താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

യാണ്. എന്നാൽ പ്രാചീന ജ്യോതിശ്ശാസ്ത്രം, ഡിഗ്രി തലത്തിൽ ഫിസിക്സും ഗണിതവും ജ്യോതിശ്ശാസ്ത്രവും ചരിത്രവും ജ്യോഗ്രഫിയും ഒക്കെ പഠിക്കുന്ന കൂട്ടത്തിൽ, ഒരു പേപ്പറായി പഠിപ്പിക്കുന്നതു നല്ലതാണ്. ജ്യോതിഷത്തിന്റെ നിഗൂഢത നീക്കാൻ അതു സഹായിക്കും.

നഷ്ടജാതക ഗണനം

ജ്യോത്സ്യൻമാരുടെ വലിയ തമാശകളിൽ ഒന്നാണ് നഷ്ടജാതക ഗണനം. രാശി ചക്രത്തിൽ ഇഷ്ടമുള്ള കള്ളിയിൽ നിങ്ങൾ ഒരു നാണയം വെച്ചാൽ മതി അതാണ് ആരൂഢം. ആരൂഢ രാശിവെച്ച് ഗണിച്ച് നിങ്ങളുടെ ജനനസമയത്തെ ഗ്രഹനില ജ്യോത്സ്യൻ കുറിച്ചു തരും. നിങ്ങളുടെ ഗ്രഹനില അതല്ല എന്നതിന് എന്താണ് തെളിവ്.

കുറച്ചു ജ്യോത്സ്യന്മാർ ജ്യോതിഷം കൊണ്ട് ജീവിച്ചു പോകുന്നതിലല്ല നമുക്ക് എതിർപ്പ്, അത് ഒത്തിരിപ്പേരുടെ ജീവിതം ദുരിതമയമാക്കുന്നു എന്നതിലാണ്; സമൂഹത്തിൽ വിധി വിശ്വാസവും ശാസ്ത്രവിരുദ്ധ മനോഭാവവും പ്രചരിപ്പിക്കുന്നു എന്നതിലാണ്; സ്വന്തം ഭാവി സ്വയം രൂപപ്പെടുത്താൻ കഴിയും എന്ന വിശ്വാസത്തിനു വിഘാതം സൃഷ്ടിക്കുന്നു എന്നതിലാണ്. ഒരു ആധുനിക സമൂഹം സൃഷ്ടിച്ചെടുക്കുന്നതിന് ജ്യോതിഷവും അതുപോലുള്ള അന്ധവിശ്വാസങ്ങളും തടസ്സം നിൽക്കുന്നു എന്നതുകൊണ്ട് നാം അതിനെ എതിർക്കുക തന്നെ ചെയ്യും.