"ആട്ടെ പണത്തിന്റെ കാര്യം എങ്ങനെയെങ്കിലും ഇരിക്കട്ടെ." എന്നു പറഞ്ഞു് പട്ടർ പിന്നെയും ഒരു മന്ദഹാസം ചെയ്തു. "അസംഖ്യം പണം കയ്യിൽ വച്ചിട്ടു് ഒന്നുമില്ലെന്നു പറയുകയോ? ഈ വിദ്യ ആർക്കും മനസ്സിലാവുകയില്ലെന്നാണോ ധരിച്ചിരിക്കുന്നതു്?" അതൊക്കെ തനിക്കു് നല്ല നിശ്ചയമുണ്ടു് എന്നു വാക്കുകൾകൊണ്ടു പറഞ്ഞാൽ അറിയുന്നതിലുമധികം വെടിപ്പായി മനസ്സിൽ തോന്നിക്കുന്ന വിധം പിന്നെയും പട്ടർ ഒന്നു തല ഇളക്കി മന്ദഹസിച്ചു.
രാ:-എന്താണു് നിങ്ങൾ ചിരിക്കുന്നതു്? സത്യമായിട്ടും ഞാൻ സമ്പാദിച്ചിരുന്ന പണം എല്ലാം നശിച്ചുപോയി. ഞാൻ ഭോഷ്കു് പറയുന്നതല്ല. ഭോഷ്ക് ഞാൻ ഒരിക്കലും പറയുകയില്ല. ഒരു അമ്പതിനായിരം ഉറുപ്പികയോളം ഞാൻ വടക്കു് ആഗ്രാ എന്ന സ്ഥലത്തുള്ള നാട്ടുകാരുടെ ബേങ്കിൽ പലിശയ്ക്കു കൊടുത്തിരുന്നു. ആ ബേങ്കു കടത്തിൽപ്പെട്ടു നശിച്ചുപോയി. എന്റെ പണം സകലവും പോയി.
വൈത്തിപ്പട്ടർ:-(അത്യന്തം ശ്രദ്ധയോടുകൂടി) ഒരു കാശുപോലും ബേങ്കിൽനിന്നു കിട്ടിയില്ലെന്നോ?
രാ:-അല്പം പണം കടക്കാർക്കു് ഓഹരി ഇട്ട കൂട്ടത്തിൽ എനിക്കും കിട്ടീട്ടുണ്ടു്.
വൈ:-(ആർത്തിയോടെ) എത്ര പണം കിട്ടി എന്നറിഞ്ഞില്ല.
രാ:-സാരമില്ല. ഒന്നുരണ്ടായിരം ഉറുപ്പിക കിട്ടി. അത്ര മാത്രമേ ഉള്ളു.
വൈ:-(വലിയ സർപ്പദൃഷ്ടി ഇട്ടുംകൊണ്ടു്) കല്യാണിയമ്മയുടെ പക്കൽ പത്തായിരം ഉറുപ്പികയ്ക്കു മീതെ വിലയുള്ള പണ്ടങ്ങൾ ഉണ്ടായിരുന്നുവല്ലൊ. അതും പോയോ?
രാ:-അതുകളിൽ അധികം വില പിടിച്ചതെല്ലാം ഓരോ ആവശ്യങ്ങൾ നിമിത്തം എനിക്കു ചിത്രമെഴുത്തിൽ നല്ല സമ്പാദ്യം തുടങ്ങുന്നതിനു മുൻപു വിറ്റുപോയിരിക്കുന്നു.
വൈ:-(അത്യന്തം വിഷാദിച്ചുകൊണ്ടു്)അപ്പോൾ ശാരദയ്ക്കുകൂടി പണ്ടങ്ങൾ ഒന്നും ഉണ്ടാക്കിച്ചുകൊടുത്തിട്ടില്ലെന്നോ?
രാ:-അല്പമായി ചില പണ്ടങ്ങൾ ഉണ്ടു്. വളരെ എല്ലാം ഉണ്ടാക്കിച്ചുകൊടുക്കണമെന്നായിരുന്നു മോഹം. അപ്പോഴാണു് ഞാൻ വളരെപ്പെട്ടെന്നു് ദരിദ്രനായിത്തീർന്നതു്.
വൈ:-(കഠിന കുണ്ഠിതത്തോടെ) എന്നാൽ ബേങ്കിൽ നിന്നു കിട്ടിയ ഒന്നുരണ്ടായിരം ഉറുപ്പികയും ഏകദേശമെല്ലാം വഴിച്ചിലവിനും കല്യാണിഅമ്മയുടെ ദീനച്ചെലവിനും മറ്റും ചിലവായിരിക്കണം.