ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
7. പരുക്കേറ്റ കുട്ടി
അരികത്തമ്പോടു വരുന്നുണ്ടമ്മ, ഞാൻ
കരയായ്കോമനേ, കരൾവാടി
പുരികവും കണ്ണും ചുളിച്ചു നീ വിങ്ങി-
ക്കരയായ്കോമനേ, വരുന്നു ഞാൻ.
പനിനീർച്ചമ്പക ച്ചെറുമുള്ളേറ്റുനിൻ
കുരുന്നു കൈവിരൽ മുറിഞ്ഞിതേ!
തനിയേ തൈമാവിൽ കയറിവീണോമൽ
ചെറുകാൽ മുട്ടുകൾ ചതഞ്ഞിതേ!
മറിച്ചിട്ടീപ്പടം മുകളിൽ നിന്നയ്യോ!
മുറിച്ചിതേ പൊന്നിൻ നിറുകയും;
മുറിയിൽ കട്ടിന്മേൽ കയറിച്ചാഞ്ചാടി-
ത്തറയിൽ വീണിപ്പൂങ്കവിളും നീ.
കരുതേണ്ട തല്ലുമിതിനായ്ഞാനെന്നു
കരയേണ്ട, നോവു മകന്നു പോം;
അറിയാപ്പൈതൽനീ കളിയാടിയേറ്റ-
മുറിവു ഭൂഷണം നിനക്കുണ്ണീ!
ഉരച്ചീവണ്ണ മാക്ഷതമോരോന്നുമേ
തിരിച്ചു ചുംബിച്ചാളുടനമ്മ.
സ്ഫുരിച്ച പുഷ്പത്തെയളിപോലെ കുട്ടി
ചിരിച്ചാൻ കാർനീങ്ങും ശശിപോലെ.
കുമാരനാശാൻ
ആ ക്ഷതം = ആ മുറിവ്. സ്ഫുരിച്ച = വിരിഞ്ഞ, തെളിഞ്ഞ. അളി = വണ്ട്. ശശി = ചന്ദ്രൻ.