താൾ:Sarada.djvu/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുള്ളദ്രവ്യം ഇല്ല. അത്രയുമല്ല, സ്വതേ തിരുമുല്പാട് ലുബ്ധനാണ്, അദ്ദേഹം വ്യവഹാരഭ്രാന്ത് നിമിത്തം പണം കുറെ അധികം ചെലവു ചെയ്തു ക്ഷീണിച്ചിരിക്കുന്ന കാലമാണ്. പൂഞ്ചോലക്കാരോ ദ്രവ്യത്തിൽ നീന്തിക്കുളിക്കുന്നവരാണ്. ഇങ്ങിനെ ദ്രവ്യപുഷ്ടിയും പ്രബലതയും ചെലവു ചെയ്‌വാൻ അലക്ഷ്യതയും ഉള്ള ഒരു കൂട്ടരെ വേറെ കാണുകയില്ല. വലിയച്ചൻ സന്തോഷിച്ചാൽ ഒരു ചെറിയ കളപ്പാട ചാർത്തിക്കിട്ടിയാൽ പോരേ? ഒരു ചേരിക്കല്ല കാര്യം കിട്ടിയാൽ മതിയല്ലോ. നിശ്ചയമായും കഴിയുമെങ്കിൽ എടത്തിലെ ഭാഗം തന്നെയാണ് ചേർന്നുത്സാഹിക്കേണ്ടത്. ഇങ്ങിനെ ആയിരുന്നു വൈത്തിപ്പട്ടരുടെ വിചാരം. എന്നാൽ പട്ടർക്കു എടക്കാരെ ഉള്ള ഭയം വിട്ടിട്ടില്ല. താനെ കടന്നു ചെന്നു സേവയ്ക്കു കൂടികളയാം എന്നുള്ള ആലോചന ഉണ്ടയതേയില്ല. തന്നെ എടത്തിൽനിന്നു വിളിപ്പിക്കണം. എന്നാൽ ഭാഗ്യമായിപ്പോയി. വിളിപ്പിക്കുമോ അതാണു സംശയം. താൻ രാമൻമേനോന്റെ ഭാഗിയണെന്നല്ലെ അപ്പോൾ ഉള്ള ശ്രുതി. അങ്ങിനെ ഇരിക്കുമ്പോൾ തന്നെ വിളിപ്പിക്കുമോ, സംശയം.എന്നാൽ ഉദയന്തളിക്കു രാമൻമേനോന്റെ കൂടെ താൻ പോയിട്ടില്ലല്ലൊ. ആ വർത്തമാനം എടത്തിൽനിന്ന് അറിയാതിരിക്കുമോ ഒരിക്കലും ഇല്ല. അപ്പോൾ ഒരു സമയം വിളിപ്പിക്കാൻ ആളെ അയച്ചുവെന്നുകൂടെ വരാം, വരാം, ഇങ്ങിനെ പട്ടര് ഇരുഭാഗവും ആലോചിച്ച് ഒരു ഭാഗവും ഉറയ്ക്കാതെ വശായി. എന്നാൽ തന്നെ പൂഞ്ചോലക്കര എടക്കാർ വിളിപ്പിച്ചാൽ എന്തെല്ലാം കളവുകളാണു രാമൻമേനോനെക്കൊണ്ടും ശാരദായെക്കൊണ്ടും പറയേണ്ടത് എന്നുള്ളത് പട്ടർ മുമ്പുതന്നെ ആലോചിച്ചു നിശ്ചയിച്ചിട്ടുണ്ട്. പട്ടർ ഇങ്ങനെ സംശയിച്ചികൊണ്ടിരിക്കുന്ന കാലത്താണ് ഒരു ദിവസം രാവിലെ എടത്തി ലെ കാര്യസ്ഥൻ കുഞ്ചുമേനോനും ഭൃത്യന്മാരും തന്റെ ഗൃഹത്തിലേക്കു കയറിവരുന്നതു കണ്ടത്. കണ്ടപ്പോൾതന്നെ പട്ടർക്കു കാര്യം മനസ്സിലായി, മനസ്സിന് അത്യന്തം സന്തോഷമായി.

വൈ:-ഓ, ഹൊ, ഓ, ഹൊ, ശിവ! ശിവ! എത്ര കാലമായി കുഞ്ചുമേനോനെ കണ്ടിട്ട്. ഇരിക്കിൻ, ഇരിക്കിൻ. എടത്തി ൽ നിന്നു തന്നെയായിരിക്കും വരുന്നത്.

കുഞ്ചുമേനോൻ:- അതെ, അച്ചൻ കല്പിച്ചിട്ട് വന്നതാണ്. സ്വാമിയെ ഉടനെ അങ്ങട്ടു കൂട്ടിക്കൊണ്ടു ചെല്ലുവാൻ കല്പനായായിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/127&oldid=169761" എന്ന താളിൽനിന്ന് ശേഖരിച്ചത്