താൾ:Sarada.djvu/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏഴാം അദ്ധ്യായം


ഉദയന്തളിക്കു കത്തയച്ചതിന്റെ ഏഴാം ദിവസം പൂഞ്ചോലക്കര അച്ചനു റജിസ്ട്രു ചെയ്തതായ ഒരു കത്തുകിട്ടി. കത്തു തുറന്നു താഴെ പറയും പ്രകാരം വായിച്ചു.

"രാജമാന്യരാജശ്രീ"


പൂഞ്ചോലക്കര വലിയ അച്ചൻ അവർകൾ അറിവാൻ,


താങ്കളുടെ മരുമകളായ മരിച്ച കല്യാണിഅമ്മയുടെ മകൾ ശാരദ എന്നപെൺകുട്ടിയെ ആ കുട്ടിയുടെ സ്ഥിതിക്കും യോഗ്യതയ്ക്കും തക്കവിധം രക്ഷിപ്പാൻ താങ്കൾ വീഴ്ച ചെയ്യുന്നതിനാൽ ആ കുട്ടി തന്റെ രക്ഷിതാവായ അച്ഛൻ രാമൻമേനോൻ മുഖാന്തിരം തന്റെ അവകാശങ്ങളെ സ്ഥാപിച്ചു കിട്ടുവാൻ സിവിൾ കോർട്ടിൽ ഒരു വ്യവഹാരം തുടങ്ങുവാൻ വിചാരിക്കുന്നു എന്നും താങ്കൾ ഇന്നു മുതൽ പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ ആ കുട്ടിയെ താങ്കളുടെ എടത്തിലെ സന്തതിയായി കൈക്കൊണ്ടു വേണ്ടുന്ന എല്ലാ സംരക്ഷണങ്ങളും ചെയ്യുമെന്നു് രേഖാ മൂലമായി എന്നെ അറിയിക്കുന്നില്ലെങ്കിൽ താങ്കളുടെയും താങ്കളുടെ അനന്തരവന്മാരുടേയുംമേൽ മേല്പറഞ്ഞപ്രകാരമുള്ള ഒരു സിവിൾ വ്യവഹാരം നടത്താൻ മേല്പറഞ്ഞ കുട്ടി രക്ഷിതാവു് രാമൻമേനോൻ മുഖാന്തിരം എന്നെ നിശ്ചയിച്ചിരിക്കുന്നു എന്നും ഈ കത്തിനു താങ്കൾ മറുവടി അയപ്പാൻ വിചാരിക്കുന്നുണ്ടെങ്കിൽ അതു് എനിക്കു് അയക്കേണ്ടതാണെന്നും ഇതിനാൽ അറിയിച്ചിരിക്കുന്നു.


രാഘവമേനോൻ



ഒന്നാം ഗ്രേഡ് വക്കീൽ



ഈ കത്തു വായിച്ചപ്പോൾ അച്ചനു് ഉണ്ടായ വ്യസനവും ലജ്ജയും ക്രോധവും ഇന്നപ്രകാരമെന്ന് പറവാൻ പ്രയാസം. ഉടനെ രാഘവനുണ്ണിയെ വിളിച്ചു.

അച്ചൻ:- എനിയും നോം താമസിക്കുന്നതത്ര വെടിപ്പല്ലാ. ആ വൈത്തിപ്പട്ടരെ ക്ഷണത്തിൽനോക്കി പാട്ടിൽ പിടിക്കണം. എന്നാൽ ഈ കാര്യം എല്ലാം വെളിവാവും. പക്ഷെ എന്തു ചിലവു വന്നാലും വേണ്ടതില്ല. ഉടനെ ആൾ പോവട്ടെ. തക്കതായ ഒരാളെ അയയ്ക്കണം. നോം ആളെ അയയ്ക്കുമ്പോൾ പട്ടരു് വീർയ്യം നടിച്ചു വരാൻ മടിക്കും. പോവുന്നാൾ സമർത്ഥനായാൽ അയാളെ കൊണ്ടുവരാം.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/114&oldid=169747" എന്ന താളിൽനിന്ന് ശേഖരിച്ചത്