താൾ:Sarada.djvu/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വന്നു നിൽക്കുന്നുണ്ടെന്നു് പറഞ്ഞു കൂട്ടിക്കൊണ്ടു വരുവാൻ പറഞ്ഞയച്ചു. വൈത്തിപ്പട്ടരുടെ ആൾ ചെല്ലുമ്പോൾ കൃഷ്ണൻ കുളത്തിലേക്കു പോവാൻ പുറപ്പെട്ടു മഠത്തിന്റെ മിറ്റത്തു നിൽക്കുന്നു. അന്വേഷിച്ചതിൽ കൃഷ്ണനാണെന്നു അറിഞ്ഞശേഷം "വൈത്തിപ്പട്ടരു് വിളിക്കുന്നു "എന്ന് പട്ടരുടെ ആൾ പറഞ്ഞു. കൃഷ്ണൻ സന്തോഷിച്ചു മദിച്ചു കുതിച്ചു് ഓടി പട്ടരുടെ അടുക്കെ എത്തി.

"സ്വാമീ , സ്വാമീ, സ്വാമി വന്നുവോ ? എന്നെ ഇന്നുതന്നെ വല്ലതും വാങ്ങിത്തന്നു പറഞ്ഞയക്കണേ."

വൈ :- ആട്ടെ നീ അവിടെ പോയി നിന്റെ മുണ്ടുകളോ മറ്റൊ ഉണ്ടെങ്കിൽ അതുകൾ ആരു കാണാതെ എടുത്ത് ഇങ്ങട്ടുവാ , എനി നീ രാമൻമേനോന്റെ കൂടെ താമസിക്കേണ്ട. നിണക്കു നല്ല സമ്പാദ്യത്തിന്നു എല്ലാം വഴിയായിപ്പോയി.

കൃ :- അപ്പോൾ മാസ്പടി ചോദിക്കണ്ടെ ?

വൈ :- ഒരക്ഷരവും ഉരിയാടൊല്ല. ഉടനെ ഒളിച്ചുപോന്നോ. കാര്യം എല്ലാം നീ ഇവിടെ വന്നിട്ടു ഞാൻ പറഞ്ഞു തരാം. കാൽനാഴികയ്ക്കുള്ളിൽ നീ ഇവിടെ എത്തണം.

കൃ :- അങ്ങിനെ തന്നെ സ്വാമീ. എനിക്കെല്ലാം സ്വാമിയുടെ കല്പന തന്നെ.

എന്നു പറഞ്ഞു കൃഷ്ണൻ മടങ്ങിപ്പോയി. തനിക്കുണ്ടായിരുന്ന രണ്ടു മൂന്നു മുണ്ടുകളും കുടയും എടുത്ത് രാമൻമേനോന്റെ മഠത്തിൽ ആർക്കും സംശയം തോന്നിക്കാതെ ചാടി മടങ്ങി വൈത്തിപ്പട്ടരുടെ അടുക്കെ ചെന്നു. ഉടനെ മൂന്നുപേരും പൂഞ്ചോലക്കരയ്ക്ക് പുറപ്പെട്ടു. വൈത്തിപ്പട്ടരും കൃഷ്ണനും വഴിയിൽ ഒരു മഠത്തിൽ ഭക്ഷണത്തിനാണെന്നു പറഞ്ഞു കയറി. അവിടെ വെച്ചും പിന്നെ പൂഞ്ചോലക്കര സാവധാനത്തിൽ നടന്നു എത്തുന്നതുവരേക്കും ശാരദയേയും രാമൻമേനോനേയും കുറിച്ച് അച്ചൻ ചോദിച്ചാൽ പറയേണ്ടുന്ന വിവരങ്ങളെ എല്ലാം കൃഷ്ണനെ ഉരുക്കുഴിപ്പിച്ച് പഠിപ്പിച്ചു. പറഞ്ഞു കൊടുത്തതുപോലെ പറയാറായോ എന്നറിവാൻ രണ്ടു മൂന്നു പ്രാവശ്യം വൈത്തിപ്പട്ടര് തന്നെ കൃഷ്ണനെക്കൊണ്ട് കഥ പറയിച്ചു. വെടിപ്പായി പറയാറായി എന്നു പട്ടർക്ക് പൂർണ്ണബോദ്ധ്യമായശേഷം മാത്രം കൃഷ്ണനേയുംകൊണ്ടു വൈത്തിപ്പട്ടര് എടത്തിലേക്കു കയറിച്ചെന്നു. അപ്പോഴേക്കു രണ്ടു മൂന്നു നാഴിക രാവായിരിക്കുന്നു. അച്ചൻ അപ്പോൾ നാമത്തിന് ഇരിക്കുകയായിരുന്നു. വൈത്തിപ്പട്ടർ എത്തിയാൽ ഏതു സമയമായാലും ക്ഷണത്തിൽതന്നെ അറിയിക്കണമെന്നു കല്പിച്ചിരുന്നതിനാൽ നാമ

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/132&oldid=169767" എന്ന താളിൽനിന്ന് ശേഖരിച്ചത്