പദ്യതാരാവലി ഭാഗം 2
പദ്യതാരാവലി ഭാഗം 2 രചന: (1937) |
സുപ്രസിദ്ധകവിയായ പള്ളത്തിന്റെ പദ്യതാരാവലി |
PADYATARAVALI.
പ ദ്യ താ രാ വ ലി
Price 0-2-9
പള്ളത്തു രാമൻ.
PADYATARAVALI
PART II
EDITED BY
പള്ളത്ത് രാമൻ,
MEMBER- BOARD OF STUDIES. UNIVERSITY OF MADRAS
MEMBER TEXT BOOK COMMITTEE
AND
SENIOR LECTURER IN MALAYALAM
GOVERNMENT VICTORIA COLLEGE, PALGHAT.
പദ്യതാരാവലി
ഭാഗം 2.
[Seventh Edition 2000]
PUBLISHERS:
THE KOHINOOR PUBLISHING HOUSE, PONANI.
BRANCH:PALGHAT
A. R. P. PRESS, KUNNAMKULAM.
1937
(എല്ലാ പ്രതികളിലും പ്രകാശകന്റെ മുദ്ര ഉണ്ടായിരിക്കും.)
രണ്ടാം പതിപ്പിന്റെ
മുഖവുര
ഞങ്ങളുടെ ഈ പദ്യതാരാവലിഗ്രന്ഥങ്ങൾക്കല്പകാലത്തിനകം കേരളത്തിൽ സാൎവ്വത്രികമായ പ്രചാരം സിദ്ധിച്ചുകാണുന്നതിൽ ഞങ്ങൾക്ക് അതിയായ കൃതാൎത്ഥതയുണ്ട്. നിലവിലുള്ള പദ്യപാഠങ്ങളേക്കാൾ മാധുൎയ്യവും, ലാളിത്യവും ഏറിയതും, ബാലവിദ്യാൎത്ഥികൾക്ക് ചൊല്ലിപ്പഠിക്കാനെളുപ്പമുള്ളതും, കവിതാരസം നിറഞ്ഞതുമാണ് പദ്യതാരാവലിയെന്ന് ഡിപ്യൂട്ടി ഇൻസ്പക്ടർമാരും, താലൂക്ക് ബോർഡ് പ്രസിഡെന്റ്മാരും, മുനിസിപ്പൽ ചെയർമാന്മാരും, ഗുരുനാഥന്മാരും ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ പുസ്തകങ്ങളെ സ്വാഗതം ചെയ്തതിലും, പാഠ്യപുസ്തകമായി ഏൎപ്പെടുത്തിസ്സഹായിച്ചതിലും, ഞങ്ങൾക്ക് ആ മാന്യന്മാരോടുള്ള നന്ദിയെ പ്രദൎശിപ്പിച്ചുകൊള്ളുന്നു. ഈ പതിപ്പിൽ പദങ്ങൾക്ക് അൎത്ഥവും കൊടുത്തിട്ടുണ്ട്.
ആറാം പതിപ്പിന്റെ
മുഖവുര
ബ്രിട്ടീഷുകൊച്ചി മുതൽ കാസർകോട് വരെ ഞങ്ങളുടെ പദ്യതാരാവലിയ്ക്ക് പ്രചാരം സിദ്ധിച്ചിരിക്കുന്നു. ഇത്രവേഗത്തിൽ ആറാം പതിപ്പിന് ഇടവന്നതുതന്നെ ഇതിന്റെ പ്രചുരപ്രചാരത്തെ പ്രസ്പഷ്ടമാക്കുന്നുണ്ടല്ലൊ. അതികഠിനങ്ങളും ബ്രി.മലബാറിന്ന് യോജിക്കാത്തവയു
മായ പദ്യപാഠഗ്രന്ഥങ്ങൾ മറഞ്ഞുകഴിഞ്ഞു; ആ സ്ഥാനത്ത് പദ്യതാരാവലിയാണ് ഇപ്പോൾ സാൎവ്വത്രികമായ് ഉപയോഗിച്ചുവരുന്നത്.
മാപ്പിളസ്ക്കൂളുകൾ പദ്യതാരാവലിയെ ഏറ്റവും സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു. അനുഗൃഹീതരായ നാനാകവികളുടെ കവിതാമാധുര്യം ആസ്വദിക്കുവാനാണ് പദ്യപഠനം പ്രയോജനപ്പെടുന്നത്. ഏതെങ്കിലും ഒരു കവിയുടെ കവിതമാത്രമായാൽ ആ ഫലം സിദ്ധിക്കുകയില്ല. കവിത കവിതയ്ക്കു വേണ്ടിയാണ്. മറ്റു ഭാഗങ്ങൾ ഉടനെ പുറത്തു വരുന്നതാണ്.
I have gone through Padyataravali Poetical Selections by Mr. Pallath Raman, the well-known writer. As an Inspecting Officer of Elementary Schools, I welcome these publications, providing as they do a wide range of passages from both ancient and modern Poets, of which teachers could pick and choose their selections according to their varying tastes and requirements. Those selections might, more over, help both teachers and pupils to cultivate a clear acquaintance with the works of the poets to whom they now introduced.
7-3-31 | C.K Nair, B.A, L.T. DEPUTY INSPECTOR OF SCHOOLS. |
കേരളത്തിലെ ആധുനിക കവികളിൽ അഗ്രഗണ്യന്മാരിൽ ഒരാളായ മിസ്റ്റർ പള്ളത്ത് രാമൻ പ്രസാധനം ചെയ്തു "കഥാലതിക", "പദ്യതാരാവലി" ഈ പുസ്തകങ്ങളുടെ ചില ഭാഗങ്ങൾ ഞാൻ വായിച്ചു നോക്കുകയുണ്ടായി. മേപ്പടി പുസ്തകങ്ങളിൽ ഹിതോപദേശങ്ങളായ പല പാഠങ്ങളും മനസ്സിന്നു ആഹ്ലാദകരമായ പലവിഷയങ്ങളുംഅടങ്ങിക്കാണുന്നു.ഓരോ വിഷയങ്ങളെപ്പററി പ്രസിദ്ധപ്പെട്ട കേരളകവികൾ എഴുതിയ പദ്യങ്ങളിൽനിന്നും ഓരോ ഭാഗങ്ങൾ തിരഞ്ഞെടുത്തു ആ വക ഒന്നായി പുസ്തകരീതിയിൽ പ്രസിദ്ധപ്പെടുത്തുവാൻ മിസ്റ്റർ രാമൻ ഉദ്യമിച്ചത് ഏറ്റവും സ്തുത്യർഹം തന്നെ......................................... മേപ്പടി
പദതാരാവലി പുസ്തകങ്ങളും "കഥാലതിക"യും പ്രാഥമിക വിദ്യാലയങ്ങളിൽ ഏൎപ്പെടുത്തുന്നതിനെപ്പറ്റി വിപരീതാഭിപ്രായം ആൎക്കും ഉണ്ടാവുമെന്നു തോന്നുന്നില്ല.................
ഈ പുസ്തകങ്ങൾക്കു മേപ്പടി വിദ്യാലയങ്ങളിലും മറ്റും ധാരാളം പ്രചാരം ഉണ്ടായി കാണാൻ ആഗ്രഹിക്കുന്നു.
11th March, 1931
ADVOCATE & PRESIDENT TALUK BOARD,
PALGHAT.- ഈശ്വരപ്രാർത്ഥന - ചെറുശ്ശേരി
- ഒരു സൂര്യോദയം - ശീലവതി - കുഞ്ചൻ നമ്പ്യാർ
- ഭക്തി - ജ്ഞാനപ്പാന - പൂന്താനം
- വൃദ്ധവാനരൻ - നമ്പ്യാർ
- അമ്പുകൊണ്ട പക്ഷി - പള്ളത്ത് രാമൻ
- രാവണോദ്യാനത്തിൽ ചെന്ന ഹനൂമാൻ - എഴുത്തച്ഛൻ
- പരുക്കേറ്റ കുട്ടി - കുമാരനാശാൻ
- മിഥ്യാപവാദം - സ്യമന്തകം തുള്ളൽ - കുഞ്ചൻ നമ്പ്യാർ
- കുന്നെടുത്തു കുടയാക്കി - കൃഷ്ണഗാഥ - ചെറുശ്ശേരി
- മാടപ്പിറാവ് - പള്ളത്ത് രാമൻ
- പുത്രദു:ഖം - സന്താനഗോപാലം - കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാൻ
- ഉദയസൂര്യൻ - പള്ളത്ത് രാമൻ
- കുചേലയാത്ര
- ഹിതോപദേശങ്ങൾ - കുറ്റിപ്പുറത്ത് കേശവൻ നായർ
- പഞ്ചവർണ്ണക്കിളി - പള്ളത്ത് രാമൻ
- സീതാന്വേഷണം - ബാലരാമായണം - ആശാൻ
- കുന്തിയും പാണ്ഡവന്മാരും - പ്രാചീനകൃതി
- മഹദ്വാക്യങ്ങൾ - നമ്പ്യാർ, സത്യാസ്വയംവരം, രാമായണം, പഞ്ചേന്ദ്രോപാഖ്യാനം, ത്രിപുരദഹനം
- ഒരു പ്രാർത്ഥന - ശ്രീനാരായണഗുരു [ 9 ] പദ്യതാരാവലി'
കഴൽ തൊഴുന്നെന്നിൽ കനിവുണ്ടാകണം
കരുണക്കാതലേ, കനിവോടെ.
കമല തന്നുടെ കരതളിർ തന്നാൽ
കലിതമായൊരു കഴലെന്നിൽ,
വിലസണം ചെമ്മേ മറവില്ലാതോരു
മുകുരംതന്നിലെ മുഖം പോലെ.
നെടിയോരന്തകൻ കൊടുതായെങ്ങളെ-
ക്കടുതായല്ലോ വന്നണയുന്നു,
കമലക്കൺമുന കനിവോടെങ്ങളോ
ടണയേണ്ടുംകാലമണഞ്ഞുതെ.
ഇനിയുമെങ്ങൾക്കു ജനനി തന്നുടെ
ജാരം പൂവാനോ മടിയുണ്ടേ.
അതിനു നിന്നുടെ കരുണയില്ലായ്കിൽ
കഴിവില്ലേതുമേ കടൽവർണ്ണ!
പെരുതായുള്ളോരു ദുരിതവാരിധി
തരണമെങ്ങൾക്കുതരവേണം.
അതിനു നിന്നുടെ മരണസേവയാ
മരിയോരുതോണി യരുളേണം.
അടിമയായ് പുക്കോരിവരെ ഞാനെന്നും
വെടിയുന്നില്ലെന്ന നിനവാലേ,
അഴൽ തീർത്തിടും നിൻകഴലിൽ ചേർപ്പോരു
കനിവുണ്ടാകേണം ഭഗവാനേ!
[ 11 ]
മൂന്നു ദിവസം കഴിഞ്ഞു --സൂര്യൻ
തന്നുടെ രശ്മി കൂടാതെ.
നാലാംദിവസ മുദിച്ചു - ദിശി
വെയിലും പരക്കെപ്പരന്നു.
വിപ്രന്മാരൂക്കു തുടങ്ങി - യിരു-
ളെപ്പേരും നീങ്ങിയടങ്ങി.
താമരപ്പൂക്കൾ വിരിഞ്ഞു - ഭൂവി
താമസിയാതെ വിളങ്ങി.
ഹോമങ്ങൾ നീളെത്തുടങ്ങി - യപ്പോൾ
ധൂമങ്ങൾ പൊങ്ങിത്തുടങ്ങി.
എല്ലാരും വാതിൽ തുറന്നു - ഗൃഹ-
മെല്ലാം മടിച്ചുതളിച്ചു.
ദേവാലയങ്ങളിൽ പൂജാ - ബലി
ശീവേലി ഘോഷം തുടങ്ങി.
സ്ത്രീകളടുക്കളതന്നിൽ - ച്ചെന്നു
പാകാദികർമ്മം തുടങ്ങി.
ചോരന്മാരോടിയൊളിച്ചു - നൽക്കു-
മാരന്മാർ ചാടിക്കളിച്ചു.
ശീലവതി.
[ 12 ]
കോലകങ്ങളിൽസേവകരായിട്ടു
കോലം കെട്ടി ഞെളിയുന്നിതു ചിലർ;
ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു
കുഞ്ചിരാമനായാടുന്നിതുചിലർ:
ശാന്തി ചെയ്തു പുലർത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ;
കൂടിയല്ലാ പിറക്കുന്ന നേരത്തും;
കൂടിയല്ലാ മരിക്കുന്ന കാലത്തും;
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ.
അർത്ഥമോ പുരുഷാർത്ഥമിരിക്കവേ,
അർത്ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മധ്യാഹ്നാർക്കപ്രകാശമിരിക്കവേ,
ഖാദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടൂ?
ഉണ്ണിക്കൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ
ഉണ്ണികൾ മററു വേണമോ മക്കളായ്
വിശ്വനാഥൻ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.
അച്ഛനും പുനരമ്മയുമുണ്ടല്ലൊ
രക്ഷിച്ചീടുവാനുള്ള നാളൊക്കെയും.
ജ്ഞാനപ്പാന | പൂന്താനം |
ചഞ്ചലാക്ഷിമാർ= സ്ത്രീകൾ. അത്ഥം= ധനം. പുരുഷാർത്ഥം= ധർമ്മാർത്ഥകാമമോക്ഷങ്ങൾ. മദ്ധ്യാഹ്നാർക്കാൻ =നടുച്ചസൂര്യൻ. ഖദ്യോതം= മിന്നാമിനുങ്ങ. ധാത്രി =ഭൂമി. [ 13 ]
മനം കൊണ്ടിങ്ങിനേ ചിന്തി-
ച്ചനങ്ങാതങ്ങൊരു മുത്ത
കുരങ്ങിന്റെ വടിവായി-
ച്ചമഞ്ഞു കൈകളം കാലും
കുഴഞ്ഞു വാലുമക്കാലം
മെലിഞ്ഞ കൈകളെക്കൊണ്ടു
ചൊറിഞ്ഞു, രോമമെപ്പേരും
കൊഴിഞ്ഞു, മേനിയും ചുക്കി-
ച്ചുളിഞ്ഞു, കണ്ണിനു കാഴ്ച
കുറഞ്ഞു. പീളയും വന്നു
നിറഞ്ഞു, താൻ വഴിയിൽച്ചെ-
ന്നുറച്ചു, നേത്രവും ചിമ്മി-
ശ്ശയിച്ചു, മൂന്നു ലോകങ്ങൾ
ജയിച്ചുള്ള മഹാവീരൻ.
- കല്യാണസൌഗന്ധികം കഥയിൽ ഭീമൻ പുഷ്പം പറിക്കാൻപോകുമ്പോൾ, മാർഗ്ഗമദ്ധ്യേ കണ്ട സ്വജ്യേഷ്ഠനായ മാരുതി. [ 14 ]
പൂങ്കാവിലെങ്ങു മിളങ്കാറ്റു വീശിയും
തേങ്കിനിയുന്ന മലർ വിരിഞ്ഞും,
നല്ല വസന്തനാളെങ്ങും കളിക്കവേ
മെല്ലേ വടക്കു ഹിമാദ്രി നോക്കി,
കൂടണഞ്ഞീടുവാൻ കാട്ടരയന്നങ്ങൾ
കൂട്ടമായ്ക്കൂകി പ്പറന്നിടുമ്പോൾ,
കൂരമ്പു ഞാണിൽത്തൊടുത്തുവിട്ടാകാശ-
ചാരിയാം പക്ഷിതൻ പൊഞ്ചിറകിൽ,
ചോര പുരളുമാറൂഴിയിൽ വീഴ്ത്തിനാൻ
നേരമ്പോക്കായൊരു രാജപുത്രൻ.
സിദ്ധാർത്ഥബാലകൻ, ലോകത്തെ സ്നേഹത്താൽ
ബദ്ധമാക്കീടിന ഭാവിബുദ്ധൻ
വീണു പിടയുമാപ്പക്ഷിയെ ച്ചെന്താരിൻ-
ചേണുറ്റ തൃക്കൈയാൽ ചെന്നെടുത്തു.
പൂഞ്ചിറകൊട്ടു മിനുക്കിയും, പുൽകിയും,
നെഞ്ചിടിപ്പല്പം കുറച്ചുകൊണ്ടും,
മെയ്യിലെക്കൂരമ്പങ്ങൂരിയുണങ്ങുവാൻ
പയ്യേ മുറികളിൽ തേൻപുരട്ടി,
പൊട്ടിച്ചു പൈതൽ കുളുർത്തോരിളം തളി-
രൊട്ടിച്ചതിന്മീതെ, യോമനിച്ചു.
നോവെന്നതെന്തെന്നറിയാത്ത ബാലകൻ
പൂവൽക്കരത്തിൽകടത്തി നോക്കി
കൂരമ്പിൻ തുമ്പൊന്നപ്പക്ഷി പൊറുത്തൊരു
പാരിച്ച നോവു പരീക്ഷിക്കുവാൻ.
കണ്ണുനീരോലോല വാർത്തു കരഞ്ഞുപോ-
യുണ്ണിയുൾത്താപമൊതുങ്ങീടാതെ.
* * * * * *
ബാലശുശ്രൂഷയാലാലസ്യം കൈവിട്ട-
ച്ചേലേറും പക്ഷി പറന്നുപോയി!
ജീവകാരുണ്യത്തിൻ കാതലായ്മേവിന
പാവനാത്മാവല്ലോ ബുദ്ധദേവൻ.
ഹിമാദ്രി = ഹിമാലയപർവ്വതം. ആകാശചാരി = ആകാശത്തിൽ സഞ്ചരിക്കുന്നത്. ബദ്ധമാക്കുക = കെട്ടുക. ചേണുറ്റ = അഴകേറിയ. [ 17 ]
രാക്ഷരെക്കണ്ടു പോയീല നാമെങ്കിൽ
ആക്ഷേപിക്കും നമ്മെ രാക്ഷസരും
മർക്കടവീരന്മാരങ്ങു നാം ചെല്ലുമ്പോൾ
ധിക്കരിക്കും നമ്മെ നാരായണ!
ജാനകീചോരനെ ത്തേജോവധംചെയ്തു
ഞാനിപ്പുരി ചുട്ടുപോയില്ലെങ്കിൽ,
ജാനകീവല്ലഭനുള്ളിലുണ്ടാം ബഹു-
മാനക്ഷയം നമ്മിൽ..........
ഇത്ഥം നിനച്ചവനുദ്യാനത്തിൽ പ്പുക്കു
മത്തഗജം കണക്കെ ഹനൂമാൻ
ഉത്തമവൃക്ഷങ്ങൾ പെട്ടെന്നു പൊട്ടിച്ചു
പുത്തൻപൂവല്ലിയും...........
തെച്ചിമലരൊക്കെ ത്തച്ചുപൊട്ടിച്ചിട്ടു-
മുച്ചമലരി പറിച്ചെറിഞ്ഞും;
പിച്ചകവല്ലി പറിച്ചു തിരുമ്മിയു-
മൊച്ച കൊള്ളിപ്പിച്ചു..........
ആനകണക്കെ മദിച്ചു തിമർത്തവൻ
കാനകനാറി പറിച്ചെറിഞ്ഞും;
ഊനം വരുത്തിനാൻ ചെമ്പകം ചേമന്തി
ചെമ്പരുത്തിയേയും.........
ഒപ്പത്തിൽ നട്ടുനനച്ചുയർന്നീടുന്ന
കല്പക വൃക്ഷം പറിച്ചെറിഞ്ഞും
ശില്പംപെരുകിന പൂവല്ലിവൃക്ഷങ്ങ-
ളെപ്പേരും ഭഞ്ജിച്ചു.........
ജാനകീചോരൻ = സീതയെക്കട്ടുകൊണ്ടുപോയ കള്ളൻ (രാവണൻ). ജാനകീവല്ലഭൻ = രാമൻ. മത്തഗജം = മദയാന. ഭഞ്ജിച്ചു = തകർത്തു. [ 19 ]
അരികത്തമ്പോടു വരുന്നുണ്ടമ്മ, ഞാൻ
കരയായ്കോമനേ, കരൾവാടി
പുരികവും കണ്ണും ചുളിച്ചു നീ വിങ്ങി-
ക്കരയായ്കോമനേ, വരുന്നു ഞാൻ.
പനിനീർച്ചമ്പക ച്ചെറുമുള്ളേറ്റുനിൻ
കുരുന്നു കൈവിരൽ മുറിഞ്ഞിതേ!
തനിയേ തൈമാവിൽ കയറിവീണോമൽ
ചെറുകാൽ മുട്ടുകൾ ചതഞ്ഞിതേ!
മറിച്ചിട്ടീപ്പടം മുകളിൽ നിന്നയ്യോ!
മുറിച്ചിതേ പൊന്നിൻ നിറുകയും;
മുറിയിൽ കട്ടിന്മേൽ കയറിച്ചാഞ്ചാടി-
ത്തറയിൽ വീണിപ്പൂങ്കവിളും നീ.
കരുതേണ്ട തല്ലുമിതിനായ്ഞാനെന്നു
കരയേണ്ട, നോവു മകന്നു പോം;
അറിയാപ്പൈതൽനീ കളിയാടിയേറ്റ-
മുറിവു ഭൂഷണം നിനക്കുണ്ണീ!
ഉരച്ചീവണ്ണ മാക്ഷതമോരോന്നുമേ
തിരിച്ചു ചുംബിച്ചാളുടനമ്മ.
സ്ഫുരിച്ച പുഷ്പത്തെയളിപോലെ കുട്ടി
ചിരിച്ചാൻ കാർനീങ്ങും ശശിപോലെ.
കുമാരനാശാൻ
ആ ക്ഷതം = ആ മുറിവ്. സ്ഫുരിച്ച = വിരിഞ്ഞ, തെളിഞ്ഞ. അളി = വണ്ട്. ശശി = ചന്ദ്രൻ. [ 20 ]
(പ്രസേനൻ നായാട്ടിന്നുപോയപ്പോൾ, ഒരു സിംഹം അവനെസ്സംഹരിച്ചു. സ്യമന്തകരത്നം ജാംബവാന്റെ അധീനതയിലായി. സത്രാജിത്തിന്റെ കൈയിൽ ഈ രത്നം പണ്ടു കൃഷ്ണൻ കണ്ടിരുന്നു. ആ രത്നത്തിൽ കൃഷ്ണന്നു ആശയുണ്ടായിരുന്നുവെന്നും കൃഷ്ണനാണു് പ്രസേനനെക്കൊന്നു് രത്നാപഹരണം ചെയ്തതെന്നും ജനാപവാദം നടന്നു.)
കാലത്തിന്റെ പകൎച്ച നിനച്ചാൽ
മാലോകൎക്കു പൊറുപ്പാൻ മേലാ;
വേലികൾതന്നെ വിളവു മുടിച്ചാൽ
കാലികളെന്തു നടന്നീടുന്നു?
കപ്പലകത്തൊരു കള്ളനിരുന്നാൽ
എപ്പൊഴുമില്ലൊരു സുഖമറിയേണം.
വീട്ടിലിരിപ്പാൻ വശമില്ലാഞ്ഞാൽ
കാട്ടിലിരിക്കാം പണ്ടൊരുകാലം.
കാട്ടിൽചെന്നും കൊന്നുപറിക്കും
കൂട്ടമതിപ്പോളുണ്ടായ്‌വന്നു.
നാലുപണത്തിനു മുതലുണ്ടെന്നാൽ
നാട്ടിലിരിപ്പാനെളുതല്ലേതും.
നല്ലമനോഗുണമുള്ള ജനത്തെ
കൊല്ലാനിന്നൊരു മടിയില്ലേതും.
പത്തമ്പതുപറനെല്ലുണ്ടെന്നുടെ
പത്തായങ്ങളിലളവേ കണ്ടതെ-
ടുത്തുകൊടുത്തെൻ വിത്തും കൂലിയു-
മെത്താനൊരുവഴി കണ്ടതുമില്ല;
പത്തായത്തിനുറപ്പും പോരാ;
കാത്തുകിടപ്പാനാളും പോരാ;
കട്ടുനടക്കും ദുഷ്ടജനത്തിനു
കിട്ടിയതെല്ലാം കൊള്ളാന്താനും;
തൂമ്പകിളച്ചും, ചേമ്പുകൾനട്ടും,
തുവരകൾ വഴുതും, വാഴകൾ വെച്ചും,
നമ്പൂരാരുടെ പുറകെ നടന്നി-
ട്ടിമ്മിണി മുതലു നമുക്കുണ്ടായതു
പാടേ കട്ടു മുടിച്ചെന്നാകിൽ
പാളപിടിച്ചു നടക്കേയുള്ളൂ;
ഏതാനും ചില കാളകളുള്ളതു-
മേതൊരുദിക്കിൽ സൂക്ഷിക്കേണ്ടു?
കാളകളേയും, മൂരികളേയും
കള്ളനു കപ്പാൻ വിരുതേറീടും;
എള്ളുവിതച്ചിട്ടുള്ളതുമെല്ലാം
കള്ളന്മാരുടെ വായിൽത്തന്നെ.
കള്ളന്മാരതു കട്ടു ഭുജിച്ചാൽ
പള്ളപൊറുപ്പാനാവതുമില്ല.
സ്യമന്തകം തുള്ളൽ. | കുഞ്ചൻ നമ്പ്യാർ. |
(ഉണ്ണിക്കഷ്ണൻ അമ്പാടിയിൽ വസിക്കുന്ന കാലത്തു, നന്ദഗോപർ പതിവുപോലെ ഇന്ദ്രപൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇന്ദ്രനെ പൂജിച്ചിട്ടാവശ്യമില്ലെന്നും, ഇന്ദ്രനല്ല ജലപുഷ്ടിക്കു കാരണഭൂതനെന്നും ഗോപന്മാരുടെ കുലധനമായ പശുക്കളെ തൃണവും ജലവും നൽകി രക്ഷിക്കുന്നതു ഗോവർദ്ധനപൎവ്വതമാകയാൽ അതിനെയാണ് പൂജിക്കേണ്ടതെ
ന്നും കൃഷ്ണൻ പറഞ്ഞു. ഗോപന്മാർ ഗോവർദ്ധനപൂജ നടത്തി. ഇന്ദ്രൻകോപിച്ച് ഏഴു ദിവസം ഘോരമാരി വഷിച്ചു, ഗോകുലത്തെ കഷ്ടത്തിലാക്കിയപ്പോൾ, കൃഷ്ണൻ ആ ഏഴ് ദിവസവും കുന്നെടുത്തു കുടയാക്കിപ്പിടിച്ചു ഗോപന്മാരേയും ഗോക്കളേയും അതിന്റെ കീഴിലാക്കി രക്ഷിച്ചു.)
“എങ്കയിലുള്ളാരു വങ്കുന്നിങ്കീഴിലെ
വന്നിങ്ങു നൂഴുവിൻ നിങ്ങളെല്ലാം"
വല്ലവന്മാരെല്ലാമെന്നതു കേട്ടപ്പോൾ
വല്ലവിമാരോടും കൂടിച്ചെമ്മെ
ബാലകന്മാരെയും പൂണ്ടുകൊണ്ടങ്ങനേ
ചാലേ നടന്നതിൻ കീഴിൽ പുക്കാർ.
കന്നുകിടാക്കളും കാലിയും മറെറല്ലാം
കുന്നിന്നു കീഴിലങ്ങായ നേരം
താനങ്ങു തന്നുടെപാൽക്കുഴലൂതി നി-
ന്നാനന്ദഗാനം തുടങ്ങിനാനേ.
പൈകൊണ്ടുമേവുന്ന ദീനത്തയന്നേരം
പൈതങ്ങൾപോലുമറിഞ്ഞതില്ലേ.
"വങ്കുന്നു ചൂടീട്ടു വന്മഴ പെയ്യുമ്പോൾ
തങ്കുലം കാക്കുന്ന തമ്പുരാനേ!
നിങ്കനിവേകിനിന്നെങ്കൽ നീയെന്നുമേ
സങ്കടം പോക്കുവാൻ കുമ്പിടുന്നേൻ.
മാരി വരുന്നേരം നൽക്കുട ചൂടുവാ-
നാരുമൊരുത്തരും താരാഞ്ഞാരോ?
കുന്നു ചുമന്നിട്ടു വെണ്ണചുമന്നുള്ളൊ-
രുണ്ണിക്കൈ നോവുന്നതില്ലയോ ചൊൽ?
കുന്നു ചുമക്കേണ മെന്നങ്ങു ചിന്തിച്ചോ
വെണ്ണ ചുമന്നിട്ടു ശീലിച്ചു നീ.
വെണ്ണയെന്നോർത്തിട്ടു കുന്നിനെത്തന്നെയും
മെല്ലവെ വായിലങ്ങാക്കൊല്ലാതെ."
പൈതലായുള്ളോരു കണ്ണൻ്റെ ചൊൽ കേട്ടു
പൈതങ്ങളോടു കലൎന്നെല്ലാരും
കുന്നിന്നു കീഴിലെ നൂണോരു നിങ്ങളി-
ക്കുന്നുതാൻ വീഴുമെന്നോൎക്കേണ്ടാതേ.
കൃഷ്ണഗാഥ.
1. തത്തിക്കളിച്ചും, വരിനെല്ലു മെല്ലെ-
കൊത്തിക്കൊറിച്ചും, ചിറകിട്ടടിച്ചും
പാടത്തു കണ്ണും കരളും കവൎന്ന
മാടപ്പിറാവേ, വരികെന്റെ ചാരേ.
2, വിശുദ്ധിയല്ലാതൊരു ചീത്ത ചിന്ത
വിളഞ്ഞിടാതുള്ളൊരു നിന്മനസ്സും;
നനുത്ത പൂമ്പട്ടു തൊഴും വപുസ്സും
കൊതിക്കുമേ കൊച്ചുകിടാങ്ങൾ ഞങ്ങൾ.
3. അടുത്തമാവിൽ ചെറു കൂടുകെട്ടി-
കുടുംബസൗഖ്യത്തോടു പാൎപ്പതില്ലേ?
കിടാങ്ങളില്ലേ? ചെറുപാഠശാല
ചെടിപ്പടൎപ്പോ ഗുരുവാരു ചൊൽക?
ചിത്തചിന്ത വിചാരം നിന്റെ മനസ്സും ശരീരവും ഒരുപോലെ
നിൎമ്മലമാണെന്നു ഭാവം. വപുസ്സ്=ഉടൽ. [ 25 ]
ഉണ്ണിക്കുമാര! ചതിച്ചിതോ പൈതലേ!
കണ്ണും നിറുത്തിക്കിടക്കുന്നതെന്തു നീ?
ദണ്ഡിച്ചിടുന്ന കിഴട്ടു പിതാവിൻ്റെ
പിണ്ഡത്തിനാരു നീയല്ലാതെ മക്കളെ!
പൊന്നും ചിലമ്പും പുലിനഖവും നല്ല
മിന്നുന്ന മാലയും നൂലുമണിഞ്ഞു നീ
പിന്നീന്നു മണ്ടിക്കളിച്ചുവന്നെന്നുടെ
കണ്ണുകൾ പൊത്തിക്കഴുത്തിൽ കരേറീട്ടു,
കണ്ണാടി മിന്നും കഷണ്ടിയിൽ കാണുന്നൊ-
രുണ്ണിയൊക്കെകൊണ്ടു മാടി വിളിക്കയും;
വെണ്ണയും ചോറും പഴം പഞ്ചസാരയും
കിണ്ണത്തിൽ പാലും നിറയെപ്പകർന്നുവെ-
ച്ചുണ്ണുവാനമ്മ വിളിക്കുന്ന നേരത്തു
മണ്ണു വാരിക്കളിച്ചോടി നടക്കയും;
എണ്ണം പലതിവ കണ്ടു സുഖിപ്പതി-
നെന്നു കഴിവു വരുന്നെന്റെ ദൈവമേ!
ഒക്കത്തെടുപ്പാനൊരുണ്ണിയില്ലാഞ്ഞിട്ടു
ദുഃഖിക്കുമാറായി വന്നു ഞാനിങ്ങിനെ.
മക്കളില്ലാത്ത മനുജൎക്കൊരിക്കലും
സൽഗതിയില്ലെന്നു ചൊല്ലുന്നു സത്തുക്കൾ.
സന്താനഗോപാലം.
[ 26 ]
കുളുർകാറ്റോ കൂത്താടു-
മിളംകിളികൾ പാടവേ,
ഉദയപ്പൊന്മലയിൽ നി-
ന്നുയർന്നു ബാലഭാസ്കരൻ,
ഇരുളാമാനയെക്കൊന്നു
പുരളം രക്തധാരയാൽ
കിഴക്കൻ മലയിൽ കാന്തി-
യൊഴുക്കും ബാലസിംഹമോ?
പുലർകാലത്തു പൂത്തുള്ള
പലമാതിരി പൂക്കളെ
മുപ്പാരിൻ ദൃശ്യദേവൻ
മുമ്പിലിക്കയോ മഹി?
ഉദയപ്പൊന്മല= ഉദയപൎവ്വതം ബാലഭാകരൻ= കുട്ടിസ്സുര്യൻ ഇരുളാമാന = ഇരുളാകുന്ന ആന. ആനയും ഇരുട്ടുംഒരുപോലെ കുട്ടിസ്സുര്യനെ, ഇരുട്ടാകുന്ന ആനയെ കൊന്നു് ചോര ചിന്നിയ സിംഹാട്ടിയോട് തുല്യമാക്കിയിരിക്കുന്നു. ഉദയസമയം ചുകപ്പു നിറമുണ്ടാകുമല്ലൊ, കിഴക്കൻമല= ഉദയപൎവ്വതം. മുപ്പാരിൻ ദൃശ്യദേവൻ = മൂന്നു ലോകത്തിനും ദൃശ്യനായ (കാണപ്പെടാവുന്ന) ദേവൻ (സൂര്യൻ). മഹി= ഭൂമിദേവി പലമാതിരി പുഷ്പങ്ങൾ പുലർകാലത്ത് വിരിയുന്നതു്, ഭൂമി സൂര്യനു് അവയെ കാഴ്ചവെച്ചു വണങ്ങുകയാണോ എന്നു തോന്നും. [ 27 ]
കീറിമുഷിഞ്ഞൊരു മുണ്ടിന്റെ കണ്ടത്തിൽ
കൂറോടെ നന്നായ് വരിഞ്ഞുകെട്ടി
ചെമ്മേ കുചേലന്റെ കൈയിൽ കൊടുത്തിതു
നന്മവരും നാളിലെന്നു ഞായം.
യഷ്ടിയുമൂന്നിയെഴുന്നേറ്റു വൈകാതേ
ഇഷ്ടത്തിൽ തന്റെ കുടയെടുത്തു,
കാലുമലകുമേയുള്ളു കുടയ്ക്കിപ്പോ-
ളോലവിശേഷിച്ചങ്ങില്ലയല്ലോ.
അന്തർജ്ജനത്തോട് യാത്രയും ചോല്ലീട്ട-
ങ്ങന്തർമോദേന കുചേലനപ്പോൾ,
ദ്വാരകനോക്കി നടന്നവനമ്പോടു
നാരായണസ്വാമി തന്നെക്കാണ്മാൻ.
ഒട്ടുനടന്നുമിരുന്നും നടന്നിട്ടു
മുട്ടുകടഞ്ഞങ്ങരിക്കും പിന്നെ;
മെല്ലെയെഴുന്നേറ്റു മെല്ലെ നടന്നിട്ടും
മല്ലാരിയെക്കാണ്മാൻ മോഹിച്ചിട്ടും;
നാലഞ്ചുവാസരംകൊണ്ടു മഹീസുരൻ
പാലാഴിമാതുതൻ കാന്തൻതന്റെ
ദ്വാരക തന്നിലകം പുക്കു നേരത്തു
ദ്വാരപാലന്മാരും കണ്ടു ചൊന്നാർ,
കാലനുണ്ടിങ്ങോട്ടു പോന്നുവന്നിട്ടിപ്പോൾ
കാലവിശേഷമോ മറ്റൊന്നില്ല;
അന്തികേ വന്നവർ നോക്കുന്ന നേരത്തു
അന്തകനല്ലിവനന്തണൻ താൻ.
ഏററം കറുത്തു മെലിഞ്ഞ ശരീരവും,
മുററുമിതൊന്നേ യങ്ങോൎത്തുകണ്ടാൽ
എല്ലുകൊണ്ടിങ്ങിനെ നിൎമ്മിച്ചുകൊള്ളുവാൻ
വല്ലഭമുള്ളവൻ കണ്ടാനല്ലോ.
നേത്രങ്ങൾ രണ്ടിതു നിൎമ്മിച്ചതെങ്ങിനെ
കൃത്രിമവൻ കുഴിയെന്ന പോലെ
അംഭോജസംഭവൻ നിർമ്മിച്ച ബാഹുക്ക-
ളംഭോജവല്ലിമേൽ പുഷ്പം പോലെ.
ഭൂമിക്കു തൂണായി നിർമ്മിച്ചു പണ്ടു താൻ
ഭൂമീസുരോത്തമൻ പാദം രണ്ടും.
കണ്ടവരിങ്ങിനെ ചൊല്ലുന്ന നേരത്ത്
തണ്ടാരിൽ മാതുതൻ കാന്തൻ തൻറെ
ചാരത്തു വന്നങ്ങു നില്ക്കും കുചേലനെ-
പ്പൂരിച്ച മോദേന കണ്ടു കൃഷ്ണൻ.
യഷ്ടി = വടി, അന്തൎമ്മോദേന =ഉള്ളിൽ സന്തോഷത്തോടെ, മല്ലാരി=കൃഷ്ണൻ, പാലാഴിമാതു=ലക്ഷ്മി, തൻകാന്തൻ= കൃഷ്ണൻ, അംഭോജസംഭവൻ= താമരപ്പൂവിൽ പിറന്നവൻ (ബ്രഹ്മാവ്). അംഭോജവല്ലി= താമരവള്ളി. ഭൂമീസുരോത്തമൻ = ബ്രാഹ്മണശ്രേഷ്ഠൻ. തണ്ടാരിൽമാത്= ലക്ഷ്മി. [ 30 ]
മുള്ളുള്ളവൃക്ഷങ്ങളൊട്ടകത്തിന്നിഷ്ട-
മുള്ളത്തിലാഗ്രഹം മാനിന്നിളം പുല്ല്.
മണമുള്ളൊരു കുസുമങ്ങൾ തിരഞ്ഞി-
ട്ടണയുന്നില്ലേ വണ്ടുകളെങ്ങും?
തന്നത്താനറിയാത്ത ജളന്മാർ
തന്നുടെ കനമതു താനേ കളയും.
പ്രത്യുപകാരം മറക്കുന്ന പൂരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
ഈറ്റുപാമ്പു കടിപ്പാനായ് ചീറിവന്നങ്ങടുക്കുമ്പോൾ
ഏറുനിന്നു നല്ലവാക്കു പറഞ്ഞാൽ പറ്റുകില്ലേതും.
[ 31 ]
വെയിലെന്നും മഴയെന്നും രാവെന്നും പകലെന്നും
വാലേതു തലയേതെന്നറിയാത്ത പുരുഷന്മാർ
കോലുന്ന പരിഹാസം പറഞ്ഞിട്ടും ചിരിച്ചിട്ടും
കാലങ്ങൾ വൃഥാ തന്നെ കഴിക്കുന്നു മരിക്കുന്നു.
ഒട്ടേറെയറിവുള്ള ഭട്ടേരി പറഞ്ഞാലും
പട്ടാങ്ങിനൊത്തിലെന്നാൽ നിരൂപിച്ചേ നടക്കാവൂ.
പട്ടാങ്ങ്=സത്യം [ 32 ]
പുഞ്ചനെൽപാടങ്ങൾപുഞ്ചിരിക്കൊൾകവേ,
കൊഞ്ചിയും പൂഞ്ചിറകിട്ടടിച്ചും,
ചെഞ്ചെമ്മേ ചാഞ്ചാടി വാണു മലനാട്ടിൽ
പഞ്ചവർണ്ണക്കിളിയൊന്നു മുന്നം.
ഓമനിച്ചാരോ ചെറുപ്പത്തിൽ തന്നെയാ-
കോമളത്തത്തയെക്കൂട്ടിലിട്ടു.
കേട്ടു പഠിച്ചിതു കേരളത്തായ്മൊഴി
കൂട്ടിൽ കിടക്കുമാത്തത്തക്കുട്ടി.
ഇങ്ങനെ വാഴ്കവേ, വന്നു പരദേശി
വാങ്ങിയപ്പക്ഷിയേക്കൊണ്ടുപോയി.
തന്നാട്ടുകാരോടും, തായ്മൊഴിയോടുമാ-
യെന്നെയ്ക്കും പൈങ്കിളി യാത്രചൊല്ലി.
ചാടിച്ചിലച്ചു നടന്ന നെൽപാടവും
പാടേ പഴുത്തുള്ള മാങ്കനിയും,
പൊന്നിറം പൂണ്ടുള്ള വാഴപ്പഴങ്ങളും
മിന്നും തന്നാട്ടിനെയോൎക്കും പാവം!
കേരളം വിട്ടന്നു തൊട്ടു മിണ്ടാട്ടവും,
കേളീവിലാസവും നാളിൽ നാളിൽ
കാണെക്കുറഞ്ഞുതുടങ്ങിയ പ്പൈങ്കിളി-
ക്കൂണില്ലുറക്കില്ലനക്കമില്ല.
ഏതൊരുനാടു പിറവിതനിക്കേകി?
യേതുനാടേകിയോ കായ്കനികൾ?
ഏതുതായാർമൊഴി കേട്ടുപഠിച്ചിതാ-
മാതൃഭൂവിങ്കൽ നിന്നെത്തിയാരോ?
തായ്മൊഴിതന്നിലത്തത്തയോടാഗതൻ
ഓമനിച്ചന്നേരമോതീടവേ,
പ്രത്യുത്തരമതേ ഭാഷയിൽ ചൊല്ലിയ-
ത്തത്തമ്മ തത്തിക്കളിച്ചു കൂട്ടിൽ.
പക്ഷം കുടഞ്ഞും ചിലച്ചുമാപ്പൈങ്കിളി
തൽക്ഷണമക്കൂട്ടിൽ ചത്തുവീണു.
മൎത്ത്യനുമാത്രമോ, പാരിൽപറവയ്ക്കും
ചിത്തഗുണം നൽകി ചിത്സ്വരൂപൻ.
[ 34 ]
അകായിൽ പുക്കുടൻ രാമൻ
നോക്കിമുറിയിലൊക്കയും.
അടുത്തും ദൂരെയും ചുററും
പാഞ്ഞന്വേഷിച്ചു ലക്ഷ്മണൻ.
അലച്ചു ചുറ്റുന്നു കാട്ടിൽ
സീതപോറ്റിയ പൈങ്കിളി
അങ്ങങ്ങുഴന്നു നില്ക്കുന്നു
ദേവി പാലിച്ച് മാൻ നിര.
സീതേ, സീതേ, യെന്നുരാമൻ
വിളിച്ചങ്ങങ്ങു തേടിനാൻ.
ആൎയ്യേ, ആൎയ്യേ, യെന്നുഴന്നു
ലക്ഷ്മണൻ വിളികൂട്ടിനാൻ.
പുഴക്കടവിലും, വള്ളി-
ക്കെട്ടിലും പുളിനത്തിലും
പോയിനോക്കീടിനാർ രണ്ടു-
പേരുമപ്പുഴ തന്നിലും.
നോക്കീ ശിലാതലത്തിങ്കൽ-
ച്ചമതച്ഛായതന്നിലും,
നോക്കി രാഘവർ ദേവിക്ക-
ദിഷ്ടമാം ദിക്കിലൊക്കെയും.
അയ്യോ! സീതേ, ജനകജേ
യെന്നെയെൻ പ്രാണനായികേ,
ഈ വനത്തിലുപേക്ഷിച്ചി-
ട്ടെങ്ങു നീ പോയതോമലേ,
അയ്യോ കത്തുന്നു ഹൃദയം;
മങ്ങുന്നൂ കാഴ്ച ലക്ഷ്മണ,
ചുഴറ്റുന്നൂ പമ്പരം പോ-
ലെല്ലാമെൻ മുമ്പു ദുൎവ്വിധി.
ബാലരാമായണം. | ആശാൻ |
[ 36 ]
അംബുജ വൈരികുലത്തിലുള-
വാകിയ പാണ്ഡവരഞ്ചും
അമ്മയുമായൊരു നാളിലര-
ക്കില്ലവും വെന്തു നടന്നു.
അന്നുവിലദ്വാരം പുക്കു കുന്തി-
പുത്രരുമായ് നടകൊണ്ടു.
മാതൃപ്പുഴയ്ക്കലും ചെന്നു കുന്തി
തീരം കടപ്പതിന്നായി.
തോണിപ്പുഴയുടയോനെ ക്കണ്ടു-
വേദനയോടെ പറഞ്ഞു.
തോണിപ്പുഴയുടയോനേ എന്നെ-
യക്കരക്കങ്ങിറക്കേണം.
തോണി കടത്തേണമെങ്കിൽ തോണി-
ക്കൂലിയെടുപ്പിന്റെ വൈകാതെ.
തോണിക്കൂലിയ്ക്കൊരുപായം കഴി-
വില്ലാപുഴയുടയോനേ!
കൂലിക്കുപായമില്ലെങ്കിൽ നിന്റെ
ബാലരിലൊന്നു തന്നാലും!
അഞ്ചിതം നെഞ്ചിൽക്കരുതി കുന്തി
ചഞ്ചലം പൂണ്ടങ്ങുഴന്നു.
അന്നേരം ഭീമൻ പറഞ്ഞു തന്റെ
മാതാവിനോടു സദൃശം
ഞാനുമിവിടെ നിന്നീടാം നിങ്ങൾ
വേഗം കടന്നങ്ങു പോവിൻ!
എന്നതു കേട്ടോരു നേരം കുന്തി
നേത്രാംബു മാൎവ്വിലൊഴുക്കി
വമ്പൻപുഴയുടയോന്റെ കൈയിൽ
പുത്രനെ മെല്ലെ കൊടുത്തു.
ധൎമ്മസഹോദരന്മാരും കുന്തി-
വന്ദിച്ചു തീരം കടന്നു.
ആടലായ്മാതാവിനപ്പോൾ-മന്ദം
ചെന്നിതു വെള്ളിശ്രീയാൽക്കൽ.
ആൽത്തറ കേറിയിരുന്നു തന്റെ
പുത്രനെയോൎത്തു കരഞ്ഞു.
അന്നേരം ധൎമ്മജൻ ചൊല്ലി മാതൃ-
ദുഃഖം കെടുപ്പാനുപായം
നാലുനാളുള്ളിലിവിടെയെന്റെ
സോദരൻ വന്നിടുമമ്മേ!
അംബുജം=താമര (താമരയുടെ വൈരി ചന്ദ്രൻ). കുലം=വംശം, ചന്ദ്രവംശം. നേത്രാംബു=കണ്ണീർ. ധസഹോദരന്മാരും=ധൎമ്മപുത്രരുടെ
സോദരന്മാരും. ആടൽ=വ്യസനം. ധൎമ്മജൻ=ധൎമ്മപുത്രൻ, [ 38 ]
ധനം രക്ഷിച്ചു കൊള്ളായ്തി-
ലനൎത്ഥ, മതുകെട്ടുപോം.
മനംവെച്ചോൎക്കു ദൃഷ്ടാന്ത-
ത്തിനക്കർപ്പൂരമില്ലയൊ?
വിലയേറിയ കർപ്പൂരം
നലമൊടൊരു കുപ്പിയിൽ
മുളകും ചേൎത്തുവെയ്ക്കാഞ്ഞാൽ
കളവല്ലതു നാസ്തിയാം.
ധനം പെട്ടിയിൽ വെച്ചൊന്നു
മനങ്ങാതൂണുമെന്നിയേ
മനം മയങ്ങി മേവുന്ന
ജനം വളരെയുണ്ടുപോൽ.
പിട്ടവൻ "പണസ്സഞ്ചി"
കെട്ടഴിക്കാതെയെപ്പൊഴും
നട്ടം തിരിഞ്ഞിടും വിദ്വാൻ
പൊട്ടപ്പാപ്പരൊടൊക്കുമെ.
പട്ടിക്കു, ചോറ്റുരുള കൊണ്ടുവരുമ്പോഴുള്ള
ഗോഷ്ഠിക്കു കഷ്ടമളവില്ല;തു വാലിളക്കി
വട്ടത്തിലോടു മടികുമ്പിട്ടു, മീവിധങ്ങൾ
കാട്ടാതെയഷ്ടിയൊരുനേരവുമില്ലനൂനം.
നേരറ്റ കുംഭിവരനമ്പൊടു ചോർകൊടുക്കും
നേരത്തവൻ ബഹു ഗഭീരത പൂണ്ടുനോക്കും;
ഓരായിരം തവണ "ചക്കരവാക്കു"രച്ചേ
പാരാതെപിന്നെയവനഷ്ടി കഴിക്കയുള്ളു.
കുംഭിവരൻ=കൊമ്പനാന. [ 40 ]
ദൈവമേ, കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കൊ-
രാവിവൻ തോണിനിൻപദം.
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം.
അന്നവസ്ത്രാദി മുട്ടാതെ
തന്നുരക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീ യൊന്നു
തന്നേ ഞങ്ങൾക്കു തമ്പുരാൻ.
ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിന്മഹിമയും
നീയുമെന്നുള്ളിലാകണം.
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും, സൃഷ്ടിജാലവും,
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും, മായാ-
വിയും, മായാവിനോദനും;
നീയല്ലോ മായയേ നീക്കി-
സ്സായൂജ്യം നൽകുമാൎയ്യനും.
നീ സത്യം, ജ്ഞാന, മാനന്ദം
നീ തന്നേ വൎത്തമാനവും,
ഭൂതവും, ഭാവിയും വേറ-
ല്ലോതും മൊഴിയു മോൎക്കിൽ നീ.
അകവും പുറവും തിങ്ങും
മഹിമാവാൎന്ന നിമ്പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങേ
ഭഗവാനേ, ജയിക്കുക.
ജയിക്കുക! മഹാദേവാ,
ദീനാവനപരായണ,
ജയിക്കുക! ചിദാനന്ദ,
ദയാസിന്ധോ, ജയിക്കുക!
ആഴമേറും നിന്മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ,
ആഴണം! വാഴണം! നിത്യം
വാഴണം! വാഴണം! സുഖം.
നാവികൻ = തോണിക്കാരൻ, ഭവാബ്ധി = സംസാരമാകുന്ന കടൽ, ആവിവൻതോണി = ആവികൊണ്ടു നടത്തപ്പെടുന്ന വലിയ തോണി (ചെറുകപ്പൽ), സംസാരമാകുന്ന കടൽ കടത്തുന്ന കപ്പക്കാരനാണു നീ, ദൃക്കു = ദൃഷ്ടി, അസ്പന്ദം = ഇളകാത്തതു, സാമഗ്രി = വസ്തു. സായൂജ്യം = മോക്ഷം, ദീനാവനപരായണ = ദീനന്മാരെ അവനം ചെയ്യുന്നതിൽ (രക്ഷിക്കുന്നതിൽ) പരായണൻ, (താല്പൎയ്യമുള്ളവൻ), മഹസ്സ് = ജ്യോതിസ്സ്, ശോഭ,
(ഭക്തിമയമായ ഈ പ്രാർത്ഥനയുടെ സാമാന്യമായ സാരം ഗ്രഹിച്ചാൽ മതി). [ 44 ]ഏറ്റവും ലളിതവും സാഹിത്യഗുണം തുളുമ്പുന്നവയുമായ കവനങ്ങൾ തിരഞ്ഞെടുത്തും സ്വന്തമായ് ചേൎത്തും അമൃതഗുളിക പോലെ പാകപ്പെടുത്തിയത്. പുനം, പൂന്താനം, ചേലപ്പറമ്പ്, നമ്പ്യാർ, എഴുത്തച്ഛൻ, ചെറുശ്ശേരി, വെണ്മണി, വള്ളത്തോൾ, ആശാൻ, ഉള്ളൂർ തുടങ്ങിയ മഹാകവികളുടെ ചെറുകവിതകൾ.
എബ്രഹാം ലിങ്കൻ, ബുദ്ധൻ, നബി തുടങ്ങിയ ചരിത്രപുണ്യപുരുഷന്മാരുടെ മനോഹരകഥകൾക്കു പുറമെ, ധൎമ്മോപദേശം ചെയ്യുന്ന നിരവധി ചെറുകഥകളടങ്ങിയത്. ഇവയിലെ ഭാഷാഭംഗിയുടെ സ്വാദ് പരീക്ഷിച്ചറിയേണ്ടതാണ്. സത്യം, സമഭാവന, ധീരത, സ്വാഭിമാനം, അനുസരണശീലം, സ്വാതന്ത്ര്യം തുടങ്ങിയ പല ഗുണങ്ങളും ഉളവാക്കുന്ന കഥകൾ.