വൈ:- അതെ, അതെ. എന്നാൽ രാമവർമ്മൻ തിരുമുല്പാടു ആൾ വികൃതിയാണു്. പലരുടേയും മുതൽ തട്ടിപ്പറിച്ചിട്ടുണ്ടു്. ആ ദിക്കിൽ പോകുന്നതു് അത്ര വെടിപ്പുണ്ടെന്നു തോന്നുന്നില്ല. നമ്മളെ മോശപ്പെടുത്തി പണം തട്ടിപ്പറിക്കാൻ നല്ല സാമർത്ഥ്യമുള്ളയാളാണു് ഈ തിരുമുല്പാടു്. എജമാനന്റെ പക്കൽ വേണ്ടുന്ന പണമുള്ള അവസ്ഥയ്ക്കു നോം എന്തിനു് ഈ ദുഷ്ടന്റെ അടുക്കൽ പോയി താമസിക്കുന്നു. നല്ലോരു വീടു് ഈ ദിക്കിൽ എങ്ങാൻ പണിയിക്കാമല്ലോ. എജമാനൻ ഒരു കല്പന തന്നാൽ ഒരു മാസത്തിനുള്ളിൽ ഒന്നാന്തരം ഒരു വീടു് ഈ ദിക്കിൽ തന്നെ ഞാൻ പണിയിക്കാമല്ലോ. അതിനു എന്തു പ്രയാസം. ഇത്ര അധികം പണം കയ്യിൽ ഇരിക്കുമ്പോൾ യാതൊന്നിനും നുമ്മൽക്കു ബുദ്ധിമുട്ടു വരികയില്ല. നിശ്ചയമല്ലെ.
രാ:- എത്ര അധികം പണം- എന്റെ പക്കൽ വളരെ പണമില്ല. സ്വാമീ നിങ്ങൾ വെറുതെ അന്ധാളിക്കരുതു്. ഞാൻ കുറെ അധികം സമ്പാദിച്ചു. ശരിതന്നെ. പക്ഷെ അതെല്ലാം നശിച്ചുപോയി. ഞാൻ ഇപ്പോൾ സൂക്ഷ്മത്തിൽ വലിയ ഒരു ദരിദ്രനാണു്. വലിയ വീടും മറ്റും പണിയിക്കാൻ കേവലം അസാദ്ധ്യമാണു്. തൽക്കാലം വല്ല സ്ഥലവും വാടകയ്ക്കോ മറ്റോ വാങ്ങണമെന്നു വിചാരിച്ചിട്ടേയുള്ളു. ശാരദയെ വിദ്യ അഭ്യസിപ്പിക്കുവാനും എന്റെ പക്കൽ ദ്രവ്യമില്ല. കഷ്ടിച്ചു കുറെ കാലത്തേക്കു ശാപ്പാടു് ചിലവിന്നു തന്നെ മുതൽ ഉണ്ടോ എന്നു സംശയമാണു്. നിങ്ങൾ കാര്യം അബദ്ധമായിട്ടാണു് മനസ്സിലാക്കിയിരിക്കുന്നതു്. സ്വത്തു് ധാരാളം എനിക്കുണ്ടായിരുന്നുവെങ്കിൽ ഞാൻ ശാരദയെപ്പറ്റി പൂഞ്ചോലക്കര എടത്തിലേക്കു ഒരിക്കലും എഴുതുകയില്ലായിരുന്നു.
ഈ വാക്കുകൾ കേട്ടപ്പോൾ ആദ്യം വൈത്തിപ്പട്ടരുടെ മനസ്സിനു വലിയ കുണ്ഠിതവും വ്യസനവുമാണു് ഉണ്ടായതു്. എങ്കിലും ക്രമേണ അതിന്നു നിവൃത്തിയും ഉണ്ടായി. ഒരുവന്റെ കയ്യിൽ വളരെ പണമുണ്ടെങ്കിലും അവൻ അങ്ങിനെ ഉണ്ടെന്നു ക്ഷണത്തിൽ മറ്റൊരുവനോടു് സമ്മതിക്കുമൊ? ഒരിക്കലും സമ്മതിക്കയില്ല. രാമൻ മേനോൻ തന്നോടു പറഞ്ഞതു് ഒരിക്കലും വാസ്തവമായിരിക്കാൻ പാടില്ല. വളരെ പണം നിശ്ചയമായും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടെന്നുതന്നെ തീർച്ചയാക്കി മ്ലേച്ഛസ്ഥിതിയിൽ നീണ്ടുനില്ക്കുന്ന പല്ലുകളെ ഒരു മന്ദഹാസത്താൽ മുഴുവൻ പുറത്തുകാണിച്ചുകൊണ്ടും തല പതുക്കെ ഒന്നു കുലുക്കിക്കൊണ്ടും വൈത്തിപ്പട്ടരു് ഇങ്ങനെ പറഞ്ഞു.