താൾ:Sarada.djvu/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈ:- (സന്തോഷത്താൽ ചിറിച്ചുംകൊണ്ടു) എന്തിനാണപ്പാ തല്ലിക്കാനൊ? പണ്ടത്തെ കറ എനിയും വലിയ എജമാനെന്നു തീർന്നിട്ടില്ലെന്നു തോന്നുന്നു.

ക:‌-ശിക്ഷ, തല്ലിക്കാനും മറ്റുമല്ല. സ്വാമിയെ കാണ്മാൻ അവിടുന്നു വഴുകി നിൽക്കുന്നു. ഉടനെ പുറപ്പെടുന്നില്ലെ? നിങ്ങളോട് അവിടത്തേയ്ക്കുള്ള സകല മുഷിച്ചിലും തീർന്നു. മനസ്സു തെളിഞ്ഞിരിക്കുന്നു. ആ തിരുവനന്തപുരക്കാരൻ കള്ളൻപിള്ളയും കുട്ടിയും നിങ്ങളുടെ അടുക്കെവന്നു താമസിച്ചിരുന്നുവെന്നും നിങ്ങൾ ഈ കള്ളക്കാര്യത്തിനു സഹായിക്കുകയില്ലെന്നു തീർച്ചയായി പറഞ്ഞശേഷം അവർ നിങ്ങളെ വിട്ട് ഉദയന്തളിക്കു കടന്നുപോയി എന്നും കേട്ടിട്ട് അവിടുന്നും ഉണ്ണിമാരും എല്ലാവരും ഒരുപോലെ സന്തോഷിച്ചിരിക്കുന്നു. ഒട്ടും താമസിക്കാതെ എനി പുറപ്പെടണം. നിങ്ങൾ ചെറുപ്പം മുതൽക്കെ അവിടെ ആശ്രയിച്ചു വന്നാളല്ലെ? അവസാനംവരെ ആശ്രയം തന്നെയാവട്ടെ.

വൈ:-ഈശ്വരൻ സത്യസ്വരൂപനാണല്ലൊ. അച്ഛന്റെ മനസ്സിൽ ദൈവംതന്നെ സത്യത്തെ ഉദിപ്പിക്കട്ടെ. ഞാൻ അവിടേക്കു ഒരിക്കലും ഒരു ദോഷവും ചെയ്കയില്ല. ഞാൻ അവിടുന്നു കല്പിക്കുന്നതുപോലെ പ്രവർത്തിപ്പാൻ എല്ലായ്പോഴും ഒരുക്കമാണ്. ഞാൻ ആ പിള്ളയ്ക്ക് ഒരു സഹയവും ചെയ്കയില്ലെന്നു പറഞ്ഞതു അച്ഛൻ അറിഞ്ഞു ഇല്ലേ? ഈശ്വരാധീനം, സത്യം അറിഞ്ഞുവല്ലോ.

ക:-വെടിപ്പായി അറിഞ്ഞു. പലരും ആ ദിക്കിൽ ഈ വിവരങ്ങൾ പറയുന്നുണ്ടല്ലോ.

വൈ:-ഈശ്വരോ രക്ഷതു. ഞാൻ ചെയ്തത് ഉറക്കത്തിൽ കാലു തലോടി കൊടുത്തതുപോലെ ആയില്ലല്ലോ. അതെന്റെ ഒരു ഭാഗ്യം.

ക:-വലിയ ഭാഗ്യം തന്നെ. അവിടുന്ന് ഒന്നു കടാക്ഷിച്ചാൽ സ്വാമി കുബേരനായി പോയല്ലോ.

വൈ:-കടാക്ഷിക്കണ്ടേ?

ക:-കടാക്ഷിക്കും.

വൈ:-എപ്പോൾ കടാക്ഷിക്കുമോ?

ക:-നിങ്ങൾ അവിടെ ചെന്ന നിമിഷം കടാക്ഷിക്കും.

വൈ:-എന്തൊ അപ്പാ. ഈ നിഭാഗ്യമണ്ടയും‌കൊണ്ടു ചെല്ലുന്നേടത്ത് എല്ലാം അനർത്ഥം

ക:-നിർഭാഗ്യമണ്ട എല്ലാം തീർന്നു. ഭാഗ്യമുണ്ടായിപ്പോയി. അതിഭാഗ്യമണ്ട. ആട്ടെ എപ്പോഴാണ് പുറപ്പെടുന്നത്.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/128&oldid=169762" എന്ന താളിൽനിന്ന് ശേഖരിച്ചത്