താൾ:Sarada.djvu/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അച്ചൻ :- കത്ത് വിശേഷമായിരിക്കുന്നു. കർപ്പൂരം ആൾ സമർത്ഥൻ തന്നെ. ഇതു കർപ്പൂരം ഉണ്ടാക്കിയതോ ശാമുവിന്റെ വാചകമോ ?

താ:- അവർ രണ്ടാളുടേതുമല്ല. നുമ്മടെ കുട്ടി കൃഷ്ണമേനോൻ ഉണ്ടാക്കിയതാണു്. ഞാൻ ഈ പകർപ്പു ഇവിടുന്നു പോവുമ്പോൾ കൊണ്ടുപോയിരുന്നു. അതു കർപ്പൂരയ്യനും ശാമുമേനോനും നോക്കി സമ്മതിച്ചതാണു്.

അച്ചൻ:- (ക്രോധത്തോടെ) അതു് എന്താണു്. അവർക്കുതന്നെ ഒരു കത്ത് ഉണ്ടാക്കി അയക്കരുതേ? ഇവർ ഇത്ര ഉപേക്ഷ കാണിക്കുന്നത് എന്താണു്? കൃഷ്ണനു് ഇതിൽ ഒന്നും പരിചയമായിട്ടില്ല. അവർ എഴുതുവാനുള്ള മടികൊണ്ട് ഇതു മതി എന്നു പറഞ്ഞയച്ചതായിരിക്കും. അങ്ങിനെ വരട്ടെ. കത്തു വായിച്ചു കേട്ടപ്പോൾ തന്നെ ഇതു മുഴുവനും സംഗതികൾക്കു് മറുപടിയായിട്ടില്ലെന്നു് എനിക്കു തോന്നി. ഇങ്ങട്ടു് അയച്ച കത്തിന്റെ ഒരു പകുതിയോളംകൂടി ഇല്ല. മറുവടി ഇതു പോരാ. താച്ചു വീണ്ടും പോയി കർപ്പൂരത്തെക്കൊണ്ടും ശാമുവെക്കൊണ്ടും തന്നെ ഒരു മറുവടി ഉണ്ടാക്കിച്ചുകൊണ്ടുവരണം. മടങ്ങി വീണ്ടും പോവാൻ വളരെ മടിയുള്ള താശ്ശന്മേനോൻ:- അങ്ങിനെയല്ല. ഈ കത്ത് വളരെ വിശേഷമായിരിക്കുന്നു എന്ന് എല്ലാ വക്കീലന്മാരും സമ്മതിച്ചിരിക്കുന്നു. വക്കീൽ രാഘവമേനോൻ, മാധവമേനോൻ ഇവർക്കു എല്ലാം സമ്മതമായിരിക്കുന്നു. എന്നല്ല കർപ്പൂരയ്യനും വളരെ ആലോചിച്ചു നോക്കിയശേഷമാണ് സമ്മതിച്ചതു്.

അച്ചൻ കുറഞ്ഞൊന്നു ആലോചിച്ചിട്ടു്.

"കർപ്പൂരം ഈ കത്തു വേണ്ടുവോളം മതി എന്നു സമ്മതിച്ചുവോ?"

താ:- വേണ്ടുവോളം മതി. ബഹുവിശേഷമായിരിക്കുന്നു എന്നു പറഞ്ഞു.

അ:- എന്നാൽ അങ്ങിനെയാവട്ടെ. ഇത്ര വലിയ പ്രഭുക്കന്മാരെ വക്കീലന്മാരാക്കിയാൽ ഇങ്ങനെ ഇരിക്കും. ആവട്ടെ. ഈ കത്ത് ഒരാൾ ഉദയന്തളിയിലേക്കു കൊണ്ടുപോയി കൊടുക്കട്ടെ.

അച്ചൻ കല്പിച്ച പ്രകാരം പിറ്റേദിവസം ഈ കത്തുംകൊണ്ടു് ഒരാൾ ഉദയന്തളിയിലേക്കായി പുറപ്പെടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/113&oldid=169746" എന്ന താളിൽനിന്ന് ശേഖരിച്ചത്