താൾ:Sarada.djvu/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കർമ്മപതിയായ ബുധനെ ദൃഷ്ടിചെയ്തുംകൊണ്ട് നാലിൽ ഇരിക്കുന്നത് അഭീഷ്ടകാർയ്യസിദ്ധിയെ കൊടുക്കുന്നതാണ്. പിന്നെ ധനഭാഗ്യപതിയായ ശുക്രൻ പതിനൊന്നാം ഭാവത്തിലിരിക്കുന്നത് ഏറ്റവും ശുഭപ്രദം തന്നെ. "ഭാഗ്യം നൃണാം പ്രഥമമത്ര വിചാരണീയം ഭാഗ്യം ഹി സർവ്വശുഭകാരണമാഹുരാർയ്യഃ ഭാഗ്യാധിപേഭിമതരാശിഗതേ നരാണാം ജീവേക്ഷിതേ നനുഭവേദഖിലാർത്ഥസിദ്ധിഃ". ഇത്യാദികളായ അനേകപ്രമാണങ്ങൾ നോക്കിയാലും ഇവിടേക്ക് ഈ കാർയ്യത്തിൽ ജയംവരാതെ ഇരിപ്പാൻ തരമില്ല. അത്രയുമല്ല വ്യാഴശുക്രന്മാർക്ക് ഇഷ്ടഭാവസ്ഥിതിയും മറ്റും ഉണ്ടായാൽ രാജമന്ത്രിയുടെ അനുകൂലതകൊണ്ട് ഒരു വിശേഷവിധി ഈ കാർയ്യത്തിൽ സിദ്ധിക്കേണ്ടതാണ്. "ഉദയഭംശശിനസ്സുത ഈക്ഷതേ ഹിമരുചിം യ ദിവ പരമശുഭഃ വിജയഭൃത് ധനലബ്ധി മിരാദിശോശുഭതം പുനരത്ര ന കിഞ്ചന" എന്നാണ് പ്രമാണം.

അച്ചൻ  :- ആ മഹാപാപി ഉദയന്തളി ഈ കാർയ്യത്തിൽ ജേലിൽ കുടുങ്ങാതിരിക്കില്ല. അത്രയ്ക്കുമാത്രം വിശേഷത് കാണുന്നുണ്ട്. ഈ പ്രശ്നവശാൽ ഇല്ലെ പണിക്കരെ ?

പ :- നിസ്സംശയമായി ഉണ്ട്. സംശയം തിരുമനസ്സിലേക്കു ലേശം വേണ്ട. എന്നല്ല ബുധൻ ഉദയരാശിയെ നോക്കുകയോ ചന്ദ്രനെ ശുക്രൻ നോക്കുകയോ ചെയ്താൽ അത്യന്തശുഭോദയമാണ്. "ശുഭവർഗ്ഗലഗ്നഗതേ ലഗ്നേവാ സൌമ്യയോഗമായാതേ ബ്രൂയാദഭിമതസിദ്ധിം പൃഷ്ഠസ്ഥആനാന്തവാപ്തീം."

പണിക്കർ ഇത്രത്തോളം പറയുമ്പോഴേക്ക് അമ്പലത്തിൽനിന്നു വാദ്യശബ്ദവും ശംഖുവിളിയും കേട്ടു. ഉടനെ പണിക്കർ "ഇത്ര വിശേഷമായ ഒരു ലക്ഷണം എനി ഒന്നും ഉണ്ടാവാനില്ല. പ്രശിനകാലത്ത് ഭേരിനാദവും ശംഖദ്ധ്വനിയും ഒരു അത്യന്ത വിശേഷണ ലക്ഷണമാണ്. "ഭേരീമൃദംഗമൃദുമദ്ദള ശംഖ വീണാ വേദദ്ധ്വനിനിർമ്മധുരമംഗലഗീതഘോഷഃ" എന്നാണ് പ്രമാണം.

അച്ചന്റെ മനസ്സു തെളിഞ്ഞു. വക്കീൽ രാഘവമേനോന്റെ കത്തു വായിച്ചതിനാലുണ്ടായ സകല വ്യസനവും മൌഢ്യവും തീർന്ന് വ്യവഹാരത്തിൽ ജയിച്ച് , രാമവർമ്മൻ തിരുമുല്പാടിനേയും , രാമൻമേനോനെയും പതുപ്പത്തുകൊല്ലം തടവിൽ വെപ്പാൻ കല്പിച്ചതിൽ ഉണ്ടാവുന്നപ്രകാരം സന്തോഷിച്ചു. പണിക്കർക്ക് സമ്മാനം കൊടുത്തു അയച്ച് വൈത്തിപ്പട്ടരുടെ വരവും കാത്തിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/123&oldid=169757" എന്ന താളിൽനിന്ന് ശേഖരിച്ചത്