താൾ:Sarada.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദയവർമ്മൻ തിരുമുല്പാടും ആൾക്കാരും എത്തിയതു് വൈത്തിപ്പട്ടരു് കണ്ടു. ഇതുവരെ അയാൾക്കു് അത്യാഗ്രഹം നിമിത്തം ചെയ്ത പ്രവൃത്തികളിൽ പലെ പ്രതിബന്ധങ്ങളും നേരിട്ടിരുന്നുവെങ്കിലും; മനസ്സിനു വളരെ കുണ്ഠിതം ചിലപ്പോൾ ഉണ്ടായിരുന്നുവെങ്കിലും തന്റെ ദുരാശയെ കേവലം ത്യജിക്കേണ്ടതിനു മാത്രം ഖണ്ഡിതമായ യാതൊരു സംഗതിയും കണ്ടിരുന്നില്ല. ഉദയന്തളിയിൽ പോയി താമസിക്കണമെന്നു രാമൻ മേനോനു് ആഗ്രഹമുണ്ടായി. എങ്കിലും രാമവർമ്മൻ തിരുമുല്പാടിനു് ഇതു് അത്ര രസമായി വരുമോ എന്നുള്ളതിനെക്കുറിച്ചു് വൈത്തിപ്പട്ടരു് ഒന്നും ഇതുവരെ അറിഞ്ഞിട്ടില്ല. പക്ഷെ രാമന്മേനോൻ ഉദയന്തളിയിലേക്കു പോവുമായിരിക്കും. എന്നാൽ ഇതു അത്ര വേഗം ഉണ്ടാവുകയില്ല. കുറെ ദിവസങ്ങൾ എങ്കിലും രാമൻ മേനോനും പണപ്പെട്ടിയും തന്റെ പുതിയ ഗ്രഹത്തിൽ തന്നെ ഉണ്ടാവുമെന്നായിരുന്നു വൈത്തിപ്പട്ടരു് വിചാരിച്ചിരുന്നതു്. പിന്നെ രാമൻ മേനോന്റെ പക്കൽ താൻ വിചാരിച്ചിരുന്നിടത്തോളം പണം ഇല്ലെങ്കിലും ഏതാനും ദ്രവ്യം ഉണ്ടെന്നുള്ളതിനു സംശയമില്ല. താൻ ഒരു കാര്യം പ്രവർത്തിച്ചതു് ഫലിച്ചെങ്കിലും എനിയും ആ വക പ്രവർത്തികൾ ചെയ്തു പരീക്ഷിക്കുന്നതിനുള്ള മാർഗ്ഗം കേവലം കാണാതെ ആയിട്ടുണ്ടായിരുന്നില്ല. ശങ്കരൻ തന്റെ കഠിന ശത്രുവായിരുന്നെങ്കിലും അവൻ അപ്പോൾ തന്റെ അധീനത്തിൽത്തന്നെ ആയിരുന്നു. ദ്രവ്യം വച്ച പെട്ടിയുടെ താക്കോൽ ശങ്കരന്റെ വശമായിരുന്നുവെങ്കിലും പെട്ടി ഇരിക്കുന്നതു് തന്റെ ഗൃഹത്തിൽ തന്നെയാണു്. വിശേഷിച്ചു് ഇപ്പോൾ രാമൻ മേനോൻ താമസമാക്കിയ ഗൃഹം ജനബാഹുല്യമില്ലാത്ത ഒരു ഉൾനാട്ടിലായിരുന്നു. ഈ വക സംഗതികളെ ഓർത്തു വൈത്തിപ്പട്ടരു് തന്റെ ദുർമ്മോഹങ്ങളെ ഇതുവരെ കേവലം വിട്ടിരുന്നില്ല. ഉദയവർമ്മൻ തിരുമുല്പാടിനേയും ആൾക്കാരേയും ഒന്നായിക്കണ്ട നിമിഷത്തിൽ അത്യാശാപർവ്വതത്തിന്റെ കൊടുമുടിയിൽ നിന്നിരുന്ന വൈത്തിപ്പട്ടരുടെ മനസ്സു കൊടുമുടിയോടുകൂടി ഇടിഞ്ഞു് അത്യഗാധത്തിൽ ഒരുവിധം കയറുവാൻ വഴി കാണാത്ത അന്ധകാരത്തിൽ വീണുപോയി.

"നമശ്ശിവായ, നമശ്ശിവായ ! കഴിഞ്ഞു. സകലതും കഴിഞ്ഞു. രാമൻ മേനോനും പണപ്പെട്ടിയും നോക്കി നോക്കി ഇരിക്കെ, തൊട്ടു തൊട്ടു ഇരിക്കെ ഇതാ ഇതാ ആകാശത്തിലേക്കു മറഞ്ഞു മറഞ്ഞു പോകുന്നു. ഈശ്വരാ! ഈവിധം വന്നുവല്ലോ. ഒന്നുവാരാൻ സാധിച്ചില്ലല്ലോ! ഇത്ര നിർഭാഗ്യവാനാണല്ലോ; ഞാൻ" എന്നിങ്ങനെ തിരുമുല്പാടും ആൾക്കാരും വന്നുകയറിയ ക്ഷണത്തിൽ പട്ടരുടെ മനസ്സിൽ അത്യന്തസങ്കടത്തോടു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/84&oldid=169893" എന്ന താളിൽനിന്ന് ശേഖരിച്ചത്