താൾ:Sarada.djvu/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ എന്തു പറയാനാണ്, ഉദയന്തളിക്കാർ ഒരു സമയം അവരുടെ ജാതിപോയാലും ഇവിടെ അപമാനം വരുത്തേണമെന്നായിരിക്കും വിചാരിക്കുന്നത്. ഞാൻ ഇതെല്ലാം പറഞ്ഞാൽ വഷളായി തീർന്നുവെങ്കിലോ ?

അ  :- ഛെ , ഛെ. അതുപോരാ. നാം ഇപ്പോൾ ഉദയന്തളി തിരുമുല്പാട്ടിലേക്കും മറ്റ് ആ ദിക്കിൽ ഉള്ള പ്രമാണപ്പെട്ട നമ്പൂതിരിപ്പാടുമാർക്കും മറ്റും വെടിപ്പായി വേണ്ടുന്ന അറിവു രേഖാമൂലം കൊടുക്കണം. സംശയമില്ല. എനി അതിനു വാദമുണ്ടോ ? ആരടോ അവിടെ. ശങ്കു നമ്പിയെ വിളിക്കട്ടെ ? രാഘവനുണ്ണി എവിടെ ?

എന്നു പറഞ്ഞുകൊണ്ട് അച്ചൻ ക്രോധത്താലും , ശൌര്യത്താലും , ലജ്ജയാലും , തെളിവു കിട്ടിപ്പോയി എന്നുള്ള സന്തോഷത്താലും , ആകപ്പാടെ ഒരു ഭ്രാന്ത ചിത്തത്തിന്റെ നിലയിൽ ആയി ബദ്ധപ്പെട്ട് മാളികമുകളിൽനിന്ന് താഴത്തേക്ക് ഇറങ്ങി.

ആ ധൃതഗതി ആകപ്പാടെ കണ്ടപ്പോൾ വൈത്തിപ്പട്ടർക്ക് അല്പം ഭയം ഉണ്ടായി. തന്റെ ഈ പെരുംകളവ് ക്രമേണ ഉറപ്പിച്ചു കൊണ്ടുവന്നിട്ട് ലേശം ലേശമായി പുറത്തുവിട്ടു ക്രമേണ ജനങ്ങളെ മനസ്സിലാക്കി വന്നാലേ ഒരു സമയം നിലനില്ക്കുകയുള്ളു എന്നും ഒന്നായിട്ട് കൊട്ടിഘോഷിച്ച് ക്ഷണേന പരത്തിയാൽ ഒരു സമയം ക്ഷണത്തിൽ വെളിവായിപ്പോയാലോ എന്നും കുരുട്ട് ആലോചനയിൽ വൻപനായ വൈത്തിപ്പട്ടർക്ക് തോന്നിയതിനാൽ അച്ചന്റെ ഗോഷ്ടികൾ കണ്ടപ്പോൾ കുറെ ഭയവും വ്യസനവുമാണ് വൈത്തിപ്പട്ടർക്ക് ഉണ്ടായത്. പട്ടാണിജാതിയാണ് കുട്ടി എന്നു കൃഷ്ണന്റെ മുഖത്തിൽനിന്നു കേട്ടപ്പോൽ വെടികേട്ടു ശീലമില്ലാത്ത ഒരു ആന അടുത്തു വെടിപൊട്ടുന്ന ശബ്ദം കേട്ട് ഞെട്ടി മെരളുന്ന മാതിരി അച്ചൻ മെരളുന്നതുകണ്ട് വൈത്തിപ്പട്ടർ ഭയപ്പെട്ടു. ആട്ടെ വന്നതെല്ലാം വരട്ടെ. വല്ലതും ഇതിൽ തകരാറു വന്നാൽ അത് ഒഴിക്കാനും മാർഗ്ഗമുണ്ടെന്നു കണ്ടു പട്ടരുടെ ഭീതിക്ക് വളരെ ആധിക്യത ഉണ്ടായില്ല.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/135&oldid=169770" എന്ന താളിൽനിന്ന് ശേഖരിച്ചത്