്റെ ഭഗവതിയേയും മുമ്പു മരിച്ചു പോയ അച്ചന്മാരേയും ധ്യാനിച്ചു കണ്ണു് അടച്ചു് തൊഴുതുംകൊണ്ടിരുന്നു. ഒടുവിൽ കവിടിയുടെ ചലനവും നിന്നു. ധ്യാനശക്തിയാൽ ഒരു നിമിഷം പണിക്കർ കവിടി ചുഴറ്റാതെ മന്ത്രം ജപിക്കാതെ കയ്യു് കവിടിമേൽവച്ചുകൊണ്ടു് നിശ്ചഞ്ചലനായി ഇരുന്നു. കവിടി ചുഴറ്റുന്ന ശബ്ദം മാറിയപ്പോൾ അച്ചൻ കണ്ണുകൾ മിഴിച്ചു. പണിക്കർ ചുഴറ്റിയിരുന്ന കവിടിയിൽനിന്നു് ഒരു പിടി വാരിയെടുത്ത് വേറെ വെച്ചു. കണ്ണുമിഴിച്ചു് ഉടനെ വേറെ വാരിവെച്ച കവിടികളിൽനിന്നു ക്രമപ്രകാരമുള്ള കിഴിവുകൾ കിഴിച്ചു.

അച്ചനു് പ്രശ്നത്തിൽ വളരെ ഭ്രമമാണെങ്കിലും പ്രശ്നശാസ്ത്രത്തെക്കുറിച്ചു യാതൊന്നും നിശ്ചയമില്ല.

അച്ചൻ:- എന്താണു രാശി?

പണിക്കർ:- കന്നിരാശിയാണ് ഉദയം. ലഗ്നത്തിൽ ശനിയും, രണ്ടിൽ കേതുവും, മൂന്നിൽ ഗുളികനും, നാലിൽ ചന്ദ്രനും, അഞ്ചിൽ ചൊവ്വായും, ഏഴിൽ വ്യാഴവും, അഷ്ടമത്തിൽ രാഹുവും, പത്തിൽ ആദിത്യബുധന്മാരും, പതിനൊന്നിൽ ശുക്രനും. ഇങ്ങനെയാണ് ഗ്രഹസ്ഥിതി. ശീർഷോദയരാശിയാണു്.

അച്ചൻ:- അതുകൊണ്ടു്.

പ:- വളരെ നല്ലതാണു്. ശീർഷോദയേ സമഭിവാഞ്ചിത കാർയ്യ സിദ്ധി പൃഷ്ടോദയ വിഫലതാ എന്നാണു് പ്രമാണം. ഉദയരാശിയാകുകൊണ്ടു് ഇഷ്ടാർത്ഥസിദ്ധിയുണ്ടാവുമെന്നുള്ളതിനു സംശയമില്ല.

അ:- ഈശ്വരോ രക്ഷതു.

പ:- പിന്നെ മൂർദ്ധോദയവും നരരാശിയും മറ്റും വന്നിട്ടുള്ളതുകൊണ്ടും ഇഷ്ടാർത്ഥം ലഭിക്കേണ്ടതാണു്.

അ:- ഇവിടെ ഞാൻ വിചാരിച്ച കാർയ്യം എന്താണെന്നുകൂടി പറഞ്ഞിട്ടു് പിന്നെ ഫലത്തെക്കുറിച്ചു പറയാം.

പ:- പറയാം (കുറേനേരം ഗ്രഹസ്ഥിതികൾ നോക്കിയശേഷം) അടിയന്റെ മനസ്സിൽ തോന്നുന്നതു് ഇതു് ഒരു വ്യവഹാരസംബന്ധമായ പ്രശ്നമാണെന്നാണു്. പ്രമാണങ്ങൾ പറയാം.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/121&oldid=169755" എന്ന താളിൽനിന്ന് ശേഖരിച്ചത്