താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഒരു പഠനം ഇന്ത്യയിൽ നടത്തിയാലും ഫലം വ്യത്യസ്തമാകില്ല.

"ഭൂമിയിലെ ഓരോ ചരാചരവും അനന്തമായ ഈ ബ്രഹ്മാണ്ഡത്തിലെ സകല വസ്തുക്കളുമായും ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം സൂക്ഷ്മ നിരീക്ഷണത്തിലൂടെയും മനനത്തിലൂടെയും കണ്ടെത്തിയവരാണ് ജ്യോതിഷത്തിനു ജന്മം നൽകിയ ഋഷികൾ..." ഇങ്ങനെ പോകുന്നു ജ്യോതിഷത്തെ ന്യായീകരിക്കുന്ന ചിലരുടെ വാദങ്ങൾ. ശരിയെന്നിരിക്കട്ടെ, എങ്കിൽ ആ പ്രപഞ്ചം ജാതകത്തിൽ എവിടെയെങ്കിലും കാണണ്ടെ? അതിൽ ഗ്രഹനില മാത്രം പരിഗണിച്ചുള്ള പ്രവചനമല്ലേയുള്ളു (ആ ഗ്രഹങ്ങളിൽ തന്നെ രണ്ടെണ്ണം ഇല്ലാത്തതുമാണ്) പ്രപഞ്ചത്തിൽ ഇടക്കിടെ സംഭവിക്കുന്ന സൂപ്പർനോവ സ്ഫോടനങ്ങളോ, ഗാമാറേ ഉത്സർജനങ്ങളോ, ഗാലക്സി കേന്ദ്രങ്ങളിലുള്ള തമോഗർത്തങ്ങൾ നക്ഷത്രങ്ങളെ വിഴുങ്ങുന്നതോ, ഓറിയോൺ നെബുലയിലും മറ്റും പുതിയ താരങ്ങൾ ജനിക്കുന്നതു പോലുമോ പ്രവചനങ്ങളിൽ പ്രതിഫലിക്കപ്പെടുന്നില്ലല്ലോ? പിന്നെന്തു പ്രപഞ്ചബന്ധം?

?പൗർണ്ണമി, അമാവാസി നാളുകളിൽ ആസ്ത്‌മ, മനോരോഗം മുതലായവ മൂർഛിക്കുകയും പശുക്കളും മറ്റും ഇണചേരാൻ താല്പര്യം കാട്ടുകയും ചെയ്യാറുണ്ടല്ലോ. ചന്ദ്രന് ഇത്തരം സ്വാധീനങ്ങൾ ഉണ്ടാകാമെങ്കിൽ മറ്റു ഗ്രഹങ്ങൾക്കും ഉണ്ടായിക്കൂടേ?

ചന്ദ്രൻ ഭൂമിയുടെ വളരെയടുത്താണ് അതുകൊണ്ട്, അതിന്റെ ഗുരുത്വാകർഷണം ഭൂമിയിൽ പല സ്വാധീനങ്ങളും ചെലുത്തും. ഉദാഹരണത്തിന്, അമാവാസി നാളിൽ സൂര്യനും, ചന്ദ്രനും ഭൂമിയുടെ ഒരേ വശത്തായതുകൊണ്ട് ആ വശത്ത് ഗുരുത്വബലം ഏറ്റവും കൂടുതലായിരിക്കും. പൗർണമി നാളിൽ നേരെ മറിച്ചും. രണ്ടായാലും ഭൂമിയിൽ അതിന്റെ സ്വാധീനം ഉണ്ടാകും. വേലിയേറ്റം കൂടുതൽ ശക്തമാകുന്നത് നാം കാണാറുണ്ട്. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഈ സ്വാധീനം എത്രമാത്രമുണ്ടെന്ന് പഠനമൊന്നും നടന്നിട്ടില്ല. അതിലേറെ സാധ്യത മറ്റൊന്നാണെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ജീവന്റെ വികാസപരിണാമങ്ങളിൽ സമുദ്രത്തിന് വലിയ പങ്കുണ്ടല്ലോ സ്വാഭാവികമായും സമുദ്രത്തിലെ വേലിയേറ്റങ്ങളുടെ ശക്തിക്ഷയങ്ങൾ ഒരു ചാന്ദ്രമാസ ചക്രമായി (lunar cycle) ജീവജാലങ്ങളിൽ രൂപപ്പെട്ടിട്ടുണ്ടാകണം. അതാകാം ഇന്നും ആവർത്തിക്കുന്നത്. നമ്മളിൽ കുറെപ്പേർ നാളെ ചൊവ്വയിൽ പോയി താമസമാക്കിയാലും (അപ്പോൾ ചന്ദ്രന്റെ സ്വാധീനമില്ലാതാകുമല്ലോ) ഈ ചക്രം ആവർത്തിച്ചുകൊണ്ടിരിക്കാം. നമ്മൾ കൂടെ കൊണ്ടുപോകുന്ന നാൽക്കാലികൾക്ക് ഇണചേരാനുള്ള താൽപര്യവും അതേ ക്രമത്തിൽ സംഭവിക്കാം. പരീക്ഷിക്കാത്തിടത്തോളം കാലം ഇതൊന്നും തീർത്തുപറയാനാവില്ല എന്നു മാത്രം.

ഇവിടെ നാം ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന് മറ്റു ഗ്രഹങ്ങൾക്ക് ഭൂമിയിലുള്ള ഗുരുത്വബലം എത്രയാണ്? രണ്ട്, ഗുരുത്വബലവും ഭാവിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ഭൂമിയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ളത് സൂര്യനാണ്. ചന്ദ്രൻ വളരെ അടുത്തായിട്ടുപോലും (വെറും 384000 കി.മീ., സൂര്യൻ അതിലും 400 ഇരട്ടി അകലെയാണ്) തന്റെ ഭീമമായ പിണ്ഡം മൂലം സൂര്യന് ചന്ദ്രന്റെ 150 ഇരട്ടിയിലധികം ബലം ഭൂമിയിൽ ചെലുത്താൻ കഴിയും. എന്നാൽ മറ്റു ഗ്രഹങ്ങൾക്ക് ഈ രണ്ട് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യാവുന്ന ഒരു ബലവുമില്ല. ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന കാലത്തു പോലും ഏഴു കോടിയിലേറെ കിലോമീറ്റർ ദൂരെയാണ് (സൂര്യന്റെ ഇരു വശങ്ങളിൽ ഭൂമിയും ചൊവ്വയും വരുമ്പോൾ ദൂരം 39 കോടി