താൾ:Sarada.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കൂടിതോന്നി. എനി എന്തു നിവൃത്തി? ഒരു നിവൃത്തിയും ഇല്ല. ആവട്ടെ ഇപ്പോൾ വല്ലതും ആവശ്യപ്പെട്ടാൽ രാമൻ മേനോൻ തരുമോ എന്നു പരീക്ഷിച്ചുനോക്കണം എന്നു നിശ്ചയിച്ചു വൈത്തിപ്പട്ടരു് രാത്രി രാമന്മേനോന്റെ അത്താഴം കഴിഞശേഷം അദ്ദേഹത്തിന്റെ മുമ്പില്പോയി വളരെ വിനയപൂർവം ഇങ്ങനെ പറഞ്ഞു.

വൈ:-എജമാനൻ നാളെ രാവിലെ ഉദയന്തളിക്കു പുറപ്പെടുവാൻ നിശ്ചയിച്ചുവായിരിക്കാം. ഞാൻ കൂടി വരണമെന്നു കല്പനയായാൽ വരാം. ഞാൻ കുടുംബിയാണു്. അഹോവൃത്തിക്കു സ്വത്തു ഇല്ലാത്തവനാണു്. കല്പനയായാൽ ഞാൻ വരാം. എന്നേയും കുടുംബത്തേയും എജമാനൻ തന്നെ രക്ഷിക്കണം. എജമാനന്റെ പക്കലും അധികം പണമില്ലെന്നാണല്ലോ പറഞ്ഞതു്.എന്നാൽ ഉള്ളതിന്റെ അവസ്ഥ പോലെ എന്നേയും കുടുംബത്തേയും എജമാനൻ രക്ഷിക്കാതിരിക്കയില്ലെന്നു എനിക്കു നിശ്ചയമുണ്ടു്. നുമ്മടെ കുട്ടി ശാരദയെ പൂഞ്ചോലക്കര എടത്തിൽനിന്നും സ്വീകരിക്കുന്നുവെങ്കിൽ പിന്നെ യതൊരു ബുദ്ധിമുട്ടും ഇല്ല. സ്വീകരിക്കുന്നില്ലെങ്കിൽ പിന്നെ അതിന്റെ നിവൃത്തിക്കുള്ള വഴി നോക്കണമല്ലോ. ഞാൻ എന്താണു് ഇതിൽ വേണ്ടതു് എന്നു വച്ചാൽ എന്റെ ദേഹത്തെ ഉപേക്ഷിച്ചൂംകൂടി പ്രവർത്തിക്കാൻ ഒരുക്കമാണു്. എജമാനനേ, എജമാനന്റെ ദയവു് എല്ലായ്പോഴും വേണം. എന്റെ അപേക്ഷ അത്രമാത്രമേ ഉള്ളു.

ഈ വാക്കുകൾ കേട്ട രാമൻ മേനോൻ നാലെട്ടു നിമിഷം ഒന്നും ഉരിയാടാതെ വിചാരിച്ചശേഷം-

രാ:-നിങ്ങൾ തൽക്കാലം എന്റെ കൂടെവന്നു ബുദ്ധിമുട്ടേണ്ട. നിങ്ങളുടെ സാവകാശം പോലെ എന്നെ കാണാൻ വന്നാൽ മതി.

എന്നുപറഞ്ഞു് എഴുത്തുപെട്ടി തുറന്നു അമ്പതൂറുപ്പികയുടെ ഒരു നോട്ടു് എടുത്തു പട്ടരുടെ വശം കൊടുത്തു.

രാ:-നിങ്ങൾ എനിക്കുവേണ്ടി ചെയ്ത പ്രവൃത്തികൾക്കു് ഇതു മതിയായ ഒരു പ്രതിഫലമാവുമോ എന്നു ഞാൻ അറിയുന്നില്ല. എങ്കിലും തൽക്കാലം നിങ്ങൾ ഇതുകൊണ്ടു സന്തോഷിക്കുമെന്നു ഞാൻ കരുതുന്നു. നിങ്ങളുടെ ഭാര്യ എനിക്കും ശാരദയ്ക്കും ഭക്ഷണം ഉണ്ടാക്കിതരുന്നതിലും മറ്റും വളരെ ജാഗ്രതയായി നിന്നിരിക്കുന്നു. ഞാൻ ഇപ്പോൾ തന്ന സംഖ്യ നിങ്ങളുടെ ഭാര്യയ്ക്കും കുട്ടികൾക്കും പ്രത്യേകമായി ചെയ്ത ഒരു സമ്മാനമാണെന്നു വിചാരിക്കണം.

വൈ:-(നോട്ടു സൂക്ഷിച്ചുനോക്കി സംഖ്യ മനസ്സിലായശേഷം) എനിക്കു് ഇന്നതു കിട്ടണമെന്നു് ഒരാഗ്രഹവുമില്ല. എജമാനനേ.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/85&oldid=169894" എന്ന താളിൽനിന്ന് ശേഖരിച്ചത്