താൾ:Sarada.djvu/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈ:-രാവിലത്തെ വണ്ടിക്കല്ലെ എനി തരമുള്ളു.

അന്ന് കുഞ്ചുമേനോനും കൂടെയുള്ളവരും പട്ടരുടെ കൂടെ താമസിച്ചു. പിറ്റെ ദിവസത്തെ വണ്ടിക്കു വൈത്തിപ്പട്ടരും കുഞ്ചുമേനോനും ഭൃത്യന്മാരും പൂഞ്ചോലക്കരക്കായി പുറപ്പെടുകയും ചെയ്തു. കുഞ്ചുമേനോൻ പലേവിധം ശ്രമിച്ചിട്ടും വൈത്തിപ്പട്ടർ രാമന്മേനോന്റെയും ശാരദായുടെയും യഥാർത്ഥസ്ഥിതികളെ കുറിച്ചു യാതൊന്നും കുഞ്ചുമേനോടു പറഞ്ഞില്ല. അതു ഗോപ്യമായിട്ടുള്ളതാണെന്നും വലിയച്ഛനോടു മാത്രം സ്വകാര്യമായിട്ടെ പറവാൻ പാടുള്ളുവെന്നും പറഞ്ഞു ശഠിച്ചു യാതൊരു വിവരത്തേയും അറിയിച്ചില്ല.

വൈത്തിപ്പട്ടർ എടത്തിൽ എത്തിയത് ഒരു വൈകുന്നേരം അഞ്ചുമണി സമയമാണ്. പട്ടരെ കണ്ടപ്പോഴേക്കു എടത്തിലുള്ളവർക്ക് ഒക്കെയും ഒരു പരിഭ്രമം. എന്താണ് ഈ പരിഭ്രമത്തിന്നു സംഗതി എന്ന് അവർക്കുതന്നെ നിശ്ചയമില്ല. എടത്തിൽ ഉള്ളവരിൽ കൃഷ്ണനുണ്ണി ഒഴികെ മറ്റു സകല ആളുകൾക്കും ശാരദായേയും രാമൻമേനോനേയും വൈത്തിപ്പട്ടർ വേഷംകെട്ടി പുറപ്പെടീച്ചതാണെന്നായിരുന്നു വിചാരം. കൃഷ്ണനുണ്ണി ഒന്നും തീർച്ചയാക്കീട്ടില്ല. ഒരു സമയം കാര്യം നേരായിരിക്കാം എന്ന് ഒരു സംശയമുണ്ടായിരുന്നു. വൈത്തിപ്പട്ടരെ കണ്ടപ്പോൾ അദ്ദേഹത്തിന്നു ഈ സംശയം മിക്കവാറും തീർന്നു എന്നു തന്നെ പറയാം. പട്ടരുടെ ക്രൂരവക്ത്രവും സർപ്പദൃഷ്ടിയും കണ്ടപ്പോൾ ഇയ്യാൾ ഒരു മഹാപാപിതന്നെയാണ്, ഇയ്യാൾ ചെയ്യുന്നത് പാപകർമ്മങ്ങളായിട്ടാണ് വരുവാൻ അധികം സംഗതിയുള്ളത്. പട്ടരുടെ കള്ളപ്രവൃത്തി തന്നെയായിരിക്കണം ഇത് എന്നും മറ്റും കൃഷ്ണനുണ്ണിക്കും കൂടി തോന്നിപ്പോയി. പട്ടർ എടത്തിൽ പൂമുഖത്തു കയറിയപ്പോഴേക്കു മാളികമുകളിൽനിന്നു പട്ടരെ വിളിക്കാൻ ഒന്നുരണ്ടുപേർ ബദ്ധപ്പെട്ട് ഓടിയെത്തി. മുകളിൽ വൈത്തിപ്പട്ടർ കയറിച്ചെന്നു. അച്ചൻ തെക്കിനിമാളികമുകളിൽ തളത്തിൽ നിൽക്കുന്നു. പട്ടരെ കണ്ട ഉടനെ‌-

അച്ചൻ:-നിങ്ങൾ ആവശ്യപ്പെട്ടപ്രകാരം ക്ഷണത്തിൽ വന്നുവല്ലോ. സന്തോഷമായി.

വൈ:-ഞാൻ ഇവിടത്തെ ആശ്രിതനാണെന്നുള്ള വിചാരം ഇതു വരെ വിട്ടിട്ടില്ല. കാലദോഷത്താൽ ഇവിടത്തേക്കു എന്റെ മേൽ അപ്രീതി ഉണ്ടാവാൻ കാരണമായി. ഏതായാലും എനിക്ക് ഇവിടുത്തെ അന്നം ഭക്ഷിച്ചു വളർന്നവനാണെന്നുള്ള സ്മരണയും ഇതുവരെ വിട്ടിട്ടില്ലാ. ഈ ജന്മം വിടുകയുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/129&oldid=203901" എന്ന താളിൽനിന്ന് ശേഖരിച്ചത്