മലബാറി/രണ്ടാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലബാറി
രചന:കുന്നത്തു് ജനാർദ്ദനമേനോൻ
രണ്ടാം അദ്ധ്യായം

[ 15 ]

രണ്ടാമദ്ധ്യായം

കവി.


പരാധീനത കൂടാതെ സ്വപരിശ്രമത്താൽത്തന്നെ ക്ലേശഹീനം ജീവിതധാരണത്തിനു് ശക്തനായപ്പോൾ- പഠിപ്പിച്ചു പഠിച്ചുകൊണ്ടിരുന്ന ആ ബാല്യത്തിൽത്തന്നെ മലബാറിക്കു് കാവ്യഗ്രന്ഥങ്ങളുമായുള്ള സഹവാസം ഒഴിച്ചു വെക്കുവാൻ വയ്യാത്തവണ്ണം അതിൽ അത്രവളരേ അഭിരുചിയുണ്ടായി. ജന്മാന്തരവാസന കൊണ്ടെന്നുതോന്നും വിധം ആ കുട്ടിക്കു് സ്വഭാഷയെന്നപോലെയാണു് ഇംഗ്ലീഷ് ഭാഷ വശപ്പെട്ടിരുന്നതു്. കവിതയാകട്ടെ മലബാറിയുടെ കൂടപ്പിറപ്പുതന്നെയായിരുന്നുവെന്നുപറയാം. സമയം ഒഴിഞ്ഞു കിട്ടുമ്പോഴെല്ലാം ഇംഗ്ലീഷിലും സ്വഭാഷയിലുമുള്ള കാവ്യങ്ങൾ സശ്രദ്ധംവായിച്ചു രസിക്കുന്നതിലായിരുന്നു ആ കുട്ടിക്കുള്ള അഭിനിവേശം. അക്കാലത്തു് ഇടവിടാതെയുള്ള ഈ കാവ്യഗ്രന്ഥപാരായണത്തിൽ തനിക്കു് ഉദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ലെന്നും,ഊണും ഉറക്കവുമെന്നപോലെ ഒഴിച്ചുകൂടാത്ത ഒരു ദിന കൃത്യമായിട്ടാണു് താൻ കാവ്യഗ്രന്ഥങ്ങളുമായി സഹവസിച്ചു വന്നതെന്നും മലബാറി മറ്റൊരിക്ക [ 16 ] ൽ പ്രസ്താവിച്ചിട്ടുണ്ടു്. വെറും നേരംപോക്കിനു് വേണ്ടി കുറേ സരസ പദ്യങ്ങൾ വായിച്ചുതള്ളുകയല്ലാ മലബാറി ആ കുട്ടിക്കാലത്തും ചെയ്തിരുന്നതു്. ഓരോ കൃതികൾ വായിക്കുമ്പോഴും അതൊന്നൊന്നും തന്റെ മനസ്സിനെ എങ്ങിനെ ബാധിക്കുന്നുവെന്നു് നിരീക്ഷണം ചെയ്ത് അതെല്ലാം അങ്ങിനെ തന്നെ ആ കുട്ടി സമാർത്ഥ്യപൂർവ്വം രേഖപ്പെടുത്തിവെച്ചിരിക്കുന്നു. ഷേക്സ്പിയർ കൃതിയാണു് തന്റെ ജീവിതത്തിലെ ഒരംഗം പോലെ വിദ്യാർത്ഥിയായിരുന്നപ്പോഴും അതിനുശേഷവും മലബാറിക്കു് പ്രിയതമമായിരുന്നതു്. ലോകാനുഭവങ്ങളിൽ പരിചിതമാകുവാൻ തക്കവണ്ണം സ്വഹൃദയത്തെ പരിപക്വമാക്കിയതു് ഷേക്സ്പിയറാണെന്നു് മലബാറി കൃതജ്ഞതയോടെ സ്മരിക്കാറുണ്ടായിരുന്നു. മിൽട്ടൻ ഒരുഭയംകര കവിയാണെന്നത്രേ മലബാറിക്കു തോന്നിയതു്. അദ്ദേഹത്തിന്റെ "പറുദീസാനഷ്ടം" വായിക്കുമ്പോൾ എന്തെന്നില്ലാത്ത അസ്വാസ്ഥ്യമാണത്രെ സംഭവിച്ചതു്. ടെനിസൻ പ്രിയ സുഹൃത്തെന്നപോലെ രസിപ്പിക്കയും, കൌപ്പർ, ഗോൾഡ് സ്മിത്ത് എന്നിവർ വൃദ്ധരായ അധ്യാപകന്മാരേപ്പോലെ വാത്സവ്യപൂർവ്വം ശാസിക്കയും, ഷെല്ലി, കീറ്റ്സ് എന്നിവർ സ്വപ്നലോകത്തിലെ ആഹ്ലാദകരമായ പദാർത്ഥങ്ങളെ സകൌതുകം തേടിച്ചെല്ലുന്നവ [ 17 ] നെന്നപോലെ സമ്മോഹിതനാക്കുകയും, ചെയ്യുന്നുവെന്നാണു് മലബാറിക്കുണ്ടായിരുന്ന അഭിപ്രായം.

നിരന്തരമായുണ്ടായ കവിതാ പരിചയത്താൽ, കവിയെന്നപേർ നേടുന്നതിനു് മലബാറിക്കു് ബാല്യത്തിൽത്തന്നെ ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ പദ്യകൃതികൾ പലതും വിദ്യാർത്ഥിയായിരുന്നപ്പോഴാണു് രചിച്ചിട്ടുള്ളത്. നാട്ടുകാർക്കു് ഈ കുട്ടിയെ പരിചയപ്പെടുത്തികൊടുത്തതു തന്നെയും, ഈ കൃതികളാണു്. അപ്പൊഴപ്പോൾ കുറിച്ചിട്ടിരുന്ന പദ്യശകലങ്ങളെല്ലാം ചേർത്തു് "ജീവിതാനുഭവം" എന്ന പേരിൽ പ്രസിദ്ധപ്പെടുത്തീടുള്ളതാണു് മലബാറിയുടെ ആദ്യത്തെ കൃതി. കോമളശിശുവിൽനിന്നു് അഹേതുകം പുറപ്പെടുന്ന പുഞ്ചിരിക്കൊഞ്ചലെന്നപോലെയാണ് ഈ കൃതി പണ്ഡ‍ിതവർഗ്ഗത്തെ രസിപ്പിച്ചതു്.പ്രകൃതിയുടെ നൈസ്സർഗ്ഗികമായ മോഹനവിലാസങ്ങളെയും, മനുഷ്യ മനസ്സിന്റെ വിവിധങ്ങളായ ഭാവവൈചിത്യങ്ങളെയും, ഒട്ടൊട്ടറിയുവാൻ ബാല്യത്തിൽത്തന്നെ മലബാറിക്കു് കഴിവുണ്ടായിട്ടുണ്ടു്. എന്നുതന്നെയല്ലാ, മലബാറിശിശു മുറ്റത്ത് മണ്ണാറാടിക്കളിയ്ക്കുമ്പോൾ നിരർത്ഥകമായ അവ്യകത മധുരാക്ഷരങ്ങൾ ചൊരിയുന്നതിൽക്കൂടിയും കവിതാദേവി നൃത്തം ചെയ്തിരുന്നുവെന്നു [ 18 ] പറഞ്ഞാൽ, അതു് അതിശയോക്തിയാകയില്ല. ബാല്യത്തിലുണ്ടായവയാണു് മലബാറിയുടെ കവിതകളിലധികവും.പിന്നീടു് ഓർമ്മയിൽ പെടാതെ, അതിൽ പലതും നശിച്ചുപോയിട്ടുമുണ്ടു്. സ്വദേശത്തു് ജീവിതക്ലേശങ്ങൾക്കിടയിൽ ഞെരുങ്ങിക്കൊണ്ടു് അനാഥനായി പാർത്തു്, പഠിപ്പിക്കയും, പഠിക്കയും, ചെയ്തുകൊണ്ടിരിക്കുമ്പോൾ, അതിനുമുമ്പു് ഒരോരോ സന്ദർഭങ്ങളിൽ സ്വയമേവാഗതമായ പദ്യങ്ങളിൽ പലതും ശേഖരിക്കയും, ചിലതു് പുതിയതായി ചേർക്കുകയും, ചെയ്തു് ചെറിയൊരു ഗ്രന്ഥം ആ ബാലൻ തയ്യാറാക്കിവെച്ചിരുന്നു.ആംഗ്ലേയ സാഹിത്യകാരന്മാരിൽ പ്രഖ്യാതനായ ജാൺസൺ തന്റെ ബാല്യത്തിൽ സ്വദേശമായ ലീച്ചു് ഫീൽഡിൽനിന്നു് ലണ്ടൺ പട്ടണത്തിലേക്കു് , അന്നു് താൻ രചിച്ചിട്ടുള്ള"സാവെജ്" എന്ന ജീവിതചരിതവും "ഐറിൻ" എന്ന നാടകവും കീശയിലിട്ടുകൊണ്ടു് ഏകനായി യാത്രചെയ്ത സംഭവത്തെ, മലബാറി തന്റെ പതിനഞ്ചാം വയസ്സിൽ ആ പുസ്തകവുമേന്തിക്കൊണ്ടു് വിദ്യാഭ്യാസാർത്ഥം സൂരത്തിൽനിന്നു് ബോമ്പെയിലേക്കു ചെല്ലുകയുണ്ടായതു് ഏതൊരു സാഹിത്യാഗമജ്ഞനെയും, ഓർമ്മിപ്പിക്കാതിരിക്കയില്ല.

ഈ കയ്യെഴുത്തു പുസ്തകമാണു് മലബാറിയുടെ ലൌകിക ജീവിത ഗതിയെ അത്യത്ഭുതകരമാംവണ്ണം [ 19 ] മാറ്റി വിട്ടതു്. പരസഹായമേതൊന്നും തന്റെ മുമ്പിൽ വരട്ടേ എന്ന അന്യാദൃശമായ ധീരനിർബന്ധമല്ലാതെ, സഹായത്തിനായി പരസമക്ഷം ചെല്ലുകയെന്ന സാധാരണസ്വഭാവം മലബാറിക്കില്ല. എന്നിട്ടും, ബോമ്പെയിൽ ചെന്നപ്പോൾ തന്റെ ഈ കൃതി മറ്റൊരാൾക്കു കാണിക്കേണമെന്നു് മലബാറിക്കു തോന്നിയതു് ഭാഗ്യത്തിന്റെ എത്ര ശക്തിമത്തായ പ്രേരണകൊണ്ടാണെന്നതു് ഗണനാതീതമായിത്തന്നെയിരിക്കുന്നു. ഗുജറാത്തി ഭാഷാപണ്ഡിതനായ റെവറന്റ് ജെ.വാൻ സോമറൻ ടെയിലർ എന്ന പാതിരിയെ ചെന്നുകണ്ടു്, മലബാറി ആ കൃതി അദ്ദേഹത്തിനു് കാണിച്ചുകൊടുത്തു. ഗുണജ്ഞനായ ആ പാതിരി പുസ്തകം മുഴുവൻ വായിച്ചപ്പോൾ, തന്റെ മുമ്പിൽ നിൽക്കുന്ന ബാലന്റെ അസാധാരണ ബുദ്ധിഗുണമോർത്ത് അത്ഭുതപരതന്ത്രനാകതന്നെ ചെയ്തു. വെള്ളവും വളവും ശരിക്കു കൊടുക്കുന്നതായാൽ, തളിർത്തുവളർന്ന് സൽഫല സമൃദ്ധമാകാവുന്ന ഒരു വിശിഷ്ട ബീജമാണു് തന്റെ കൈയിൽ കിട്ടിയിരിക്കുന്നതെന്നു് ആ ബുദ്ധിമാൻ ഗ്രഹിച്ചു്, ആ കൃത്യം നിർവ്വഹിക്കുന്നതിനു് തന്നേക്കാൾ സൗകര്യവും സാമർത്ഥ്യവുമുള്ള ഒരു യോഗ്യനെത്തന്നെ ഏല്പിക്കേണമെന്നു നിശ്ചയിച്ചു. അതിന്മണ്ണം, റെവറന്റു് ടെയിലർ മലബാറിയെ ഡാക്ടർ [ 20 ] ജാൺ വിൽസൺ എന്ന പാതിരിക്കു് പരിചിതനാക്കിക്കൊടുക്കയും ചെയ്തു.

മാന്യവയോവൃദ്ധനായ ഡാക്ടർ വിൽസൻ മലബാറിയുടെ ജീവിതത്തെ ഐശ്വര്യനിധിയെന്നപോലെയാണു് സൂക്ഷിച്ചുവന്നിരുന്നതു്.അദ്ദേഹം ആ പുസ്തകം തന്റെ ചില സ്നേഹിതന്മാരെ കാണിക്കയും, അവരുടെ സഹായത്തോടുകൂടി അതു് അച്ചടിപ്പിക്കുവാൻ കഴിയുമെന്നു് മലബാറിയെ അറിയിക്കയും ചെയ്തുവെങ്കിലും, അകന്നു നിൽക്കുന്ന ആ സഹായത്തെ അന്വേഷിച്ചു ചെല്ലുവാൻ ആ കുട്ടി ആഗ്രഹിച്ചില്ല. വിത്സന്റെ പരിവ്യാപ്തമായ ബുദ്ധിഛായയിൽ സസുഖം വിശ്രമിക്കുവാനെത്തുന്ന മാന്യന്മാരെല്ലാം, ക്രമേണ ,മലബാറിയുടെ പരിചിതന്മാരായിത്തീർന്നു.സമ്പന്നനും ,സനാഥനുമായി ത്തന്നെയിരുന്നാലും ഒരു സാധാരണന്നു് സ്വപ്നാനുഭവത്തിനുപോലും വിഷയമാവാൻ വയ്യാത്ത അത്ര വലുതായ മിത്ര സമ്പത്താണു് മലബാറിക്കു് ആ യൗെവനാരംഭത്തിൽത്തന്നെ സിദ്ധിച്ചത്.ആ മിത്രങ്ങളാവട്ടെ വിദ്യ കൊണ്ടും വിത്തംകൊണ്ടും ബഹുജനസമ്മതി നേടിയവരുമാണ്.മഹത്തരമായ ശ്രേയോഗുണം ആ മിത്രങ്ങളുടെ സൗെഹാർദ്ദത്തിൽ നിന്നു് അനായാസേന തനിക്കു കഴിയുമെന്നിരു [ 21 ] ന്നിട്ടും , ചുറ്റും വന്നു നിരന്നു നിന്ന ആ ഭാഗ്യത്തെത്തന്നെയും മലബാറിയുടെ ആത്മാഭിമാനം കൂസലെന്നിയേ പരിത്യജിക്കയാണുണ്ടായതു്. തൻെറ ഭാവിക്ഷേമാധാരം പര ദാക്ഷിണ്യത്തിലായാൽ, ആ ക്ഷേമം പരസ്വം തന്നെയാണെന്നും സ്വവിചാരകർമ്മങ്ങളിൽ നിന്ന് അനന്യാധീനം മുളച്ചുവരുന്ന ഗുണം മാത്രമേ സ്വകീയമായിരിക്കയുള്ളുവെന്നും മലബാറിക്കു് ആ ബാല്യത്തിൽത്തന്നെ ദൃ‍‍ഢബോധമുണ്ടായിരുന്നു .ഈ സ്ഥിതിയിലുള്ള ഒരാൾക്കു് എത്ര തന്നെ ബുദ്ധിത്തികവുണ്ടായിരുന്നാലും ഇത്രയും മനസ്ഥൈര്യമുണ്ടാകുക മനുഷ്യസാധാരണമല്ല.

അക്കാലത്തു് ഇന്ത്യയിലെന്നപോലെ ഇംഗ്ലണ്ടിലും പ്രശസ്ത ധർമ്മിഷ്ഠനെന്നു് വിശ്രുതനായിരുന്ന കവാസ്ജി ജിഹാംഗർ എന്നീ മാന്യന്നു് ഡാക്ടർ വിത്സൻ മലബാറിയെ പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹമാവട്ടേ , ആ യുവാവിൽ വിള‍ഞ്ഞു തുടങ്ങിയിരിക്കുന്ന സാഹിതീവൈഭവം കണ്ടു് , അതിനെ പരിപോഷിപ്പിച്ചു് , രാജ്യത്തിനു സുലഭാനുഭവയോഗ്യമാക്കുവാൻ സമർത്ഥൻ, തന്നെക്കാൾ ജന സമ്മതനായ ഒരു പത്രപ്രവർത്തകനാണെന്നറിഞ്ഞു് , മലബാറിയെ , അന്നു ടൈംസ് ആഫ് ഇൻഡ്യാ പത്രത്തിന്റെ അധിപരായിരുന്ന മിസ്റ്റർ മാർട്ടിൻ വുഡ്ഡിന്റെ ദൃഷ്ടിപഥ [ 22 ] ത്തിലേക്കു് ആനയിക്കുകയാണു് ചെയ്തു്.മിസ്റ്റർ വുഡ്ഡ് മലബാറിയുടെ മനോഗതിയെ പരീക്ഷിച്ചതിൽ പത്രപ്രവർത്തനത്തിൽ അസാമാന്യം ശോഭിക്കത്തക്ക കെൽപ്പും കോപ്പുമുണ്ടെന്നു കണ്ടു്, ആ ജോലിയിൽ നമ്മുടെ കഥാനായകനെ പ്രവേശിപ്പിച്ചു.അദ്ദേഹം മലബാറിയുടെ കൃതിയെ അച്ചടിപ്പിച്ചു പ്രസിദ്ധീകരിക്കുവാൻ ഗവർമെണ്ടിന്റേയും ചില ധനികൻമാരുടെയും സഹായമുണ്ടാക്കിക്കൊടുത്തിട്ടും, മലബാറി ആ മാർഗ്ഗത്തിലേക്കു തിരിയുവാൻ മടിക്കുകയാൽ,ഒടുക്കം, ആ കൃതി പുറത്തുവിടാൻ കഴിഞ്ഞതു് ൧൮൭൫-ലാണ്. "നീതിവിനോദ" മെന്നാണു് ആ പുസ്തകത്തിനു പേർ കൊടുത്തിരിക്കുന്നതു്.യാചകന്മാരുടെ കൂടെ പാട്ടുപാടി ഉഴന്നു നടന്നിരുന്ന കാലത്തു് അവരിൽനിന്നു് പഠിക്കുവാൻ കഴിഞ്ഞ പാട്ടുകളുടെ മട്ടിലാണു് ഈ കൃതിയിലെ വൃത്ത നിബന്ധനയെങ്കിലും , അതിൽ അന്തർഭവിച്ചിട്ടുള്ള നീതിപരമായ ആശയങ്ങളെല്ലാം സ്വാനുഭവപരമ്പരയിൽ നിന്നു സിദ്ധിച്ചവതന്നെ.വൃത്തബന്ധം ചിലെടത്തെല്ലാം വികലമായിട്ടുണ്ടെങ്കിലും, കാവ്യനിർമ്മാണവ്യവസ്ഥ പലെടത്തും അതിലംഘിതമായിട്ടുണ്ടെങ്കിലും ആ കൃതിയിൽ അനർഗ്ഗളം ആകലിതമായ മധുര പദാവലി സമാകർഷകമാകയാലും,അതിൽ സുന്ദരതരം ശൈശവ [ 23 ] ക്രീഡചെയ്തിരുന്ന ആശയകിരണങ്ങൾ സമ്മോഹനീയമാകയാലും പണ്ഡിതവർഗ്ഗം അതിനെ സവിശേഷം ആദരിക്കുതന്നെ ചെയ്തു. അതിൽ നിന്നു് തന്റെ കീർത്തി ആ നാട്ടിലെങ്ങും വിളങ്ങുകയാൽ പല കുടുംബങ്ങളുടേയും, തൃപ്തിക്കും വിശ്വാസത്തിനും പാത്രമായിട്ടു് അദ്ധ്യാപനകൃത്യം കൊണ്ടു് സുഖജീവിതം ധരിക്കുവാൻ മലബാറിക്കു കഴിഞ്ഞു. ആ വിദ്യാർത്ഥിയുടെ അടുക്കൽ അധ്യയനത്തിനായി വളരെ വളരെ കുട്ടികൾ വന്നു തിരക്കുകയും അതിൽ നിന്നു സമ്പാദ്യം വർദ്ധിക്കയുമുണ്ടായി.

ദുർജ്ജന സംസർഗ്ഗത്തിൽ നിന്നു് ധാരാളമായി നേടികൊണ്ടിരുന്ന ദുരാചാരങ്ങളാൽ സ്വജീവിതത്തെ മലിനമാക്കിക്കൊണ്ടിരുന്ന കാലത്തു്, മലബാറിയെ ആ ദുഷ്കൃത്യത്തിൽനിന്നു് പിൻതിരിപ്പിക്കുവാൻ മാതൃ സദുപദേശങ്ങളെക്കാൾ അധികം ഫലോന്മുഖമായി പ്രവർത്തിച്ചതു് മറ്റൊരു ശക്തിയായിരുന്നു. അയൽ വീട്ടിലെ ഒരു കോമള ബാലികയുടെ സ്നേഹാർദ്രമായ മനോജ്ഞഭാവമാണതു്. മലബാറിയുടെ ഏതൊരുദുരാചാരവും അടിയോടറ്റു പോകുവാൻ ആ ബാലികയുടെ ഓമന്മുഖചന്ദ്രനിൽ ഒട്ടൊന്നു കാറിളകിയാൽ മതി. അവൾക്കു് തന്നിൽ സുസ്ഥിരമുണ്ടാകുന്ന സുപ്രസാദംതന്നെയാണു് തന്റെ [ 24 ] ജീവിതത്തിൽ സർവ്വസൗഭാഗ്യ സന്ദായകമെന്നു് മലബാറി വിശ്വസിച്ചു.ജീവിതക്ലേശമൊന്നൊന്നിലും മലബാറിക്കു സമാശ്വാസം നൾകിയതും,അഭിവൃദ്ധിപഥത്തിലേക്കു തിരിഞ്ഞു് സത്വരഗമനം ചെയ്വാൻ പ്രേരകമായിനിന്നതും ആ സുകുമാരിയുടെ രാഗോല്ലസിതമായ ഹൃൽഭാവം മാത്രമാണു്,ആ ഹൃദയം താൻ ഏതു സ്ഥലത്തു ചെല്ലുമ്പോഴും കുളിരെക്കുളിരെ തണലേകിക്കൊണ്ടു് തന്നോടൊപ്പം ചരിക്കുന്നുണ്ടെന്നു് മലബാറി കരുതി.യൗെവനത്തിൽ പ്രവേശിക്കുകയും പരാശ്രയംകൂടാതെ ജീവിക്കുവാൻ പ്രാപ്തനാകയും ചെയ്തപ്പോൾ തന്റെ ഹൃദയസ്ഥിതയായ കാമിനിയെത്തന്നെ കുടുംബനായികയാക്കി മലബാറി ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു.മിതവ്യയശീലം,കൃത്യശ്രദ്ധ എന്നീഗുണങ്ങൾ സ്വപത്നിയിൽ തികവായുണ്ടായിരുന്നതിനാൽ ജീവിതയുദ്ധത്തിൽ തനിക്കുകിട്ടിയ ഈ പിന്തുണയെ മഹത്തായ ഈശ്വരാനുഗ്രഹംപോലെയാണു് മലബാറി മാനിച്ചതു്.ബഹുജനകാര്യത്തിൽ പ്രവർത്തിക്കുന്നവർക്കു് അതിൽ ഉത്സാഹം വളർത്തുന്നതിനും,ക്ലേശങ്ങളിൽ സമാശ്വസിപ്പിക്കുന്നതിനും സമർത്ഥകളായ സഹധർമ്മചാരിണികൾ തീരെ ദുർല്ലഭമായിട്ടാണിരിക്കുന്നതു്.ഇന്നു അനശരയശശ്ശരീരികളായി പ്രശോഭിക്കുന്ന വീരദേശാഭിമാനികളുടെ വിവിധ സംഭവാകരമായ ജീ [ 25 ] വിതചരിതത്തിലെ നിഗൂഢമായ അന്തർഭാഗത്തിൽ സ്വതന്ത്രമായി പ്രവേശിക്കുവാൻ നാം ശക്തരാണെങ്കിൽ,അവരിൽനിന്നു് ലോകത്തിന് സിദ്ധിക്കേണ്ടതായിരുന്ന വിശിഷ്ടഗുണങ്ങളിൽ വളരെ വലിയഭാഗം അവർക്കുള്ള ഗൃഹിണികളുടെ കഠിനദുശ്ശീലം നിശ്ശേഷം ഗ്രസിച്ചുകളഞ്ഞിട്ടുണ്ടെന്നു് കാണാവുന്നതാണു്. കാന്താവിഷയത്തിൽ മലബാറി അനുഗ്രഹീതപുരുഷൻ തന്നേയായിരുന്നുവെന്നു് നിസ്സംശയം പറയാം. തനിക്കു സിദ്ധിച്ച ഈ മഹാഭാഗ്യത്തിൽ കൃതജ്ഞതാവിവശനായി അദ്ദേഹം പലപ്പോഴും ഈശ്വരനെ പ്രത്യേകം നമസ്കരിക്കാറുണ്ടായിരുന്നു.

“നീതിവിനോദം” പ്രസിദ്ധീകരിച്ചു് ഒരു കൊല്ലം കഴിഞ്ഞിട്ടു്,ആംഗ്ലേയ ഭാഷയിൽ മറ്റൊരു കാവ്യഗ്രന്ഥം ചമച്ചു് ലൊകസമക്ഷം സമർപ്പിച്ചു.ഇതിലെ ചിലഭാഗങ്ങളും മലബാറി ബോമ്പയിലേക്കു് വരും മുമ്പുതന്നെ തയ്യാറാക്കീട്ടുള്ളതാണു്.അതെല്ലാം ഡാക്ടർ വിത്സനെ കാണിച്ചപ്പോൾ,മലബാറിയിൽ സമൃദ്ധമായുള്ള പ്രതിഭാ വിലാസത്തേയും അസാമാന്യമായുള്ള ആംഗ്ലേയഭാഷാ പരിജ്ഞാനത്തേയും ഉള്ളഴിഞ്ഞു് അഭിനന്ദിക്കയുണ്ടായി.അദ്ദേഹത്തിന്റെ പ്രോത്സാഹനം കൊണ്ടുതന്നെ മലബാറി [ 26 ] ആ കാവ്യത്തെ പൂർത്തീകരിച്ചു് പ്രസിദ്ധീകരിച്ചു. ഭാരതീയ വിചാരകർമ്മങ്ങളുടെ സൗെന്ദര്യത്തെ അംഗ്ലേയഭാഷയിൽ പകർന്നെടുത്തിട്ടുള്ളതാണ് ആ കൃതി. ഇന്ത്യയിലെ അനാഥസ്ത്രീകളെ സംരക്ഷിക്കുവാൻ വേണ്ടി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരുന്ന യശസ്വിനിയായ മിസ് മേരി കാർപ്പന്റർ എന്ന ദയാവതിക്കാണു് ആ പുസ്തകം സമർപ്പിച്ചിട്ടുള്ളതു്. അന്ന് മലബാറിക്ക് ഇരുപത്തിമൂന്നുവയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളു. മനനശീലന്മാരും കർമ്മകുശലന്മാരുമായ വയോവൃദ്ധന്മാർക്കുപോലും ദുഷ് പ്രാപമായിരിക്കുന്ന ഭാരതമാതൃവക്ഷസ്സിൽ സാഹിത്യസ്തന്യം നുകർന്നുകൊണ്ട് ആഹ്ലാദപരവശനായി ക്രീഡിക്കുന്നതിനു് മലബാറിക്കു് ഇത്ര ചെറുപ്പത്തിൽത്തന്നെ ഭാഗ്യമുണ്ടായിരിക്കുന്നു. അപരിചിതയായ ഒരു വിദേശമഹിളയ്ക്കു് തന്റെ പുസ്തകം സമർപ്പിക്കുവാൻ ആ ചെറുപ്പക്കാരനെ പ്രേരിപ്പിച്ചതു് രാജ്യക്ഷേമ പരമാപരോപകൃതി പ്രാഭവത്തെ യഥോചിതം മാനിക്കുവാൻ തക്ക ദേശാഭിമാനമുൾക്കൊണ്ട മനോവികാസം തന്നെയല്ലയോ? മലബാറിയുടെ ഈ ആദ്യത്തെ ആംഗ്ലേയകൃതി,ലോകരംഗത്തിൽ തനിക്കുള്ള സ്ഥാനമേതെന്നറിഞ്ഞു് അത് വെടുപ്പായുറപ്പിക്കുവാൻ സന്നദ്ധനാക്കി വിട്ട സന്ദേശ വാഹി തന്നെയായിരുന്നു. മലബാറിയുടെ കാലത്തിനു മുമ്പു് ഇംഗ്ളീഷ് ഭാഷ [ 27 ] യിൽ കാവ്യനിർമ്മാണം ചെയ്യുന്ന ഭാരതീയർ ദുർല്ലഭമത്രേ. അങ്ങുമിങ്ങുമായി ചില പദ്യകൃതികൾ പുറപ്പെട്ടിരുന്നുവെങ്കിലും, ആംഗ്ലേയരുടെയും ഭാരതീയരുടേയും സവിശേഷമായ ആദരത്തിനു വിഷയമായ ആദ്യത്തെകൃതി മലബാറിയുടേതാണു്.

പ്രസ്തുത കാവ്യത്തെ ഇന്ത്യയിലെ വൃത്താന്ത പത്രങ്ങൾ മുക്തഹൃദയം ശ്ലാഘിക്കയുണ്ടായതിനെക്കാൾ ഏറ്റവുമധികം ശ്രദ്ധാർഹവും സന്തോഷകരവുമായതു് ആംഗ്ലേയകവികളിൽ നിന്നു് മലബാറിക്ക് കിട്ടിയ അഭിനന്ദന പത്രങ്ങളാണു്.ഇത്രയും സുലളിതമായ ഭാഷയിൽ പദ്യനിർമ്മാണം ചെയ്തിരിക്കുന്നതുകണ്ടു് മഹാകവിയായ ടെനിസൻ സന്തോഷിക്ക മാത്രമല്ല, ആശ്ഛര്യപ്പെടുകയും ചെയ്തിരിക്കുന്നു. മലബാറി മാതൃഭാഷയിലെഴുതീട്ടുള്ള കൃതികൾ വായിക്കുന്നതിനു് ഈ ഇംഗ്ലീഷ് കാവ്യം നിമിത്തം ടെനിസൻ ഉൽകണ്ഠിതനായി. മലബാറിക്കെഴുതിയ കത്തിൽ "വിദൂരവാസിയായ താങ്കളുടെ ആപ്തമിത്രം" എന്നു വിശേഷണം ചാർത്തിയാണു് ടെനിസൻ കയ്യൊപ്പിട്ടിരിക്കുന്നതു്. ഷാഫ്റ്റ്സ്ബറി പ്രഭു, ജാൺബ്രൈറ്റ് എന്നീ പ്രഖ്യാത മഹാശയന്മാരും മലബാറിയുടെ ഈ കൃതി രചനാഭംഗികൊണ്ടും ആശയമാധുര്യം കൊണ്ടും സ്തുത്യർഹമാണെന്നു് അഭിപ്രായപ്പെട്ടിട്ടു [ 28 ] ള്ളവരാണു്. ജർമ്മനിയിലെ പണ്ഡിതാഗ്രേസരനായിരുന്ന പ്രഫസ്സർ മാക്സ്മുള്ളർ നമ്മുടെ കവിയെ അഭിനന്ദിച്ചതു് പ്രത്യേകമൊരു രീതിയിലാണു്. തനിക്കു് അന്ന് ഇന്ത്യയിലുള്ള അഞ്ചോ,ആറോ സ്നേഹിതൻമാരിൽ ഒരാളായിട്ടു് അദ്ദേഹം മലബാറിയെ ഗണിച്ചു.പിന്നീട് മലബാറി മാക്സ്മുള്ളരുടെ ഉറ്റ ചങ്ങാതി തന്നെ ആയിട്ടുണ്ടു്. അദ്ദേഹം ജർമ്മൻകാരനാകയാൽ, ഇംഗ്ലീഷ്ഭാഷയിൽ സാമാന്യപരിജ്ഞാനം മാത്രമേ നേടിയിരുന്നുള്ളു. അതിനുതന്നെയും തനിക്കുണ്ടായിട്ടുള്ള പ്രയത്നം ഒട്ടും നിസ്സാരമല്ലായ്കയാൽ, ഒരു ഭാരതീയന്നു അതിലേക്കായി സ്വമസ്തിഷ്കത്തെ എത്ര വളരെ മർദ്ദിക്കേണ്ടിവരുമെന്നു് അദ്ദേഹം സ്വാനുഭവം കൊണ്ടുതന്നെ ഗ്രഹിച്ചിട്ടുണ്ടു്. മാക്സ്മുള്ളർ മലബാറിക്കെഴുതിയ കത്ത് ഇങ്ങിനെയാണ്:-"എന്റെ മാതൃഭാഷയല്ലാ ഇംഗ്ലീഷ്. ഞാൻ അദ്ധ്വാനിച്ചു നേടിയ ഫലമാണു് എനിക്കുള്ള ആംഗ്ലേയ ഭാഷാജ്ഞാനം. അതിലെ ഗദ്യവിഭാഗത്തിലല്ലാതെ, പദ്യവിഭാഗത്തിൽ കത്തൃത്വം നേടുവാൻ ഞാൻ ഇതുവരെയും ഉദ്യമിച്ചിട്ടില്ല. ഗദ്യ രൂപത്തിലാവട്ടെ, പദ്യരൂപത്തിലാവട്ടെ ഇംഗ്ലീഷ് ഭാഷയിൽ നമുക്കുള്ള കർത്തവ്യകർമ്മം, നമ്മുടെ ഭാഷകളിൽ പൂർവ്വികമായി തിളങ്ങിക്കിടക്കുന്ന പദാർത്ഥങ്ങളെ ഇംഗ്ലണ്ടിലേക്കയച്ചു കൊടുത്തു് നമ്മുടെ രണ്ടു രാജ്യങ്ങ [ 29 ] ളും ആ രാജ്യവുമായുള്ള ബന്ധത്തേയും,പരസ്പരബോധത്തെയും പ്രബലപ്പെടുത്തുകയെന്നതാകുന്നു. ഒന്നു് പ്രത്യേകം ഓർത്തുകൊള്ളണം; ഇംഗ്ലീഷ്കാർ,മുഴുവനുമല്ലാ, ദുർല്ലഭം ചില വിശിഷ്ടാശയന്മാർ അന്യസൽകൃതിയെ യഥോചിതം മാനിക്കുന്നുണ്ടു്. ഇംഗ്ലീഷ്ഭാഷയ്ക്കു് ഇത്രയേെറെ പ്രചാരവും പ്രശസ്തിയുമുണ്ടായതിനുള്ള സൂക്ഷ്മഹേതു, ആ ഭാഷയിലെ ഗ്രന്ഥകാരന്മാർക്കുള്ള അനിബദ്ധമായ സ്വാതന്ത്യം, ആകർഷകമായ രചനാചാതുരി,സത്യപരമായ ആശയശുദ്ധി എന്നിവയിലാണു് അന്തർല്ലീനമായിരിക്കുന്നതു്”. മാക്സ്മുള്ളരുടെ ഈ ഉപദേശം മലബാറി ശിരസാവഹിച്ചു കൊണ്ടുതന്നെയായിരുന്നു ആംഗ്ലേയഭാഷാസംബന്ധമായ ഭാവികൃത്യങ്ങളിൽ പ്രവേശിച്ചതു്.അനുതാപപൂർവകമായ പരോപകൃതിയിൽ അദ്വിതീയ പ്രഖ്യാതയായ മിസ്സ് ഫ്ലാറെൻസ് നൈറ്റിംഗെയിൽ എന്ന മഹതിയും മലബാറിയെ ഈ കാവ്യനിർമ്മിതിയിൽ പ്രശംസിച്ചിട്ടുണ്ടു്. “സർവ്വേശ്വരൻ ഈ ഉദ്യമത്തിൽ താങ്കളെ അനുഗ്രഹിക്കട്ടെ.ആ ആദ്യന്തരഹിതൻ ഭാരതഭൂമിയെ സംരക്ഷിക്കട്ടെ;ഇംഗ്ലണ്ടിനേയും അങ്ങിനെ തന്നെ.ആംഗ്ലേയരും ഭാരതീയരും ഒരേ കുടുംബക്കാരെപ്പോലെ പരസ്പരസ്നേഹഗുണത്താൽ ബദ്ധരാവട്ടെ.ആ മഹാശക്തിയുടെ വാ [ 30 ] ത്സല്യവർഷംകൊണ്ടു് നാമെല്ലാം അനുഗ്രഹീതരും ഉത്സാഹഭരിതരുമാവട്ടെ”എന്നിങ്ങനെയാണു് ആ മഹാമനസ്വിനി മലബാറിക്കെഴുതിയ ലേഖനം ഉപസംഹരിച്ചിരിക്കുന്നതു്.

മലബാറിയുടെ ഈ കൃതി ബഹുജനമധ്യത്തിൽ പ്രചരിക്കുന്നതിനു മുമ്പായി ത്തന്നെ;തന്റെ ഗുരുഭൂതനും പണ്ഡിതവര്യനുമായ ഡാക്ടർ വിത്സൻ എൈഹികവാസം വെടിഞ്ഞുപോയി.ഈ വിയോഗത്തിൽ പരിതപിക്കാത്തവർ അന്ന് അവിടങ്ങളിൽ ദുർല്ലഭമായിരുന്നു.മലബാറിക്കാവട്ടെ,തന്റെ ഇളംജീവിതത്തിൽ അത്യുഗ്രപ്രഹരമേറ്റതുപോലെ തോന്നി.ഡാക്ടർ വിത്സനുമായി പരിചയിക്കുവാൻ തുടങ്ങിയ നാൾമുതൽക്കാണു് ബഹുജനങ്ങളെ ദൂരെ ദൂരെ നിന്നും ആകർഷിച്ചടിപ്പിക്കുമാറു് രമണീയമായ ലോകാനുഭവസൌരഭ്യം പ്രവഹിപ്പിച്ചുകൊണ്ടു് മലബാറിയുടെ കവിതാ സമ്മിളിതവും അനുഭാവസുന്ദരവുമായ ഹൃൽ കുസുമം വികസിച്ചു തുടങ്ങിയതു്.പരോപകൃതിയിൽ ദൃഢാസക്തനായതും വിത്സന്റെ ശുഭജീവിതസമ്പർക്കം കൊണ്ടുതന്നെു.ഡാക്ടർ വിത്സന്നു് മലബാറിയെ സംബന്ധിച്ച് ഒരേ കാര്യത്തിൽ മാത്രമേ നൈരാശ്യപ്പെടേണ്ടി വന്നിട്ടുണ്ടാകയുള്ളൂ.തന്റെ ശിഷ്യനെ ക്രിസ്തു മതത്തിൽ ചേർക്കേ [ 31 ] ണമെന്നു് അദ്ദേഹം കലശലായി ആഗ്രഹിച്ചിരുന്നു. ബാഹ്യമായി ഇത് സാധിച്ചില്ലെങ്കിലും,മതപരിവർത്തനം കൊണ്ടു് മനോഗുണത്തികവിനെയാണു് അദ്ദേഹം ഉദ്ദേശിച്ചിരുന്നതെങ്കിൽ, ആന്തരികമായി ക്രൈസ്തവ പുരോഹിതൻമാർക്കുപോലും അസൂയാജനകമാകത്തക്ക സ്വർത്ഥത്യാഗശീലം മലബാറിയിൽ പ്രശോഭിക്കുന്നതുകണ്ടു് അദ്ദേഹം കൃതാർത്ഥനായിരിക്കണം. കൃിസ്തു മതാചാരപ്രകാരം വേഷം മാറിയില്ലെങ്കിലും, ആ മത തത്വങ്ങൾ തന്റെ ജീവിതത്തോടു് നല്ലവണ്ണം ഇണക്കിച്ചേർക്കുവാൻ മലബാറി ശ്രമിക്കാതിരുന്നിട്ടില്ല. ഡാക്ടർ വിത്സൻ ചിലനാൾകൂടി ജീവിച്ചിരുന്നുവെന്നിരിക്കിൽ, ഈ ശിഷ്യൻ മത സംബന്ധമായി അപ്പോഴും തന്റെ അനുയായിയാകയില്ലെങ്കിലും, വൈദിക ലൌകിക കാര്യങ്ങളിൽ തന്റെ ദൃഷ്ടിക്കുകൂടിയും അപ്രാപ്യമാകത്തക്ക അത്ര ഉന്നതസ്ഥാനത്തേക്കു് അതിവേഗം കയറിച്ചെല്ലുന്നതു കണ്ടു് അദ്ദേഹത്തിനു് ആ ഹർഷാശ്രൂ പ്രവാഹത്തിൽ നീന്തി നീന്തിക്കൊണ്ടു തന്നെ പരലോകയാത്ര ചെയ്യാമായിരുന്നു. മലബാറി ക്രിസ്തുമതം സ്വീകരിക്കാതിരുന്നതു് എന്തു കൊണ്ടു് എന്ന ചോദ്യത്തിനു് അദ്ദേഹത്തിന്റെ മനസ്സിനുതന്നെയും മറുപടി പറയുവാൻ കഴിഞ്ഞിട്ടില്ല. [ 32 ] വിത്സന്റെ ദേഹവിയോഗത്തെ സംബന്ധിച്ചു മലബാറി ഒരു വിലാപ കൃതി രചിച്ചു." വിത്സൻ വീരൻ" എന്നാണിതിനു പേർ. "ജീവിതാനുഭവ" ത്തിലെ രീതിയിലുള്ള വൃത്തങ്ങളാണു് ഇതിൽ ഉപയോഗിച്ചിരിക്കുന്നതു്.രചനാഗുണം പൂർവ്വകൃതികളിലെക്കാൾ മികച്ചുനിൽക്കുന്നുണ്ടെങ്കിലും രസ സമ്മിളിതമായ ലോകതത്വവിഭവം കൊണ്ടു് പണ്ഡിതൻമാരെ തൃപ്തിപ്പെടുത്തുന്നതിനു് ഇതു് ശക്തമായിട്ടില്ല. അഥവാ,മുക്തകണ്ഠമായ ആക്രന്ദനത്തിൽ തത്വാന്വേഷണം ചെയ്തു രസിക്കുവാനാഗ്രഹിക്കുന്നതു് മുർഖഭാവമാണല്ലോ.മിൽട്ടന്റെ "ലിസിഡസ്" എന്നും ,മാത്യു ആർനോൾഡിന്റെ "തൈറസിസ്" എന്നുമുള്ള കൃതികളുടെ ഛായയിൽ കൂടിയാണു് "വിത്സൻവീര" ന്റെ ഗതി.ഇത് ടെനിസന്റെ "ഇൻമെമ്മോറിയം" എന്ന കൃതിയോടാണു് അധികം സദൃശമായിരിക്കുന്നതു്.വിത്സൻ മരിച്ചിട്ട് മൂന്നുകൊല്ലം കഴിഞ്ഞിട്ടു മാത്രമേ ഈ കാവ്യം പ്രസിദ്ധീകരിക്കുവാൻ മലബാറിക്കു കഴിഞ്ഞുള്ളു.അക്കാലത്തേക്കു് ,അതായതു ൧൮൭൮-ൽ മലബാറിയുടെ ജീവിതസ്ഥിതി ഒട്ടല്ലാതെ ഉയർന്നു കഴിഞ്ഞിട്ടുണ്ടു്."