താൾ:Sarada.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഞാൻ ഒരു അത്യാഗ്രഹിയാണെന്നു എജമാനൻ ഒരിക്കലും വിചാരിക്കരുത്. എന്നെപ്പോലെ ദ്രവ്യത്തിനു് അത്യാഗ്രഹമില്ലാതെ ഒരു പട്ടര് ഈ ലോകത്തിൽ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ഞാൻ കുടുംബിയാണ്. ദരിദ്രനാണ്. എന്തും ചെയ്യും. ഒരുവിധം അഹോവൃത്തി എനിക്കും കുടുംബങ്ങൾക്കും കഴിയണ്ടെ. എനിക്ക് ഇപ്പോൾ ഈ ദിക്കിൽ വളരെ കടം കൊടുപ്പാനുണ്ട്. കടക്കാരുടെ ഉപദ്രവം കൊണ്ടു പുറത്ത് ഇറങ്ങി സഞ്ചരിപ്പാൻ വൈകാതെ ആയിരിക്കുന്നു. എജമാനനെ , ഈ ഗൃഹം ഒന്നു നന്നാക്കണമെന്നു ഞാൻ വളരെ കാലമായി വിചാരിച്ചിരിക്കുന്നു. ഓല മാറ്റി കെട്ടിക്കാൻ എന്റെ കയ്യിൽ പണമില്ലാത്തതിനാൽ കഴിഞ്ഞ മൂന്നു കൊല്ലങ്ങളിൽ ഓല കെട്ടീട്ടില്ല. വാരി കഴുക്കോൽ മുതലായത് സകലതും നനഞ്ഞ് ദ്രവിച്ചുപോയി. എജമാനന് പാർപ്പാനാണു നന്നാക്കിയിരിക്കുന്നത്. ചിലവ് , എജമാനൻ വച്ചുതരുമെന്ന് പറഞ്ഞ് ഒല , മുള , കമുങ്ങ് മുതലായത് കടമായി വാങ്ങീട്ടാണ് എജമാനനെ ഞാൻ ചിലവിട്ടു നന്നാക്കിച്ചത്. കൂലിക്കാർക്ക് ഒരു പയിസപോലും കൂലി ഇതുവരെ കൊടുത്തിട്ടില്ല. എജമാനനോടു വാങ്ങി തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പണി എടുപ്പിച്ചതാണ്. ആകെ എനി ഇരുപത്തേഴു ഉറുപ്പികയോളം ഇതു നിമിത്തം കടമായിട്ടുണ്ട്. എനി ഈ കടക്കാരുമായി യുദ്ധം വെട്ടണം.. രണ്ടു ദിവസം എജമാനൻ ഇതിൽ താമസിച്ചിരുന്നുവെങ്കിൽ എജമാനനോടു വാങ്ങീട്ടുതന്നെ ഞാൻ ഈ കടം വീട്ടുമായിരുന്നു. ഇത്രവേഗം എജമാനൻ ഉദയന്തളിയിലേക്കു പോവുമെന്നറിഞ്ഞിരുന്നുവെങ്കിൽ ഇത്ര വെടുപ്പിൽ ഞാൻ ഈ ഗൃഹം നന്നാക്കിക്കുന്നതല്ലായിരുന്നു. എന്തു ചെയ്യാം ഭാഗ്യമില്ലാഞ്ഞാൽ ചെയ്യുന്നത് ഒക്കെയും ഇങ്ങിനെ അല്ലാതെ വരാൻ പാടില്ലല്ലോ.

രാമൻമേനോൻ ഉടനെ ശങ്കരനെ വിളിപ്പിച്ചു. ഇരുപത്തേഴുറുപ്പിക വൈത്തിപ്പട്ടർക്കു കൊടുക്കാൻ പറഞ്ഞു. വൈത്തിപ്പട്ടര് അതു വാങ്ങി.

വൈ :- അത് എനിക്ക് ഇപ്പോൾ , കിട്ടേണമെന്നു വച്ചു ഞാൻ പറഞ്ഞതാണെന്ന് എജമാനൻ ശങ്കിക്കരുത്. ഞാൻ എജമാനനുവേണ്ടി അദ്ധ്വാനിച്ചതിനും ചിലവു ചെയ്തതിന്നും കണക്കു വച്ചു പ്രതിഫലം വാങ്ങാമെന്നു ഈ ജന്മം വിചാരിച്ചിട്ടില്ല. എന്നിൽ എജമാനന്നു പൂർണ്ണദയവ് ഉണ്ടാവണമെന്നെ ഞാൻ ആഗ്രഹിച്ചിട്ടുള്ളു.

രാ :- നിങ്ങൾ എനിക്കുവേണ്ടി വല്ല പണവും ചിലവിട്ടിട്ടുണ്ടോ എനിക്കോർമ്മയില്ല. ഉണ്ടെങ്കിൽ പറയണം.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/86&oldid=169895" എന്ന താളിൽനിന്ന് ശേഖരിച്ചത്