Jump to content

താൾ:Sarada.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃ :- എന്നെ തല്ലിയാലോ.

വൈ :- തല്ലുകയില്ല. അഥവാ തല്ലിയാൽ വല്ലാതെ നിലവിളി കൂട്ടിക്കൊ. "ആയ്യോ മാസ്പടി ചോദിച്ചിട്ടു എന്നെ തല്ലിക്കൊന്നുവോ" എന്നു വല്ലാതെ ഒച്ചയിട്ടു നിലവിളിച്ചോ. നിലവിളി ഉറക്കെ കേട്ടാൽ ഞാൻ ഓടി വരാം. ഞാൻ വന്നാൽ നിന്നെ ആദ്യം ശകാരിക്കും. പിന്നെ തരംപോലെ രാമൻമേനോനോടു വല്ലതും വാങ്ങി തരാം. നമ്മൾ ചോദിക്കുന്ന സംഖ്യ കിട്ടിയില്ലെങ്കിലും വല്ലതും അതിൽ ചുരുങ്ങിട്ടെങ്കിലും കിട്ടും.

ക :- എല്ലാം സ്വാമിയുടെ ദയ , എനിക്ക് അദ്ദേഹത്തിന്റെ മുമ്പിൽപോയി ചോദിപ്പാൻ പേടിയാകുന്നു.

വൈ :- പേടാ വിഡ്ഢി , എന്തു പേടിക്കാനാണ് . പേടിച്ചിട്ടു നിന്റെ പണം ഒഴിവാക്കുവാൻ പാടുണ്ടോ. പോയി ചോദിക്കു , പണം കിട്ടുന്നതുവരെ അലട്ടിക്കോ.

കൃഷ്ണൻ വൈത്തിപ്പട്ടരുടെ ഉപദേശപ്രകാരം രാമൻമേനോന്റെ മുറിയിലേക്കു ചെല്ലുവാൻ ഭാവിച്ചു. അപ്പോഴേക്കും രാമൻമേനോൻ ഉറക്കായിരിക്കുന്നു. കൃഷ്ണൻ മടങ്ങി വൈത്തിപ്പട്ടരുടെ അടുത്തേക്കു വന്നു. "എനി രാവിലെ ചോദിക്കാ" മെന്നു വൈത്തിപ്പട്ടർ പറഞ്ഞു. പിറ്റെന്നു പുലരാൻ നാലുനാഴിക ഉള്ളപ്പോൾ രാമൻമേനോനും മറ്റും ഉദയന്തളിക്കു പുറപ്പെട്ടു. വൈത്തിപ്പട്ടർക്കു തന്റെ ചെറിയ കുട്ടികളെ എല്ലാം രാമൻമേനോൻ പുറപ്പെടുമ്പോൾ അടുക്കെ കൊണ്ടുപോയി നിർത്തി വല്ലതും കിട്ടുമോ എന്നു പരീക്ഷിക്കേണ്ടതുണ്ടായിരുന്നതിനാൽ തല്ക്കാലം രാമൻമേനവനു ശുണ്ഠി ഉണ്ടാകാതെ കഴിക്കേണമെന്നു നിശ്ചയിച്ചു കൃഷ്ണനോട് അപ്പോൾ മാസ്പടിയെക്കുറിച്ചു ചോദിക്കേണ്ട എന്നും താൻ ഉദയന്തളിക്കു വന്നു മാസ്പടി വാങ്ങിത്തരാമെന്നും വൈത്തിപ്പട്ടര് പറഞ്ഞപ്രകാരം കൃഷ്ണൻ തന്റെ കാർയ്യത്തെക്കുറിച്ചു ഒന്നും പറയാതെ ഉദയന്തളിക്കു പുറപ്പെട്ടു.

രാമൻമേനവനും ശാരദയും മറ്റും പുറപ്പെടാറായപ്പോൾ വൈത്തിപ്പട്ടരുടെ കുട്ടികൾ എല്ലാം ഉണർന്ന് ഉമ്മറത്ത് ഹാജരായി നിൽക്കുന്നു. അമ്മ്യാര് അകത്ത് ഒരു വാതിൽ മറഞ്ഞുനിന്നു ശാരദയെ കൈകൊണ്ട് മാടിവിളിച്ചു.

ശാ :- അച്ഛാ , അമ്മ്യാര് എന്നെ വിളിക്കുന്നുണ്ട്.

രാ :- പോയി വരു.

അമ്മ്യാര് :- എനിക്കു കയ്ക്കിടുവാൻ ഒരു ചെറിയ മോതിരം അമ്മു തരില്ലെ. അമ്മുവിന്നുവേണ്ടി ഞാൻ എത്ര വെച്ചുവിളമ്പി !

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/89&oldid=169898" എന്ന താളിൽനിന്ന് ശേഖരിച്ചത്