Jump to content

ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/അധ്യായം 7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും (ശാസ്ത്രം)
രചന:കെ. പാപ്പൂട്ടി
അധ്യായം 7 : ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും പ്രസക്തമായ ചോദ്യങ്ങൾ
[ 169 ]
അധ്യായം 7


ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും പ്രസക്തമായ ചില ചോദ്യങ്ങൾ


'ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും' എന്ന വിഷയം അവതരിപ്പിക്കുന്ന വേദികളിലൊക്കെ സാധാരണയായി ഉയർന്നു വരാറുള്ള ചില ചോദ്യങ്ങളുണ്ട്. അവയിൽ പ്രസക്തമെന്നു തോന്നുന്ന ചിലത് ഇവിടെ ചർച്ച ചെയ്യുന്നത് നന്നാകുമെന്ന് കരുതുന്നു. ചിലതൊക്കെ പുസ്തകത്തിൽ പലയിടത്തായി ചർച്ച ചെയ്തു കഴിഞ്ഞിട്ടുണ്ടാകാമെങ്കിലും സമഗ്രതയ്ക്കു വേണ്ടി അവയും ഇവിടെ ഉൾപ്പെടുത്തുകയാണ്.

"ലോകത്തിലെ ഏറ്റവും വിജ്ഞന്മാരായ പത്തു പേരോട് ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം എന്താണെന്നു ചോദിച്ചു നോക്കൂ. ജ്യോത്സ്യത്തേക്കാൾ വലിയ ഒന്നും കണ്ടെത്താൻ അവർക്കു കഴിയില്ല".


ഡേവിഡ് ഹിൽബർട്ട്


(പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ)

പൊതുവെ രണ്ടു തരം ചോദ്യങ്ങളാണുണ്ടാകാറ്: ഒന്ന്, ജ്യോതിഷത്തിൽ ഉറച്ച വിശ്വാസമുള്ളവർ ഉയർത്തുന്ന ചോദ്യം ചെയ്യലുകൾ. രണ്ട് സംശയാലുക്കളും വിശ്വാസ രഹിതരും കൂടുതൽ വ്യക്തതയ്ക്കു വേണ്ടി ഉന്നയിക്കുന്ന സംശയങ്ങൾ.

?ചൊവ്വാദോഷം പോലുള്ള ചില ഗ്രഹദോഷങ്ങൾ വെച്ച് ജ്യോത്സ്യന്മാർ പലതും പ്രവചിക്കുകയും അതു പോലെ സംഭവിക്കുകയും ചെയ്യാറുണ്ടല്ലോ അതിനെന്തു വിശദീകരണമാണുള്ളത്?

ജ്യോതിഷ പ്രവചനങ്ങളുടെ ഒരു പ്രത്യേകത, അത് എപ്പോൾ എവിടെ വച്ച് സംഭവിക്കും എന്ന് കൃത്യമായി പറയാറില്ല എന്നതാണ്. ചൊവ്വാദോഷം ഇണകളിൽ ഒരാൾക്ക് ഉണ്ടെങ്കിൽ മറ്റേയാൾക്കാണല്ലോ ആപത്തു വരേണ്ടത്. അതുടനെ വന്നു കിട്ടിയാൽ ജ്യോത്സ്യൻ പ്രശസ്തനാകും. ഇനി ഒന്നും സംഭവിച്ചില്ലെങ്കിലും ജ്യോത്സ്യനെ കുറ്റം പറയാൻ വയ്യ കാരണം ഇനിയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. മാത്രമല്ല, ശുഭഗ്രഹങ്ങളുടെ [ 170 ] ദൃഷ്ടിയും ക്ഷേത്രബലത്തിലെ ഏറ്റക്കുറവും ഒക്കെ വെച്ച് സംഭവത്തിന്റെ കാഠിന്യം കൂടുകയും കുറയുകയുമാകാം. അതായത്, എന്തെങ്കിലും ഒരു ചെറിയ വിന സംഭവിച്ചാൽത്തന്നെ ചൊവ്വയുടെ മേൽ അത് ആരോപിക്കാൻ കഴിയും. ചുരുക്കത്തിൽ ഒരു ജ്യോത്സ്യൻ ജാതകം വെച്ചുകൊണ്ട് നടത്തുന്ന അനേകം പ്രവചനങ്ങളിൽ യാദൃച്ഛികമായി ഫലത്തിൽ വരുന്ന ചിലത് അയാൾക്ക് 'ക്രെഡിറ്റ്' ആയി മാറുകയും നടക്കാതെ പോകുന്ന ബഹുഭൂരിപക്ഷവും ആരും ശ്രദ്ധിക്കാതെ പോവുകയും ചെയ്യും. ജ്യോതിഷികൾക്കു വേണ്ടി പ്രചാരവേല നടത്തുന്ന ആളുകൾ ധാരാളമുള്ളതുകൊണ്ട് അപൂർവമായുണ്ടാകുന്ന ഫലസിദ്ധി നാട്ടിലാകെ അതിവേഗം പ്രചരിക്കും.

"ജനന സമയത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും പ്രയോഗിക്കുന്ന ബലങ്ങൾ നമ്മുടെ ഭാവി രൂപപ്പെടുത്തും എന്ന് ധരിക്കുന്നത് അബദ്ധമാണ്. വിദൂര ഗോളങ്ങളുടെ പ്രത്യേക സ്ഥാനങ്ങൾ ചില കാലത്തെയും ചില പ്രവർത്തനങ്ങളെയും ശുഭകരമാക്കുമെന്നും ഒരാൾ ജനിച്ച രാശി അയാളും മറ്റുള്ളവരുമായുള്ള ബന്ധത്തിലെ ചേർച്ചയും ചേർച്ചയില്ലായ്മയും തീരുമാനിക്കുമെന്നും വിശ്വസിക്കുന്നതിലും യുക്തിയില്ല..."

ഹാൻസ് ബെതെ, ഫ്രാൻസിസ് ക്രിക്ക്, ലിനസ് പോളിങ്, ജൂലിയൻ ഷ്വിംഗർ, സീബോർഗ്, ഹരോൾഡ് ഉറെ, എസ്. ചന്ദ്രശേഖർ തുടങ്ങിയ 19 നോബൽ ജേതാക്കൾ ഉൾപ്പെടെ 186 ശാസ്ത്രജ്ഞന്മാർ ചേർന്നിറക്കിയ പ്രസ്താവനയിൽ നിന്ന് (ഹ്യൂമനിസ്റ്റ് - 1975 സെപ്തംബർ - ഒക്ടോബർ ലക്കം).

സ്ത്രീധനത്തിനു വേണ്ടി ഭാര്യമാരെ തല്ലിക്കൊല്ലുകയും സ്റ്റൗ പൊട്ടിച്ച് കൊല്ലുകയും ഒക്കെ ചെയ്യുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഇതു കൂടാതെ തന്നെ ലക്ഷക്കണക്കിന് വിധവകളും വിഭാര്യന്മാരും നമ്മുടെ നാട്ടിലുണ്ട്. അവരിൽ ബഹുഭൂരിപക്ഷം പേർക്കും ഇണ നഷ്ടപ്പെട്ടിട്ടുണ്ടാകുക പട്ടിണിയോ പകർച്ചവ്യാധിയോ വെള്ളപ്പൊക്കമോ മൂലമായിരിക്കും. അതൊക്കെ ചൊവ്വയോ ശനിയോ വരുത്തുന്നതാണോ ?(വടക്കേ ഇന്ത്യൻ ഹിന്ദുക്കൾക്ക് ചൊവ്വയേക്കാൾ ഭയം ശനിയേയാണ്. ജ്യോതിഷം അനുസരിച്ച് ശനിയാണ് കൂടുതൽ പാപി. കളത്രഭാവത്തിൽ ശനി നിന്നാൽ വലിയ ആപത്താണത്രേ). ഇങ്ങനെ ഇണ നഷ്ടപ്പെട്ടവരുടെ ഇടയ്ക്ക് ഒരു സർവ്വെ നടത്തിയാൽ എത്ര പേർക്ക് ചൊവ്വാദോഷം ഉണ്ടാകും? ഗ്രഹനില നോക്കാതെ വിവാഹം നിശ്ചയിക്കുന്ന മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഇടയിൽ കുടുംബശൈഥില്യമോ ഇണനഷ്ടമോ കൂടുതലുണ്ടോ? ലോകത്തിൽ 10 ശതമാനം പോലും വരില്ല ജാതകപ്പൊരുത്തം നോക്കി കല്യാണം കഴിക്കുന്നവരുടെ എണ്ണം(ഇന്ത്യയിലും നേപ്പാളിലും മാലിയിലും ശ്രീലങ്കയിലും മാത്രം -അതും താഴ്ന്ന ജാതികളും ആദിവാസികളും അന്യമതസ്ഥരും ഒഴികെ) എന്നിട്ട് യൂറോപ്പിലോ ജപ്പാനിലോ ചൈനയിലോ വിവാഹജീവിതത്തിലെ അപമൃത്യുവും മറ്റ് ആപത്തുകളും ഇവിടെയുള്ളതിലും കൂടുതലുണ്ടോ?

1967-68 കാലത്ത് പ്രൊഫ ബർണാഡ് സിൽവർമാൻ (മിച്ചിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസർ) 2978 ദമ്പതികളിൽ ഒരു പഠനം നടത്തി. അവരിൽ 478 പേർ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഗ്രഹപ്പൊരുത്തമുള്ളവരും ഇല്ലാത്തവരും തമ്മിൽ വിവാഹമോചനത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് ഒരു വ്യത്യാസവും കണ്ടെത്താനായില്ല. ഇത്തരം [ 171 ] ഒരു പഠനം ഇന്ത്യയിൽ നടത്തിയാലും ഫലം വ്യത്യസ്തമാകില്ല.

"ഭൂമിയിലെ ഓരോ ചരാചരവും അനന്തമായ ഈ ബ്രഹ്മാണ്ഡത്തിലെ സകല വസ്തുക്കളുമായും ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം സൂക്ഷ്മ നിരീക്ഷണത്തിലൂടെയും മനനത്തിലൂടെയും കണ്ടെത്തിയവരാണ് ജ്യോതിഷത്തിനു ജന്മം നൽകിയ ഋഷികൾ..." ഇങ്ങനെ പോകുന്നു ജ്യോതിഷത്തെ ന്യായീകരിക്കുന്ന ചിലരുടെ വാദങ്ങൾ. ശരിയെന്നിരിക്കട്ടെ, എങ്കിൽ ആ പ്രപഞ്ചം ജാതകത്തിൽ എവിടെയെങ്കിലും കാണണ്ടെ? അതിൽ ഗ്രഹനില മാത്രം പരിഗണിച്ചുള്ള പ്രവചനമല്ലേയുള്ളു (ആ ഗ്രഹങ്ങളിൽ തന്നെ രണ്ടെണ്ണം ഇല്ലാത്തതുമാണ്) പ്രപഞ്ചത്തിൽ ഇടക്കിടെ സംഭവിക്കുന്ന സൂപ്പർനോവ സ്ഫോടനങ്ങളോ, ഗാമാറേ ഉത്സർജനങ്ങളോ, ഗാലക്സി കേന്ദ്രങ്ങളിലുള്ള തമോഗർത്തങ്ങൾ നക്ഷത്രങ്ങളെ വിഴുങ്ങുന്നതോ, ഓറിയോൺ നെബുലയിലും മറ്റും പുതിയ താരങ്ങൾ ജനിക്കുന്നതു പോലുമോ പ്രവചനങ്ങളിൽ പ്രതിഫലിക്കപ്പെടുന്നില്ലല്ലോ? പിന്നെന്തു പ്രപഞ്ചബന്ധം?

?പൗർണ്ണമി, അമാവാസി നാളുകളിൽ ആസ്ത്‌മ, മനോരോഗം മുതലായവ മൂർഛിക്കുകയും പശുക്കളും മറ്റും ഇണചേരാൻ താല്പര്യം കാട്ടുകയും ചെയ്യാറുണ്ടല്ലോ. ചന്ദ്രന് ഇത്തരം സ്വാധീനങ്ങൾ ഉണ്ടാകാമെങ്കിൽ മറ്റു ഗ്രഹങ്ങൾക്കും ഉണ്ടായിക്കൂടേ?

ചന്ദ്രൻ ഭൂമിയുടെ വളരെയടുത്താണ് അതുകൊണ്ട്, അതിന്റെ ഗുരുത്വാകർഷണം ഭൂമിയിൽ പല സ്വാധീനങ്ങളും ചെലുത്തും. ഉദാഹരണത്തിന്, അമാവാസി നാളിൽ സൂര്യനും, ചന്ദ്രനും ഭൂമിയുടെ ഒരേ വശത്തായതുകൊണ്ട് ആ വശത്ത് ഗുരുത്വബലം ഏറ്റവും കൂടുതലായിരിക്കും. പൗർണമി നാളിൽ നേരെ മറിച്ചും. രണ്ടായാലും ഭൂമിയിൽ അതിന്റെ സ്വാധീനം ഉണ്ടാകും. വേലിയേറ്റം കൂടുതൽ ശക്തമാകുന്നത് നാം കാണാറുണ്ട്. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഈ സ്വാധീനം എത്രമാത്രമുണ്ടെന്ന് പഠനമൊന്നും നടന്നിട്ടില്ല. അതിലേറെ സാധ്യത മറ്റൊന്നാണെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ജീവന്റെ വികാസപരിണാമങ്ങളിൽ സമുദ്രത്തിന് വലിയ പങ്കുണ്ടല്ലോ സ്വാഭാവികമായും സമുദ്രത്തിലെ വേലിയേറ്റങ്ങളുടെ ശക്തിക്ഷയങ്ങൾ ഒരു ചാന്ദ്രമാസ ചക്രമായി (lunar cycle) ജീവജാലങ്ങളിൽ രൂപപ്പെട്ടിട്ടുണ്ടാകണം. അതാകാം ഇന്നും ആവർത്തിക്കുന്നത്. നമ്മളിൽ കുറെപ്പേർ നാളെ ചൊവ്വയിൽ പോയി താമസമാക്കിയാലും (അപ്പോൾ ചന്ദ്രന്റെ സ്വാധീനമില്ലാതാകുമല്ലോ) ഈ ചക്രം ആവർത്തിച്ചുകൊണ്ടിരിക്കാം. നമ്മൾ കൂടെ കൊണ്ടുപോകുന്ന നാൽക്കാലികൾക്ക് ഇണചേരാനുള്ള താൽപര്യവും അതേ ക്രമത്തിൽ സംഭവിക്കാം. പരീക്ഷിക്കാത്തിടത്തോളം കാലം ഇതൊന്നും തീർത്തുപറയാനാവില്ല എന്നു മാത്രം.

ഇവിടെ നാം ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന് മറ്റു ഗ്രഹങ്ങൾക്ക് ഭൂമിയിലുള്ള ഗുരുത്വബലം എത്രയാണ്? രണ്ട്, ഗുരുത്വബലവും ഭാവിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ഭൂമിയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ളത് സൂര്യനാണ്. ചന്ദ്രൻ വളരെ അടുത്തായിട്ടുപോലും (വെറും 384000 കി.മീ., സൂര്യൻ അതിലും 400 ഇരട്ടി അകലെയാണ്) തന്റെ ഭീമമായ പിണ്ഡം മൂലം സൂര്യന് ചന്ദ്രന്റെ 150 ഇരട്ടിയിലധികം ബലം ഭൂമിയിൽ ചെലുത്താൻ കഴിയും. എന്നാൽ മറ്റു ഗ്രഹങ്ങൾക്ക് ഈ രണ്ട് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യാവുന്ന ഒരു ബലവുമില്ല. ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന കാലത്തു പോലും ഏഴു കോടിയിലേറെ കിലോമീറ്റർ ദൂരെയാണ് (സൂര്യന്റെ ഇരു വശങ്ങളിൽ ഭൂമിയും ചൊവ്വയും വരുമ്പോൾ ദൂരം 39 കോടി [ 172 ] കി.മി. വരെ വർധിക്കുകയും ചെയ്യും) ചൊവ്വയ്ക്ക് ഭൂമിയുടെ പത്തിലൊന്നേ പിണ്ഡമുള്ളു. തന്മൂലം ചന്ദ്രന്റെ 4000 ത്തിൽ ഒരംശം ബലമേ അതിനു ഭൂമിയിൽ പ്രയോഗിക്കാൻ കഴിയൂ (ഏറ്റവും കൂടിയാൽ). വ്യാഴത്തിനു ഭൂമിയുടെ 318 ഇരട്ടി പിണ്ഡമുണ്ട്. പക്ഷേ, ദൂരം 65 കോടി കി.മി മുതൽ 95 കോടി കി.മി. വരെയാകാം. ഫലത്തിൽ, ഗുരുവിന്റെ ഗുരുത്വബലം (ഏറ്റവും അടുത്തുവരുമ്പോൾ) ചന്ദ്രന്റെ നൂറിലൊന്നേ വരൂ. മിക്കപ്പോഴുംഇതിലുമെത്രയോ കുറവുമായിരിക്കും. ചുരുക്കത്തിൽ സൂര്യനും ചന്ദ്രനുമൊഴികെ ഒരു ഗ്രഹത്തിനും ഭൂമിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയില്ല. ഇതിലേറെ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രതിഭാസങ്ങളാണ് സൂര്യനിലെ കളങ്കങ്ങളുടെ (sun spots) 11 വർഷ ചക്രവും, ഇടയ്ക്കിടെ സംഭവിക്കുന്ന 'സൗര ആളലുകളും' സൗരവാതത്തി(solar wind)ലുണ്ടാകുന്ന വർധന മൂലം ഭൂമിയുടെ കാന്തിക ക്ഷേത്രത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും മറ്റും. എന്നാൽ ജ്യോതിഷത്തിൽ അതൊന്നും ഉൾപ്പെടുന്നില്ല.

"ഒരു വിശ്വാസി സംശയദൃക്കിനേക്കാൾ സന്തോഷവാനാണ് എന്നു പറയുന്നത് മദ്യപാനി മദ്യം കഴിക്കാത്തവരേക്കാൾ സന്തോഷവാനാണ് എന്നു പറയും പോലെയാണ്. എന്തും വിശ്വസിച്ച് സന്തോഷവാനായിരിക്കുക എന്നത് വിലകെട്ടതും അപകടകരവുമായ ഒരു കാര്യമാണ്."

ജോർജ് ബർണാഡ്ഷാ

"എല്ലാ അന്ധവിശ്വാസങ്ങളുടെയും - ജ്യോത്സ്യമോ, സ്വപ്നവ്യാഖ്യാനമോ, ശകുനമോ എന്തുമാകട്ടെ - പൊതുസ്വഭാവം ഇതാണ് അവ ഫലിച്ചാൽ വിശ്വാസികൾ ഉറക്കെ പ്രഖ്യാപിക്കുകയും ഫലിക്കാതെ വന്നാൽ (അതാണ് മിക്കപ്പോഴും സംഭവിക്കാറ്) മിണ്ടാതിരിക്കുകയും ചെയ്യും."

ഫ്രാൻസിസ് ബേക്കൺ-
നോവം ഓർഗാനം
എന്ന കൃതിയിൽ

ഇനി ഗുരുത്വബലവും ഒരു കുഞ്ഞിന്റെ ഭാവിയും തമ്മിലുള്ള ബന്ധം എന്താണെന്നാലോചിച്ചുനോക്കൂ. ചന്ദ്രനും സൂര്യനും ഭൂമിയുടെ ഒരു വശത്തു വരുമ്പോൾ ആകർഷണം കൂടുകയും ജീവജാലങ്ങളിൽ ചില മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നത് മനസ്സിലാക്കാം. എന്നാൽ ചന്ദ്രൻ ആ സ്ഥാനത്തു നിന്നു മാറിക്കഴിയുമ്പോൾ മാറ്റങ്ങളും ഇല്ലാതാകും. നമ്മുടെ ഭാവി എന്തൊക്കെ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്! നമ്മുടെ ഉൽപാദന രീതികൾ, രാജ്യത്തെ രാഷ്ട്രീയം, രാജ്യാന്തര ബന്ധങ്ങൾ, ജനതയുടെ വിദ്യാഭ്യാസ നിലവാരം ഇങ്ങനെ പലതുമല്ലേ അതിൽ പ്രധാനം?. സ്വാതന്ത്ര്യം കിട്ടിയ കാലഘട്ടത്തിൽ ഓരോ കൊല്ലവും പട്ടിണിമൂലവും പകർച്ചവ്യാധി മൂലവും (വസൂരി, മലമ്പനി, കോളറ) ലക്ഷക്കണക്കിനാളുകൾ മരിച്ചുകൊണ്ടിരുന്ന ഒരു രാജ്യമല്ലേ നമ്മുടേത്?. അത് നമ്മുടെ മോശം ഗ്രഹനില കൊണ്ടായിരുന്നോ.... ഇന്നതിനു മാറ്റം വന്നത് നമ്മുടെയെല്ലാം ഗ്രഹനില നന്നായിട്ടോ, അതോ നാം ശാസ്ത്രത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് കാർഷികോല്പാദനം വർധിപ്പിക്കുകയും ചികിത്സയും മരുന്നും ലഭ്യമാക്കുകയും ചെയ്തതുകൊണ്ടോ? എന്തു കൊണ്ടാണ് തെക്കൻ ഏഷ്യയിലേയും (ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ) ആഫ്രിക്കയിലേയും ജനങ്ങൾക്ക് ഇന്നും ദുരിതദായകമായ ഗ്രഹനില മാത്രം കിട്ടുകയും യൂറോപ്പിലേയും, അമേരിക്കയിലെയും, ജപ്പാനിലെയും ജനങ്ങൾക്ക് സുഭിക്ഷതയുടെ ഗ്രഹനില ലഭിക്കു [ 173 ] കയും ചെയ്യുന്നത്? ഹിരോഷിമയിൽ ആറ്റംബോംബിൽ വെന്തെരിഞ്ഞ ഒന്നര ലക്ഷത്തിലേറെ മനുഷ്യരുടെ ഗ്രഹനിലകളിലെല്ലാം 'ആത്മകാരകന്മാരുടെ' നിൽപ്പ് ദോഷസ്ഥാനത്തായിരുന്നോ? ഇത്തരം ഒരുപാട് ചോദ്യങ്ങൾക്ക് ജ്യോതിഷം ഒരുത്തരവും നൽകുന്നില്ല.

"ഞാൻ യുക്തിബോധത്തിൽ വിശ്വസിക്കുന്നു; സർവജ്ഞത സൃഷ്ടിക്കുന്ന നാശം ഞാൻ ധാരാളം കണ്ടു കഴിഞ്ഞു. സർവജ്ഞത പാരമ്യത്തോളം പോയ ഒരു രാജ്യത്താണ് ഞാൻ ജനിച്ചത്"

സ്വാമി വിവേകാനന്ദൻ.

"നക്ഷത്രങ്ങൾ വരട്ടെ, എന്തു കുഴപ്പമാണുള്ളത്? ഒരു നക്ഷത്രത്തിന് താറുമാറാക്കാൻ കഴിയുന്നതാണ് എന്റെ ജീവിതമെങ്കിൽ അതിന് ഞാനൊരു വിലയും കൽപിക്കില്ല. ജ്യോത്സ്യവും അതുപോലുള്ള അത്ഭുതവിദ്യകളും പൊതുവെ ദുർബലമനസ്സിന്റെ ലക്ഷണമാണ്. അതുകൊണ്ട് അവ നിങ്ങളുടെ മനസ്സിൽ പ്രബലമാണെന്നു കണ്ടാൻ ഉടനെ ഒരു ഡോക്‌ടറെ കാണുകയും നല്ല ഭക്ഷണം കഴിച്ച് നന്നായി വിശ്രമിക്കുകയും ചെയ്യണം"

സ്വാമി വിവേകാനന്ദൻ.

?ഗ്രഹങ്ങൾക്ക് ഗുരുത്വാകർഷണം കൊണ്ടുള്ള സ്വാധീനം നിസ്സാരമാണെന്ന് സമ്മതിച്ചാൽപോലും മറ്റു സ്വാധീനങ്ങൾ ഉണ്ടായിക്കൂടേ? ഉദാഹരണത്തിന്, അവയുടെ ചില രശ്മികളും മറ്റും പിറക്കുന്ന കുഞ്ഞിന്റെ സ്വഭാവത്തിൽ സ്വാധീനം ചെലുത്തില്ലേ?

ഗ്രഹങ്ങൾക്ക് സ്വന്തമായി ഒരു രശ്മിയുമില്ല. ഭൂമിയെപ്പോലെ തണുത്തുറഞ്ഞ വസ്തുക്കളാണവ. സൂര്യപ്രകാശം തട്ടുമ്പോൾ അതിൽ നിന്ന് ചില നിറങ്ങളെ ആഗിരണം ചെയ്യുകയും ബാക്കി പ്രതിഫലിപ്പിക്കുകയും ചെയ്യാൻ മാത്രമേ അവയ്ക്കു കഴിയൂ. ഏതു നിറം ആഗിരണം ചെയ്യും എന്നത് ഒരു ഗ്രഹത്തിന്റെ അന്തരീക്ഷ ഘടന, ഉപരിതലത്തിലുള്ള പദാർഥങ്ങൾ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ശുക്രൻ വെള്ളിപോലെ തിളങ്ങുന്നത് അതിന് കാർബൺ ഡൈ ഓക്സൈഡിന്റെ കനത്ത അന്തരീക്ഷം ഉള്ളതുകൊണ്ടും അതിനുമീതേ മേഘ പാളികൾ ഉള്ളതുകൊണ്ടുമാണ്. ചൊവ്വ ചുവന്നിരിക്കുന്നത് അതിന് നേർത്ത അന്തരീക്ഷവും ഉപരിതലത്തിൽ ഇരുമ്പിന്റെ ഓക്‌സൈഡും ഉള്ളതുകൊണ്ടാണ്. (നമ്മുടെ ചെങ്കല്ലിനു ചുവപ്പുനിറം നൽകുന്നതും ഇരുമ്പിന്റെ ഓക്‌സൈഡാണ്). സ്വതവേ തന്നെ ധാരാളം സൂര്യപ്രകാശം കിട്ടുന്ന ഭൂമിയിൽ ജനിക്കുന്ന ഒരു കുഞ്ഞിന് ഗ്രഹങ്ങളിൽ നിന്ന് പ്രതിഫലിച്ചുവരുന്ന ഇത്തിരി സൂര്യപ്രകാശം എന്തു മാറ്റമുണ്ടാക്കാനാണ്! മാത്രമല്ല, പ്രസവം നടക്കുന്നത് വീട്ടിനുള്ളിലല്ലെ; അവിടെ ഗ്രഹങ്ങളുടെ പ്രകാശം എത്തുമോ? ജ്യോതിഷപ്രകാരം ദൃശ്യരാശികളിലല്ലാത്ത ഗ്രഹങ്ങൾക്കും (ഭൂമിയുടെ മറുവശത്തുള്ളവ) സ്വാധീനമുണ്ടല്ലോ. പക്ഷേ, അവയുടെ ഒരു രശ്മിയും കുഞ്ഞിനടുത്ത് എത്തുന്നില്ല.

നമുക്ക് ചൊവ്വാദോഷത്തെത്തന്നെ ഒന്നുകൂടി പരിശോധിക്കാം. കുഞ്ഞു ജനിക്കുന്ന സമയത്ത് കിഴക്ക് ഉദിച്ചുയർന്നു കൊണ്ടിരിക്കുന്ന രാശിയാണ് ലഗ്നരാശി അഥവാ ഒന്നാംഭാവം(first house). തുടർന്നുവരുന്ന രാശികളിൽ ഏഴിലോ എട്ടിലോ (പുരുഷന് ഏഴും സ്‌ത്രീക്ക് ഏഴും എട്ടും) ചൊവ്വ എന്ന ഗ്രഹം നിൽക്കുന്നതാണ് ഭീതിദമായ ചൊവ്വാദോഷം. ജ്യോതിശ്ശാസ്ത്രപരമായി ഇതിന്റെ അർഥമെന്താണ്? പടിഞ്ഞറ് അസ്തമിക്കുന്ന രാശിയാണ് ഏഴ്. അതിൽ നിൽക്കുന്ന ചൊവ്വ ഒന്നുകിൽ [ 174 ] അസ്തമിച്ചിട്ടുണ്ടാകും (ഗ്രഹസ്ഫുടം ലഗ്നസ്ഫുടത്തേക്കാൾ കുറവാണെങ്കിൽ) അല്ലെങ്കിൽ ഉടൻ അസ്തമിക്കും. അതിൽ നിന്ന് ഒരു രശ്മിയും കുഞ്ഞിന്റെ അടുത്തെത്തില്ല. എട്ടാംഭാവം അസ്തമിക്കാൻ ഒരുങ്ങുന്ന രാശിയാണ്. ചുരുക്കത്തിൽ, അസ്തമിച്ചു കഴിഞ്ഞ, അല്ലെങ്കിൽ അസ്തമിക്കാൻ പോകുന്ന, ചൊവ്വ കുഞ്ഞിന്റെ ഭാവി വിവാഹജീവിതം താറുമാറാക്കും എന്നാണ് ജ്യോത്സ്യൻ പറയുന്നത് (അല്ലെങ്കിൽ ഇണക്കും വേണം ചൊവ്വാദോഷം). ഇതിനെന്തെങ്കിലും ന്യായീകരണമുണ്ടോ?

ചിങ്ങം രാശിയിലെ മകം നക്ഷത്രം (α-Leonis) കിടക്കുന്നത് 85 പ്രകാശവർഷം അകലെയാണ് ചന്ദ്രന്റെ പരഭാഗത്ത് ആ നക്ഷത്രം വന്നതു കൊണ്ട് അപ്പോൾ ജനിക്കുന്ന കുഞ്ഞിന് ഒരു ഗുണവും ഉണ്ടാകാനിടയില്ല. ചിങ്ങത്തിലെ മറ്റു പ്രധാന നക്ഷത്രങ്ങളെല്ലാം കിടക്കുന്നത് പലദൂരങ്ങളിലാണ് ഡെനെബോള (β-Leo) 39 ഉം അൽ ജീബ (χ-Leo) 91 ഉം സോസ്മ (δ-Leo) 52ഉം പ്രകാശവർഷം അകലെയാണ്. 1600 ഉം 2000 വും പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളും അതിലുണ്ട്. ചുരുക്കത്തിൽ ചിങ്ങത്തിന്റെ സിംഹരൂപം നമ്മുടെ ഭാവനയുടെയും കണ്ണിന്റെ പരിമിതിയുടെയും സൃഷ്ടിയാണ്. ചിങ്ങത്തിൽ ജനിച്ചതുകൊണ്ട് സിംഹശൗര്യം ഉണ്ടാകുമെന്നു പറയുന്നത് വിവരക്കേടാണ്

"കാര്യകാരണ ബോധത്തിന്റെ പ്രയോഗവും ആധികാരികതയും ഉപേക്ഷിച്ച ഒരാളോടു വാദിക്കുക എന്നത് മരിച്ചു കഴിഞ്ഞ ഒരാൾക്ക് മരുന്നു നൽകും പോലെ അർഥഹീനമാണ്"

തോമസ് പെയ്ൻ

ചൊവ്വ ഒരു നിർജ്ജീവഗ്രഹമാണ്. നമ്മുടെ ഉപഗ്രഹങ്ങൾ അവിടെ പലവട്ടം ഇറങ്ങി പരിശോധിച്ചിട്ടുണ്ട് അതിൽ ജീവന്റെ അംശം പോലുമില്ല. അതിന്റെ ഗുരുത്വാകർഷണം നിസ്സാരമാണെന്നും നാം കണ്ടു. പ്രസവസമയത്ത് കുഞ്ഞിനടുത്ത് നിൽക്കുന്ന ഡോക്ടർക്കും നഴ്സിനും അതിലേറെ ഗുരുത്വാകർഷണമുണ്ടാകും അപ്പോൾ പിന്നെ ചൊവ്വാദോഷത്തിന്റെ അടിസ്ഥാനമെന്താണ്?. പ്രാചീനകാലത്തെ അറിവിന്റെ പരിമിതി തന്നെ. ആകാശത്തെ ഗ്രഹങ്ങൾക്കെല്ലാം ബാബിലോണിയർ ദേവസങ്കല്പങ്ങൾ നൽകിയ കഥ നാം പറഞ്ഞതാണ്. ചൊവ്വ ചുവപ്പായതുകൊണ്ട് (ചോരയുടെ നിറം) അതിനെ യുദ്ധത്തിന്റെ ദേവനാക്കി. കാൽദിയന്മാർ ഫലഭാഗം സൃഷ്ടിച്ചെടുത്ത കാലത്ത് ചൊവ്വ നിർണ്ണായകമായി. ജ്യോത്സ്യം ഇന്ത്യയിലെത്തിയപ്പോഴും ഗ്രഹസ്വഭാവങ്ങളിൽ മാറ്റം വരാതെ നാം നോക്കി. അവരുടെ ശുഭന്മാർ നമുക്കും ശുഭന്മാരും അവരുടെ പാപികൾ നമുക്കും പാപികളും ആയിത്തന്നെ തുടർന്നു.

യഥാർഥത്തിൽ ചൊവ്വയുടെ സ്ഥാനവും കുഞ്ഞിന്റെ ജനനവുമായി ഒരു ബന്ധവുമില്ലെന്ന് നമുക്കറിയാം. ചൊവ്വ ഭൂമിയെയല്ല സൂര്യനെയാണ് ചുറ്റുന്നത്, ഏതാണ്ട് ഒരേ വേഗത്തിൽ. കുഞ്ഞു ജനിക്കുന്നതറിഞ്ഞ് ഏഴിലോ എട്ടിലോ പോയി നിൽക്കാൻ അതിനു കഴിയില്ല. കുഞ്ഞിനും കുഞ്ഞിന്റെ അമ്മയ്ക്കും പ്രസവസമയം നിശ്ചയിക്കാനുള്ള കഴിവില്ല. ചൊവ്വയ്ക്ക് കുഞ്ഞിനോട് ഒരു മുൻവിരോധവുമില്ല. അതിന് ചിന്താശക്തിയുമില്ല. എങ്കിൽ പിന്നെ കുഞ്ഞിനെ ചൊവ്വാദോഷത്തിൽ ജനിപ്പിച്ചാതാരാണ് (അങ്ങിനെ ഒരു ദോഷമുണ്ടെങ്കിൽ)?. ദൈവവിശ്വാസിക്കു പറയേണ്ടിവരും ദൈവമാണെന്ന്. എങ്കിൽ ദൈവത്തിന്റെ നീതിബോധത്തിൽ എന്തോ പിശകില്ലേ? തെറ്റുചെയ്തവരെ ദൈവം ശിക്ഷിക്കുമെന്നാണ് മതങ്ങൾ പറയുന്നത്. പക്ഷേ, ഇവിടെ ജനിക്കും മുമ്പെ ശിക്ഷ കൊടുത്തുകഴിഞ്ഞു. മറ്റു ചില കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ശുക്രനെയും ഗുരുവിനെയും ഉച്ചസ്ഥാനത്തോ മൂലത്രികോണത്തിലോ ഒക്കെ നിർത്തി [ 175 ] അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട് ഇതു വിവേചനമല്ലേ?

"ലഗ്നാദ്യയാരിഗതയോഗ്ഗശി..."

എന്നുതുടങ്ങുന്ന വരാഹന്റെ ശ്ലോകം അനുസരിച്ച് (ബൃ. ജാ. 21,3) ലഗ്നത്തിൽ നിന്ന് പന്ത്രണ്ടിൽ ചന്ദ്രനും ആറിൽ സൂര്യനും നിന്നാൽ അപ്പോൾ ജനിക്കുന്നവനും ഭാര്യക്കും ഓരോ കണ്ണുമാത്രമേ ഉണ്ടായിരിക്കുകയുള്ളൂ (ആ സ്ത്രീ എന്തു പിഴച്ചു). ജീവകം എ-യുടെ കുറവു കൊണ്ട് ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ അന്ധരായി പിറക്കുന്ന ഒരു നാട്ടിൽ പഴി പറഞ്ഞു നമുക്കു തടിതപ്പാം.

"നക്ഷത്ര ഗണിതം പോലുള്ള അസംബന്ധ വിദ്യകളിലൂടെ ജീവിത മാർഗം കണ്ടെത്തുന്നവരെ നാം ഒഴിവാക്കണം"

ശ്രീബുദ്ധൻ


വിനയ പീടക

അതിനു ജ്യോത്സ്യനൊരു മറുപടിയുണ്ട്. മുജ്ജന്മ കർമ്മഫലം. കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപകർമ്മങ്ങളുടെ ഫലമായാണ് ഈ ജന്മത്തിൽ ദോ‍ഷജാതകം കിട്ടുന്നത്. മുജ്ജന്മമെന്ന ആശയം നമുക്ക് വാദത്തിനു വേണ്ടി അംഗീകരിക്കുക. എന്നാലും അതൊരു ന്യായമാകുമോ? ജ്യോത്സ്യന്മാർ ഗ്രഹനില നോക്കിയാണല്ലോ ഭാവിയിലെ നമ്മുടെ കർമ്മങ്ങൾ (നമ്മൾ മോഷ്ടിക്കുമോ, കൊലപാതകം ചെയ്യുമോ,സന്യാസം വരിക്കുമോ എന്നൊക്കെ) പറഞ്ഞുതരാറ്. എങ്കിൽ കഴിഞ്ഞ ജന്മത്തിൽ എന്തുകൊണ്ട് പാപകർമങ്ങൾ ചെയ്യേണ്ടിവന്നു?. ആ ജന്മത്തിലെ ഗ്രഹനില മോശമായതു കൊണ്ടല്ലേ. ആ ഗ്രഹനിലക്ക് കാരണം അതിനു മുമ്പത്തെ ജന്മത്തിലെ കർമ്മങ്ങളും ഇങ്ങനെ പിന്നോട്ടുപോയാൽ, ഒന്നാമത്തെ ജന്മത്തിലെ ഗ്രഹനില മോശമായതു കൊണ്ടാണ് ആ ജന്മത്തിലെ കർമങ്ങളും പിൽക്കാലജന്മങ്ങളും മോശമായത് എന്നുവരും. ആരാണ്, എന്തടിസ്ഥാനത്തിലാണ്, ഒന്നാം ജന്മത്തിലെ ഗ്രഹനില അങ്ങനെയാക്കിയത്? മറ്റു ചില കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ടാണ് നല്ല ഗ്രഹനില കൊടുത്തത്? ചുരുക്കത്തിൽ, ദീർഘകാലത്തിൽ ഗൂഢാലോചന നടത്തുന്ന, കുഞ്ഞുങ്ങൾക്കെതിരെ വിവേചനം കാണിക്കുന്ന, ഒരു ദൈവത്തെയാണ് ജ്യോത്സ്യം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഒരു നല്ല ദൈവവിശ്വാസിക്ക് ജ്യോതിഷവിശ്വാസി കൂടിയാകാൻ കഴിയില്ല എന്നർഥം. കർമഫലം എന്ന ചതിക്കുഴിയിൽ ദൈവത്തെയും വീഴ്ത്തിയിരിക്കുന്നു ജ്യോത്സ്യൻ .

?ജ്യോത്സ്യന്മാർ പറയുന്നത് ഭാരതീയ ജ്യോതിഷമാണ് പാശ്ചാത്യജ്യോതിഷത്തെ അപേക്ഷിച്ച് ഫലപ്രവചനത്തിൽ മികച്ചു നിൽക്കുന്നത് എന്നാണ്. ജ്യോതിഷത്തെ എതിർക്കുന്നവർ നമ്മുടെ പൈതൃകത്തെ അവമതിക്കുകയാണ് എന്നും അവർക്കഭിപ്രായമുണ്ട് ഇതിനോട് എന്താണ് പ്രതികരണം?

ഭാരതീയ ജ്യോതിഷവും പാശ്ചാത്യജ്യോതിഷവും തമ്മിലുള്ള പ്രധാന വ്യത്യാസം നമ്മൾ ഫലപ്രവചനത്തിന് ചന്ദ്രലഗ്നത്തെയും നക്ഷത്രങ്ങളെയും വളരെ പ്രധാനമായെടുക്കുമ്പോൾ അവർ സൗരരാശികൾക്കും അതിലെ ഗ്രഹസ്ഥാനങ്ങൾക്കുമാണ് ഫലപ്രവചനത്തിൽ പ്രാധാന്യം കൽപിക്കുന്നത് എന്നതാണ്. നമ്മൾ ഭാവി പ്രവചിക്കാൻ ഏറെ ശ്രദ്ധ കാണിക്കുമ്പോൾ അവർ ജാതകന്റെ സ്വഭാവം ഗ്രഹനില വെച്ച് നിർണയിക്കുന്നതിലാണ് ഊന്നുന്നത്. ഇക്കാരണങ്ങളാൽ അവരുടെ ജ്യോതിഷ നിയമങ്ങൾ താരതമേന ലളിതവും നമ്മുടേത് കൂടുതൽ സങ്കീർണവുമാണ്. രണ്ടായാലും, പ്രവചനങ്ങൾക്ക് ജ്യോത്സ്യന്റെ ‘ബുദ്ധിപരമായ [ 176 ] ഊഹം' എന്നതിലപ്പുറം മൂല്യമൊന്നുമില്ല. ജ്യോതിഷി 'ഊഹാപോഹപടു' ആയിരിക്കണമെന്ന് ഭാരതീയാചാര്യന്മാർ പറഞ്ഞത് വെറുതെയല്ല.

സ്വന്തം വീട്ടിൽ കള്ളൻ കയറിയാൽ ജ്യോത്സ്യൻ പ്രശ്നം വെക്കുമോ? പോലീസിലറിയിക്കുമോ ? സ്വന്തം പുത്രൻ ഒളിച്ചോടിയാൽ മഷി നോക്കി പോയ ദിക്കു കണ്ടെത്തുമോ, പോലീസ് സഹായം തേടുമോ? തനിക്കു തന്നെ ക്യാൻസർ വന്നാൽ ചെമ്പവിഴവും ഗോമേദകവും മോതിരത്തിൽ കെട്ടി കൂസലില്ലാതെ നടക്കുമോ. അതോ ആധുനിക ചികിത്സ തേടുമോ?

"ശാസ്ത്രത്തിന്റെ സംശോധനാരീതിയിൽ നിന്നു രക്ഷപ്പെടാൻ ജ്യോത്സ്യന്മാർ ചെയ്തത് ഇതാണ്. പ്രവചനങ്ങൾ തികച്ചും അവ്യക്തമാക്കുക, അതുകൊണ്ട് പ്രവചനങ്ങൾ ഒരിക്കലും തെറ്റില്ല, അവയെ ചോദ്യം ചെയ്യാനും കഴിയില്ല."

കാൾ പോപ്പർ.

ഫലഭാഗ ജ്യോതിഷത്തെ ഭാരതീയപൈതൃകമായി കാണുന്നതിൽ അർത്ഥമില്ല എന്നു നാം കണ്ടുകഴിഞ്ഞതാണ്. അത് ഇറക്കുമതിയാണ്. പിന്നീട് നാം ഒത്തിരി കൂട്ടിച്ചേർത്തു എന്നത് നേരാണ്. പക്ഷേ തുടക്കം ഇവിടെയല്ല. ശുക്രൻ,വ്യാഴം എന്നീ ചന്തമേറിയ ഗ്രഹങ്ങളെ ശുഭന്മാരായി ഗണിച്ച് അവയുടെ സ്ഥാനം വെച്ച് ഹോമാദികർമ്മങ്ങൾക്കുള്ള മുഹൂർത്തം ഗണിക്കുന്ന രീതി ഇന്ത്യയിൽ പണ്ടേ ഉണ്ടായിരുന്നെങ്കിലും, ജനനസമയത്തെ ഗ്രഹനില വെച്ച് ഭാവി ഗണിക്കുന്ന രീതിയും വിവാഹത്തിനു ജാതകച്ചേർച്ച നോക്കുന്ന രീതിയും പണ്ട് ഭാരതത്തിൽ ഉണ്ടായിരുന്നില്ല. പുരാണങ്ങളെല്ലാം അതിനു തെളിവാണ്. രാമായണം തന്നെ നോക്കൂ. രാമൻ ജനിച്ച നക്ഷത്രവും ചില ഗ്രഹസ്ഥാനങ്ങളും രാമായണത്തിലുണ്ട്. പ്രായം ഗണിക്കാൻ അതാവശ്യമാണ്( എത്ര പൂർണചന്ദ്രനെ കണ്ടു എന്നതാണ് അക്കാലത്ത് പ്രായത്തിന്റെ സൂചന 1000 പൂർണ ചന്ദ്രനെ കണ്ടാൽ അതായത് 80 വയസ്സു കഴിഞ്ഞാൽ - കേമമായി). എന്നാൽ രാമൻ സീതയെ വേട്ടത് ജാതകം നോക്കിയല്ല, വില്ലൊടിച്ച് മത്സരത്തിൽ ജയിച്ചാണ്. മഹാഭാരതത്തിലോ? അർജ്ജുനൻ പാഞ്ചാലിയെ നേടിയതും ജാതകം നോക്കിയല്ല, മുകളിൽ കറങ്ങുന്ന മത്സ്യത്തിന്റെ കണ്ണിൽ താഴെ പ്രതിഫലിച്ച നിഴൽ നോക്കി അമ്പെയ്തുകൊള്ളിച്ചാണ്. ശ്രീകൃഷ്ണൻ രുഗ്മിണിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അക്കാലത്തെ സാഹിത്യ കൃതികൾ നോക്കൂ. ദുഷ്യന്തൻ ശകുന്തളയെ വരിച്ചത് ഗാന്ധർവ്വ വിധിപ്രകാരമാണ്. ദമയന്തി നളനെ സ്വയം തെരഞ്ഞെടുത്തതാണ്. അന്നത്തെ വിവാഹരീതി പൊതുവേ ഉന്നതരുടെ ഇടയ്ക്ക് സ്വയംവരമാണ് , സ്വയംവരാവകാശം സ്ത്രീക്കാണു താനും. സ്വയം വരത്തിൽ ഗ്രഹനിലക്കെന്താണ് സ്ഥാനം? ക്രി മു. 9-10 നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട വേദാംഗജ്യോതിഷത്തിൽ പോലും ഫലഭാഗമില്ല. പിന്നെ നമ്മുടെ പൈതൃകമായി എന്തിനു നാം ഈ വേതാളത്തെ പേറണം? പ്രാചീന ഇന്ത്യൻ ജനത പൊതുവെ പ്രകൃതിയേയും ജീവിതത്തേയും സ്നേഹിച്ച, ഇഹലോകജീവിതത്തോട് വളരെ സൃഷ്ടിപരമായ സമീപനം പുലർത്തിയിരുന്ന ഒരു ജനതയായിരുന്നു. അവരുടെ മേൽ പിൽക്കാലത്ത് വിധി വിശ്വാസവും ജാതകവിശ്വാസവും കെട്ടിവെച്ചത് ബ്രാഹ്മണമതവും ജാതി വ്യവസ്ഥയുമാണ്. [ 177 ]

തിരുവാതിരയും കേട്ടയും (ജ്യേഷ്ഠ) ചുവന്ന ഭീമന്മാർ (Red giants) ആണ്. ഏതു സമയത്തും സൂപ്പർ നോവകളായി പൊട്ടിത്തെറിക്കാം. അങ്ങനെ പൊട്ടിത്തെറിച്ചാലും ആ ജന്മനക്ഷത്രങ്ങളിൽ പിറന്നവർക്ക് ഒന്നും സംഭവിക്കില്ല.)

ഗ്രഹസ്ഫുടം നിർണയിക്കുന്നതിൽ കഷ്ടിച്ച് ഒരു നാഴികയുടെ കൃത്യതയേ ജ്യോതിഷത്തിൽ ഉണ്ടായിരുന്നുള്ളൂ (ഏറ്റവും വേഗമേറിയ ചന്ദ്രനു പോലും ഒരു നാഴിക കൊണ്ട് ¼ ഡിഗ്രിയിൽ താഴെയേ സ്ഥാനമാറ്റമുണ്ടാകൂ.) ഇരട്ട പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ജാതകത്തിൽ ഒരേ ഗ്രഹനിലയായിരിക്കും എന്നർഥം. ജനിതക കാരണങ്ങളാൽ രൂപത്തിലും സ്വഭാവത്തിലും സാമ്യമുണ്ടായിരിക്കുമെന്നല്ലാതെ ജീവിതാനുഭവങ്ങൾ - രോഗബാധ, വൈവാഹിക ജീവിതം, അപകടങ്ങൾ, മരണം തുടങ്ങിയവയെല്ലാം - രണ്ടുപേർക്കും വ്യത്യസ്തമായിരിക്കുമെന്ന് നിരവധി പഠനങ്ങൾ കാണിക്കുന്നു. ജ്യോതിഷം ശരിയാണെങ്കിൽ ഇങ്ങനെ സംഭവിക്കാൻ പാടില്ലല്ലോ?)

?ജ്യോതിഷം ഇന്ത്യക്കുമുമ്പേ ഇറാക്കിലും ഗ്രീസിലും റോമിലുമൊക്കെയാണ് വ്യാപരിച്ചതെങ്കിൽ എന്തുകൊണ്ട് ഇന്ത്യയിൽ മാത്രം അത് ഇത്ര ആഴത്തിൽ വേരൂന്നിനിൽക്കുന്നു?

ബറോസസും കൂട്ടരും കാൽദിയൻ ജാലവിദ്യ ഗ്രീസിലും പിന്നീട് റോമിലും എത്തിച്ച ശേഷം അത് യൂറോപ്പിനെയാകെ കീഴടക്കിയിരുന്നു. ഗാർഗനും പരാശരനും മറ്റുമാണ് അതിനെ ഇന്ത്യൻ മണ്ണിൽ പറിച്ചുനട്ടത് (ക്രിസ്തുവിനു തൊട്ടുമുമ്പും പിമ്പുമുള്ള നൂറ്റാണ്ടുകളിൽ). ജ്യോതിഷത്തിന്റെ ഭാഷയിൽ പോലും ഗ്രീക്കു സ്വാധീനം വ്യക്തമാണ്. വരാഹമിഹിരന്റെ കാലമായപ്പോഴേക്കും അത് ഇന്ത്യയിൽ വേരുറച്ചുകഴിഞ്ഞിരുന്നു. ചുരുക്കത്തിൽ രണ്ടായിരം വർഷത്തിൽ ചുവടെ മാത്രം പ്രായമേ ഇന്ത്യൻ ഫലഭാഗത്തിനുള്ളൂ. പക്ഷേ, അതിന്റെ വേരുകൾ ഇവിടെയാണ് കൂടുതൽ ആഴത്തിൽ ഓടിയത്. നമ്മൾ മാത്രമേ വ്യക്തികളുടെ ഭാവി പ്രവചിക്കാനും വിവാഹബന്ധങ്ങൾ നിശ്ചയിക്കാനും അതുപയോഗിക്കുന്നുള്ളൂ (നേപ്പാൾ, ശ്രീലങ്ക, മാലി തുടങ്ങിയ ചില ചെറു പ്രദേശങ്ങളും). യൂറോപ്പിൽ പത്രമാസികകൾ വാരഫലം പ്രസിദ്ധീകരിക്കാറുണ്ട്. ആളുകൾ അത് രസിച്ചു വായിച്ചശേഷം മറന്നുകളയാറുമുണ്ട്. ഒരു കച്ചവടമോ വ്യവസായമോ തുടങ്ങുമ്പോഴും യാത്ര പുറപ്പെടുമ്പോഴും അവർ അതു പരിഗണിക്കാറില്ല. ശകുനവും രാഹുകാലവും അവർക്കില്ല. വിവാഹത്തിനു ജാതകം നോട്ടവുമില്ല. ഇറാക്കിലും മറ്റു ഇസ്ലാംമത രാജ്യങ്ങളിലും ജ്യോത്സ്യം മതപരമായി തന്നെ നിഷിദ്ധമാണ്. യൂറോപ്പിൽ കോപ്പർനിക്കസും ഗലീലിയോയും തുടക്കം കുറിച്ച ശാസ്ത്രവിപ്ലവമാണ് ജ്യോതിഷത്തിന്റെ അടിവേരറുത്തത്. ഇന്ത്യയിൽ അത് എളുപ്പമല്ല. എന്തുകൊണ്ടെന്നു നോക്കാം.

യൂറോപ്പിൽ ജ്യോത്സ്യത്തിന്റെ സംരക്ഷകരായി ജ്യോത്സ്യന്മാർ തന്നെയേ ഉണ്ടായിരുന്നുള്ളു. ജ്യോതിഷം കൊണ്ട് വയറ്റുപ്പിഴപ്പു നടത്തുന്ന മറ്റു വിഭാഗങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യയിൽ അതായിരുന്നില്ല സ്ഥിതി. ഇവിടെ ജ്യോത്സ്യത്തിന്റെ സംരക്ഷകരായി ശക്തരായ മൂന്ന് വിഭാഗങ്ങൾ ഉണ്ടായിരുന്നു: ഒന്ന്, ജ്യോത്സ്യന്മാരുടെ ഒരു വലിയ ഗണം. രണ്ട്, അവർ നിർദേശിക്കുന്ന പരിഹാരകർമങ്ങളുടെ പ്രതിഫലവും ദാനധർമങ്ങളും പറ്റി സമ്പത്തു നേടുന്ന പുരോഹിതരും ക്ഷേത്രാധികാരികളും. മൂന്ന്, ജാതി വ്യവസ്ഥ നിലനിർത്തുന്നതിൽ സ്ഥാപിത താൽപര്യമുള്ള ഉയർന്ന ജാതിക്കാർ. ഇന്ത്യയിൽ ജ്യോതിഷത്തെ തൊട്ടുകളിച്ചാൽ ഈ മൂന്നുകൂട്ടരും പടവാളുയർത്തുന്നതു കാണാം.

ഇന്ത്യൻ വർണാശ്രമവ്യവസ്ഥയ്ക്ക് വിശ്വാസത്തിന്റെയും തത്വ [ 178 ] ചിന്തയുടെയും ഒരാവരണം നൽകി ഭദ്രമാക്കുന്നതിൽ ജാതക വിശ്വാസം വലിയ പങ്കാണു വഹിച്ചത്. ഒരാൾ ശൂദ്രനായി ജനിക്കുന്നത് മുജ്ജന്മകർമഫലമായാണ്. ദുരിതങ്ങൾക്കു കാരണം ജാതി ചൂഷണമല്ല, തന്റെ തന്നെ മുജ്ജന്മകർമങ്ങളാണ്. അതു വായിക്കുന്നതിനു മാത്രമാണ് ഗ്രഹനില. 'ചാതുർവർണ്യം മയാസൃഷ്ടമാണ്' അതിനെതിരെ ശബ്ദിക്കുന്നത് വിധിയേയും നിയതിയേയും വെല്ലുവിളിക്കുന്നതിനു തുല്യമാണ്.

ഒരു വ്യക്തിയുടെ സ്വഭാവവും ശരീരപ്രക‌ൃ‌തിയും നിർണയിക്കുന്നത് മുഖ്യമായും ജനിതക ഘടകങ്ങളും (അച്ഛന്റെയും അമ്മയുടെയും പരമ്പരയിൽ നിന്ന്) ജീവിത സാഹചര്യങ്ങളും ചേർന്നാണ് എന്ന കാര്യം ശാസ്ത്രബോധമുള്ള ആരും ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല. തോന്നുന്നില്ല. എന്നിട്ടും ജാതകന്റെ രൂപവും ഭാവവും ഗ്രഹനില വെച്ച് പ്രവചിക്കുന്നത് എങ്ങനെ ശരിയാകും? നമ്മുടെ വൻ നഗരങ്ങളിലെ കുറ്റവാളികളിലേറെയും തെരുവിൽ ജനിച്ച്, അനാഥരായി, ഭക്ഷണത്തിനും നിലനിൽപിനും വേണ്ടി അന്യോന്യം പോരടിച്ച് വളർന്ന്, ഒടുവിൽ പല കുറ്റവാളി സംഘങ്ങളിലും ചെന്നുപെട്ട നിർഭാഗ്യവാന്മാരാണ്. ചെന്നൈ സെൻട്രൽ ജയിലിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടത് അവിടുത്തെ അന്തേവാസികളിൽ ഭൂരിപക്ഷവും തെരുവിന്റെ മക്കളായി വളർന്നവരാണെന്നാണ്. അവർ ജനിച്ച അതേ സമയത്തു ജനിച്ച 'മാന്യന്മാരുടെ മക്കൾ' 'മാന്യന്മാരായി'ത്തന്നെ കഴിയുന്നു.

അങ്ങനെ കർമപാശവും ജാതകവും വിധി വിശ്വാസവും ചേർന്ന് ജാതിവ്യവസ്ഥയ്ക്ക് ഉറച്ച അടിത്തറയുണ്ടാക്കി. അത് ഒരു തരം അടിമ വ്യവസ്ഥ തന്നെയായിരുന്നു. പക്ഷേ, യൂറോപ്പിലേതിൽ നിന്നും വ്യത്യസ്തമായിരുന്നു. യൂറോപ്പിലെ അടിമത്തം ആയുധവും ശക്തിയും ഉപയോഗിച്ചാണ് നിലനിർത്തിയത്. അതു കൊണ്ടുതന്നെ അവിടെ ഇടയ്ക്കിടെ വിപ്ലവങ്ങളുണ്ടായി. ക്രി.മു 73-71 കാലത്ത് സ്പാർട്ടക്കസിന്റെ നേതൃത്വത്തിലുണ്ടായ അടിമകളുടെ ഉയിർത്തെഴുന്നേൽപ് ചിത്രത്തിന്റെ ഭാഗമാണ്. എന്നാൽ അത്തരം ഒന്ന് ഇന്ത്യയിൽ ഒരിക്കലും ഉണ്ടായില്ല. ബുദ്ധനും ജൈനനും നയിച്ച അഹിംസാത്മക വിപ്ലവങ്ങളെ ബ്രാഹ്മണമതം പതുക്കെ മെരുക്കിയെടുത്തു. തങ്ങളുടെ ദൈന്യാവസ്ഥയ്ക്കു കാരണം തങ്ങളുടെ തന്നെ വിധിയാണെന്ന് ഒരു ജനത വിശ്വസിച്ചു കഴിഞ്ഞാൽ പിന്നെ അവരെ രക്ഷിക്കാൻ ഒരു ശക്തിക്കും കഴിയില്ല. ഇതാണ് ഇന്നും നമ്മുടെ ശാപം. ഫ്യൂഡലിസത്തിന് വളക്കൂറുള്ള മണ്ണാണിവിടെ. ഇന്ത്യൻ മണ്ണിൽ നിന്ന് വിധി വിശ്വാസത്തെയും ജാതകവിശ്വാസത്തെയും ജാതിയേയും ഒന്നിച്ചല്ലാതെ, വെവ്വേറെ പിഴുതെറിയാൻ കഴിയുമെന്നു തോന്നുന്നില്ല. ജ്യോതിഷത്തെ എതിർത്തുനോക്കൂ, ഇവിടുത്തെ ഉന്നത ജാതിയിൽപെട്ട മേലാളന്മാരും പുരോഹിതരും ജ്യോത്സ്യരും സംസ്കൃതശ്ലോകങ്ങളുമേന്തി ആക്രമിക്കാൻ വരുന്നതുകാണാം.

?മനുഷ്യനും മനുഷ്യൻ ജീവിക്കുന്ന ഭൂമിയുമെല്ലാം ബൃഹത്തായ ഈ പ്രപഞ്ചത്തിന്റെ ഒരംശമാണല്ലോ. എങ്കിൽ ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്ന പ്രതിഭാസങ്ങൾ മനുഷ്യരിലും സ്വാധീനം ചെലുത്തില്ലേ? ആ അർഥത്തിൽ ജ്യോതിഷ പ്രവചനങ്ങൾ ശരിയായിക്കൂടെ?

മനുഷ്യനും ഭൂമിയും പ്രപഞ്ചത്തിന്റെ ഭാഗമാണെന്നതും പ്രപഞ്ചത്തിൽ നടക്കുന്ന പല പ്രതിഭാസങ്ങളും നമ്മെ സ്വാധീനിക്കുമെന്നതും നേരാണ്. ഉദാഹരണത്തിന് ആൻഡ്രോമിഡ ഗാലക്സിയിൽ ഒരു സൂപ്പർ നോവ സ്ഫോടനമുണ്ടായാൽ അതിൽ നിന്നുവരുന്ന കോസ്മിക് രശ്മികളും 'സൈഗ്നസ് എക്സ് - 1' എന്ന തമോഗർത്തത്തിൽ (Black hole) നിന്നുവരുന്ന എക്സ്റേ [ 179 ] രശ്മികളും എല്ലാം നമ്മളെ ബാധിക്കാം. പക്ഷെ അതെല്ലാം സ്ഥൂലസ്വാധീനങ്ങളാണ്. എല്ലാ മനുഷ്യരേയുമാണത് ബാധിക്കുക. ജനിക്കുന്ന കുഞ്ഞിന്റെ മേൽ അതിനെന്തങ്കിലും സൂക്ഷ്മസ്വാധീനമുള്ളതായി തെളിവില്ല. മാത്രമല്ല അതൊന്നും ജ്യോതിഷത്തിന്റെ പരിഗണനയിൽ വരുന്നുമില്ല. സൗരയൂഥത്തിലെ വിദൂരഗ്രഹങ്ങൾപോലും (യുറാനസും നെപ്റ്റ്യൂണും പ്ലൂട്ടോയും)അതിൽ പരിഗണിക്കപ്പടുന്നില്ല. 5 ഗ്രഹങ്ങളും സൂര്യചന്ദ്രന്മാരും അവയുടെ പരഭാഗത്ത് മാറി മാറി വരുന്ന ചില നക്ഷത്ര ചിത്രങ്ങളുമേ ജ്യോതിഷത്തിലുള്ളു. ഇല്ലാത്ത ഗുളികനും രണ്ടു സാങ്കല്പിക സ്ഥാനങ്ങളായ രാഹു-കേതുക്കളും മനുഷ്യ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാനാണ്? ബീഹാറിലും യു. പി യിലും വയറിളക്കംമൂലം കുഞ്ഞുങ്ങൾ മരിക്കുന്നെങ്കിൽ അതിന് കാരണം പഴകിയ വൃത്തിഹീനമായ ഭക്ഷണം കഴിക്കുന്നതും ഒ ആർ എസ് നല്കാനുള്ള ബോധം അമ്മമാർക്കില്ലാത്തതുമാണ്. അല്ലാതെ ശനിയോ കേതുവോ ദോഷസ്ഥാനത്ത് നിൽക്കുന്നതുകൊണ്ടല്ല. കേരളത്തിൽ അങ്ങനെ സംഭവിക്കാത്തത് നമ്മുടെ അമ്മമാർക്ക് വിദ്യാഭ്യാസം കിട്ടിയതുകൊണ്ടാണ്. സ്ഥൂലപ്രപഞ്ചത്തിന്റെ സ്വാധീനമായി ജ്യോത്സ്യപ്രവചനങ്ങളെ ന്യായീകരിക്കുന്നത് ഒരു തരം വഞ്ചനയാണ്. അത്തരം ഒരു സ്വാധീനത്തെ പരിഹാരപൂജയും ക്ഷേത്രദർശനവും വഴിപാടുകളുംകൊണ്ട് പരിഹരിക്കാം എന്ന് പറയുന്നത് ഏറെ പരിഹാസ്യവും.

അമേരിക്കയിൽ കേസ് വെസ്റ്റേൺ റിസർച്ച് യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രജ്ഞനായ ജോൺ മക്ഗർവി 16634 ശാസ്ത്രജ്ഞരുടേയും (American Men of Science ൽ നിന്ന്) 6475 രാഷ്ട്രീയ പ്രവർത്തകരുടേയും (Who's who in American Politics ൽ നിന്ന്) ജന്മദിനങ്ങൾ സമ്പാദിച്ച് അത് വെച്ച് അവരുടെ ഗ്രഹനിലകൾ പരിശോധിച്ചപ്പോൾ അവരോരോരുത്തരും തമ്മിൽ ഒരു സാമ്യവും കണ്ടെത്താൻ കഴിഞ്ഞില്ല. അതേ ഗ്രഹനിലയോടുകൂടി ജനിച്ച പതിനായിരങ്ങൾ വേറെയുമുണ്ട്. അവരാരും ശാസ്ത്രജ്ഞരോ രാഷ്ട്രീയപ്രവർത്തകരോ ആയതുമില്ല. ഗ്രഹനില ആരേയും ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും ആക്കില്ലെന്ന് വ്യക്തം.

നമ്മുടെ ജ്യോത്സ്യന്മാർക്ക് സംഘടനയുണ്ട് ആളും അർഥവും ഉണ്ട്. നമ്മുടെ ശാസ്ത്രജ്ഞരുടേയും രാഷ്ട്രതന്ത്രജ്ഞരുടേയും ഗ്രഹനില കിട്ടാൻ പ്രയാസവുമില്ല. ഇത്തരം ഒരു പഠനം സത്യസന്ധമായി നടത്താൻ അവർ തയ്യാറാകുമോ? (അന്വേഷകരുടെ കൂട്ടത്തിൽ വിശ്വാസമില്ലാത്ത ഒരാളെങ്കിലും ഉണ്ടാകണം.)

?നിങ്ങൾ ശാസ്ത്രവാദികൾ പറയുന്നത് എല്ലാറ്റിന്റേയും അവസാനവാക്ക് ശാസ്ത്രമാണെന്നാണ്. മനുഷ്യന് അതിഭൗതികമെന്നോ അതീന്ദ്രിയമെന്നോ ഒക്കെ വിളിക്കാവുന്ന ചില ഉൾക്കാഴ്ചകൾ ഉണ്ടായിക്കൂടെ? ചിലർക്കത് കൂടുതൽ കണ്ടെന്നും വരില്ലേ? പ്രാചീനകാലത്തെ ഋഷികളും മറ്റും അത്തരം ചില മനുഷ്യരായിരിക്കാമെന്നും അവർക്കുണ്ടായിരുന്ന ഇത്തരം ഉൾക്കാഴ്ചകളുടെ ഫലമായുണ്ടായതാണ് ജ്യോതിഷമെന്നും വന്നുകൂടെ?

ശാസ്ത്രം എല്ലാറ്റിനും അവസാനവാക്കാണെന്ന് ചിന്താശക്തിയുള്ള ഒരാളും പറയില്ല. നല്ല സാമൂഹ്യബോധവും ചരിത്രബോധവും കലാസ്വാദനശേഷിയും ഒപ്പം ശാസ്ത്രബോധവും ഉണ്ടെങ്കിലേ സാർഥകമായ ഒരു ജീവിതം സാധ്യമാകൂ. അതെല്ലാം ചേർന്നാണ് നമ്മുടെ മൂല്യബോധം രൂപപ്പെടുത്തുന്നത്. മൂല്യബോധമില്ലാത്ത വ്യക്തികളുടേയും ജനതയുടേയും കയ്യിൽ ശാസ്ത്രവും സാങ്കേതിക വിദ്യകളും എത്ര ആപൽക്കരമാണെന്ന് നാം നിത്യേനയെന്നോണം കണ്ടുകൊണ്ടിരിക്കുകയാണ്. [ 180 ] പക്ഷെ പ്രശ്നമതല്ല; ശാസ്ത്രത്തേയും ശാസ്ത്രബോധത്തേയും പലപ്പോഴും ശാസ്ത്രത്തിന്റെ ഉല്പന്നമായ സാങ്കേതിക വിദ്യകളുമായി നാം കൂട്ടിക്കുഴയ്ക്കുന്നു. ഒരു കവിത മൂളുകയോ രചിക്കുകയോ ചെയ്യുംപോലെ, ഒരു പൂവിന്റെ നിറവും ഗന്ധവും ആസ്വദിക്കുംപോലുള്ള ഒരു സർഗ്ഗാത്മക പ്രവർത്തനമാണ് ചുറ്റും കാണുന്ന പ്രകൃതി പ്രതിഭാസങ്ങളുടെ കാരണം തേടലും. ഈ കാര്യകാരണബോധമാകട്ടെ ശാസ്ത്രകാര്യവിചാരത്തിന് മാത്രമുള്ളതല്ല. എല്ലാ പ്രശ്നങ്ങളോടുമുള്ള ഒരു സമീപനരീതി തന്നെയാണത്. പ്രകൃതിപ്രതിഭാസങ്ങൾ മനസ്സിലാക്കാൻ അതല്ലാതെ നമുക്കെപ്പോഴും ആശ്രയിക്കാവുന്ന വേറെന്തു സമീപനമാണുള്ളത്? മനുഷ്യന് ഉൾക്കാഴ്ചകളുണ്ടെന്നത് നേരാണ്. അത് ചിലർക്ക് ഇമ്മിണി കൂടുതൽ ഉണ്ടായെന്നും വരാം. പക്ഷെ അതു തികച്ചും ഭൗതികേതരമായ ഒരു പ്രതിഭാസമാണെന്ന് തോന്നുന്നില്ല. ഒരു വിഷയത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും അന്വേഷിക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്നവർക്കേ ഉൾക്കാഴ്ചയും ഉണ്ടാകാറുള്ളു. നമ്മുടെ കാലഘട്ടത്തിൽ തന്നെ ഗാന്ധിജിയും വിവേകാനന്ദനും ഐൻസ്റ്റൈനും ബോസും കാറൽമാർക്സും എല്ലാം ഇത്തരം ഉൾക്കാഴ്ചകൾ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തികളാണ്. അത്തരം വ്യക്തികളെയാകാം പണ്ടുകാലത്ത് മഹർഷിമാർ എന്ന് വിളിച്ചതും. നാമറിയാതെ നമ്മുടെ ഉള്ളിൽ നടക്കുന്ന ഒരു മനനപ്രക്രിയയുടെ ഫലമാകണം ഇത്തരം ഉൾക്കാഴ്ചകളെല്ലാം എന്ന് തോന്നുന്നു. ഉൾക്കാഴ്ചകളുടെയെല്ലാം സ്വീകാര്യതയുടെ ഉരകല്ല് നമ്മുടെ കാര്യകാരണബോധം ആയിരിക്കുകയും വേണം. അല്ലെങ്കിൽ തെറ്റ് പറ്റും.

"ചിങ്ങനക്ഷത്ര സമൂഹത്തിൽ അനേക കോടി ബ്ലാക്ക് ഹോളുകൾ ഉള്ളതായി ഈയ്യിടെ തെളിയുകയുണ്ടായി. മകം, പൂരം, ഉത്രം കാൽ ഭാഗം ഉൾപ്പെട്ട ചിങ്ങം നക്ഷത്ര സമൂഹത്തിൽ ജനിച്ചവരെ പഠിച്ചു നോക്കൂ. അവർ ഉൾക്കളങ്കമുള്ളവരാണെന്ന് ബോധ്യമാകും" (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2001 ആഗസ്റ്റ് 19-വായനക്കാർ എഴുതുന്നു) പ്രസ്താവനയും. (അനേക കോടി ബ്ലാക്ക് ഹോളുകൾ‌) അതിൽ നിന്നെത്തിയ നിഗമനവും (ജാതകന്റെ ഉൾക്കളങ്കം) ശുദ്ധമായ അസംബന്ധമാണ്. ആകാശഗംഗയിൽപോലും ഒരു ബ്ലാക്ക് ഹോൾ സാന്നിദ്ധ്യം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടല്ലേ ലിയോക്ലസ്റ്ററിൽ!

നമ്മുടെ അതിർത്തി കാക്കുന്ന ജവാന്മാരുടെ, ചുരുങ്ങിയത് സൈനിക ഓഫീസർമാരുടെയെങ്കിലും ജാതകങ്ങൾ ഒന്നു പരിശോധിക്കാൻ ജ്യോത്സ്യന്മാർ തയ്യാറാവണം. അവരുടെ ശൂരതയ്ക്ക് കാരണമായ ചൊവ്വയുടെയും മറ്റും സ്ഥാനം ഒന്നു പരിശോധിക്കണം. പ്രേമത്തിന്റെയും കലകളുടേയും സൗന്ദര്യത്തിന്റെയും കാരകനായ ശുക്രന്റെ സ്ഥിതിയും ഒപ്പം നോക്കാം.

ഉൾക്കാഴ്ച എന്നത് ദിവ്യദൃഷ്ടിയോ ദിവ്യമായ ജ്ഞാനമോ ആണെങ്കിൽ അതിൽ തെറ്റുവരാൻ പാടില്ലല്ല്ലോ. ഒരു മഹർഷിയുടെ കണ്ടെത്തലും മറ്റൊരു മഹർഷിയുടെ കണ്ടത്തലും തമ്മിൽ വൈരുധ്യവും ഉണ്ടാകാൻ പാടില്ല. പക്ഷേ കാര്യങ്ങളങ്ങനെയല്ല. കണാദനും ചാർവാകനും ബൃഹസ്പതിയും (ലോകായത ദർശനത്തിന്റെ ഉപജ്ഞാതാവ്) പതഞ്ജലിയും കപിലനും (സാംഖ്യദർശനത്തിന്റെ ഉപജ്ഞാതാവ്) വൈശേഷികകാരനും അനേക വിഭാഗത്തിൽപ്പെട്ട വേദാന്തികളും പ്രപഞ്ചത്തെയും ജീവിതത്തെയും ദർശിച്ചത് ഒരേരീതിയിലല്ലല്ലോ. അക്കാലത്തെ അറിവുകളുടെ പരിമിതി അവരുടെ ഉൾക്കാഴ്ചകളെയും ബാധച്ചതായി നാം കാണുന്നു. ജ്യോതിഷികളായ വസിഷ്ഠനും, അത്രിയും, ഭൃഗുവും, പരാശരനും എല്ലാം മുനികളായിരുന്നല്ലോ. സ്വർഭാനു എന്ന അസുരൻ സൂര്യനെ തന്റെ മായാശക്തികൊണ്ട് നിർവീര്യനാക്കുക മുലമാണ് സൂര്യഗ്രഹണമുണ്ടാകുന്നതെന്ന് [ 181 ] വിശ്വസിച്ച, മന്ത്രങ്ങൾ ഉരുവിട്ട് സ്വർഭാനുവിനെ തുരത്താൻ ശ്രമിച്ച മഹർഷിയാണ് അത്രി. വസിഷ്ഠ സിദ്ധാന്തത്തിലെ നിഗമനങ്ങളെ വരാഹൻ നിശിതമായി വിമർശിക്കുന്നതും നാം കാണുന്നു. ഗ്രഹങ്ങൾ ഭൂമിയെയല്ല, സൂര്യനെയാണ് ചുറ്റുന്നതെന്ന് മനസ്സിലാക്കാനോ, കണ്ണാൽ കാണാത്ത മൂന്ന് ഗ്രഹങ്ങളെക്കൂടി നവഗ്രഹങ്ങളോടൊപ്പം ചേർക്കാനോ, കൃത്യതയുള്ള ഒരു കലണ്ടർ നിർമിച്ചെടുക്കാൻപോലുമോ ഇവരുടെയൊന്നും ഉൾക്കാഴ്ചയ്ക്കും ദിവ്യദൃഷ്ടിക്കും കഴിഞ്ഞില്ല. ഇതിനർഥം എല്ലാ ഉൾക്കാഴ്ചകളും തുടങ്ങുന്നത് അതാത് കാലത്തെ അറിവിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെന്നാണ്. അതുകൊണ്ട് നമ്മുടെ കാര്യകാരണ ബോധത്തെ നിരാകരിക്കുന്ന ഒന്നിനെയും സ്വീകരിക്കാൻ നാം ബാധ്യസ്ഥരല്ല.

ഗ്രഹനിലയിൽ നിന്ന് ജനനസമയം ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം. ശനിയും വ്യാഴവും വയസ്സു പറഞ്ഞുതരും. രവിസ്ഥാനം ജനിച്ച മാസം കാണിക്കും. ചന്ദ്രലഗ്നവും നാളും ജനിച്ച തിഥി തരും. (ചന്ദ്രനും സൂര്യനും തമ്മിലുള്ള കോണീയ ദൂരമാണല്ലോ തിഥി തീരുമാനിക്കുന്നത്. പണ്ട്, ആഴ്ച എന്ന സങ്കൽപമില്ലായിരുന്ന കാലത്ത്, ജന്മദിനം സൂചിപ്പിക്കാൻ തിഥിയാണ് ഉപയോഗിച്ചിരുന്നത്.) ജന്മലഗ്നം സമയത്തിന്റെ സൂചകമാണ്. രവിസ്ഥാനവും ലഗ്നസ്ഥാനവും തമ്മിലുള്ള വ്യത്യാസത്തെ 30 ഡിഗ്രിക്ക് (ഒരു രാശിക്ക്) 2 മണിക്കൂർ എന്ന തോതിൽ കണക്കാക്കിയാൽ സൂര്യോദയത്തിന് എത്ര മണിക്കൂർ മുമ്പാണ് / ശേഷമാണ് കുഞ്ഞു ജനിച്ചത് എന്നു കിട്ടും. ഇതിലപ്പുറം ഒന്നും ഗ്രഹനിലയിൽ നിന്നു നാം പ്രതീക്ഷിക്കരുത്.

? ശാസ്ത്രജ്ഞരിൽ പലരും ജ്യോതിഷത്തിലും ശകുനത്തിലും ഒക്കെ വിശ്വാസിക്കുന്നവരാണല്ലോ. റോക്കറ്റ് വിക്ഷേപിക്കുമ്പോൾ പോലും വിഘ്നേശ്വരപൂജ നടത്തുകയും തേങ്ങ ഉടയ്ക്കുകയും ചെയ്യുന്നതായി കേൾക്കുന്നു. ശാസ്ത്രജ്ഞർ മക്കളുടെ വിവാഹത്തിന് ജാതകം ചേരുമോ എന്നു നോക്കാൻ ജ്യോത്സ്യരുടെ വീട്ടിൽ കാവലിരിക്കുന്നതായും പറയുന്നു. ശാസ്ത്രജ്ഞർ പോലും ജ്യോതിഷവിശ്വാസികളായാൽപിന്നെ സാധാരണക്കാരെ എന്തിനു കുറ്റപ്പെടുത്തണം?

എല്ലാ ശാസ്ത്രജ്ഞരും ജനിച്ചുവളരുന്നത് സാധാരണ മനുഷ്യരായാണ്. സാധാരണ മനുഷ്യരെപ്പോലെ സമൂഹവും കുടുംബവും അവരിലും അന്ധവിശ്വാസങ്ങൾ കുത്തിനിറയ്ക്കാൻ ശ്രമിയ്ക്കും. ആ അന്ധവിശ്വാസങ്ങൾക്കു മേലാണ് പിന്നീടവർ തങ്ങളുടെ ശാസ്ത്രസൗധം പടുത്തുയർത്തുന്നത്. അപൂർവം ചിലർക്കേ ആ അടിത്തറ പിന്നെ മാറ്റിപ്പണിയാൻ കഴിയാറുള്ളൂ. റോക്കറ്റ് വിക്ഷേപണരംഗത്ത് പ്രവർത്തിക്കുന്ന ഒരു രസതന്ത്രജ്ഞനെ എടുക്കൂ. മികച്ച ഒരു ഇന്ധനം വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാകാം അയാൾ. പക്ഷേ, നമ്മുടെ പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചോ ജ്യോതിഷത്തിന്റെ ശരി - തെറ്റുകളെക്കുറിച്ചോ അയാൾ ഒരിക്കലും ചിന്തിച്ചിരിക്കണമെന്നില്ല. വിഘ്നേശ്വര പൂജ നടത്താനും തേങ്ങ ഉടയ്ക്കാനും അയാൾ മുന്നിലുണ്ടായെന്നുവരാം. എന്നിട്ടും റോക്കറ്റ് കടലിൽ തകർന്നുവീണാലും അയാൾ വേറെ ന്യായീകരണം കണ്ടെത്തിക്കൊള്ളും. ഒരു പുജയും നടത്താതെ മറ്റു പലരും വിടുന്ന റോക്കറ്റുകളും ലക്ഷ്യത്തിലെത്തുന്നുണ്ട് എന്ന കാര്യത്തെക്കുറിച്ചും അയാൾ വേവലാതിപ്പെടുന്നില്ല. ഇതപോലെ തന്നെയാണ് ഇലക്ട്രോണിക്സിലോ കമ്പ്യൂട്ടർ വിദ്യയിലോ മെക്കാനിക്സിലോ മികവു [ 182 ] കാട്ടുന്ന ഒരു ശാസ്ത്രജ്ഞന്റെയും അവസ്ഥ. എന്നാൽ ഇന്ത്യയിലെ ഒന്നാം നിരയിൽ പെട്ട ശാസ്ത്രജ്ഞർ മിക്കവരും അങ്ങനെയല്ല എന്നും ഓർക്കണം. സി.വി. രാമനോ, എസ്.എൻ. ബോസോ, സാഹയോ, ഭാഭയോ, നാർലിക്കറോ, സി.എൻ.ആർ. റാവുവോ ഇത്തരം അന്ധവിശ്വാസങ്ങൾക്കടിമപ്പെട്ടതായി നാം കാണുന്നില്ല.

ശിശു ജനനത്തിലെ ഏഴുഘട്ടങ്ങളിൽ ഒന്നിനെയാണ് ജ്യോത്സ്യന്മാർ ജനനസമയമായി കണക്കാക്കുന്നത്.

  1. ഗർഭധാരണ സമയം
  2. ഗർഭജല സ്രവണാരംഭം.
  3. ശിരോദർശന സമയം
  4. ഭൂസ്പർശ സമയം
  5. ശിശു ആദ്യ ശ്വാസമെടുക്കുന്ന സമയം
  6. പ്രഥമ രോദനസമയം
  7. ഗർഭനാളഛേദന സമയം

രാജസന്താനങ്ങൾ ഉത്തമരാകാൻ പണ്ട് ഉത്തമ ഗർഭധാനസമയം കൊട്ടാരജ്യോത്സ്യൻ രാജാവിന് പറഞ്ഞു കൊടുക്കുമായിരുന്നു. സാധാരണ മനുഷ്യർക്ക് ഇതൊന്നും സാധ്യമല്ലാത്തതുകൊണ്ട് മുകളിൽ പറഞ്ഞതിൽ ഒന്ന് (മിക്കവരും 3,4,7ഇവയിൽ ഏതെങ്കിലും ഒന്ന്) തെരഞ്ഞെടുക്കും.

ഓരോ ജ്യോതിഷപക്ഷക്കാരും ഓരോ വിധമാണ് തെരഞ്ഞെടുക്കുക. എന്നിട്ടും ഇവരൊക്കെ നടത്തുന്ന പ്രവചനം ഫലിക്കുന്നുണ്ടത്രേ. അപ്പോൾ പ്രവചന രഹസ്യം മറ്റെന്തോ അല്ലേ?

? ഹസ്തരേഖാ ശാസ്ത്രത്തിലും വ്യാഴമണ്ഡലവും ശുക്രമണ്ഡലവും ഒക്കെയുണ്ടല്ലോ. അതും ജ്യോതിഷവുമായി വല്ല ബന്ധമുണ്ടോ?

ഹസ്തരേഖയിലെ വ്യാഴമണ്ഡലവും വ്യാഴവും തമ്മിലും ശുക്രമണ്ഡലവും ശുക്രനും തമ്മിലും ഒരു ബന്ധവുമില്ല. കൈരേഖയിൽ ആരും നമ്മുടെ ഭാവി രേഖപ്പെടുത്തിയിട്ടില്ല. ജനിക്കും മുമ്പെ ഭാവി കുറിക്കുന്നതിലെ അധാർമികത നമ്മൾ മുമ്പെ ചർച്ച ചെയ്തതാണ്. മാത്രമല്ല, അങ്ങനെ ഭാവി നേരത്തെ ആരെങ്കിലും നിശ്ചയിക്കുന്നെങ്കിൽ പിന്നെ നമ്മുടെ കർമങ്ങൾക്കു മേൽ നമുക്കെന്ത് ഉത്തരവാദിത്തമാണുള്ളത്? ഞാൻ മുപ്പതാം വയസ്സിൽ ഒരു കൊലപാതകം ചെയ്തിരിക്കുമെന്ന് 'വിധി' എന്റെ കൈവെള്ളയിൽ വരച്ചുവെച്ചുകഴിഞ്ഞാൽ പിന്നെ അതു ചെയ്യാതിരിക്കാൻ പറ്റുമോ? അതു വിധിയെ ചോദ്യം ചെയ്യലാവില്ലെ? കൊലപാതകം വിധിപോലെ നടത്തിയാലോ, അതിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തുന്നത് ശരിയാണോ? അതായത്, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസും ഗാന്ധിജിയെ വധിച്ച ഗോഡ്സെയും നിയുക്ത കർമങ്ങൾ നിർവഹിച്ച കർമയോഗികൾ ആയി മാറുന്നു.

ഭാവി വരച്ചിട്ടതല്ലെങ്കിൽ പിന്നെ ഉള്ളം കൈയിൽ എന്തിനാണീ വരകൾ? വസ്തുക്കളെ മുറുകെപ്പിടിക്കാൻ സഹായിക്കുന്ന സംവിധാനത്തിൻറെ ഭാഗമാണ് ആ വരകൾ. കൈകൾക്കുള്ളിലെ തൊലിയും മാംസപേശികളും മറ്റു ഭാഗങ്ങളിലേതിൽ നിന്നും വ്യത്യസ്തമാണെന്നു കാണാൻ പ്രയാസമില്ല. ഉള്ളം കൈ മടക്കുമ്പോൾ മാംസപേശികൾ സങ്കോചിച്ച് ഉരുളുകയും തൊലി അതിനനുസരിച്ച് അയഞ്ഞുകൊടുക്കുകയും ചെയ്യും. എന്നാൽ ഉള്ളം കൈയിലെ തൊലി ഒട്ടാകെ ഇങ്ങനെ അയച്ചിട്ടാലോ? മടക്കുമ്പോൾ ഒരു പന്തുപോലെ ഉരുണ്ടുപോവില്ലെ? ഒന്നും പിടിക്കാൻ പറ്റില്ല (മുറുകെപ്പിടിക്കാൻ വിരലുകളുടെ രൂപം പ്രധാനമാണെന്ന കാര്യം മറക്കുന്നില്ല). അതുകൊണ്ട് ചില സ്ഥാനങ്ങളിൽ ഉള്ളിലെ മാസപേശിയുമായി അതിനെ ഉറപ്പിച്ചു ചേർത്തിരിക്കുന്നു. അതാണു രേഖകളായി കാണപ്പെടുന്നത്. 'ഫ്ളക്സിയോൺ ക്രീസസ്' എന്നുവിളിക്കുന്ന ഈ രേഖകളില്ലാത്ത അവസ്ഥയിൽ നാം ഒരു വസ്തു മുറുകെപ്പിടിക്കുന്ന കാര്യം ഒന്നു സങ്കൽപിച്ചു നോക്കൂ. മനുഷ്യർക്കു [ 183 ] മാത്രമല്ല, കൈകൊണ്ട് വസ്തുക്കളെ മുറുകെ പിടിക്കുന്ന കുരങ്ങുകൾക്കും മറ്റു പല ജീവികൾക്കും കൈരേഖകളുണ്ട്.

പഴയ ക്രമങ്ങളും ആചാരങ്ങളും ഉപേക്ഷിക്കേണ്ടി വരുന്ന ഘട്ടങ്ങളിലൊക്കെ ശക്തമായ എതിർപ്പുകൾ ഉയർന്നു വരിക സ്വാഭാവികമാണ്. വർഷത്തിന്റെ നീളം ആദ്യകാലത്ത് 360 ദിവസമായാണ് ഈജിപ്തുകാർ കണക്കാക്കിയിരുന്നത്. അങ്ങനെയാണ് വൃത്തം 360 ഡിഗ്രിയായതും 360 ന്റെ ഘടകങ്ങളായ 30ഉം (മാസദൈർഘ്യം) 24ഉം (ദിന ദൈർഘ്യം മണിക്കൂറിൽ) 60ഉം (1 മണിക്കൂർ = 60 മിനുട്ട് , 1 മിനുട്ട് = 60 സെക്കൻറ്) എല്ലാം പ്രാധാന്യം നേടിയതും. പുരോഹിതർ ഇതിനനുസരിച്ചാണ് ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. വർഷത്തിന്റെ യഥാർഥ നീളം 365¼ ആണെന്ന തിരിച്ചറിവ് വല്ലാത്ത കുഴപ്പമാണവിടെ സൃഷ്ടിച്ചത്. കൃഷിക്കാർക്കും കച്ചവടക്കാർക്കും അതു സ്വീകാര്യമായി. പക്ഷെ, പുരോഹിതർ ശക്തിയുക്തം എതിർത്തു. അങ്ങനെ ഈജിപ്തിൽ ഒരേസമയം രണ്ടു കലണ്ടർ വേണ്ടി വന്നു. ഒന്ന് കൃഷിയ്ക്കും വ്യാപാരത്തിനും വേണ്ടി; മറ്റൊന്ന്, ആചാരാനുഷ്ഠാനങ്ങൾക്കു വേണ്ടി. ചാന്ദ്രകലണ്ടർ ഉപേക്ഷിക്കില്ല എന്ന് രാജാവിനെക്കൊണ്ട് പട്ടാഭിഷേകസമയത്ത് ഹീലിയോപോലിസിലെ (സൂര്യക്ഷേത്രം) പ്രധാന പുജാരി പ്രതിജ്ഞയെടുപ്പിക്കുമായിരുന്നു.

കൈരേഖകളുടെ രൂപം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. പാരമ്പര്യവും അസ്ഥികളുടെ ഘടനയും ഒക്കെ അതിന്റെ രൂപത്തെ സ്വാധീനിക്കും. മുൻപറഞ്ഞ മുഖ്യരേഖകളൊഴിച്ചുള്ള ചെറിയ രേഖകളെല്ലാം താൽക്കാലികങ്ങളാണ്. തൊലിക്കു കട്ടിവെക്കുമ്പോൾ പലതും മാഞ്ഞുപോകും. എന്നാൽ മുഖ്യരേഖകൾക്ക് മാറ്റമുണ്ടാകില്ല.

? ആയിരത്താണ്ടുകളായി ജ്യോതിഷം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. അതുമുഴുവൻ തട്ടിപ്പാണെങ്കിൽ ആളുകളതുപണ്ടേ തിരിച്ചറിയേണ്ടതല്ലേ? പക്ഷെ ജ്യോതിഷ വിശ്വാസം നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണല്ലോ. പ്രവചനങ്ങൾ കുറെയൊക്കെ ശരിയാകുന്നതുകൊണ്ടല്ലേ അത്?

ആയിരത്താണ്ടുകളായി നിലനിൽക്കുന്നു എന്നത് ഒരു വിശ്വാസം തട്ടിപ്പല്ല എന്നതിന്റെ തെളിവല്ല. രാഹു സൂര്യനെ വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്ന് ആയിരത്താണ്ടുകൾ ഭാരതീയർ വിശ്വസിച്ചില്ലേ? ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്, ഭക്ഷണം കഴിക്കരുത്, കിണർ മൂടിയിടണം, ഗ്രഹണം കഴിഞ്ഞാൽ കുളിച്ച് ശുദ്ധം വരുത്തണം, ഗ്രഹണദോഷം പോകാൻ ബ്രാഹ്മണർ പ്രത്യേക സ്നാനവും പൂജകളും നടത്തണം. എന്നൊക്കെ നമ്മുടെ നാട്ടുകാർ വിശ്വസിച്ചിരുന്നില്ലേ? അടുത്ത കാലത്തല്ലെ അതൊക്കെ അബദ്ധമാണെന്നു മനസ്സിലായത്? ഗ്രഹണമെന്നാൽ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നതാണെന്നും, ഏറിയാൽ 273 കി.മീ. ചുറ്റളവിൽ ഏഴു മിനിട്ട് (മിക്കപ്പോഴും അതിലുമെത്രയോ കുറവ്) നേരമേ ഒരിടത്ത് അതു നിൽക്കൂ എന്നും, അതാർക്കും ഒരു കുഴപ്പവും ചെയ്യില്ല എന്നും ഇന്നു നമുക്കറിയാം. പ്രകാശഫിൽറ്ററിലൂടെ പലരും ഗ്രഹണം നോക്കി ആസ്വദിക്കാറുമുണ്ട് (ഗ്രഹണാന്ത്യത്തിൽ ചന്ദ്രബിംബത്തിൻറെ വക്കിലെ ചില ഗർത്തങ്ങളിലൂടെ സൂര്യപ്രകാശം പെട്ടെന്ന് കടന്നുവരാം. വജ്രമോതിരം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കണ്ണിനു കേടുവരുത്താം എന്നതുകൊണ്ടാണ് ഫിൽറ്റർ ഉപയോഗിക്കേണ്ടത്). ഗ്രഹണഭയത്തെ ന്യായീകരിക്കാൻ ഇന്നും ജ്യോത്സ്യന്മാരും അവർക്കു താത്വിക പിന്തുണ നൽകുന്ന 'ശാസ്ത്രജ്ഞരും' ശ്രമിക്കുന്നതുകാണാം. ഗ്രഹണസമയത്ത് സൂര്യപ്രകാശം തടയപ്പെടുന്നതുകൊണ്ട് അന്തരീക്ഷത്തിൽ വിഷധൂളികളും രോഗാണുക്കളും വർധിക്കുമെന്നും വൻതോതിൽ അൾട്രാവയലറ്റ് രശ്മികൾ സൂര്യനിൽ നിന്നു പ്രവഹിക്കുമെന്നും അവർ പ്രചരിപ്പിക്കുന്നു. രാത്രിയിൽ 12 മണിക്കൂർ നേരം ഭൂമിയുടെ പകുതി [ 184 ] ഭാഗത്ത് ഒട്ടും വെളിച്ചമെത്താഞ്ഞിട്ടും കുഴപ്പമുണ്ടാക്കാത്ത രോഗാണുക്കളും മറ്റും ഇത്തിരിവട്ടത്തിൽ, ഏഴുമിനുട്ടിൽ താഴെ സമയം, പ്രകാശമെത്താഞ്ഞാൽ പെറ്റുപെരുകുമെന്ന് പറയുന്നത് പരിഹാസ്യമല്ലെ? അതുപോലെ തന്നെയാണ് അൾട്രാവയലറ്റ് രശ്മിയുടെ കാര്യവും. സൂര്യനും ഭൂമിക്കുമിടയിലൂടെ ചന്ദ്രൻ കടന്നുപോകുന്നതറിഞ്ഞ് സൂര്യൻ കൂടുതൽ അൾട്രാവയലറ്റ് രശ്മി വിടുമോ? സൂര്യന്റെ അന്തരീക്ഷമായ കൊറോണയെ ചന്ദ്രനു മറയ്ക്കാൻ കഴിയാത്തതുകൊണ്ട് അവിടുന്ന് കുറച്ച് അൾട്രാവയലറ്റ് രശ്മികൾ അപ്പോഴും ഗ്രഹണസ്ഥാനത്ത് എത്തും എന്നു മാത്രം (ഇത് സാധാരണ സമയങ്ങളിൽ വരുന്നതിലും കുറവായിരിക്കും. കാരണം കുറച്ചുഭാഗം ചന്ദ്രൻ മൂലം തടയപ്പെടും).

ഹാലി ധൂമകേതു: 76 വർഷം കൊണ്ട് അതി ദീർഘ വൃത്തത്തിൽ, സൂര്യനെ ചുറ്റുന്നു. ഇനി 2061ൽ കാണാനാകും.
ഹാലി ധൂമകേതുവിന്റെ പഥം: സൂര്യനോട് 9 കോടി കിലോമീറ്റർ വരെ അടുത്തുവരുന്ന ഈ വാൽനക്ഷത്രം 500 കോടി കിലോമീറ്റർ വരെ അകലേക്കും പോകും.

ഇതുപോലെ തന്നെ ആയിരത്താണ്ടുകൾ നമ്മെ പേടിപ്പിച്ച വസ്തുക്കളാണ് ധൂമകേതുക്കൾ (വാൽ നക്ഷത്രങ്ങൾ). പഞ്ഞവും മഹാമാരിയും യുദ്ധവും കെടുതികളും മറ്റും കൊണ്ടു വരുന്ന ഭീകരന്മാരായിട്ടാണ് അവയെ കരുതിയത്. ഇപ്പോഴോ? സൂര്യനെ അതിദീർഘവൃത്തത്തിൽ ചുറ്റിപ്പോകുന്ന 'ഇമ്മിണി വലിയ ഐസുകട്ടകൾ' (മിക്കതും 10കി. മീറ്ററിൽ താഴെ വലിപ്പമുള്ളവ) മാത്രമാണവ എന്നു മനസ്സിലായി. സൂര്യന്റെ അടുത്തു വരുമ്പോൾ സൂര്യകിരണങ്ങളേറ്റ് ഐസ് ബാഷ്പീകരിച്ച് ഒരു താൽക്കാലിക വാലുണ്ടാകും. നമുക്കു കാണാൻ കഴിയുന്നതോ കഴിയാത്തതോ ആയി രണ്ടു മൂന്നു വാൽ നക്ഷത്രങ്ങളെങ്കിലും ഓരോ കൊല്ലവും ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്നുണ്ട്. അവയൊന്നും ഒരു കുഴപ്പവുമുണ്ടാക്കുന്നില്ല.

ഇങ്ങനെ കാര്യങ്ങൾ തിരിച്ചറിയുമ്പോൾ, ആയിരത്താണ്ടുകൾ പഴകിയാലും, അന്ധവിശ്വാസങ്ങൾ മാറും. മന്ത്രവാദവും പ്രേത ബാധയും കുട്ടിച്ചാത്തനും എല്ലാം നമ്മുടെ നാട്ടിൽ നിന്ന് [ 185 ] പോയത് അങ്ങനെയാണ്. ജ്യോതിഷത്തിനു പിന്നിൽ കൂടുതൽ വലിയ സ്ഥാപിത താൽപര്യങ്ങൾ ഉള്ളതുകൊണ്ട് അതത്ര എളുപ്പം പോകില്ല എന്നുമാത്രം.

"നക്ഷത്രങ്ങളിൽ നിന്നു വന്ന പദാർഥങ്ങളാലാണ് നിങ്ങളുടെ ശരീരം നിർമിച്ചിരിക്കുന്നത്." എന്ന കാൾസാഗന്റെ വാക്യം ഉദ്ധരിച്ച് ജ്യോതിഷത്തെ ന്യായീകരിക്കാൻ 2001 ആഗസ്റ്റ് 5 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ശ്രീ. എം.എ രവീന്ദ്രൻ ശ്രമിച്ചിരിക്കുന്നു. ജ്യോതിഷത്തിന്റെ കടുത്ത വിമർശകനായിരുന്നു കാൾസാഗനെന്ന് ഏവർക്കും അറിവുള്ളതാണ്. മഹാസ്ഫോടനത്തിലൂടെ പ്രപഞ്ചം നിലവിൽ വന്നപ്പോൾ അതിൽ ഹൈഡ്രജനും ഹീലിയവും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും നക്ഷത്രങ്ങളിൽ നടക്കുന്ന ഫ്യൂഷൻ പ്രക്രിയയിലൂടെയാണ് മറ്റു മൂലകങ്ങൾ സൃഷ്ടിക്കപ്പെട്ടതെന്നും ഫ്രെഡ് ഹോയിലും ബർബിഡ്ജും ഫൗളറും സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സൂര്യന്റെ സ്ഥാനത്ത് ആദ്യം രൂപപ്പെട്ട ഒരു ഭീമൻ നക്ഷത്രം പിന്നീടൊരു സൂപ്പർനോവയായി പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ നെബുലയിൽ നിന്ന് ഒരു രണ്ടാം തലമുറയിൽ ജനിച്ചതാണ് നമ്മുടെ സൗരയൂഥമെന്നും അതുകൊണ്ട് നമ്മുടെ ശരീരം ആ നക്ഷത്ര ധൂളികളാൽ നിർമിതമാണെന്നുമാണ് കാൾ സാഗൻ ഉദ്ദേശിച്ചത്.

ജ്യോതിഷത്തിനു സമൂഹത്തിൽ മറ്റൊരു സ്വാധീനം കൂടിയുണ്ട്. ആയിരത്താണ്ടുകളായി നമുക്ക് പഞ്ചാംഗങ്ങൾ രചിച്ചു നൽകിയത് ജ്യോതിഷിയാണ്. ഗ്രഹണ സമയവും പുണ്യദിനങ്ങളും ഉത്സവദിനങ്ങളും ഒക്കെ പറഞ്ഞുതന്നതും ജ്യോതിഷിയാണ്. പല ചടങ്ങുകൾക്കും മുഹൂർത്തം കുറിച്ചതും ജ്യോതിഷിയാണ്. സാമൂഹ്യജീവിതത്തിൽ ജ്യോതിഷം വലിയ പങ്കാണ് വഹിച്ചുവരുന്നത്. ഇക്കാര്യങ്ങളൊക്കെ സമൂഹത്തിൽ ഉള്ളിടത്തോളം കാലം ജ്യോതിഷവും കാണും. ഇതിനൊന്നും ഫലഭാഗവുമായി ബന്ധമില്ല. മനുഷ്യനെ വിധിവിശ്വാസിയാക്കുന്നതും വ്യക്തിജീവിതത്തെ താറുമാറാക്കുന്നതും ഫലഭാഗമാണ്. അതിനെയാണ് ഉച്ചാടനം ചെയ്യേണ്ടത്.

ജ്യോതിഷ വിശ്വാസം നമ്മുടെ നാട്ടിൽ കൂടിവരുന്നു എന്ന പ്രസ്താവന ശരിയാണോ എന്നു തീർച്ചയില്ല. മൂന്നുകാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒന്ന്,പത്രങ്ങളും മറ്റു മാധ്യമങ്ങളും ജ്യോത്സ്യപംക്തികളെ മയക്കുമരുന്നുപോലുള്ള ഒരു വിഭവമായി തിരിച്ചറിയുകയും കച്ചവടത്തിനതു നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ജ്യോതിഷത്തിനിപ്പോൾ പണ്ടത്തേതിലും കൂടുതൽ പ്രചാരം കിട്ടുന്നുണ്ട്.

രണ്ട്, കമ്പ്യൂട്ടറുകളുടെ വരവേടെ ജാതകഗണനയും പ്രവചനവും എളുപ്പമായിരിക്കുന്നു. വിവാഹപ്പൊരുത്തം നോക്കാനും മറ്റും ഒരു ജ്യോത്സ്യന് മണിക്കൂറുകൾ വേണമെങ്കിൽ കമ്പ്യൂട്ടറിന് സെക്കണ്ടുകൾ പോലും വേണ്ട. അതിനു വേണ്ട 'റെഡിമെയ്ഡ് സോഫ്റ്റ് വെയറുകൾ' വാങ്ങാൻ കിട്ടും. അങ്ങനെ ജ്യോത്സ്യന്റെ പണി എളുപ്പമായിരിക്കുന്നു.

മൂന്ന്, പണ്ടുകാലത്ത് ജാതകമെഴുതാതിരുന്ന പല ജാതിവിഭാഗങ്ങളും ഇപ്പോൾ ജാതകമെഴുതിച്ചുതുടങ്ങിയിരിക്കുന്നു. പണ്ട് താഴ്ന്ന ജാതിക്കാരുടെ ജാതകമെഴുതാൻ ജ്യോത്സ്യന്മാർ താൽപര്യമെടുത്തിരുന്നില്ല (അല്ലെങ്കിൽ അവർ അത്രയേറെ സമ്പന്നരായിരിക്കണം). ഇപ്പോൾ ജ്യോതിഷം ഒരു വലിയ ബിസിനസ്സ് ആയി മാറിയപ്പോൾ അത്തരം വിവേചനങ്ങൾ ഇല്ലാതായി. ഏറ്റവും കൂടുതൽ തിരക്കുള്ള, കൂടിയ ഫീസ് വാങ്ങുന്ന, ജ്യോത്സ്യനെക്കൊണ്ടു തന്നെ തന്റെ കുഞ്ഞിന്റെ ജാതകമെഴുതിക്കുന്നത് പ്രൗഢിയുടെ ചിഹ്നമായി ഓരോ പുത്തൻ പണക്കാരനും (അയാളുടെ ജാതി ഏതായാലും) കരുതിത്തുടങ്ങിയിരിക്കുന്നു. [ 186 ]

'ശാസനാ രൂപാൽ ശാസ്ത്രഃ' എന്നും 'നിർദേശഗ്രന്ഥയോഃ ശാസ്ത്രം' എന്നുമാണ് ശാസ്ത്രം എന്നതിന് സംസ്കൃതത്തിലെ നിർവചനം. അപ്പോൾ പക്ഷി ശാസ്ത്രവും ഗൗളി ശാസ്ത്രവും കാമശാസ്ത്രവുമെല്ലാം ശാസ്ത്രമാകാം; പക്ഷെ, സയൻസ് ആകാൻ പറ്റില്ല. അതുകൊണ്ടാണ് ജ്യോതിഷത്തിനു ബി.എസ്സ്.സി., എം.എസ്സ്.സി ബിരുദങ്ങൾകൊടുക്കാൻ സർവകലാശാലകളോടു യു.ജി.സി നിർദേശിച്ചപ്പോൾ ഭൂരിഭാഗം ശാസ്ത്രജ്ഞരും എതിർത്തത്. ശാസ്ത്രത്തിന്റെ കർക്കശമായ നിരീക്ഷണ – പരീക്ഷണ – സംശോധനാ രീതികളൊന്നും ഇത്തരം കപടശാസ്ത്രങ്ങൾക്കില്ലല്ലോ. ഒടുവിൽ ജ്യോതിഷപഠനത്തെ മാനവിക വിഷയമായി പരിഗണിക്കാൻ യു.ജി.സി നിർബന്ധിതമായി.

ഇതെല്ലാം ചേർന്നാണ് ജ്യോത്സ്യത്തിനു പുതിയൊരു ബഹുമാന്യത കൈവന്നിരിക്കുന്നത്. പ്രവചനങ്ങൾ ഫലിക്കുന്നതുമായി അതിനു ബന്ധമില്ല. ജ്യോതിഷത്തിൽ വിശ്വാസമില്ലാത്തവരും അതിനു വഴങ്ങിക്കൊടുക്കുന്നുണ്ട്. വീട്ടിലെ മറ്റംഗങ്ങളുടെയും ബന്ധുക്കളുടെയും വിമർശനവും നിസ്സഹകരണവും ഒഴിവാക്കാനും, ഭാവിയിൽ എന്തെങ്കിലും ചെറിയ ആപത്തുകൾപോലും സംഭവിച്ചാൽ അതു തന്റെ 'യുക്തിവാദം' കൊണ്ടാണെന്നുള്ള ആരോപണം വരാതെ നോക്കാനും വേണ്ടി വിശ്വാസമില്ലാത്തവർ പോലും വിവാഹപ്പൊരുത്തം നോക്കാനും മറ്റും ജ്യോത്സ്യന്റെ അടുത്തുപോകുന്നു. ഇഷ്ടമില്ലാത്ത ചില വിവാഹബന്ധങ്ങൾ 'ജാതകചേർച്ചയില്ല' എന്ന പേരിൽ സൗഹൃദപൂർവം ഒഴിവാക്കാൻ (ജ്യോത്സ്യന്റെ സഹായത്തോടെ) കഴിയും എന്നതും ജ്യോതിഷം നല്കുന്ന ഒരു സൌകര്യമാണ്. നടക്കണമെന്ന് നിർബന്ധമുള്ള വിവാഹങ്ങൾക്കാകട്ടെ പൊരുത്തം അനുകൂലമാക്കാൻ ജ്യോതിഷത്തിൽ തന്നെ ധാരാളം പഴുതുകൾ ഉള്ളതുകൊണ്ട് അതിനും ജ്യോത്സ്യനെ 'വേണ്ടതുപോലെ' കണ്ടാൽ മതി. അനുയോജ്യമായ ജാതകങ്ങൾ ഓർഡർ അനുസരിച്ച് എഴുതിക്കൊടുക്കുന്ന ജ്യോത്സ്യന്മാരും ഇപ്പോൾ ധാരാളമുണ്ട്. ചുരുക്കത്തിൽ വിശ്വാസമല്ല കൂടുന്നത്, ആചാരാനുഷ്ഠാനങ്ങളോടുള്ള ഒരു തരം വിധേയത്വമാണ്.

? പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം, താംബൂല പ്രശ്നം തുടങ്ങിയ ഫലപ്രവചന രീതികൾ വേറെയുമുണ്ടല്ലോ. അവയും ജ്യോതിഷവുമായി വല്ല ബന്ധവുമുണ്ടോ?

ഇതൊന്നും പ്രാചീന ജ്യോതിഷത്തിലുള്ള കാര്യങ്ങളല്ല; ഒക്കെ പിൽക്കാല 'ശാസ്ത്ര'ങ്ങളാണ്. ഹസ്തരേഖയിലെ ശുക്രമണ്ഡലവും വ്യാഴമണ്ഡലവും പോലുള്ള ബന്ധം തന്നെയെ ഇവയ്ക്കും ജ്യോതിഷവുമായുള്ളൂ. നല്ല വാചാലതയുണ്ടെങ്കിൽ ആളുകളെ എന്തും വിശ്വസിപ്പിക്കാൻ കഴിയും എന്നു കണ്ടെത്തിയവരാണ് ഈ 'ശാസ്ത്രജ്ഞ'ന്മാരെല്ലാം.

പക്ഷിശാസ്ത്രക്കാരന്റെ കയ്യിൽ 27 ചീട്ടുകളാണുള്ളത്- 27 നാളുകൾക്കു കണക്കാക്കി. ഈ ലോകത്തെ 600 കോടി ജനങ്ങളുടെയും, ഇനി ജനിക്കാൻ പോകുന്ന മനുഷ്യരുടെയും, ഭാവി മുഴുവൻ അതിലുണ്ടെന്നാണ് അയാളുടെ അവകാശവാദം. അതിലും രസികന്മാരാണ് നാഡീജ്യോത്സ്യന്മാർ. കേരളത്തിനു പുറത്തു നിന്നാണവരുടെ വരവ്. നിങ്ങൾ നാഡീജ്യോത്സ്യന്മാരെ സമീപിച്ച് വിരലടയാളവും അഡ്രസും നൽകുകയേവേണ്ടൂ. ഏതാനും ആഴ്ച കഴിഞ്ഞു വരാൻ പറയും. ചെല്ലുമ്പോൾ അഗസ്ത്യമുനി എഴുതിവെച്ചിരിക്കുന്ന പഴയ താളിയോല [ 187 ] ശേഖരം മറിച്ച് നിങ്ങൾക്കുള്ള ഭാഗം വായിച്ചു കേൾപ്പിച്ചുതരും. നിങ്ങളുടെ സകലബന്ധുക്കളുടെയും, ഭാര്യയുടെ/ഭർത്താവിന്റെ ബന്ധുക്കളുടെയും വിവരങ്ങളും നിങ്ങളുടെ ഭൂതം ഭാവി വർത്തമാനങ്ങളും അതിലുണ്ടാകും. ഈ ഭൂമിയിലുള്ള ആരു ചെന്നാലും അയ്യോ 'നിങ്ങളുടെ കാര്യം മാത്രം അഗസ്ത്യമുനി എഴുതിവെച്ചിട്ടില്ലല്ലോ' എന്ന് ഒരു നാഡീ ജ്യോത്സ്യനും പറയില്ല. ഇനി ജനിക്കാൻ പോകുന്ന കോടാനുകോടികളുടെ കാലത്തും അതുണ്ടാവില്ല. 'അഗസ്ത്യമുനിയെ സമ്മതിക്കണം അപ്പാ' എന്ന് ആരും പറഞ്ഞുപോകും.

ജ്യോതിഷപ്രകാരം ചൊവ്വ അഗ്നിയുടെയും ബുധൻ പൃഥ്വിയുടെയും വ്യാഴം ആകാശത്തിന്റെയും ശുക്രൻ വെള്ളത്തിന്റെയും ശനി വായുവിന്റെയും സൂചകങ്ങളാണത്രേ. സൂര്യചന്ദ്രന്മാർ കാലവും മനസ്സുമാണ്. രാഹു കേതുകൾ ചലനത്തിനാധാരമായ ബിന്ദുക്കളാണ്. ഗുളികൻ മാലിന്യവും. ജാതകത്തിൽ അഞ്ചിൽ ചൊവ്വയുണ്ടെന്നു പറയുമ്പോൾ അർഥമാക്കുന്നത് മാനസികതലത്തിൽ അഗ്നി ഭൂതത്തിന്റെ ആധിക്യമുണ്ടെന്നാണ്. അതുകൊണ്ടാണത്രെ ആ വ്യക്തി മുൻകോപിയും സാഹസികനും ആകുന്നത്.

എന്തടിസ്ഥാനമാണിപ്പറഞ്ഞതിനുള്ളത്. പഞ്ചഭൂതസിദ്ധാന്തം ഇന്നാർക്കെങ്കിലും സ്വീകാര്യമാണോ? ചൊവ്വ അഞ്ചിലായാലും ആറിലായാലും എന്തുകൊണ്ട് ഒരു വ്യത്യാസമുണ്ടാകണം. മുൻകോപികളെയും സാഹസികരെയും പറ്റി എന്തെങ്കിലും സ്റ്റാറ്റിസ്റ്റിക്കൽ പഠനം നടത്തിയിട്ടുണ്ടോ?

ഇതുപോലെ അത്ഭുതകരമാണ് ഗൗളികളുടെ ഭാവിയെക്കുറിച്ചുള്ള അറിവും. നിങ്ങൾക്ക് അടുത്ത ഭാവിയിൽ എന്തുസംഭവിക്കും എന്നു സൂചിപ്പിക്കും വിധം വിവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കാനും ദേഹത്തു വീണിട്ട് തെക്കോട്ട് ഓടണോ അതോ കിഴക്കോട്ടോടണോ എന്നു തീരുമാനിക്കാനും (രണ്ടിനും വ്യത്യസ്ഥഫലമാകും) മൂപ്പർക്കുള്ള കഴിവ് അപാരമാണ്. പക്ഷെ അതു 'വായിച്ചെടുക്കാൻ' ഒരു ഗൗളീശാസ്ത്രജ്ഞൻ തന്നെ വേണം.

താംബൂലപ്രശ്നത്തിലെ പ്രശ്നം ഏതു വെറ്റിലയിലാണ് നിങ്ങളുടെ ഭാവി ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്ന് കണ്ടെത്തുന്നതിലാണ്. ഒരു കെട്ടുവെറ്റിലയുമായി നിങ്ങൾ പ്രശ്നക്കാരന്റെ അടുത്തുപോയാൽ മതി. രാശിചക്രത്തിൽ 'ആരൂഢ'മായി വെക്കാൻ ഒരു നാണയവും കരുതണം. കെട്ടിൽ നിന്നൊരു വെറ്റില പ്രശ്നക്കാരൻ എടുക്കും. അതിലെ നേർത്ത ഞരമ്പുകളിലും പുഴു അരിച്ച പാടുകളിലും വൈറസും പൂപ്പുകളും സൃഷ്ടിച്ച രൂപങ്ങളിലും അയാൾ നിങ്ങളുടെ ഭാവി വായിച്ചുതരും. ഇതൊക്കെ ഭാരതീയർക്കു മാത്രം വശമുള്ള ശാസ്ത്രങ്ങളാണ്.

ഈ പ്രവചനങ്ങളൊന്നും വാരഫലത്തേക്കാളോ ഗ്രഹനില വെച്ചുള്ള പ്രവചനത്തേക്കാളോ മോശമാണെന്നും പറയുക വയ്യ. വാരഫലം എന്താണ്? ആഴ്ചയുടെ ഓരോ ദിവസവും നിങ്ങൾക്ക് ശുഭമോ അശുഭമോ ആയ എന്തൊക്കെ ഫലം ചെയ്യും എന്നു പ്രവചിക്കലല്ലേ? (പത്രങ്ങളിലെ വാരഫലത്തിൽ ഇതൊക്കെക്കൂടി സംഗ്രഹിച്ച് ചിലപ്പോൾ ഒരാഴ്ചത്തെ മൊത്തം ഫലമാക്കി മാറ്റിയിരിക്കും). ആഴ്ച എന്നതിന് ജ്യോതിശാസ്ത്രപരമായ വല്ല പ്രാധാന്യവുമുണ്ടോ? ആഴ്ചയുടെ ദിവസങ്ങളും ഗ്രഹങ്ങളുമായി പേരിലല്ലാതെ,വല്ല ബന്ധവുമുണ്ടോ? വേദകാലത്ത് ആഴ്ച എന്ന ആശയമേ ഇന്ത്യയിലുണ്ടായിരുന്നില്ല. അക്കാലത്ത് ദിവസങ്ങളെ തിഥികൾ കൊണ്ട് സൂചിപ്പിച്ചിരുന്നു എന്നുവേണം കരുതാൻ. ഗ്രഹനാമങ്ങളോടുകൂടിയ ആഴ്ചയുടെ ദിവസങ്ങൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നത് ക്രിസ്ത്വബ്ദാരംഭത്തിനു തൊട്ടുമുമ്പാണ്. [ 188 ] ഗ്രീക്കുകാർക്ക് ആദ്യകാലത്ത് 10 ദിവസമുള്ള ആഴ്ചകളായിരുന്നു. മെക്സിക്കോക്കാർക്ക് ആഴ്ചയ്ക്ക് 5 ദിവസം മതിയായിരുന്നു. ജൂതരും ബാബിലോണിയക്കാരുമാണ് ഏഴു ദിവസമുള്ള ആഴ്ച ആദ്യം നടപ്പിലാക്കിയത്. ആറു ദിവസം കൊണ്ട് ദൈവം പ്രപഞ്ച സൃഷ്ടി പൂർത്തിയാക്കി ഏഴാം ദിവസം വിശ്രമിച്ചു എന്ന ബൈബിൾ കഥ ഏഴാംദിവസം 'സാബത്ത് ദിവസം' ആയി ആചരിക്കാൻ ജൂതരെ പ്രേരിപ്പിച്ചു. പക്ഷേ, പഴയ നിയമത്തിൽ ആഴ്ചകൾക്കൊന്നും പേരുണ്ടായിരുന്നില്ല. ബാബിലോണിയക്കാരാണ് ദിവസങ്ങൾക്ക് ആദ്യമായി ഗ്രഹനാമങ്ങൾ നൽകിയത്. ഇതാണ് ആഴ്ചയുടെ കഥയെങ്കിൽ, അതുവെച്ച് ഫലം പറയുന്നതിൽ ജ്യോതിഷം പോലുമില്ലെന്നർഥം. ബുദ്ധിശക്തിയും അനുഭവസമ്പത്തും ഏറെയുള്ള ഒരു ജ്യോത്സ്യനോ മുൻപറഞ്ഞ തരം 'ശാസ്ത്രജ്ഞന്മാർ'ക്കോ നിങ്ങളെ മുന്നിൽ കിട്ടിയാൽ ഭാവി പ്രവചിക്കാൻ യഥാർഥത്തിൽ ഗ്രഹനിലയും വെറ്റിലയും കൈരേഖയും ഒന്നും വേണ്ട; നിങ്ങളുടെ സഹകരണം മാത്രം മതി. സൗഹൃദ സംഭാഷണത്തിലൂടെ വേണ്ടത്ര കാര്യങ്ങൾ അയാൾ നിങ്ങളിൽ നിന്നു ചോർത്തിക്കൊള്ളും.

ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടെയും കാന്തിക മണ്ഡലമാണ് ജാതകനെ സ്വാധിക്കുന്നത് എന്ന വമ്പൻ തമാശയും ചില ജ്യോതിഷികൾ തട്ടി വിടുന്നുണ്ട് എങ്കിലും ചന്ദ്രനും ബുധനും ഒരു സ്വാധീനവും കാണില്ല. കാമ്പു തണുത്തുറഞ്ഞുപോയ അവയ്ക്ക് കാന്തിക മണ്ഡലമില്ല. സൂര്യന്റെ കാന്തിക മണ്ഡലത്തിൽ അനിയതമായി ഉണ്ടാകുന്ന ഏറ്റക്കുറവുകൾ ജ്യോതിഷത്തിലൊട്ടു വരുന്നുമില്ല. പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങൾക്ക് ഭൂമിയിൽ ഒരു കാന്തിക മണ്ഡലവും സൃഷ്ടിക്കാൻ കഴിവില്ല. ജനിക്കുന്ന കുഞ്ഞിന്റെ ഭാവിയെ കാന്തിക മണ്ഡലം എങ്ങനെ സ്വാധീനിക്കും എന്നും മനസ്സിലാവുന്നില്ല.

? ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കൃതികളിൽ മുൻപന്തിയിലാണത്രേ നോസ്ത്രദാമിന്റെ "സെഞ്ച്വറീസ്". സെപ്തംബർ 11-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം വരെ അദ്ദേഹം പ്രവചിച്ചിട്ടുണ്ട് എന്ന് ആളുകൾ പറയുന്നു. ഇതിൽ വല്ല സത്യവുമുണ്ടോ?

'നാളെയെ നേരിൽ കണ്ട മനുഷ്യൻ' എന്നു വിശ്വാസികൾ പുകഴ്ത്തുന്ന നോസ്ത്രദാമസ് 1503- 1566 വർഷങ്ങളിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു ഡോക്ടറും ജ്യോതിഷിയുമാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലം തൊട്ട് ആയിരത്താണ്ടുകൾ വരെ (3797 വരെയെന്ന് ദാമസ് ഭക്തർ) സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ 942 'നാലുവരി' ശ്ലോകങ്ങളിലായി പ്രവചിച്ചു വെച്ചിരിക്കുകയാണ്. ഓരോ ശ്ലോകവും ഓരോ പ്രവചനമാണ്. 100 പ്രവചനങ്ങൾ വീതമുള്ള 10 ശതകങ്ങൾ (centuries) ആയി അവയെ തിരിച്ചിരിക്കുന്നു. ഏഴാം ശതകത്തിൽ മാത്രം 42 ശ്ലോകമയുള്ളൂ. എല്ലാം പഴയ ഫ്രഞ്ചുഭാഷയിൽ, തികച്ചും അവ്യക്തമായ ശൈലിയിലാണ്. സംഭവങ്ങൾ നടന്ന ശേഷമേ നോസ്ത്രദാമസ് പറഞ്ഞ കാര്യമാണല്ലോ സംഭവിച്ചിരിക്കുന്നത് എന്ന് 'നോസ്ത്രദാമസ് വിദഗ്ധർ'ക്കുപോലും മനസ്സിലാകൂ. വ്യാഖ്യാതാവിന്റെ സഹായമില്ലാതെ സാധാരണ വിശ്വാസികൾക്ക് ഒന്നും പിടികിട്ടില്ല. ഒന്നാം ശതകത്തിലെ 64-ാം ശ്ലോകം നോക്കൂ.

"രാത്രിയിൽ അവർക്കു തോന്നും സൂര്യനെ കണ്ടു എന്ന് [ 189 ]

പകുതി പന്നിയുടെ രൂപമുള്ള മനുഷ്യരെ അവർ കാണുമ്പോൾ

ശബ്ദഘോഷങ്ങൾ, മോദനങ്ങൾ, ആകാശത്ത് വൻ യുദ്ധങ്ങൾ

ക്രൂരജന്തുക്കൾ സംസാരിക്കുന്നതവർ കേൾക്കും"

ജ്യോതിഷത്തിലെ വലിയ തമാശകളിൽ ഒന്നാണ് വിഷുഫലം. എല്ലാ വർഷവും മേടമാസമായാൽ അടുത്ത ഒരു വർഷത്തേക്കുള്ള വിഷുഫല പ്രവചനമുണ്ടാകും. ഈ വർഷം ലോകത്തിൽ/ ഇന്ത്യയിൽ ഭൂമി കുലുങ്ങുവാനുള്ള സാധ്യത ഏറുമെന്നോ, അഗ്നി പർവ്വത സ്ഫോടനങ്ങൾ നടക്കുമെന്നോ ഇടിമിന്നൽ മുലമുള്ള കെടുതികൾ അധികരിക്കുമെന്നോ വരൾച്ചയും വിളനാശവും ഉണ്ടാകുമെന്നോ ഒക്കെയാവും പ്രവചനങ്ങൾ. മിക്ക കൊല്ലങ്ങളിലും, വാചക ഘടനയിലെ ചില വ്യത്യാസങ്ങളോടെ, ഇതൊക്കെ ആവർത്തിക്കുന്നതും കാണാം. ഇതിൽ പലതും ഫലിക്കാറുമുണ്ട്, കാരണം ലോകത്തെവിടെയെങ്കിലും എല്ലാ വർഷവും ഭൂകമ്പങ്ങളും അഗ്നി പർവ്വത സ്ഫോടനങ്ങളും നടക്കാതിരിക്കില്ല. എവിടെയെങ്കിലും വരൾച്ചയോ വെള്ളപ്പൊക്കമോ വിള നാശമോ സംഭവിക്കാതിരിക്കില്ല. ഇടിമിന്നൽ കുറച്ചെങ്കിലും നാശം വിതക്കാതിരിക്കില്ല. ഇനി, ഇതിലേതെങ്കിലും സംഭവിക്കാതെ പോയാലും ആരും ജ്യോത്സ്യനെ കയ്യേറ്റം ചെയ്യാനോ, അയാൾക്കെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസുകൊടുക്കാനോ പോകാറുമില്ല.

എറികാ ചിതാം എന്ന വിഖ്യാതാവിന്റെ വിശദീകരണമിതാണ്. 'രാത്രിയിലെ സൂര്യൻ' ബോംബ് സ്ഫോടനമോ സർച്ച് ലൈറ്റോ ആകാം, 'പകുതി പന്നിയുടെ രൂപമുള്ള മനുഷ്യൻ' ഗ്യാസ് മാസ്കും ഗോഗിളും ധരിച്ച പൈലറ്റ് ആണ്. 'മൃഗം സംസാരിക്കുന്നത്' റേഡിയോയെ ഉദ്ദേശിച്ചാവാം ഒരു ആകാശക്രമണമാണ് സൂചിപ്പിക്കുന്നതത്രേ നോക്കൂ, വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പ് ആകാശയുദ്ധത്തെക്കുറിച്ച് നോസ്ത്രദാമസ് പ്രവചിച്ചിരിക്കുന്നു.

ഇനി ഒമ്പതാംശതകത്തിൽ 36-ാം അധ്യായം നോക്കൂ,

"ഒരു യുവാവിന്റെ കൈകൊണ്ട് വലിയ രാജാവ് പിടിക്കപ്പെടുന്നു

ഈസ്റ്ററിനകലെയല്ലാതെ, ആകെ ബഹളം, കത്തിയുടെ സ്ഥിതി

എന്നേക്കുമായി പിടിക്കപ്പെട്ടവൻ;

മിന്നൽപ്പിണറുകൾ നേർമുകളിൽ നിന്ന് വീഴുന്നകാലം

മൂന്നു സഹോദരന്മാർക്കും മുറിവേൽക്കും കൊല്ലപ്പെടും"

കെന്നഡിമാരുടെ മരണമാണ് സൂചിപ്പിക്കുന്നത് എന്നുപറഞ്ഞാൽ നിഷേധിക്കാൻ ആർക്കാകും?

ഇത്തരം പ്രവചനങ്ങൾ ഇനിയുമെത്രയോ ഉണ്ട്. "രാജാവിന്റെ മുഖം സ്വന്തം രക്തത്തിൽ നീന്തി നടക്കും, തേനുംപാലും പുരട്ടിയ തിരുമുഖം തറയിലുരുളും" എന്നുപറഞ്ഞിരിക്കുന്നത് നെപ്പോളിയനെക്കുറിച്ചാണെന്ന് ഭക്തർ പറഞ്ഞാൽ അല്ലെന്ന് എങ്ങനെ പറയാൻപറ്റും? (നേപ്പാൾ രാജാവിനെക്കുറിച്ചോ ഇന്ദിരാഗാന്ധിയെക്കുറിച്ചോ ആണെന്നു പറഞ്ഞാലും അങ്ങനെ തന്നെ) ഇതുപോലെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ധാരാളം പ്രവചനങ്ങൾക്കു പുറമെ കൂടുതൽ കൃത്യതയുള്ള ചില പ്രവചനങ്ങളും ശതകങ്ങളിൽ കാണാം. ഉദാ 1567-ൽ തന്റെ മരണം സംഭവിക്കും, 1607-ൽ ജ്യോത്സ്യം നിരോധിക്കപ്പെടും, പക്ഷേ ഇവയൊന്നും (സ്വന്തം മരണം പോലും) [ 190 ] പറഞ്ഞ കാലത്തു നടന്നില്ല.

വിഷുഫലം മാത്രമല്ല, മിക്ക പൊതു പ്രവചനങ്ങളും പ്രയോജന രഹിതമാണെന്ന് ജ്യോതിഷ വിശ്വാസികൾക്കു പോലും ബോധ്യമാകും. ഭൂകമ്പമോ അഗ്നിപർവ്വതമോ വെള്ളപ്പൊക്കമോ വരൾച്ചയോ തീവണ്ടിയപകടമോ കൃത്യമായി എപ്പോൾ, എവിടെ സംഭവിക്കുമെന്നറിഞ്ഞാലല്ലെ നമുക്ക് എന്തെങ്കിലും പ്രതിവിധി നേരത്തെ തേടാനാകൂ. എന്നാൽ ഒരു ജ്യോത്സനും ഇന്നേവരെ അത്തരം ഒരു പ്രവചനം നടത്തിക്കണ്ടിട്ടില്ല. അങ്ങനെ ചെയ്താൽ പിടിക്കപ്പെടും എന്നവർക്കറിയാം.

വ്യക്തികളെ സംബന്ധിച്ച പ്രവചനങ്ങൾ പ്രയോജന രഹിതങ്ങൾ മാത്രമല്ല ഉപദ്രവകരങ്ങൾ കൂടിയാണ്. വ്യക്തികളുടെ മിക്ക പ്രശ്നങ്ങളും നല്ല സാമൂഹ്യ ബന്ധത്തിലൂടേയും കൂട്ടായ്മയിലൂടെയുമാണ് പരിഹരിക്കാൻ കഴിയുക. അവയെ കർമഫലങ്ങളും ഗ്രഹദോഷങ്ങളുമായി ചിത്രീകരിച്ച് പരിഹാരത്തിന് പൂജകളും വഴിപാടുകളും നിർദ്ദേശിച്ച്, വ്യക്തിയെ തന്നിലേക്കു തന്നെ ഒതുക്കുകയാണ് ജ്യോതിഷം ചെയ്യുന്നത്. മൊത്തത്തിൽ സാമൂഹ്യ വിരുദ്ധമാണ് ഫലഭാഗ ജ്യോതിഷത്തിന്റെ നിലപാട്.

യഥാർത്ഥത്തിൽ എല്ലാ ജ്യോത്സ്യപ്രവചനങ്ങളും ഇതുപോലെയല്ലെ? പേരുകേട്ട ജ്യോതിഷ പണ്ഡിതൻ ബി. വി. രാമൻ പത്രാധിപരായിരുന്ന (അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല) 'അസ്ട്രോളജിക്കൽ മാഗസിൻ' മാത്രം എടുത്തു പരിശോധിച്ചാൽ മതി, നിരവധി പാളിപ്പോയ പ്രവചനങ്ങൾ കാണാം. 1971ൽ, കോൺഗ്രസിലെ പിളർപ്പിനു ശേഷം ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ, വെങ്ക ജഗന്നാഥശാസ്ത്രി പ്രഖ്യാപിച്ചു. (1971 ജനുവരി ലക്കം) 'ജനങ്ങളെ സേവിക്കാൻ ഇന്ദിരാഗാന്ധിയെ ശനി അനുവദിക്കില്ല (ഇന്ദിരാഗാന്ധിയുടെ ഗ്രഹനിലയനുസരിച്ച് അപ്പോൾ അവർക്ക് ശനിദശയായിരുന്നു) 71 മാർച്ചിൽ രാമൻ തന്നെ എഴുതി "അടുത്ത തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും തനിച്ചു ഭൂരിപക്ഷം കിട്ടില്ല.... കൂട്ടുകക്ഷി ഭരണമാണ് ഗ്രഹസൂചന. ചതുർകക്ഷികൾക്കാണ് (നിജലിംഗപ്പയുടെ നേതൃത്വത്തിൽ) സാധ്യത" പക്ഷേ, ഇന്ദിരാഗാന്ധി അന്നു തകർപ്പൻ വിജയം നേടി. വീണ്ടും, ജനതാപാർട്ടി ഭരിക്കുമ്പോൾ 1979-ലെ ജൂലൈ ലക്കത്തിൽ ബി വി രാമൻ എഴുതി. "ജനതാപാർട്ടിയോ അവരുടെ ഗവണ്മെന്റോ തകരുമെന്ന ഒരു സൂചനയുമില്ല. ലഗ്നത്തിലെ വ്യാഴം രക്ഷയ്ക്കെത്തും" പക്ഷെ, വ്യാഴം ജനതാപാർട്ടിയെയല്ല, ഇന്ദിരാഗാന്ധിയെയാണ് സഹായിച്ചത്. "ശുക്രാപഹാരത്തിൽ ഇന്ദിരാഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാവുകയില്ല. കേസിൽ ജയിക്കാനുമാവില്ല (അലഹബാദ് ഹൈക്കോടതിയിലെ കേസ്) അവരുടെ ആരോഗ്യവും തകരും" ഇവിടെയും രാമൻ തോറ്റു, ഇന്ദിരാഗാന്ധി വൻ ഭൂരിപക്ഷം നേടി. ഇത്രയൊക്കെ പ്രവചിച്ച ജ്യോത്സന്മാർക്കൊന്നും തന്നെ ഇന്ദിരാഗാന്ധിയുടേയോ രാജീവ്ഗാന്ധിയുടേയോ വധം മുൻകൂട്ടി പ്രവചിക്കാനായില്ല എന്നും ഓർക്കണം. രണ്ടുപേരുടെയും ഗ്രഹനില അറിയാഞ്ഞിട്ടല്ല. മൂന്നാം ലോകമഹായുദ്ധം, ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തുടങ്ങിയ നിരവധി പ്രവചനങ്ങൾ പല പ്രശസ്ത ജ്യോതിഷികളുടേതുമായുണ്ട്. ഒക്കെ പാഴായിപ്പോവുകയാണുണ്ടായത്.

യഥാർഥത്തിൽ ജ്യോത്സ്യപ്രവചനങ്ങളെ ആരെങ്കിലും ഗൗരവമായെടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എയർഇന്ത്യ പോലുള്ള വിമാന കമ്പനികളെങ്കിലും ജ്യോത്സ്യന്മാരെ അവരുടെ കമ്പനികളിൽ നിയോഗിക്കേണ്ടതല്ലേ? വിമാനത്തിൽ കയറും മുമ്പ് ഒന്നോരണ്ടോ യാത്രക്കാരുടെ ജാതകം പരിശോധിച്ച്, അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ അപകടമരണസാധ്യത കാണുന്നുവെങ്കിൽ ആ ഫ്‌ളൈറ്റ് തന്നെ റദ്ദാക്കിയാൽ എത്ര മനുഷ്യജീവൻ രക്ഷിക്കാം! എത്ര ഇൻഷൂറൻസ് ലാഭിക്കാം! അതാരും [ 191 ] ചെയ്യുന്നില്ല എന്നതിന്റെ അർത്ഥം ജ്യോത്സ്യത്തിൽ വേണ്ടത്ര വിശ്വാസമില്ല എന്നുതന്നെയല്ലേ?

യുജിസി സർക്കുലർ പറയുന്നു. "വൈദിക ജ്യോതിഷം എന്ന ശാസ്ത്രം പുനരുജ്ജീവിപ്പിക്കുകയും അത് സാമൂഹിക തലങ്ങളിലും അതിനപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും എത്തിക്കേണ്ടത് അടിയന്തിരാവശ്യമായിരിക്കുന്നു. അതിനാൽ സർവ്വകലാശാലകൾ ജ്യോതിഷ പഠനത്തിനു ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തണം. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ ബിരുദാനന്തര- ഗവേഷണ ബിരുദങ്ങൾ സമ്പാദിക്കാൻ പറ്റിയവിധം സമ്പൂർണ അധ്യാപനത്തിനും പരിശീലനത്തിനും അത് വഴിയൊരുക്കും.

2001 ജൂലൈ 1ന് പുതിയ പദ്ധതി നിലവിൽ വരും."

സർക്കുലറിന്റെ അനുബന്ധമായ മാർഗ നിർദേശത്തിൽ ഇപ്രകാരം കാണാം.

"കാലത്തേയും മനുഷ്യ ജീവത്തിലും മറ്റു സംഭവങ്ങളിലും അതിനുള്ള പ്രഭാവത്തേയും അടുത്തറിയാനും അങ്ങനെ കാലത്തെ അനുകൂലമാക്കാനും ഫലപ്രദമായി ഉപയോഗപ്പെടുത്താനും മനുഷ്യനെ സഹായിക്കുന്നു എന്നതാണ് ആ വിജ്ഞാനശാഖയുടെ സവിശേഷത. അദൃശ്യമായത് പ്രത്യക്ഷമാക്കാൻ വൈദിക ജ്യോതിഷം സഹായിക്കും. കാരണം, അത് കാലത്തെ സംബന്ധിച്ച പഠനമാണ്"

?ജ്യോതിഷം ഒരു പാഠ്യവിഷയമാക്കാനും സർവ്വകലാശാലകളിൽ 'ജ്യോതിർവിഗ്യാൻ' എന്ന പേരിൽ ഡിപ്പാർട്ട്മെന്റുകൾ തുടങ്ങാനും യു.ജി.സി. സർക്കുലർ അയച്ചിട്ടുണ്ടല്ലോ. അതിനെ ചിലർ എതിർക്കുകയും ചെയ്യുന്നു. 'വേണ്ടവർ പഠിച്ചോട്ടെ' എന്നുവെച്ചാൽ പോരേ, എന്തിന് എതിർക്കുന്നു?

ജ്യോതിഷമോ ജ്യോത്സ്യമോ ആരെങ്കിലും പഠിക്കുന്നതിനെ നമുക്ക് എതിർക്കാൻ കഴിയില്ല. ഇപ്പോൾത്തന്നെ പലരും പഠിക്കുന്നുമുണ്ട്. ജ്യോതിഷം മാത്രമല്ല കൂടോത്രവും മന്ത്രതന്ത്രങ്ങളും 'കൈരേഖാ ശാസ്ത്രവും' ബാധഒഴിക്കലും ഒക്കെ ആളുകൾ പഠിക്കുന്നില്ലെ? ആരെങ്കിലും എതിർക്കുന്നുണ്ടോ? അതിന്റെയൊക്കെ യുക്തിഹീനതയെക്കുറിച്ച് നാം പറയും; ബോധവൽക്കരണം നടത്തും; അത്രമാത്രം. ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിൽ മറ്റുള്ളവർക്ക് (പ്രത്യക്ഷമായി) ഉപദ്രവം ചെയ്യാത്ത എന്തും പഠിക്കാൻ ഒരാൾക്കവകാശമുണ്ട്. എന്നാൽ സർവ്വകലാശാലകൾ അത്തരം കോഴ്സുകൾ തുടങ്ങുന്നതു നീതീകരിക്കാനാവില്ല. സർവ്വകലാശാലകൾക്ക് ഗ്രാന്റ് നൽകുന്നത് നാം കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണ്. അത് അന്ധവിശാസങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കാൻ പാടില്ല. നമ്മുടെ ഭരണഘടന ഒരു പൗരന്റെ കടമയായി പറയുന്ന "ശാസ്ത്രബോധവും മാനവികതയും അന്വേഷണ ബുദ്ധിയും വളർത്തുക" എന്ന ലക്ഷ്യത്തിന്റെ (ഇന്ത്യൻ ഭരണഘടന പാർട്ട് IV A അനുഛേദം 51A(h) ലംഘനവുമാണത്. ഗവണ്മെന്റു തന്നെ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നർത്ഥം.

പ്രാചീന ജ്യോതിഷത്തിൽ ശാസ്ത്രമുണ്ടല്ലോ, അതു പഠിപ്പിക്കുന്നതിൽ കുഴപ്പമില്ലല്ലോ എന്നു വാദിക്കുന്നവരുണ്ട്. അതു മാത്രമായി ഒരു ഡിഗ്രി കോഴ്സ് എങ്ങനെ നടത്തും? ഒരു BA/BSc കോഴ്സിനു 3 വർഷം പഠിപ്പിക്കാനുള്ള വക വേണ്ടേ? പ്രാചീന ജ്യോതിശ്ശാസ്ത്രം അതിൽ ഒരു പേപ്പറാക്കാം, അത്ര തന്നെ. ബാക്കി എന്തു ചെയ്യും? ഒന്നുകിൽ ആധുനിക ജ്യോതിശ്ശാസ്ത്രം പഠിപ്പിക്കണം. അല്ലെങ്കിൽ ഫലഭാഗം പഠിപ്പിക്കണം. ഇതിൽ ആദ്യത്തെ കാര്യം ഇപ്പോൾത്തന്നെ പല സർവ്വകലാശാലകളും ചെയ്യുന്നുണ്ട്. കോഴ്സിന്റെ പേർ ജ്യോതിശ്ശാസ്ത്രം എന്നാണെന്നു മാത്രം. യുജിസിക്ക് ഇക്കാര്യത്തിൽ ഒരു സംശയവുമില്ല എന്ന് അതിന്റെ ചെയർമാൻ പത്രപ്രതിനിധികൾക്കു നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. മനുഷ്യരെല്ലാം തങ്ങളുടെ ഭാവിയെക്കുറിച്ച് ഉൽകണ്ഠയുള്ളവരാണെന്നും ഭാവിയെക്കുറിച്ചറിയാൻ സഹായിക്കുന്ന ഏക ശാസ്ത്രം ജ്യോതിഷമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതായത് ജ്യോത്സ്യം പഠിപ്പിക്കുകയാണ് ഉദ്ദേശ്യം. ഇത് എതിർക്കപ്പെടേണ്ട കാര്യം തന്നെ [ 192 ] യാണ്. എന്നാൽ പ്രാചീന ജ്യോതിശ്ശാസ്ത്രം, ഡിഗ്രി തലത്തിൽ ഫിസിക്സും ഗണിതവും ജ്യോതിശ്ശാസ്ത്രവും ചരിത്രവും ജ്യോഗ്രഫിയും ഒക്കെ പഠിക്കുന്ന കൂട്ടത്തിൽ, ഒരു പേപ്പറായി പഠിപ്പിക്കുന്നതു നല്ലതാണ്. ജ്യോതിഷത്തിന്റെ നിഗൂഢത നീക്കാൻ അതു സഹായിക്കും.

നഷ്ടജാതക ഗണനം

ജ്യോത്സ്യൻമാരുടെ വലിയ തമാശകളിൽ ഒന്നാണ് നഷ്ടജാതക ഗണനം. രാശി ചക്രത്തിൽ ഇഷ്ടമുള്ള കള്ളിയിൽ നിങ്ങൾ ഒരു നാണയം വെച്ചാൽ മതി അതാണ് ആരൂഢം. ആരൂഢ രാശിവെച്ച് ഗണിച്ച് നിങ്ങളുടെ ജനനസമയത്തെ ഗ്രഹനില ജ്യോത്സ്യൻ കുറിച്ചു തരും. നിങ്ങളുടെ ഗ്രഹനില അതല്ല എന്നതിന് എന്താണ് തെളിവ്.

കുറച്ചു ജ്യോത്സ്യന്മാർ ജ്യോതിഷം കൊണ്ട് ജീവിച്ചു പോകുന്നതിലല്ല നമുക്ക് എതിർപ്പ്, അത് ഒത്തിരിപ്പേരുടെ ജീവിതം ദുരിതമയമാക്കുന്നു എന്നതിലാണ്; സമൂഹത്തിൽ വിധി വിശ്വാസവും ശാസ്ത്രവിരുദ്ധ മനോഭാവവും പ്രചരിപ്പിക്കുന്നു എന്നതിലാണ്; സ്വന്തം ഭാവി സ്വയം രൂപപ്പെടുത്താൻ കഴിയും എന്ന വിശ്വാസത്തിനു വിഘാതം സൃഷ്ടിക്കുന്നു എന്നതിലാണ്. ഒരു ആധുനിക സമൂഹം സൃഷ്ടിച്ചെടുക്കുന്നതിന് ജ്യോതിഷവും അതുപോലുള്ള അന്ധവിശ്വാസങ്ങളും തടസ്സം നിൽക്കുന്നു എന്നതുകൊണ്ട് നാം അതിനെ എതിർക്കുക തന്നെ ചെയ്യും.