Jump to content

താൾ:Sarada.djvu/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല്ലല്ലോ. എജമാനൻ എന്താണു് എനി ചെയ്‌വാൻ ഭാവിക്കുന്നതു് എന്നും ഞാൻ അറിഞ്ഞില്ല. ശാരദയെ വല്ല സംഗീതമോ മറ്റോ പഠിപ്പിക്കേണ്ട കാലമാണല്ലൊ ഇതു്. നമുക്കു് ഒരു പാർപ്പിടം വേണ്ടെ. ഏതെങ്കിലും ചില നിശ്ചയങ്ങൾ ചെയ്തു പ്രവർത്തിക്കേണ്ട കാലമായിരിക്കുന്നു എന്നു് എനിക്കു് തോന്നുന്നു."

രാ:-ഉദയന്തളി രാമവർമ്മൻ തിരുമുല്പാടു് എന്നൊരാളെക്കുറിച്ചു നിങ്ങൾ മുമ്പു് എന്നോടു പറഞ്ഞില്ലേ. അദ്ദേഹത്തിന്റെ ദിക്കു് ഈ മരിച്ച സാധു നമ്പൂതിരിയുടെ ദിക്കാണു് അല്ലേ. ഇവിടെനിന്നു എത്ര ദൂരമാണു് ആ ദിക്കു്?

വൈ:-ഉദയന്തളി എന്ന പ്രദേശം, പൂഞ്ചോലക്കര എടത്തിൽ നിന്നു് ഏകദേശം ഒന്നു രണ്ടു കാതം തെക്കാണെന്നു തോന്നുന്നു. എന്തണു് ഇതു ചോദിപ്പാൻ കാരണമെന്നറിഞ്ഞില്ല.

രാ:-പക്ഷെ ആ പ്രദേശത്തു് എങ്ങാനും ഒരു സ്ഥലം വാങ്ങി ചെറിയ ഒരു വീടും വാങ്ങി അവിടെ താമസമാക്കിയാലോ എന്നു ആലോചിക്കുന്നു.

ഈ വാക്കുകൾ കേട്ടപ്പോൾ വൈത്തിപ്പട്ടരുടെ മുഖം കാണേണ്ടതായിരുന്നു. സ്വതേയുള്ള ഗോഷ്ഠികൾക്കു് എല്ലാം വളരെ വെളിവും തെളിവും കൂടി. പട്ടരു് വല്ലാതെ അന്ധനായി ഒന്നും ഉത്തരം പറയാതെ അല്പനേരം ഇരുന്നു. തന്റെ സകല മോഹങ്ങളും നിഷ്ഫലമായി എന്നു തീർച്ചയായും നിശ്ചയിച്ചു പട്ടരു് അത്യന്തം വ്യസനത്തിലായി. ഉദയന്തളി രാമവർമ്മൻ തിരുമുല്പാടിനെ വൈത്തിപ്പട്ടർ നല്ലവണ്ണം അറിയും. രാമൻ മേനോൻ ഉദയന്തളിയിൽ താമസിക്കുന്നതായാൽ പിന്നെ ഇദ്ദേഹത്തിന്റെ സകല കാര്യങ്ങളും രാമവർമ്മൻ തിരുമുൽപാടിന്റെ ചൊല്പടിക്കു് അല്ലാതെ നടക്കുകയില്ലെന്നു നിശ്ചയമാണു്. രാമവർമ്മൻ തിരുമുല്പാടു് കൂടി ഇദ്ദേഹത്തിനു സഹായമായാൽ ഒരുനൂറ് ശങ്കരന്മാരു് തന്നെ ദ്രോഹിപ്പാൻ രാമന്മേനോന്റെ ഒന്നിച്ചു കൂടിയതുപോലെ ആയി. കഷ്ടം ഇങ്ങിനെ വരുന്നതായാൽ എന്തു നിവൃത്തി, എന്നും മറ്റുമുള്ള വിചാരങ്ങൾ പട്ടരുടെ മനസ്സിൽ കിടന്നു് മിന്നൽ ജ്വലിച്ചു് അടിക്കുന്നതുപോലെ പ്രവർത്തിച്ചു.

രാ:- എന്താണു് നിങ്ങളുടെ അഭിപ്രായം. അങ്ങിനെ ആക്കുന്നതല്ലേ നല്ലതു്. ആ തിരുമുല്പാടിനു കല്യാണിയോടു സ്നേഹമുണ്ടായിരുന്നുവെന്നും കല്യാണിയുടെ അനുജത്തിയുടെ ഭർത്താവായിരുന്നു എന്നുമല്ലേ നിങ്ങൾ പറഞ്ഞതു്?

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/80&oldid=169889" എന്ന താളിൽനിന്ന് ശേഖരിച്ചത്