താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചെയ്യുന്നില്ല എന്നതിന്റെ അർത്ഥം ജ്യോത്സ്യത്തിൽ വേണ്ടത്ര വിശ്വാസമില്ല എന്നുതന്നെയല്ലേ?

യുജിസി സർക്കുലർ പറയുന്നു. "വൈദിക ജ്യോതിഷം എന്ന ശാസ്ത്രം പുനരുജ്ജീവിപ്പിക്കുകയും അത് സാമൂഹിക തലങ്ങളിലും അതിനപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും എത്തിക്കേണ്ടത് അടിയന്തിരാവശ്യമായിരിക്കുന്നു. അതിനാൽ സർവ്വകലാശാലകൾ ജ്യോതിഷ പഠനത്തിനു ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തണം. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ ബിരുദാനന്തര- ഗവേഷണ ബിരുദങ്ങൾ സമ്പാദിക്കാൻ പറ്റിയവിധം സമ്പൂർണ അധ്യാപനത്തിനും പരിശീലനത്തിനും അത് വഴിയൊരുക്കും.

2001 ജൂലൈ 1ന് പുതിയ പദ്ധതി നിലവിൽ വരും."

സർക്കുലറിന്റെ അനുബന്ധമായ മാർഗ നിർദേശത്തിൽ ഇപ്രകാരം കാണാം.

"കാലത്തേയും മനുഷ്യ ജീവത്തിലും മറ്റു സംഭവങ്ങളിലും അതിനുള്ള പ്രഭാവത്തേയും അടുത്തറിയാനും അങ്ങനെ കാലത്തെ അനുകൂലമാക്കാനും ഫലപ്രദമായി ഉപയോഗപ്പെടുത്താനും മനുഷ്യനെ സഹായിക്കുന്നു എന്നതാണ് ആ വിജ്ഞാനശാഖയുടെ സവിശേഷത. അദൃശ്യമായത് പ്രത്യക്ഷമാക്കാൻ വൈദിക ജ്യോതിഷം സഹായിക്കും. കാരണം, അത് കാലത്തെ സംബന്ധിച്ച പഠനമാണ്"

?ജ്യോതിഷം ഒരു പാഠ്യവിഷയമാക്കാനും സർവ്വകലാശാലകളിൽ 'ജ്യോതിർവിഗ്യാൻ' എന്ന പേരിൽ ഡിപ്പാർട്ട്മെന്റുകൾ തുടങ്ങാനും യു.ജി.സി. സർക്കുലർ അയച്ചിട്ടുണ്ടല്ലോ. അതിനെ ചിലർ എതിർക്കുകയും ചെയ്യുന്നു. 'വേണ്ടവർ പഠിച്ചോട്ടെ' എന്നുവെച്ചാൽ പോരേ, എന്തിന് എതിർക്കുന്നു?

ജ്യോതിഷമോ ജ്യോത്സ്യമോ ആരെങ്കിലും പഠിക്കുന്നതിനെ നമുക്ക് എതിർക്കാൻ കഴിയില്ല. ഇപ്പോൾത്തന്നെ പലരും പഠിക്കുന്നുമുണ്ട്. ജ്യോതിഷം മാത്രമല്ല കൂടോത്രവും മന്ത്രതന്ത്രങ്ങളും 'കൈരേഖാ ശാസ്ത്രവും' ബാധഒഴിക്കലും ഒക്കെ ആളുകൾ പഠിക്കുന്നില്ലെ? ആരെങ്കിലും എതിർക്കുന്നുണ്ടോ? അതിന്റെയൊക്കെ യുക്തിഹീനതയെക്കുറിച്ച് നാം പറയും; ബോധവൽക്കരണം നടത്തും; അത്രമാത്രം. ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിൽ മറ്റുള്ളവർക്ക് (പ്രത്യക്ഷമായി) ഉപദ്രവം ചെയ്യാത്ത എന്തും പഠിക്കാൻ ഒരാൾക്കവകാശമുണ്ട്. എന്നാൽ സർവ്വകലാശാലകൾ അത്തരം കോഴ്സുകൾ തുടങ്ങുന്നതു നീതീകരിക്കാനാവില്ല. സർവ്വകലാശാലകൾക്ക് ഗ്രാന്റ് നൽകുന്നത് നാം കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണ്. അത് അന്ധവിശാസങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കാൻ പാടില്ല. നമ്മുടെ ഭരണഘടന ഒരു പൗരന്റെ കടമയായി പറയുന്ന "ശാസ്ത്രബോധവും മാനവികതയും അന്വേഷണ ബുദ്ധിയും വളർത്തുക" എന്ന ലക്ഷ്യത്തിന്റെ (ഇന്ത്യൻ ഭരണഘടന പാർട്ട് IV A അനുഛേദം 51A(h) ലംഘനവുമാണത്. ഗവണ്മെന്റു തന്നെ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നർത്ഥം.

പ്രാചീന ജ്യോതിഷത്തിൽ ശാസ്ത്രമുണ്ടല്ലോ, അതു പഠിപ്പിക്കുന്നതിൽ കുഴപ്പമില്ലല്ലോ എന്നു വാദിക്കുന്നവരുണ്ട്. അതു മാത്രമായി ഒരു ഡിഗ്രി കോഴ്സ് എങ്ങനെ നടത്തും? ഒരു BA/BSc കോഴ്സിനു 3 വർഷം പഠിപ്പിക്കാനുള്ള വക വേണ്ടേ? പ്രാചീന ജ്യോതിശ്ശാസ്ത്രം അതിൽ ഒരു പേപ്പറാക്കാം, അത്ര തന്നെ. ബാക്കി എന്തു ചെയ്യും? ഒന്നുകിൽ ആധുനിക ജ്യോതിശ്ശാസ്ത്രം പഠിപ്പിക്കണം. അല്ലെങ്കിൽ ഫലഭാഗം പഠിപ്പിക്കണം. ഇതിൽ ആദ്യത്തെ കാര്യം ഇപ്പോൾത്തന്നെ പല സർവ്വകലാശാലകളും ചെയ്യുന്നുണ്ട്. കോഴ്സിന്റെ പേർ ജ്യോതിശ്ശാസ്ത്രം എന്നാണെന്നു മാത്രം. യുജിസിക്ക് ഇക്കാര്യത്തിൽ ഒരു സംശയവുമില്ല എന്ന് അതിന്റെ ചെയർമാൻ പത്രപ്രതിനിധികൾക്കു നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. മനുഷ്യരെല്ലാം തങ്ങളുടെ ഭാവിയെക്കുറിച്ച് ഉൽകണ്ഠയുള്ളവരാണെന്നും ഭാവിയെക്കുറിച്ചറിയാൻ സഹായിക്കുന്ന ഏക ശാസ്ത്രം ജ്യോതിഷമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതായത് ജ്യോത്സ്യം പഠിപ്പിക്കുകയാണ് ഉദ്ദേശ്യം. ഇത് എതിർക്കപ്പെടേണ്ട കാര്യം തന്നെ