Jump to content

മലബാറി/മൂന്നാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലബാറി
രചന:കുന്നത്തു് ജനാർദ്ദനമേനോൻ
മൂന്നാം അദ്ധ്യായം

[ 33 ]

മൂന്നാം അദ്ധ്യായം

പത്രപ്രവൎത്തകൻ

ഇന്ത്യയിൽ ഇംഗ്ലീഷ് ഭാഷാജ്ഞാനം ഒട്ടൊട്ടു പരക്കുകയും, ഇന്ത്യക്കാർ ഇംഗ്ലീഷുകാരോടു അടുത്തിടപെടുന്നതിൽ സന്തുഷ്ടരാകയും ചെയ്തുതുടങ്ങിയപ്പോൾ, രാജ്യഭരണവിഷയത്തിൽ ഏറ്റവും പ്രധാനപ്പെട്ട അംഗമെന്നു് പാശ്ചാത്യരാൽ അംഗീകൃതമായിരിക്കുന്ന വൃത്താന്തപത്രപ്രവർത്തനം ഇന്ത്യയിലേക്കും സംക്രമിച്ചു. ഇവിടെ ആദ്യമായി ഒരു വൃത്താന്തപത്രം പ്രസിദ്ധീകരിച്ചുതുടങ്ങിയതു് കൽക്കട്ടായിലാണു്.ഈ കഥ നടക്കുന്നതിനു് ഒരു ശതവർഷം മുമ്പാണു് അതിന്റെ ആരംഭം.ഒരു ഇംഗ്ലീഷ് സാഹിത്യകാരന്റെ ആധിപത്യത്തിൽ ഇംഗ്ലീഷ് ലേഖകൻമാരുടെ സഹകരണത്തോടുകൂടി ഇംഗ്ലീഷ്ഭാഷയിലാണു് ആ പത്രം നടന്നിരുന്നതു്.തൽപ്രവർത്തകന്മാരാവട്ടെ,അന്നത്തെ ഭരണാധികാരികളുമായി ബന്ധമൊന്നുമില്ലാത്തവരായിരുന്നതിനാൽ ഗവർമ്മെണ്ടിന്റെ കൃത്യങ്ങളെ നിർദ്ദയം അതിൽ ആക്ഷേപിച്ചുകൊണ്ടേയിരുന്നിരുന്നു.അന്നു് ബ്രിട്ടീഷ്ഭരണം ഇന്ത്യയിൽ ഇത്രയും സുസ്ഥിരമോ പരിവ്യാപ്തമോ ആയിരുന്നില്ല. ആ [ 34 ] ഘട്ടത്തിൽ ഗവർമ്മെണ്ടിനെക്കുറിച്ചു് ജനങ്ങൾക്ക് ദുർബോധമുണ്ടാകുന്നതു് സുഖതരമായ ഭരണഗതിക്കു പ്രതിബന്ധമാകാവുന്നതിനാൽ സർക്കാർ കാര്യങ്ങളിൽ ആക്ഷേപപരമായ സ്വതന്ത്രാഭിപ്രായപ്രകടനങ്ങളെ തൽക്കാലം നിരോധിക്കതന്നെ വേണമെന്നു് അന്നത്തെ അധികാരികൾ തീർമാനിച്ചു് ആ പത്രത്തിന്റെ പ്രവർത്തകൻമാരെ സ്വദേശമായ ഇംഗ്ലണ്ടിലേക്കുതന്നെ ശാസിച്ചയച്ചുകളഞ്ഞു.

ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ സുസ്ഥിരമായിത്തീർന്നപ്പോൾ,സ്വാതന്ത്രേച്ഛുക്കളിൽ അഗ്രഗണ്യനും ഇംഗ്ലീഷ്ഭാഷാജ്ഞാനംസിദ്ധിച്ച ഏതൊരിന്ത്യക്കാരന്റെയും കൃതജ്ഞതാപൂർവമായ സ്മരണയ്ക്കു ഏതുകാലത്തും പാത്രവുമായ മെക്കോളേ പ്രഭുവിന്റെ ശ്രമത്താൽ,പൊതുകാര്യങ്ങളിലേതിലും സ്വതന്ത്രമായി അഭിപ്രായം പുറപ്പെടുവിക്കുന്നതിനുള്ള അവകാശം ഇന്ത്യയിലെ വൃത്താന്തപത്രങ്ങൾക്കു് തിരിച്ചുകൊടുത്തു.ഈ അവകാശസിദ്ധിക്കുമുമ്പായിത്തന്നെ ദേശഭാഷകളിൽക്കൂടിയും വൃത്താന്തപത്രങ്ങൾ സ്ഥലം പിടിച്ചുതുടങ്ങീട്ടുണ്ടു്.എന്നാൽ,അവയെല്ലാം ഗവർമെണ്ടിനെ ഭയപ്പെട്ടുകൊണ്ടു് ഭരണവിഷയത്തിൽ ഒട്ടും ഊക്കും ഉണർച്ചയുമില്ലാതെയാണു് ജീവിച്ചിരുന്നതു്.ദേശഭാഷയിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ചുതുടങ്ങിയതു് ബോമ്പേയിലാണു്.ഒരു പാർസിപ്രമാണി സ്വഭാഷയിൽ തുടങ്ങിയ [ 35 ] ആ വൃത്താന്തപത്രത്തിനു എട്ടുവയസ്സുതികഞ്ഞതിൽപ്പിന്നെയായിരുന്നു അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യയിലെ പത്രങ്ങൾക്കു് തിരിച്ചുകിട്ടിയതു്.പിന്നെയും,പല കാലത്തേക്കു് ദേശഭാഷാപത്രങ്ങൾക്കു പുഷ്ടിയും ശക്തിയുമില്ലതെ ക്ഷീണിച്ചുതന്നെയാണു് കഴിയേണ്ടിവന്നതു്.ഇംഗ്ലീഷ്ഭാഷാജ്ഞാനം വഴിയായി ലോകകാര്യങ്ങളിൽ തികഞ്ഞു തെളിഞ്ഞ പടവംനേടിയ ജനസമ്മതന്മാർ ദേശഭാഷാപത്രപ്രവർത്തനത്തിൽ പ്രവേശിക്കുന്നതുവരെക്കും അവയ്ക്കു് അഭിവൃദ്ധിയൊട്ടുമുണ്ടായില്ല.ദേശാഭിമാനം പരിഷ്കൃതരൂപത്തിൽ വർദ്ധിക്കയും ബഹുജനങ്ങളെ ഭരണവിഷയത്തിൽ ഇടപെടുത്തേണ്ട ആവശ്യകതയെക്കുറിച്ചു ബോധമുണ്ടാകയും ചെയ്തപ്പോൾ,ഇംഗ്ലീഷ് ഭാഷാപരിചയത്താൽ ഭരണതന്ത്രം പരിശീലിച്ച ജനപ്രമാണികൾ ദേശഭാഷാപത്രങ്ങളിൽ സ്വകീയജ്ഞാനം പ്രകാശിപ്പിക്കുവാൻ നിർബദ്ധരായി.ഇങ്ങനെ ,പത്രങ്ങളുടെ നിലയും വിലയുമുയർന്നപ്പോൾ,ജനസാമാന്യത്തെ അവ അധികമധികമായി ആകർഷിച്ചുതുടങ്ങിയതിൽ അത്ഭുതപ്പെടുവാനില്ലല്ലോ.ഉത്സാഹശീലന്മാരും ദേശാഭിമാനികളുമായ യുവജനങ്ങളാണു് ഏതു രാജ്യത്തും വൃത്താന്തപത്രപ്രവർത്തനത്തിൽ കൂടുതലായി പ്രവർത്തിച്ചു കാണാറുള്ളതു്.ബഹുജന കാര്യത്തിൽ പ്രവേശിച്ചിട്ടു് ജീവകാലമത്രയും പരാർത്ഥം പ്രവർത്തിക്കുന്നതിനു് വഴിനോ [ 36 ] ക്കിക്കൊണ്ടിരിക്കുന്ന മലബാറിയെപ്പോലെയുള്ള ഒരു യുവാവിനെ പത്രപ്രവർത്തനത്തിന്നു് സ്വാധീനപ്പെടുത്തുവാൻ ഒട്ടുംതന്നെ പ്രയാസമില്ല.നമ്മുടെ കഥാനായകൻ ഈ മാർഗ്ഗത്തിൽ പ്രവേശിച്ചതും പ്രവർത്തിച്ചതും എങ്ങിനെയായിരുന്നുവെന്നു് നോക്കുക.

ബോമ്പെയിൽ,ഉൽക്കർഷേച്ശൂക്കളായ ചില ചെറുപ്പക്കാർ പാഠശാലാ ജീവിതം കഴിഞ്ഞ ഉടനെ ഒരു പ്രതിവാരപത്രം പ്രസിദ്ധീകരിച്ചുതുടങ്ങി.ഇതിൽ അവർക്കു വേണ്ടുന്ന മൂലധനത്തെക്കുറിച്ചു് അവർ ഒന്നും തന്നെ ചിന്തിച്ചിരുന്നില്ല.നല്ല നല്ല കാര്യങ്ങളെപ്പറ്റി രസകരമായി എഴുതുവാൻ തക്ക അറിവും കഴിവുമുണ്ടെന്ന അഭിമാനത്താൽ,വരിക്കാരെ വർദ്ധിപ്പിച്ചു്,പത്രത്തിന്റെ ആയുരാരോഗ്യങ്ങൾ ഉറപ്പിക്കുന്നതിനു് മറ്റൊരുപകരണവും ആവശ്യമില്ലെന്നായിരിക്കാം അവർ കരുതിയതു്.മുൻസിപ്പാൽ കൗെൺസിലിലെ ഒരുദ്യോഗസ്ഥനും ഈ പ്രവർത്തകസംഘത്തിൽ ഉൾപ്പെട്ടിരുന്നു.ആയാൾ കൗെൺസിൽ വക പരസ്യങ്ങൾ ഈപത്രത്തിലേക്കു കൊടുക്കാമെന്നു് ആശപ്പെടുത്തിയപ്പോൾ,പ്രാരംഭച്ചെലവുകൾനിർവ്വഹിക്കുവാൻ അതു് ധാരാളം മതിയാകുമെന്നാണു് അവർ സംഭ്രമിച്ചുപോയതു്.ലണ്ടൻ സ്പെക്ടേറ്റർ എന്ന പത്രത്തിന്റെ ആകൃതിയിലും ,പ്രകൃതിയിലും,ആ പേരിനെത്തന്നെ അനു [ 37 ] കരിച്ചുകൊണ്ടും ഞായറാഴ്ച തോറും ഇവർ പത്രമൊന്നു് അച്ചടിച്ചുവിടുകതന്നെചെയ്തുതുടങ്ങി.പിൽക്കാലത്തിൽ പ്രഖ്യാതമായി ശോഭിച്ച "ഇൻഡ്യൻ സ്പെക്ടേറ്റർ" പത്രത്തിന്റെ ഉത്ഭവം ഇങ്ങനെയാണു്.ഈ പത്രം ലണ്ടൻസഹജീവിയെ അനുസരിച്ചു നാനാദേശവൃത്താന്തങ്ങളും,അവയെക്കുറിച്ചുള്ള ഗുണദോഷനിരൂപണങ്ങളും ജനങ്ങളെ രസിപ്പിക്കയും പഠിപ്പിക്കയും ചെയ്യാനുതകുന്ന വിവിധവിഷയങ്ങളും ഉള്ളടക്കിക്കൊണ്ടു മുറയ്ക്കു നടന്നുവന്നു.അന്ന് അതിൽ പത്രാധിപത്യം വഹിച്ചിരുന്നതു് മിസ്റ്റർ ഫിറോസിഷാ പെസ്റ്റാൺജി തലിയാർക്കൺ ആണു്.അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം മലബാറി ആ പത്രത്തിന്റെ ലേഖകവർഗ്ഗത്തിൽ ഒരാളായി നിന്നു് ഉത്സാഹപൂർവ്വം പ്രവർത്തിച്ചു.

ആളും തരവുമൊന്നും നോക്കാതെ ,ഏതുകാര്യത്തിലും സ്വതന്ത്രാഭിപ്രായം പുറപ്പെടുവിക്കുന്നതിൽ ഈ പത്രത്തിനു ഒട്ടുംതന്നെ കൂസലുണ്ടായില്ല.പ്രവർത്തകന്മാർ ധീരന്മാർ തന്നെയെങ്കിലും അപക്വാശയന്മാരായിരുന്നതുകൊണ്ടു് , ബാലകന്റെ കയ്യിൽ കിട്ടിയ കത്തിപോലെ ,ഈ പത്രം പല അപകടങ്ങളുമുണ്ടാക്കിതീർത്തു.വയോവൃദ്ധന്മാരെങ്കിലും ജനപ്രമാണികളായ പരിപക്വാശയന്മർ ഈ അക്ഷമന്മാരായ ചെറുപ്പക്കാരുടെ വകതിരിവില്ലതെയുള്ള ധീര [ 38 ] തയിൽ പങ്കുകൊള്ളുകയുണ്ടായില്ല.രാജ്യഭരണവിഷയത്തിൽ നിർഭയം പ്രവർത്തിച്ചു് ജനസമ്മതന്മാരായി ശോഭിക്കുന്ന ആ നേതാക്കന്മാരെത്തന്നെ ഇവർ കഠിനമായി ആക്ഷേപിച്ചു തുടങ്ങി .യുവാഭിപ്രായം വൃദ്ധമതത്തേക്കാൾ തീക്ഷണം തന്നെയായിരിക്കുമെങ്കിലും ശ്രമസാദ്ധ്യമായ പൊതുകാര്യത്തിൽ സമ്മാന്യവൃദ്ധജനത്തെ പിണക്കിയകറ്റിക്കൊണ്ടു് യുവജനങ്ങൾ സ്വേച്ഛാധീനം സത്വരസഞ്ചാരം ചെയ്യുന്നതു്,അസ്ഥിവാരമുറപ്പിക്കാതെ ഗൃഹനിർമ്മാണം ചെയ്യുന്നതുപോലെ ആപൽക്കരമായിട്ടുള്ളതാണെന്നു് സ്പെക്ടേറ്റർ പ്രവർത്തന്മാർ ഓർത്തില്ല. സ്ഥിതിബോധം കൂടാത്ത ധീരതയും സ്വാതന്ത്രേച്ഛയും ഫലോന്മുഖമാകുന്നതല്ലല്ലോ. സ്പെക്ടേറ്റർ പത്രം വൃദ്ധജനത്താൽ അനാദൃതമായപ്പോൾ ,വരിക്കാർ മുമ്പു് തന്നെ അധികമില്ലാതിരുന്ന അതിനു് ജീവിതം ദുർഭരമായിത്തീർന്നു. നഗരപ്രമാണികളുടെ വിരോധത്താൽ ,മുൻസിപ്പാൽ കൗെൺസിലിൽനിന്നു് ആശിച്ചപോലെേ പരസ്യമൊന്നും കിട്ടിയതുമില്ല. ഇങ്ങനെ വിഷമിക്കുന്നതിനിടയ്ക്കുതന്നെ , പ്രവർത്തകന്മാരിൽ ഒരാൾ തൽബന്ധത്തിൽനിന്നു് പിരിഞ്ഞു് തന്റെ ഭാഗം തിരിച്ചു് കിട്ടേണമെന്നു് അവകാശപ്പെട്ടതു് പുണ്ണിലൊരമ്പു തറച്ചതുപോലെ ആ പത്രത്തിനു ദുസ്സഹമായി. എന്നു തന്നെയല്ലാ , ഇതുനിമിത്തം പ്രവർത്തകന്മാർ ത [ 39 ] മ്മിൽ പിണങ്ങുകയും ,പത്രത്തെ മറ്റൊരാൾക്കു ഏറ്റവും ചുരുങ്ങിയ തുകക്കു് വിറ്റു കളയുന്നതിനു് നിർബ്ബദ്ധരാകയും ചെയ്തു.സ്പേക്ടേറ്റർ പത്രം അന്നു് വിലയ്ക്കു മേടിച്ചതു് ബോറാ എന്നൊരാളാണു്.ഈയാൾക്കു പത്രപ്രവർത്തനത്തിൽ ഒട്ടും താല്പര്യമില്ലായിരുന്നു വെങ്കിലും ഒട്ടുകാലം പ്രക്ഷോഭ ജനകമായ രീതിയിൽ നടന്നു് ജനങ്ങൾക്കു് പരിചിതമായിത്തീർന്ന ഇഡ്യൻ സ്പെക്ടേറ്റർ പത്രം ഇനിയെന്നേക്കുമില്ലാതെ തീരെ നശിച്ചു പോകുന്നതിൽ സങ്കടം തോന്നിയിരുന്നു.സന്മതനും വിദഗ്ധനുമായ ഒരു ഉത്സാഹശീലനെ ഏൽപ്പിച്ചു് മുറയ്ക്കു നടത്തിക്കുവാൻ ശ്രമിച്ചു നോക്കാമെന്നു കരുതിമാത്രമാണു് മിസ്റ്റർ ബോറാ ആ പത്രം വിലയ്ക്കു മേടിച്ചതു്.തന്റെ ഉദ്ദേശ്യം ശരിയായി നിവർത്തിക്കുവാൻ സമർത്ഥൻ മലബാറിയാണെന്നറിഞ്ഞു് അയാൾ ആ പത്രത്തിന്റെ സർവ്വാവകാശവും ഇരുപത്തഞ്ചുറുപ്പിക പ്രതിഫലം കിട്ടിയാൽ ഒഴിഞ്ഞുകൊടുക്കാമെന്നു് മലബാറിയെ കണ്ടു പറഞ്ഞു. പത്രസ്വാമിയോ,പത്രാധിപരോ ആകേണമെന്ന ആഗ്രഹം അതുവരെയും മലബാറിക്കുണ്ടായിരുന്നില്ല.എങ്കിലും ,തന്നെ അന്വേഷിച്ചുതന്നെ വന്നിരിക്കുന്ന തന്റെ പൂർവ്വമിത്രത്തെ അദ്ദേഹം എങ്ങിനെ നിരാകരിക്കുവാൻ ശക്തനാകും. ബഹുജനകാര്യത്തിൽ പ്രവേശിക്കുന്നതിനു ഇതുതന്നെ നല്ല മാർഗ്ഗ [ 40 ] മെന്നു് മലബാറി അപ്പോൾ കരുതീട്ടുണ്ടുമുണ്ടാകാം. ഏതായാലും മലബാറി ഇൻഡ്യൻ സ്പെക്ടേറ്റർ പത്രം തന്റേതായി ഏറ്റെടുക്കുകതന്നെ ചെയ്തു. ബോറയുടെ വഴിക്കു് ഒരു ധനികൻ മലബാറിയുടെ കൂട്ടുകാരനായി ചേരുകയുമുണ്ടായി. തനിക്കു പേരും പണവുമുണ്ടാകേണമെന്ന സ്വാർത്ഥപരമായ ഒരുദ്ദേശത്തോടുകൂടിയാണു് ഈ വിത്തവാൻ കൂട്ടുചേർന്നു് നിൽക്കുന്നതെന്നു് മലബാറി ആദ്യമറിഞ്ഞില്ല. ഏതാനും വാരത്തേക്കു് ആ ധനികന്റെ ചെലവിൽത്തന്നെയാണു് പത്രം നടന്നുവന്നതു്. അപ്പോഴെക്കും അയാളുടെ ഉദ്ദേശ്യം മലബാറി മനസ്സിലാക്കുകയാൽ ആ ദുർമ്മോഹിയുമായുള്ള ഇടപാടിൽ നിന്നു് അകലുവാൻ നിശ്ചയിക്കുകയും , സ്വപത്നിയുടെ സഹായത്താൽ കടം തീർത്തു് ആയാളെ പിരിച്ചു വിടുകയും ചെയ്തു.

സർ കവാഡ്ജി ജിഹാംഗർ ചെയ്ത ശുപാർശ പ്രകാരം മിസ്റ്റർ മാർട്ടിൻവുഡ്ഡ് മലബാറിയെ പത്ര പ്രവർത്തനത്തിൽ പ്രവേശിപ്പിച്ച വസ്തുത ഇതിനു മുമ്പു് പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം "ടൈംസ് ആഫ് ഇൻഡ്യ" യുടെ പത്രാധിപരായിരിക്കവേ തന്നെ , നാട്ടുകാരുടേയും നാട്ടുരാജാക്കന്മാരുടേയും ഗുണത്തിനുവേണ്ടി "ബോംബേ റവ്യു" എന്നൊരു പുതിയപത്രം [ 41 ] സ്വന്തമായി നടത്തിത്തുടങ്ങി. ഇതിലാണു് നമ്മുടെ കഥാനായകൻ പ്രവർത്തിച്ചുകൊണ്ടിരുന്നതു്. രണ്ടു കൊല്ലത്തോളം ഏറ്റവും യോഗ്യമായ രീതിയിൽ പ്രകാശിച്ചുവന്ന ആ പത്രം , പണമില്ലായ്കയാൽ അകാലത്തിൽ അസ്തമിക്കയാണു് ചെയ്തതു്. മലബാറിക്കു് ഈ ചുരുങ്ങിയകാലത്തെ പരിചയംകൊണ്ടുതന്നെ, പത്രപ്രവർത്തനത്തിൽ പ്രശസ്തമായ വൈദഗ്ധ്യം നേടുവാൻ കഴിഞ്ഞു. പ്രത്യേകിച്ചു് ഈ പത്രത്തിൽ ഗുജറത്തിനെ സംബന്ധിച്ചെഴുതിയിരുന്ന പ്രൗെഢസരസോപന്യാസങ്ങളാണു് , പിന്നീട് പുസ്തകാകൃതിയിൽ പുറപ്പെട്ടു് ഇംഗ്ലീഷ് ഗ്രന്ഥകാരന്മാരുടെ മുന്നണിയിൽത്തന്നെ മലബാറിക്കു് ഒരു മാന്യസ്ഥാനം നൾകിയതു്.

"ബോംബേ റവ്യു" ദീർഘനിദ്രയെ പ്രാപിച്ചപ്പോൾ , "ഇൻഡ്യൻ സ്പെക്ടേറ്റർ"പത്രത്തിന്റെ അഭിവൃദ്ധിയിൽത്തന്നെ തന്റെ ബുദ്ധിയും ശക്തിയും മുഴുവൻ ഏകാഗ്രമായി ചെലുത്തുന്നതിനു് മലബാറിക്കു കഴിഞ്ഞു. ലോകത്തിനു് സുഖാസ്വാദ്യമായ മധുരഫലങ്ങൾ നിറച്ചു വഹിച്ചുകൊണ്ടു് സകൗെതുകം വിളഞ്ഞുനിൽക്കാവുന്നതാണു് മലബാറിയുടെ ഉൽക്കർഷോന്മുഖമായ ജീവിതമെന്നു മിസ്റ്റർ വുഡ് ശരിയായി മനസ്സിലാക്കിയിട്ടുണ്ടു്. അദ്ദേഹം മലബാറിയെക്കുറിച്ചു പറഞ്ഞിരിക്കുന്നതു ഇങ്ങനെയാണു്:[ 42 ] "ഇന്ത്യയിൽ പൂർവ്വികമായി നിവസിക്കുന്നവരും , ഇടയ്ക്കുവന്നുചേർന്നുവരുമായ പലപല ഉപവർഗ്ഗങ്ങളടങ്ങിയ ആര്യ മഹാസമുദായത്തിൽ ഗവർമെണ്ടിന്റേയും ഭരണീയരുടേയും മധ്യത്തിൽ നിന്നുകൊണ്ട് വിശ്വാസയോഗ്യമായി പ്രവർത്തിക്കുവാൻ ഈ പത്രാധിപർ അസാമാന്യ സാമർത്ഥ്യം തികഞ്ഞ യോഗ്യനാകുന്നു. ഭാരതീയരുടെ ഐഹികവും പാരത്രികവുമായ ആചാരോപചാരങ്ങളെക്കുറിച്ചു ഇദ്ദേഹത്തിനു നല്ലവണ്ണമറിയാമെന്നു് ഇദ്ദേഹത്തിന്റെ ലേഖനങ്ങളിൽനിന്നു എളുപ്പത്തിൽ മനസ്സിലാക്കാം . ഈ പത്രാധിപരുടെ സ്വാതന്ത്ര്യബോധത്തിലും സത്യസന്ധതയിലും ഞങ്ങൾക്കു് നല്ല വിശ്വാസമുണ്ട്." കീർത്തി മാനായ മിസ്റ്റർ വുഡ്ഡിന്റെ ഈ അഭിനന്ദനത്താൽ മലബാറിയുടെ സ്പെക്ടേറ്റർ പത്രം ബഹുജനശ്രദ്ധയ്ക്കു് അവിളംബം വിഷയമായതിൽ അത്ഭുതപ്പെടുവാനില്ലല്ലോ.

മിസ്റ്റർ മാർട്ടിൻവുഡ്ഡ് പത്രാധിപത്യമൊഴിഞ്ഞു ഇംഗ്ലണ്ടിലേക്കുപോയപ്പോൾ ബുദ്ധിമാനായ ഒരുപദേഷ്ടാവുമാത്രമല്ലാ, ജീവിതക്ലേശങ്ങളിൽ സമാധാനിപ്പിക്കുന്ന ഒരു സുഹൃന്മണി കൂടിയും മലബാറിക്കു നഷ്ടപ്പെട്ടുപോയി. ധനസമ്പാദനത്തിൽ പ്രകൃത്യാ , സാമർത്ഥ്യമില്ലാത്ത ഒരാളാണു് മലബാറി. പൊതുക്കാ [ 43 ] ര്യങ്ങളിൽ പൂർണ്ണമായുള്ള അഭിനിവേശത്താൽ, പണം നേടുവാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനു അദ്ദേഹത്തിനു സമയമുണ്ടാകാറേയില്ല. പത്രമിടപെട്ട ചെലവുകൾ നടത്തുന്നതിനും , ഭാര്യയേയും കുട്ടികളേയും സംരക്ഷിക്കുന്നതിനുംതന്നെ അദ്ദേഹത്തിനു അത്യധികം ക്ലേശിക്കേണ്ടിവന്നു. ഇങ്ങിനെ അത്യാവശ്യത്തിലേക്കുള്ള സമ്പാദ്യം തന്നെയും ചില സ്നേഹിതന്മാരുടെ ദുർമ്മോഹത്തിനു പലപ്പോഴും ആഹാരമായിത്തീർന്നിട്ടുണ്ട്. പണസംരക്ഷണത്തിൽ , മലബാറിക്കുള്ള അശ്രദ്ധ, അദ്ദേഹത്തിന്റെ ചില സ്നേഹിതന്മാർക്കു അനായാസം പണംനേടുവാൻ നല്ലൊരുമാർഗ്ഗമായി. ചിലരുടെ വിധി കടങ്ങൾക്കു ജാമ്യം നിന്നു് ആ സംഖ്യകൾ അദ്ദേഹം തന്നെ കൊടുക്കേണ്ടതായും വന്നിട്ടുണ്ടു്. ഇങ്ങനെയുള്ള കൃത്യദോഷങ്ങളാൽ ഓരോ ഘട്ടങ്ങളിൽ അദ്ദേഹം എത്ര വളരെയാണു് കഷ്ടപ്പെട്ടതെന്നു് പറഞ്ഞറിയിക്കുവാൻ പ്രയാസമാണു് . ദാരിദ്ര്യത്താൽ, പത്രത്തൊഴിൽ മുഴുവൻ അദ്ദേഹം ഏകനായിത്തന്നെ നടത്തിയിരുന്നു. പത്രത്തിലെഴുതിക്കൊടുക്കുക, പ്രൂഫ് നോക്കുക, പത്രം മടക്കിക്കെട്ടുക , മേൽവിലാസമെഴുതുക, തപാലാപ്പീസ്സിലേക്കെടുത്തുകൊണ്ടു പോകുക, ചിലപ്പോൾ പട്ടണത്തിലെ വരിക്കാർക്കെ [ 44 ] ല്ലാം എത്തിച്ചു കൊടുക്കുക ഇതത്രയും മലബാറി ഒരേ ഒരാൾ തന്നെ അക്ഷീണം ചെയ്കയുണ്ടായി.

ക്ലേശം ഭാവിഗുണത്തിനാധാരമാണെന്ന ദൃഢബോധം മലബാറിക്കുണ്ടായിരുന്നു. ക്ലേശങ്ങളെയെല്ലാം ലംഘിച്ചുകൊണ്ടു ഉൽക്കർഷപഥത്തിൽസഞ്ചരിക്കുന്നവന്റേതാണല്ലോ പ്രശസ്തജീവിതം. ധൈര്യവും സ്ഥൈര്യവും തികഞ്ഞ അദ്ദേഹത്തിന്റെ ഹൃദയം ഏതുനേരത്തും ഉത്സാഹോല്ലസിതമായിട്ടേ കണ്ടിട്ടുള്ളൂ. പലപല ദുർഭരകർമ്മങ്ങൾ നിർഭയം വഹിച്ചുകൊണ്ടു്, തുടർന്നു തുടർന്നുവരുന്ന ഘോരതരങ്ങളായ ക്ലേശങ്ങളെ എതിർത്തെതിർത്തു് വെല്ലുന്നതിനിടയ്ക്കു് അദ്ദേഹം കവിതയുമായി പ്രേമസല്ലാപം ചെയ്തതു് എങ്ങിനെയെന്നോർക്കുമ്പോൾ ആർക്കും അത്ഭുതപ്പെടാതെ കഴികയില്ല. ബഹുജനവിഷയങ്ങളാൽ സർവദാ പര്യാകുലമായിരിക്കുന്ന ഹൃദയത്തിൽ കവിതയ്ക്കിടംകിട്ടുക സാധാരണമല്ല. തന്നെ ഏകാഗ്രമനസ്സോടേ പലകാലം ഭജിക്കുന്നവനെ മാത്രമേ കവിതാദേവി അനുഗ്രഹിക്കാറുള്ളൂ. എന്നാൽ മലബാറിയെയാവട്ടെ ബാല്യത്തിൽത്തന്നെ പ്രേമപൂർവ്വം സ്വയംവരിച്ച കമിതാകാമിനി ഏതവസ്ഥയിലും പിന്തുടർന്നു ചെല്ലുകയാണു് ചെയ്തതു്. ജീവിതക്ലേശങ്ങളിൽ സമാശ്വാസകാരിണിയായി സഹചരിക്കുന്നതിനു് കവിതാദേവി സന്നദ്ധയാണെങ്കിൽ, അതിന്മീതെ എന്ത [ 45 ] നുഗ്രഹമാണു് ഒരു മനുഷ്യനു് വേണ്ടതു് ! കർത്തവ്യകർമ്മ ബോധമാണു് അദ്ദേഹത്തിന്റെ ജീവിതത്തെ പ്രകാശമാനമാക്കിയതു്. അദ്ദേഹത്തിന്റെ കവിതയ്ക്കു് സൗെന്ദര്യം നൾകിയിരിക്കുന്നതോ, കർത്തവ്യകർമ്മോപദേശമല്ലാതെ മറ്റൊന്നല്ല. അദ്ദേഹം ഇതിനിടക്കു് രചിച്ച ഒരു കാവ്യത്തിൽ ഇങ്ങിനെ കുറിച്ചിരിക്കുന്നു:- "ഭക്തിശ്രദ്ധാവിശ്വാസപൂർവ്വാ നാം സദാ ഭജിക്കേണ്ടതു് കർത്തവ്യകർമ്മത്തേയാണു്. കർത്തവ്യകർമ്മമാണു് മോക്ഷം, കർത്തവ്യകർമ്മമാണു് പ്രാപ്യസ്ഥാനമായ സ്വർഗ്ഗം."

കർത്തവ്യകർമ്മബോധത്താൽ തന്നെ മലബാറി പത്ര പ്രവർത്തനത്തിൽ പ്രതിബന്ധങ്ങളെയെല്ലാം കടന്നു്, ഒടുവിൽ, പ്രകാശമയമായ സ്ഥാനത്തെ പ്രാപിച്ചു. തന്റെ ഈ ഉദ്യമത്തിൽ പലേടത്തു നിന്നും പല സഹായങ്ങൾ അദ്ദേഹത്തെ തേടിത്തേടിത്തന്നെ വന്നെത്തിത്തുടങ്ങി. അഭിപ്രായസ്വാതന്ത്ര്യം പത്രങ്ങൾക്കു പൂർവവൽ സിദ്ധിക്കയാൽ, മലബാറിക്കു് വിജയലാഭത്തിനു് അതും ഉപകരിച്ചു. ലിറ്റൻ പ്രഭു വൈസറായിയായിരുന്നകാലത്തു് ഇന്ത്യയിലെങ്ങും ഭരണസംബന്ധമായി വർദ്ധിപ്പിച്ചു വിട്ട തിന്മകളെയെല്ലാം പരിഹരിക്കുന്നതിനായിട്ടാണു് ൧൮൮൦-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി വന്ന ഗ്ലാഡ്സ്റ്റൻ സൽഗുണനിധി [ 46 ] യായ റിപ്പൺപ്രഭുവിനെ വൈസറായിയായി നിയമിച്ചു ഇന്ത്യയിലേക്കയച്ചതു്. ഗവർമ്മെണ്ടിന്റെ നടപടികളെ ആക്ഷേപിക്കാതിരിപ്പാൻവേണ്ടി ലിറ്റൻ പ്രഭു ഇവിടത്തെ പത്രങ്ങളെ നിയമപാശത്താൽ ക്രൂരമായി ബന്ധിച്ചിരുന്നു. റിപ്പൺപ്രഭു വന്ന ഉടനെ ആ പാശത്തെ ഖണ്ഡിച്ചുകളഞ്ഞു് പത്രങ്ങൾക്കെല്ലാം മോചനം കൊടുത്തു. ഭരണകൃത്യങ്ങളെപ്പറ്റി യുക്തിയും ന്യായവും വിടാതെ നിർമ്മത്സരം പുറപ്പെടുവിക്കുന്ന അഭിപ്രായത്തെയെല്ലാം സ്വീകരിക്കയും , അത്തരം വിമർശനങ്ങൾക്കായി ആവശ്യപ്പെടുകതന്നേയും, അവയെ സസന്തോഷം ആദരിക്കയും അദ്ദേഹം ചെയ്കയാൽ പത്രങ്ങൾക്കുണ്ടായ ശക്തിയും പുഷടിയും ആർക്കും ആഹ്ളാദജനകം തന്നെയായിരുന്നു. രാജ്യഭരണസംബന്ധമായ പൊതുയോഗങ്ങളും പ്രസംഗങ്ങളും ഇടവിടാതെയുണ്ടാകുവാൻ വഴിതുറന്നുകൊടുത്തു് , അത്തരം കൃത്യങ്ങളെ സ്നേഹപൂർവ്വം പ്രോത്സാഹിപ്പിക്കുകയും റിപ്പൺപ്രഭു ചെയ്തപ്പോൾ പൊതുജനാഭിപ്രായം ഉണർന്നുയർന്നു് , അതും പത്രപ്രതാപത്തെ വർദ്ധിപ്പിക്കുവാൻ ഹേതുകമായി. അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും വിലയുമുണ്ടായതോടു കൂടി പണ്ഡിതന്മാർ ആ വഴിക്കു തിരിഞ്ഞു അവിടെ പ്രാമാണ്യം നേടുവാൻ ശ്ര [ 47 ] മിച്ചുതുടങ്ങിയതും പത്രങ്ങൾക്കു തന്നെയാണു് വലിയ നന്മയായിത്തീർന്നതു്.

ഇങ്ങിനെയൊരു സൽക്കാലത്താണു് ഇൻഡ്യൻ സ്പെക്ടേറ്റർ പത്രത്തിന്റെ പുനരുദ്ധാരണം. അക്കാലത്തെ വിദ്വാന്മാരും വിത്തവാന്മാരും ഓരോരോ വഴിക്കു രാജ്യകാര്യങ്ങളിൽ പ്രവേശിച്ചു പുകഴും പൊരുളും നേടുവാൻ ഉൽസുകരായി പുറപ്പെട്ടു. പിന്നീടു ഇന്ത്യയിൽ കീർത്തനീയന്മാരായ ജനനേതാക്കന്മാരായി ശോഭിച്ച-ഇന്നും അങ്ങിനെ ശോഭിച്ചുവരുന്ന-പലരും ആ സൽക്കാലത്തിന്റെ സന്തതികളാണ്.മലബാറിയും ഇക്കൂട്ടത്തിലുൾപ്പെട്ടുതന്നെനിന്നിരുന്നതെങ്കിലും, അദ്ദേഹത്തിന്റെ ഗതി മറ്റുള്ളവരുടേതിൽ നിന്നു് വ്യത്യസ്തമായിട്ടാണിരുന്നതു്. തന്റെ ജോലിയിൽ അദ്ദേഹത്തിനുള്ള അന്യാദൃശമായ ദൃഢാഭിമാനം പ്രത്യേകം ശ്ലാഘ്യമായിരുന്നു. രാജ്യകാര്യത്തിൽ വർഗ്ഗീയപക്ഷപാതം അദ്ദേഹത്തെ ബാധിച്ചിട്ടേയില്ല. ഭരണസംബന്ധമായി അദ്ദേഹത്തിൽനിന്നു പുറപ്പെടുന്ന ഏതൊരഭിപ്രായവും എപ്പോഴും പൊതുഗുണത്തെയാണു് ലാക്കാക്കിയിരുന്നതു്. ഏതു സംഗതിയെക്കുറിച്ചു വാദിക്കുമ്പോഴും അതിൽ തികവായ പരിജ്ഞാനം അദ്ദേഹം നേടിക്കഴിഞ്ഞിരിക്കും. സത്യം ഏതിലും നിഗൂഢമായിട്ടാണു് സ്ഥിതിചെയ്യുന്നതെന്നറിഞ്ഞു്, കഴിയുന്നിടത്തോളം അതു കണ്ടുപിടിക്കുവാൻ ശ്രമിക്കുന്നതിനു മു [ 48 ] മ്പു് വിഷയത്തിന്റെ ബാഹ്യചേഷ്ടകളിൽ അദ്ദേഹം സംഭ്രമിച്ചുപോകാറില്ല. ഈ രീതിയിലുള്ള പത്രപ്രവർത്തനം കൊണ്ടു് അദ്ദേഹത്തിൽ നിന്നു പൊതുജനങ്ങൾ ഒട്ടല്ലാത്ത നന്മകൾ പലതും സംതൃപ്തരായി അനുഭവിച്ചിട്ടുണ്ടു്. ജനസാമാന്യത്തെക്കുറിച്ചു അദ്ദേഹത്തിനുണ്ടായിരുന്ന അനുകമ്പ എത്ര വിശിഷ്ടമായിരുന്നു എന്നു വർണ്ണിക്കുവാൻ ശ്രമിക്കുന്നതിനെക്കാൾ , ആ ജനസാമാന്യത്തിൽ സുഖജീവിതത്തെ സംബന്ധിച്ചു ജന്മസിദ്ധമായി ലയിച്ചു കിടക്കുന്ന ആവശ്യാവകാശങ്ങളുടെ നിവൃത്തിലാഭയുക്തമായ മൂർത്തീകരണം തന്നെയായിരുന്നു മലബാറിയുടെ പത്രപ്രവർത്തനജീവിതമെന്നു ചുരുക്കത്തിൽ പറഞ്ഞൊഴിയുകയാണുചിതം.

തന്റെയോ, അഥവാ പ്രത്യേകം ചിലരുടെയോ ഗുണത്തിനു വേണ്ടി പത്രാധിപത്യത്തെ അദ്ദേഹം ഒരിക്കലും വില കെടുത്തിട്ടില്ല. ബഹുജന സേവനത്തെ വിശുദ്ധവും സമ്പൂർണ്ണവുമായ ഭാവത്തിൽ പ്രത്യക്ഷപ്പെടുത്തുകയാണു് പത്രപ്രവർത്തനം കൊണ്ടു് അദ്ദേഹം ചെയ്തിരിക്കുന്നതു്. തിന്മയെ നോക്കി ഘോരഘോരം ആക്ഷേപിച്ചു ബഹളം കൂട്ടുകയല്ല, തിന്മയെ അകറ്റി നന്മ നേടുവാനായി ക്ഷമാപൂർവ്വം തീവ്രമായി ശ്രമിക്കയായിരുന്നു അദ്ദേഹത്തിന്റെ പത്രസംബന്ധമായ നയം. സർക്കാരുദ്യോഗസ്ഥന്മാരെയും പ്രത്യേകിച്ചു ഇംഗ്ലീഷ്കാരെയും വൃഥാ ശകാരിച്ചുകൊണ്ടായി [ 49 ] രുന്നു. മറ്റു പല പത്രങ്ങളും പേർ പരത്തിവന്നതു്. സാധാരണന്മാർ ആ ശകാരത്തിൽ രസിച്ചു് പത്രപ്രചാരം കൂടിയേക്കാമെങ്കിലും , ഗുണസിദ്ധിക്കു വഴിയില്ലാത്ത ഇത്തരം അധിക്ഷേപങ്ങളിൽ നിന്നു് മലബാറി അകന്നു നിൽക്കയേ ചെയ്തുള്ളൂ. പൊതുഗുണത്തിനോ പൊതുസ്വാതന്ത്ര്യത്തിനൊ വിരുദ്ധമായുള്ള ഏതൊരു കൃത്യത്തെയും അദ്ദേഹം നിർഭയം എതിർത്തിട്ടുണ്ടു്. എന്നാൽ , അങ്ങിനെ ചെയ്യുമ്പോഴെല്ലാം നിർമ്മത്സരഭാവമാണു് അദ്ദേഹത്തിൽ പ്രകടമായി വിളങ്ങിക്കണ്ടിട്ടുള്ളതു്. നീതിബോധവും സത്യനിഷ്ഠയുമായിരുന്നു അദ്ദേഹം വഹിച്ച പത്രാധിപത്യത്തിന്റെ ഉടലും ഉയിരും. അതുകൊണ്ടുതന്നെയാണു് സെ്പക്ടേറ്റർ പത്രം സർവ്വസമ്മതമായി പ്രശോഭിച്ചതു്. ഗവർമെണ്ടിന്റെ ഓരോ കൃത്യങ്ങളെക്കുറിച്ചു് വിമർശനം ചെയ്യേണ്ടിവരുമ്പോൾ, അധികൃതന്മാരുമായി അതിനെപ്പറ്റി നല്ലവണ്ണം ആലോചിച്ചു് അവരുടെ പക്ഷം ശരിയായി ഗ്രഹിച്ചിട്ടുമാത്രമേ അദ്ദേഹം സ്വമതത്തെ സൃഷ്ടിക്കയുള്ളു. അകന്നു നിന്നുനോക്കി ആ നിലയിൽ തോന്നുന്ന അഭിപ്രായത്തെ അങ്ങിനെതന്നെ ജനഹൃദയത്തിൽ പകർന്നുകൊടുക്കത്തക്ക സാഹസം മലബാറിക്കു് ഒരിക്കലുമുണ്ടായിട്ടില്ല. നിയമ നിർമ്മാണത്തിലോ, നീതിനിർമ്മാണത്തിലോ ഗവർമെ [ 50 ] ണ്ടും ജനങ്ങളും തമ്മിൽ ഭിന്നിക്കുമ്പോൾ മലബാറിയുടെ മാധ്യസ്ഥ്യം നിമിത്തം ഇരുകക്ഷികളും ഗുണം നേടീട്ടുള്ളതു് ഒന്നുരണ്ടുകാര്യങ്ങളിലല്ലാ. ഇങ്ങിനെയുള്ള സന്ദർഭത്തിൽ തങ്ങളുടെ വാദം മുഴുവൻ മലബാറിയെ ഗ്രഹിപ്പിക്കുന്നതിൽ അധികൃതന്മാർ സന്തുഷ്ടരായിട്ടാണിരുന്നിട്ടുള്ളതു്. അന്നുള്ള മറ്റെല്ലാ പത്രങ്ങളെയുംപോലെയല്ലാതെ, മധ്യസ്ഥഭാവത്തിൽ അപത്രസാധാരണമായ ഈ ഗതി കണ്ടു് സ്പെക്ടേറ്റർ പത്രം ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പരിപക്വദേശാഭിമാനികളുടെയെല്ലാം കണ്ണിലുണ്ണിയായിത്തീർന്നു. അന്നു് ഇന്ത്യയിൽ ഭണ്ഡാരകാര്യദർശിയായിരുന്ന ക്രോമർ പ്രഭു മലബാറിക്കെഴുതിയിരിക്കുന്നതു് കാങ്കെ- "ഞാൻ താങ്കളുടെ പത്രം ശ്രദ്ധാപൂർവ്വം വായിക്കാറുണ്ട്. അങ്ങിനെചെയ്യുന്നതിനു് രണ്ടു കാരണങ്ങളാണുള്ളതു്. ആദ്യത്തേതു്, താങ്കളുടെ പത്രം പാവപ്പെട്ട ജനങ്ങളുടെ ഉത്തമബന്ധുവായി നിന്നുകാണുന്നതാണു്; രണ്ടാമത്തേതു, വർഗ്ഗീയ പക്ഷപാതം കൂടാതെ, എപ്പോഴും പൊതുക്കാര്യത്തിൽത്തന്നെ ശ്രദ്ധചെലുത്തി വാദിക്കുന്നതാകുന്നു. ഈ ഒടുവിൽപറഞ്ഞ കാര്യം ഇന്നത്തെ സ്ഥിതിക്കു് പ്രത്യേകം ശ്രദ്ധാർഹമാണു്." ക്രോമർ പ്രഭുവിന്റെ ഈ അഭിപ്രായം ഏറ്റവും ശരിയായിരിക്കുന്നുണ്ടു്. ജാതിസ്പർദ്ധ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇ [ 51 ] ന്ത്യയിൽ നിഷ്പക്ഷം പ്രവർത്തിക്കുന്ന പത്രങ്ങൾക്കെന്നപോലേ അത്ര മഹത്തായ ഗുണം മറ്റൊന്നിനും ചെയ്വാൻ വയ്യ. നേരേമറിച്ചു് വർഗ്ഗീയവാദങ്ങൾക്കായി കാപ്പുകെട്ടിയിറങ്ങുന്ന പത്രങ്ങളെപ്പോലെ അത്ര ഭയങ്കരങ്ങളായ പിശാചങ്ങൾ ഐതിഹ്യങ്ങളിൽപോലുമില്ലതന്നെ.

പാവങ്ങളുടെ രക്ഷയ്ക്കു് എപ്പൊഴെങ്കിലും വർഗ്ഗീയവാദത്തിൽ പ്രവേശിക്കുവാൻ അദ്ദേഹം നിർബന്ധനായിട്ടുണ്ടെങ്കിൽ, ആ കൃത്യംതന്നെയും, ബഹുജനങ്ങളുടെ സമാധാനസ്ഥൈര്യത്തെ ലക്ഷീകരിച്ചുകൊണ്ടേ കാണുകയുള്ളൂ. നീതിന്യായങ്ങൾക്കുൾപ്പെട്ടു, വിവേകത്തെ ആധാരപ്പെടുത്തി, വിനയമണിഞ്ഞുകൊണ്ടായിരുന്നു സ്പെക്ടേറ്റർ പത്രത്തിന്റെ സ്ഥിതി. ഇതുതന്നെയാണു് അതിനുണ്ടായവിജയത്തിന്റെ രഹസ്യം. അനീതി ഏതുസ്ഥാനത്തുകണ്ടാലും, അതിനെ പുറത്തുവലിച്ചിട്ടു് ആക്ഷേപാസ്ത്രംകൊണ്ടു നശിപ്പിക്കുന്നതിൽ ആ പത്രത്തിനുണ്ടായിരുന്ന ശക്തിയും സാമർത്ഥ്യവും ഒന്നു വേറെതന്നെയായിരുന്നു. ഭരണാധികാരികളെ ശകാരിക്കുക പതിവില്ലെങ്കിലും, അവരിലാരാനും ന്യായംവിട്ടു വല്ലതും പ്രവർത്തിച്ചുവെന്നു കണ്ടാൽ, അവർക്കു മേലിൽ അങ്ങിനെ പ്രവർത്തിക്കുവാൻ ഭയം തോന്നുന്നവിധം അത്ര ദുസ്സഹമായിരിക്കും [ 52 ] സ്പെക്ടേറ്ററിൽനിന്നു കിട്ടുന്ന ആക്ഷേപം. ലോകത്തിലെ ഏതൊരു ഗവർമ്മെണ്ടിനുമുള്ളതുപോലെ ബ്രിട്ടീഷ് ഗവർമ്മെണ്ടിനും ചില കുറ്റങ്ങളും കുറവുകളും ഉണ്ടായിരിക്കാം. അതിൽ ചിലതു രാജ്യഭരണനയത്താൽ അതീകൃതവും, മറ്റുചിലതു ചില ഉദ്യോഗസ്ഥന്മാരുടെ കുനയഫലവുമായിരിക്കാം. ഈ കുനയങ്ങൾ ഗവർമ്മെണ്ടിന്റെ ശ്രദ്ധയ്ക്കുവിഷയങ്ങളാകുമ്പോൾ ഉടനടി പരിഹൃതമാകുമെന്നു ദൃഢവിശ്വാസമുള്ള മലബാറി ഉദ്യോഗസ്ഥന്മാരുടെ ആ ദോഷം ഗവർമ്മെണ്ടിന്റെ തലയിൽ വെച്ചുകെട്ടി ജനങ്ങളിൽ ദുർബോധം വളർത്തുവാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അങ്ങുമിങ്ങുമായുള്ള ദുർമ്മദാന്ധന്മാരായ ഏതാനും ഉദ്യോഗസ്ഥൻമാർ മലബാറിയുടെ ആക്ഷേപമേറ്റു ക്രുദ്ധരായ് ചമഞ്ഞിരുന്നു. എന്നാൽ, മലബാറിയുടെ അഭിപ്രായങ്ങൾ ഇന്ത്യാഗവർമ്മെണ്ടു സബഹുമാനം ആദരിച്ചു വന്നതിനാൽ, ഈ ക്രുദ്ധന്മാർ സ്വന്തംദോഷത്തിനല്ലാതെ, ആ പത്രാധിപരുടെ ആക്ഷേപത്തിനല്ല പ്രതിവിധിചെയ്വാൻ പ്രേരിതരായതു്. ഇന്ത്യയിലെ ബ്രിട്ടീഷധികാരികൾ വിദേശീയരാകയാൽ ഈ നാട്ടിലെ ആചാരോപചാരങ്ങളൊന്നും അവർക്കുവശമില്ല. നാട്ടുകാരുമായി ഇടപെട്ടു് അവരുടെ മനോഭാവം ശരിയായി ഗ്രഹിക്കുന്നതിനു ഭാഷാഭേദംനിമിത്തം സാധിക്കുന്നതുമില്ല. ഈ അകൽ [ 53 ] ച്ചകൊണ്ടു പലകാര്യങ്ങളിലും പരസ്പരം ദുർധാരണയുണ്ടാകാറുണ്ടു്. ബഹുജനഗുണത്തെ ഉദ്ദേശിച്ചു നിർമ്മിതമാകുന്ന നിയമങ്ങൾ, ബ്രിട്ടീഷധികാരികൾക്കു് വിസ്മയജനകമാംവണ്ണം,നാട്ടകാരുടെ അവിശ്വാസത്തിനും ആക്ഷേപത്തിനും വിഷയമാകാറുള്ളതു് അസാധാരണമല്ല. ജനങ്ങളുടെ വിചാരങ്ങളും കർമ്മങ്ങളും എങ്ങിനെയെല്ലാമെന്നറിവാൻ കഴിഞ്ഞിട്ടില്ലാത്ത അധകൃതന്മാർ ഗുണമെന്നുകരുതി പ്രവർത്തിക്കുന്നതു ദോഷമായി അനുഭവപ്പെടുന്നതിൽ അത്ഭുതപ്പെടുവാനെന്താണു്? ഈ സ്ഥിതിക്കു ഭരണാധികാരികളുടെയും ഭരണീയരുടെയും മധ്യത്തിൽനിന്നു പരസ്പരവിശ്വാസത്തെ ദൃഢപ്പെടുത്തത്തക്കവണ്ണം പ്രവർത്തിക്കുന്നതിനു ചില നിർമ്മത്സരഹൃദയന്മാർ അത്യാവശ്യമാണു്. ഈ മധ്യസ്ഥതതന്നെയാണു മലബാറി ദേശാഭിമാനപൂർവ്വംകൈയേറ്റു പ്രശസ്തമായി നിർവഹിച്ചതു്. സ്വരാജ്യത്തേയും സ്വരാജ്യവാസികളെയുംകുറിച്ചു താൻ വിവേകപൂർവ്വം സമ്പാദിച്ച ജ്ഞാനസമ്പത്തു് അധികാരിവർഗ്ഗത്തിനു നൽകി, ഗുണകർമ്മബോധത്തിൽ അവരെ ബാധിച്ചിരുന്ന ക്ഷാമത്തെ പരിഹരിക്കുകയാണു മലബാറി ചെയ്ത മഹാകൃത്യം.

ഒരു പത്രാധിപരുടെ നിലയിൽ സ്വരാജ്യത്തിനു വേണ്ടി മലബാറി ചെയ്തിട്ടുള്ള അനശ്വരമായ ഗുണം [ 54 ] മറ്റൊന്നുണ്ടു്. ഇംഗ്ലണ്ടിലും ഇന്ത്യയിലുമുള്ള ഭരണാധികാരികൾക്കു ഇന്ത്യാഭരണത്തിൽ നേരിടാറുള്ള വീഴ്ചകൾ ഇന്നയിന്നവയെന്നു് സസ്നേഹം ചൂണ്ടിക്കാണിക്കയും അവരെ ഇന്ത്യാക്കാരുടെ സ്വഭാവാചാരങ്ങളും ആവശ്യാവകാശങ്ങളും എങ്ങിനെയെന്നു് പഠിപ്പിക്കുകയും ചെയ്യുന്നതിനു് തുടർച്ചയായി നടത്തിയ കത്തെടപാടുകളാകുന്നു ആ ഗുണം. ആ കത്തുകളിൽ നിന്നു ബ്രിട്ടീഷധികാരികൾക്കു് ഇന്ത്യയെ സംബന്ധിച്ചുണ്ടായിരുന്ന മനോഭാവത്തിനും , അവരുടെ ഇന്ത്യാഭരണനയത്തിനും ഗണനീയമായ മാറ്റമുണ്ടായിട്ടുണ്ടു്. ഭരണീയരെ അടക്കിയൊതുക്കിക്കൊണ്ടായിരുന്ന ആദ്യത്തെ ഭരണക്രമം ഇപ്പോഴത്തെ രീതിയിൽ ജനസ്വാതന്ത്രോന്മുഖമായതു് മലബാറിയുടെ ശ്രമത്തിൽ നിന്നുണ്ടായ അമൂല്യമായ ഫലമാണു്.

മലബാറി സെ്പക്ടേറ്റർ പത്രാധിപരായിരിക്കുമ്പോഴാണു മഹാശയപ്രവരനായ ഡി. ഇ. വാച്ചയുമായി പരിചയപ്പെട്ടതു്. ഈ ഉദാരശീലനിൽ നിന്നു തനിക്കുണ്ടായിട്ടുള്ള സഹായങ്ങളെക്കുറിച്ചു മലബാറി പലേടത്തും കൃതജ്ഞതാപൂർവ്വം പ്രസ്താവിച്ചിട്ടുണ്ടു്. അന്നു ഇൻഡ്യൻ സെ്പക്ടേറ്റർ പത്രത്തിലേക്കു മിസ്റ്റർ വാച്ചാ ക്രമമായി എഴുതാറുണ്ടായിരുന്നു. പണമിട [ 55 ] പെട്ടകാര്യങ്ങളിലാണു്, വാച്ചയുടെ സഹായം മഹത്തായിരുന്നതു്. സെ്പക്ടേറ്റർ പത്രത്തിന്റെ സ്വതന്ത്രവും പ്രത്യേകവുമായ സ്ഥിതിവിശേഷംകൊണ്ടു ഭരണാധികാരികളും, ഭരണീയരുമെന്ന രണ്ടറ്റങ്ങളെയും ഒരേ സമയത്തു യോജിപ്പിച്ചുകൊണ്ടുപോകുവാൻ പലപ്പോഴും കഴിയാതെയായിട്ടുണ്ടു. അതിന്റെ സൌഭാഗ്യത്തോടൊപ്പം നിർഭാഗ്യവും ജീവാവസാനംവരെ ഇടകലർന്നു നിന്നിരുന്നു. രാജ്യക്ഷേമത്തിനു ഏറ്റവും ഉപകരിക്കുന്ന ഈ ഉത്തമപത്രം നശിക്കയോ ക്ഷീണിക്കയോ ചെയ്തുപോകരുതെന്നു കരുതി മിസ്റ്റർ ഡി. ഇ. വാച്ചോ അതിന്റെ അഭിവൃദ്ധിയിൽത്തന്നെ എപ്പോഴും കണ്ണും കരളും ചെലുത്തിവന്നു. തന്റെ സുഹൃത്തുക്കളായ ജെ. ആർ. മോഡി, ജെ.എൻ വാച്ചാ എന്നീ പ്രഭുക്കന്മാരെക്കൊണ്ടു് ആ പത്രത്തിലേക്കു വേണ്ടുന്ന ഓരോ കൊല്ലത്തെ ചെലവു് നിർവഹിപ്പിക്കയും ചെയ്തു. അതുമാത്രമല്ലാ, മിസ്റ്റർ മോഡി പത്രപ്രവർത്തനം നിമിത്തം മലബാറിക്കു് അതുവരെയുമുണ്ടായിരുന്ന കടമെല്ലാം തീർത്തുകൊടുക്കയുമുണ്ടായി. ബുദ്ധികൊണ്ടും വിത്തംകൊണ്ടും മലബാറിയെ സഹായിച്ചിട്ടുള്ള ഉദാരാശയന്മാരുടെ പട്ടികയിൽ ഹ്യൂം , ദാദാഭായിനവറോജി, അർഡാസി ഫ്രാംജി, വെഡ്ഡർ ബേൺ എന്നീ പേരുകൾ കൂടിയും കാണാം. പല [ 56 ] കാൎയ്യത്തിലും അഭിപ്രായവ്യത്യാസമുള്ളവരായിരുന്നിട്ടും തന്നെ ഹൃദയപൂർവ്വം സ്നേഹിച്ചു് തന്റെ ഉദ്യമത്തിൽ അവ്യാജം സഹായിച്ചിട്ടുള്ള ഓരോ മാന്യനെയും കുറിച്ചു് ഓരോ വലിയ പുസ്തകം തന്നെ എഴുതാമെന്നാണു് കൃതജ്ഞതാപൂർണ്ണനായ മലബാറി പറഞ്ഞിരിക്കുന്നതു്, "എന്നെ സഹായിക്കുവാൻ ഇംഗ്ലീഷ്കാരിൽ പലരും സന്നദ്ധരായിരുന്നുവെങ്കിലും, വെഡ്ഡർ ബേണിൽ നിന്നു മാത്രമേ പത്രത്തിനുവേണ്ടിച്ചെയ്ത ദ്രവ്യസഹായം ഞാൻ സ്വീകരിച്ചിട്ടുള്ളൂ. അതുതന്നെയും ഞാൻ ഗത്യന്തരമില്ലാതെ ചെയ്തുപോയതാണു്. താൻ ചെയ്യുന്ന സഹായത്തെ കൈക്കൊള്ളുവാൻ വെഡ്ഡർ ബേൺ ആദ്ദ്യം പല യുക്തികളും പ്രയോഗിച്ചുനോക്കി. അതിലൊന്നിലും ഞാൻ വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോൾ, തന്റെ ഈ സഹായം നിരാകരിക്കുന്നതായാൽ, സഹോദരനിർവിശേഷം ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്ന എന്റെ ഭാവം വെറും കൃത്രിമമാണെന്നു് തനിക്കു വിശ്വസിക്കേണ്ടിവരുമെന്നു് അദ്ദേഹം ഭാവം പകർന്നു പറകയും ചെയ്തു. അതങ്ങു കേട്ടപ്പോൾ എനിക്കുണ്ടായപോലെയുള്ള മനോവ്യാകുലത മറ്റൊരവസരത്തിലും അനുഭവപ്പെട്ടിട്ടില്ല"- എന്നിങ്ങനെ മലബാറി ഒരിടത്തു് പ്രസ്താവിച്ചിരിക്കുന്നു. ഇതിൽനിന്നു് അദ്ദേഹം പരസഹായത്തെ കൈക്കൊണ്ടതു് എങ്ങിനെയായിരുന്നുവെന്നുള്ളതു ഊഹ്യ [ 57 ] മാണല്ലോ. പത്രത്തിനു് നല്ലൊരു നില കിട്ടിയ കാലത്തു്, അതിലേക്കു അന്യന്മാർ സഹായിച്ചിട്ടുള്ള പണമെല്ലാം മലബാറി തിരിച്ചുകൊടുത്തു. ചിലർ സഹായത്തെ മടക്കിയെടുക്കുവാൻ മടിച്ചപ്പോൾ അവരുടെവക സംഖ്യ അവരുടെ പേരിൽത്തന്നെ പൊതുകാര്യത്തിലേക്കു കൊടുക്കുകയാണു് ആ സത്യസന്ധനായ മഹാശയൻ ചെയ്തതു്.