ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/അധ്യായം 6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും (ശാസ്ത്രം)
രചന:കെ. പാപ്പൂട്ടി
അധ്യായം 6 : ജ്യോതിഷത്തിലെ ചില സാങ്കേതിക പദങ്ങളും വിശ്വാസങ്ങളും

[ 145 ]

അധ്യായം 6


ജ്യോതിഷത്തിലെ ചില സാങ്കേതിക പദങ്ങളും വിശ്വാസങ്ങളും

"മീനം ലഗ്നമാവുകയും അവിടെ ചന്ദ്രൻ നിൽക്കുകയും ആ ചന്ദ്രനെ ഏതെങ്കിലും ബന്ധുഗ്രഹം ദൃഷ്ടി ചെയ്യുകയും ചെയ്താൽ രാജയോഗം സംഭവിക്കും" (ജനനം തെരുവിലായാലും കാര്യമാക്കേണ്ട!)


ഫലഭാഗജ്യോതിഷം ഇന്ത്യ ഗ്രീസിൽ നിന്നും കാൽദിയയിൽ നിന്നും കടംകൊണ്ടതാണെങ്കിലും അതിനെ രൂപം മാറ്റി ഭാരതവൽക്കരിക്കുന്നതിൽ നമ്മുടെ ജ്യോതിഷികൾ കാട്ടിയ വിരുത് അപാരമാണ്. അതിനായി ബൃഹത്തായ ഒരു പദാവലി തന്നെ അവർ സൃഷ്ടിച്ചെടുത്തു. നമ്മുടെ ദേവീദേവന്മാരെ അതുമായി ബന്ധിപ്പിച്ച് വിശ്വാസത്തിന്റെ ഒരാവരണം നിർമിച്ചു. ജ്യോതിഷത്തിന്റെ ആവിഷ്കർത്താവ് ശിവപുത്രനായ സുബ്രഹ്മണ്യനാണെന്നും അദ്ദേഹത്തിന്റെ 'സ്കന്ദഹോര'യാണ് ജ്യോതിഷത്തിന്റെ മൂലഗ്രന്ഥമെന്നും പ്രചരിപ്പിച്ചു. പരാശരൻ ബ്രഹ്മാവിന്റെ പുത്രനാണത്രേ, വരാഹൻ സൂര്യന്റെ അവതാരവും. കൃതയുഗം മുതൽ രചിക്കപ്പെട്ട അനേകം ഹോരാ ശാസ്ത്രഗ്രന്ഥങ്ങൾ എല്ലാം പഠിച്ച് അർഥം ഗ്രഹിക്കാൻ മനുഷ്യർക്ക് കഴിയാതെ വന്നപ്പോൾ, കാലാന്തരത്തിൽ ആ ശാസ്ത്രം തന്നെ നശിച്ചുപോകുമോ എന്ന് ഭയന്ന്, ആദിത്യ ഭഗവാൻ തന്നെ ആദിത്യദാസൻ എന്നയാളുടെ മകനായി വരാഹമിഹിരൻ എന്ന പേരിൽ അവതരിച്ച്, ഹോരാ ശാസ്ത്രങ്ങളെ സംഗ്രഹിച്ച്, ബൃഹജ്ജാതകം രചിച്ചു എന്നാണ് ദശാധ്യായി (തലക്കുളത്തു ഗോവിന്ദഭട്ടതിരിയുടെ വരാഹഹോരാ വ്യാഖ്യാനം) പറയുന്നത്.

ജ്യോതിഷത്തെ പുർജന്മ വിശ്വാസവുമായി കോർത്തിണക്കി എന്നതാണ് ഇന്ത്യൻ ജ്യോതിഷികൾ ഒരുക്കിയ മറ്റൊരു വലിയ തന്ത്രം. ജനനസമയത്ത് ഗ്രഹങ്ങൾ ഒന്നും ചെയ്യുന്നില്ല, മുജ്ജന്മ കർമഫലമായി വന്നുചേർന്ന 'വിധി' യെ സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. വരാഹൻ പറയുന്നു:

"കർമാർജിതം പൂർവ ഭവേ സദാദി

യത്തസ്യപക്തിം സമദി വ്യനക്തി" [ 146 ]

പുരുഷ ജാതകത്തിൽ 2, 4, 5, 7, 12 ഭാവങ്ങളിൽ ചന്ദ്രൻ തനിച്ചു നിന്നാൽ ഭാര്യ സദ്‌ഗുണവതിയും സുന്ദരിയുമായിരിക്കും' എങ്കിൽപ്പിന്നെ എന്തിനു സ്ത്രീയുടെ ജാതകം നോക്കണം? നോക്കിയില്ലെങ്കിലും ഭാര്യയായി വരിക സദ്‌ഗുണവതിയും സുന്ദരിയുമായിരിക്കുമല്ലോ.

ഗു കു ശു ബു
രാശ്യാധി
പത്യം
ഗു കു ശു ബു

പൂർവജന്മത്തിൽ സത്തും അസത്തുമായ യാതൊരു കർമം ആർജിതമായോ അതിന്റെ ഫലത്തെ യാതൊരു ശാസ്ത്രം നല്ലവണ്ണം വ്യക്തമാക്കിത്തരുന്നുവോ അത് ഹോരശാസ്ത്രമാകുന്നു. ചുരുക്കത്തിൽ അയുക്തിയെ യുക്തിയാക്കി മാറ്റുന്ന ഒരു ജാലവിദ്യ സൃഷ്ടിച്ചെടുക്കാൻ ഇന്ത്യൻ ജ്യോതിഷികൾക്കു കഴിഞ്ഞു. ഭാരതീയ ജ്യോതിഷത്തിലെ ചില സാങ്കേതിക സംജ്ഞകളും ധാരണകളും നമുക്കൊന്നു പരിചയപ്പെടാം കാരണം, ഈ വിഷയം ചെയ്യുന്ന വേദികളിലൊക്കെ ഇവ ആവശ്യമായി വരും.

കാലപുരുഷൻ

കാലമാകുന്ന പുരുഷന്റെ അവയവങ്ങളാണത്രേ രാശികൾ മേടം കാലപുരുഷന്റെ ശിരസ്സാണ്. ഇടവം മുഖം, മിഥുനം ഉരസ്സ് എന്നിങ്ങനെ പാദം (മീനം) വരെ.

രാശ്യാധിപത്യം

രാഹുകേതുക്കൾ ഒഴികെ എല്ലാ ഗ്രഹങ്ങൾക്കും രാശികളുടെ ആധിപത്യം ഉണ്ടെന്നാണ് സങ്കല്പം. ഒരു ഗ്രഹത്തിന് ആധിപത്യമുള്ള രാശിയെ അതിന്റെ സ്വക്ഷേത്രം എന്നു പറയും. ചന്ദ്രനും സൂര്യനും ഓരോന്നു വീതവും മറ്റുള്ളവക്ക് 2 വീതവും സ്വക്ഷേത്രങ്ങളുണ്ട്. ഗ്രഹങ്ങളുടെ സ്വക്ഷേത്രങ്ങൾ രാശി ചക്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കുക. ഗ്രഹങ്ങൾ സ്വക്ഷേത്രങ്ങളിൽ ആയിരിക്കുമ്പോൾ അവയ്ക്ക് ബലം (ഫലസിദ്ധി) കൂടുതലായിരിക്കും എന്നാണ് ജ്യോതിഷ വിശ്വാസം.

സ്വക്ഷേത്രങ്ങൾ ലഭിച്ചതിനെക്കുറിച്ച് പരിഹാസ്യമെങ്കിലും രസകരമായ ഒരു കഥയുണ്ട്. സൂര്യൻ മാനത്തെ രാജാവും ചന്ദ്രൻ രാജ്ഞിയുമായി വിലസുന്ന കാലം. സൂര്യൻ ചിങ്ങം ആസ്ഥാനമാക്കി മകരം വരെ (മുന്നോട്ട്) ഉള്ള രാശികളെ ഭരിക്കുന്നു. സൗര രാശികൾ എന്നാണവ അറിയപ്പെടുന്നത്. ചന്ദ്രൻ കർക്കിടകം സ്വക്ഷേത്രമാക്കി കുംഭം വരെ (പിന്നോട്ട്) ഉള്ള രാശികളേയും (ചാന്ദ്രരാശികളെ) ഭരിക്കുന്നു. ബുധൻ സൂര്യനെ ആദരവോടെ സമീപിച്ച് സ്വന്തമായൊരിടം ആവശ്യപ്പെട്ടു. സൂര്യൻ തൊട്ടടുത്തുള്ള കന്നി രാശിയെ അവനു നൽകി. അവൻ പിൻ വാതിലിലൂടെ ചന്ദ്രനെ സമീപിച്ച്, കഴിഞ്ഞതൊന്നും പറയാതെ, ഒരിടം ആവശ്യപ്പെട്ടു. അവൻ മിഥുനത്തെ അവനു നൽകി. ഇതറിഞ്ഞ് മറ്റ് നാലുപേരും അപ്രകാരം ചെയ്തു. അങ്ങനെ അവർക്കെല്ലാം ഈരണ്ടു ഗേഹങ്ങൾ കിട്ടി. പാവം, രാഹു കേതുക്കൾ! അവയ്ക്ക് ശരീരമില്ലാത്തതിനാലാകാം സ്വന്തം ഇടം വേണ്ടെന്ന് വെച്ചത്.

മൂലത്രികോണം

ഗ്രഹങ്ങൾക്ക് സ്വക്ഷേത്രത്തേക്കാൾ ബലം കൂടുക മൂലത്രികോണത്തിലായിരിക്കുമ്പോഴാണത്രേ. സൂര്യന് ചിങ്ങമാണ് മൂല [ 147 ] ത്രികോണ രാശി. ചിങ്ങത്തിൽ ആദ്യത്തെ 20 ഭാഗ മൂലത്രികോണവും ബാക്കി 10 ഭാഗ സ്വക്ഷേത്രവും. ചന്ദ്രന് ഇടവം മുഴുവനും ചൊവ്വയ്ക്ക് മേടത്തിൽ ആദ്യത്തെ 12 ഭാഗയും (ബാക്കി സ്വക്ഷേത്രം), ബുധന് കന്നിയുടെ 16 മുതൽ 20 വരെയുള്ള 5 ഭാഗങ്ങളും, വ്യാഴത്തിന് ധനുവിൽ ആദ്യത്തെ 10 ഭാഗയും, ശുക്രന് തുലാത്തിലെ ആദ്യത്തെ അഞ്ച് ഭാഗയും, ശനിക്ക് കുംഭത്തിൽ ആദ്യത്തെ 20 ഭാഗയും ആണ് മൂലത്രികോണങ്ങൾ.

കു
0-12

0-30

0-20
മൂല
ത്രികോണം

0-20
ഗു
0-10
ശു
0-5
ബു
16-20
ശു
0-27

0-10

0-3
ഉച്ച
ക്ഷേത്രം
ഗു
0-5
കു
0-28

0-20
ബു
0-15

ഉച്ചക്ഷേത്രം നീചക്ഷേത്രം

ഗ്രഹങ്ങൾക്ക് വർധിച്ച ബലമുള്ള സ്ഥാനങ്ങളത്രേ ഉച്ചക്ഷേത്രങ്ങൾ. (ഗ്രഹങ്ങൾക്ക് സ്വക്ഷേത്രത്തിൽ പകുതി ബലവും മൂല ത്രികോണത്തിൽ മുക്കാൽ ബലവും ഉച്ചക്ഷേത്രത്തിൽ പൂർണ ബലവും ഉണ്ടായിരിക്കും എന്നാണ് സങ്കല്പം. പൂർണബലം=60 ആണെന്ന് ഓണക്കൂറിന്റെ ബൃഹജ്ജാതക വ്യാഖ്യാനത്തിൽ പറയുന്നു. യൂണിറ്റ് പറയാറില്ല. 'ന്യൂട്ടൺ' ആവില്ലെന്നു കരുതാം) സൂര്യന് മേടത്തിന്റെ ആദ്യത്തെ 10 ഭാഗയും (10-ആം ഭാഗം അത്യുച്ചം) ചന്ദ്രന് ഇടവത്തിലെ ആദ്യ 3 ഭാഗയും (മൂന്നും അത്യുച്ചം) ചന്ദ്രന് ഇടവത്തിലെ ആദ്യ 3 ഭാഗയും (മൂന്നും അത്യുച്ചം) കുജന് മകരത്തിന്റെ ആദ്യത്തെ 28 ഭാഗയും (28 അത്യുച്ചം) ബുധന് കന്നിയിലെ ആദ്യത്തെ15 ഭാഗയും (15 അത്യുച്ചം) വ്യാഴത്തിന് കർക്കിടകത്തിലെ ആദ്യത്തെ 5 ഭാഗയും (5 അത്യുച്ചം) ശുക്രന് മീനത്തിൽ 27 ഭാഗ വരെയും (27 അത്യുച്ചം) ശനിക്ക് തുലാത്തിലെ 20 ഭാഗ വരെയും (20 അത്യുച്ചം) ആണ് ഉച്ചക്ഷേത്രങ്ങൾ. (ചിലർ രാഹു-കേതുക്കൾക്കും ഉച്ചം കല്പിക്കുന്നുണ്ട്. പക്ഷേ, അതിൽ ജ്യോതിഷികൾ തമ്മിൽ തർക്കമുണ്ട്. ചിലർ യഥാക്രമം ഇടവവും വൃശ്ചികവും കല്പിക്കുമ്പോൾ മറ്റു ചിലർ മിഥുനവും ധനുവുമാണ് നൽകുന്നത്.)

ഉച്ചരാശിയിൽ നിന്ന് ഏഴാംരാശി അതാതു ഗ്രഹങ്ങൾക്കു നീചരാശി ആയിരിക്കും. നീചരാശിയിൽ നിൽക്കുന്ന ഗ്രഹങ്ങൾ ദുർബലരായിരിക്കുമത്രേ.

ദൃശ്യരാശികളും അദൃശ്യരാശികളും

പദങ്ങൾ സൂചിപ്പിക്കുമ്പോലെ, അതതു സമയത്തു കാണാൻ കഴിയാത്ത (ഭൂമിയുടെ മറുവശത്തുള്ള, അഥവാ ലഗ്നം മുതൽ 6-ം ഭാവം വരെയുള്ള) രാശികളെ അദൃശ്യ രാശികളെന്നും കാണാൻ കഴിയുന്ന (7-ം ഭാവം മുതൽ ലഗ്നം വരെയുള്ള) രാശികളെ ദൃശ്യ രാശികളെന്നും പറയും.

ഓജരാശികളും യുഗ്മരാശികളും

മേടം മുതൽ ഒന്നിടവിട്ടുള്ള രാശികളെ (മേടം, മിഥുനം, ചിങ്ങം) ഓജരാശികൾ അഥവാ പുരുഷ രാശികൾ എന്നും മറ്റുള്ളവയെ (ഇടവം, കർക്കിടകം, കന്നി) യുഗ്മ രാശികൾ [ 148 ] അഥവാ സ്ത്രീരാശികൾ എന്നും പറയും (ഋഷഭം-കാള എങ്ങനെ പെണ്ണായോ ആവോ?) ഓജരാശികളിൽ പുരുഷ ഗ്രഹങ്ങളായ വ്യാഴം, സൂര്യൻ, കുജൻ എന്നിവയ്ക്കും യുഗ്മ രാശികളിൽ സ്ത്രീകളായ ചന്ദ്രൻ, ശുക്രൻ (?) രാഹു എന്നിവയ്ക്കും 'ലിംഗ സാമ്യബലം' ഉണ്ടായിരിക്കും നപുംസകങ്ങളായ ശനി, ബുധൻ, കേതു ഇവയ്ക്ക് രണ്ടായാലും കാര്യമില്ല. ഓജരാശിയിൽ ആദ്യ ഹോര സൂര്യഹോരയും ബാക്കി ചന്ദ്രഹോരയുമാണ്, യുഗ്മരാശിയിൽ തിരിച്ചും.

"അഷ്ടമത്തിൽ ചൊവ്വ നിൽക്കുമ്പോൾ ജനിക്കുന്നവൻ രോഗ പീഡയുള്ളവനായും നിർധനനായും അല്പായുസ്സായും ഭവിക്കും. സ്ത്രീ ജാതകത്തിൽ അത് വൈധവ്യത്തെ സൂചിപ്പിക്കുന്നു. കുജനും ശിഖിയും കൂടി അഷ്ടമത്തിൽ യോഗം ചെയ്തു നിന്നാൽ വൈധവ്യം തീർച്ചയാണ്. ഇല്ലെങ്കിൽ വിവാഹം നടക്കില്ല" (ഇതിൽ ഒടുവിൽ പറഞ്ഞതാണ് സംഭവിക്കുക അതിനു കാരണം ആളുകൾ ജ്യോതിഷ വിശ്വാസികളാണെന്നതും)

സ്ഥി
സ്ഥി ചരം
സ്ഥിരം
സ്ഥി
സ്ഥി

ക്രൂരരാശികളായ ഓജരാശിയിൽ ജനിച്ചവർ ക്രൂരസ്വഭാവികളും യുഗ്മരാശിയിൽ ജനിച്ചവർ ശാന്തസ്വഭാവികളും ആയിരിക്കുമത്രേ (ജനിതകശാസ്ത്രം പോയി തുലയട്ടെ!).

ഇതുകൂടാതെ രാശികളെ ചരം, സ്ഥിരം, ഉഭയം എന്നിങ്ങനെയും തിരിച്ചിരിക്കുന്നു. മേടം-ചരം, ഇടവം-സ്ഥിരം, മിഥുനം-ഉഭയം, വീണ്ടും, കർക്കിടകം-ചരം, ചിങ്ങം-സ്ഥിരം ഇങ്ങനെ പോകുന്നു വിഭജനം. എന്താണ് യുക്തി എന്നറിയില്ല.

രാശിയുടെ മൂന്നിലൊരു ഭാഗത്തിനു ദ്രേക്കാണമെന്നു പറയുന്നു. അതായത് ഒരു രാശിയിൽ 3 ദ്രേക്കാണം (നമ്മുടെ ഞാറ്റുവേലക്ക് പകരം ബാബിലോണിയർ സൂര്യപഥത്തെ 36 ഭാഗമാക്കി തിരിക്കാനാണ് ദ്രേക്കാണ വ്യവസ്ഥ ഉപയോഗിച്ചത്). അവ യഥാക്രമം രാശ്യാധിപൻ, അഞ്ചാംഭാവാധിപൻ, ഒമ്പതാം ഭാവാധിപൻ ഇവർക്ക് അവകാശപ്പെട്ടതാണത്രേ. ഇക്കാര്യങ്ങളെല്ലാം വരാഹൻ പറയുന്നത് ഒരു ശ്ലോകത്തിലാണ്.

ക്രൂരഃ സൗമ്യഃ പുരുഷ വനിതേ തേ ചരാ ഗ ദ്വിദേഹാഃ

പ്രാഗാദീശാഃ ക്രിയ വൃഷ നൃയു ക്കർക്കടാ സ്സത്രികോണാഃ

മാർത്താണ്ഡേ ന്ദ്വോരയുജിസമഭേ ചന്ദ്രഭാന്വോശ്ചഹോരേ

ദ്രേക്കാണാ സ്സ്യുഃ സ്വഭവന സൂത ത്രിത്രികോണാധിപാനാം

ശീർഷോദയ, പൃഷ്‌ഠോദയ, ഉഭയോദയ രാശികൾ

രാശികൾക്ക് പലതരം ജീവികളുടെ രൂപങ്ങളാണല്ലോ സങ്കൽപിച്ചിരിക്കുന്നത്. ഓരോന്നും ഉദിച്ചുവരുമ്പോൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ശിരസ്സാണെങ്കിൽ ശീർഷോദയരാശി എന്നും പൃഷ്ഠമാണെങ്കിൽ പൃഷ്ഠോദയരാശിയെന്നും വാലും തലയും ഒന്നിച്ചുദിക്കുന്നെങ്കിൽ (രാശിരൂപം തെക്കുവടക്കായിരിക്കും) ഉഭയോദയരാശി എന്നും പറയും. കന്നി, വൃശ്ചികം, കുംഭം, മിഥുനം ഇവ ശീർഷോദയങ്ങളും, മേടം, കർക്കിടകം, തുലാം, ധനു, മകരം ഇവ പൃഷ്ഠോദയങ്ങളും, മീനം ഉഭയോദയവും ആണ്. രാശിയിൽ ഗ്രഹമൊന്നും സ്ഥിതി ചെയ്യുന്നില്ലെങ്കിൽ പൃഷ്ഠോദയ രാശികൾ അശുഭഫലം ചെയ്യുമെന്നാണ് വിശ്വാസം. ശീർഷോദയങ്ങൾ ശുഭകാരികളാണ് (ഇതിന്റെ പരിഹാസ്യത ഒന്നോർത്തു നോക്കൂ. രാശി [ 149 ] രൂപങ്ങൾ വെറും സാങ്കൽപികങ്ങളാണ് വാലിലും തലയിലും കാണുന്ന നക്ഷത്രങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല പലതും പല അകലങ്ങളിൽ - അനേകം പ്രകാശവർഷങ്ങൾ വേർപെട്ട് - ആണ് കിടക്കുന്നത്. മനുഷ്യദൃഷ്ടിയുടെ പരിമിതി മൂലം ഒരാകാശത്തട്ടിൽ ചിത്രം വരച്ചതുപോലെ കാണപ്പെടുന്നു എന്നു മാത്രം. വൃശ്ചിക ഗണത്തിന് യഥാർഥ തേളുമായോ തേൾ സ്വഭാവവുമായോ ഒരു ബന്ധവുമില്ല. അവ എങ്ങനെ ഉദിച്ചാൽ നമുക്കെന്ത്?

"പന്ത്രണ്ടാം ഭാവത്തിൽ കുജൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ നേത്രരോഗിയും മടിയനും ബന്ധനം അനുഭവിക്കുന്നവനും ലുബ്ധനും ഭാര്യാമരണം അനുഭവിക്കുന്നവനുമാകും. കുജദശയിലാകും ഭാര്യാമരണം (എന്തൊരു നീതി! പുരുഷ ജാതകം പിഴച്ചതിന് ശിക്ഷ സ്ത്രീക്ക്). 12 ൽ ചൊവ്വ ശനിയോടു ചേർന്നു നിന്നാൽ ജയിൽവാസം ഉറപ്പാണ്" (ഗാന്ധിജിയുടേയും നെൽസൺ മണ്ടേലയുടേയും ജാതകമൊന്നു പരിശോധിക്കണം).

4 5
ല,4,7,10
കേന്ദ്രം
ല,5,9 ത്രികോ
ണങ്ങൾ
7
10 9

സ്ഥല, ജല ജലാശ്രയരാശികൾ

ആട്, സിംഹം, തുലാസേന്തിയ ആൾ, വില്ലേന്തിയ ആൾ ഇവരെല്ലാം കരയിൽ കഴിയുന്നവരായതുകൊണ്ടാകാം മേടം, ചിങ്ങം, തുലാം, ധനു ഇവ സ്ഥല രാശികളാണ്. കർക്കടകം, വൃശ്ചികം, മീനം, മകരത്തിന്റെ രണ്ടാം പാതി ഇവ ജല രാശികളാണ്. ഇടവം, മിഥുനം, കന്നി, കുംഭം ഇവ ജലാശ്രയ രാശികളും.

രാശികളെ വേറെയും പല വിധത്തിൽ വേർതിരിച്ചിട്ടുണ്ട് അവയിൽ ഏതാനും ചിലതു കൂടി പറയാം.

ത്രികോണരാശികൾ-1 (അഥവാ ലഗ്നം) 5,9 എന്നീ രാശികൾ

കേന്ദ്ര രാശികൾ (കണ്ടകം, ചതുഷ്ടയും എന്നൊക്കെ പറയും)-ലഗ്നം 4,7,10 രാശികൾ.

പണപരരാശികൾ (കേന്ദ്രത്തിൽ നിന്നു പരമായിട്ടുള്ളവ) - 2,5,8,11 രാശികൾ.

അപോക്ലിമ രാശികൾ കേന്ദ്രവും പണപരവുമല്ലാത്തവ - 3,6,9,12

ഉപചയരാശികൾ -3,6,10,11

ഇക്കൂട്ടത്തിൽ കേന്ദ്ര രാശികൾ ഏറ്റവും പ്രധാനങ്ങളാണ്. ലഗ്നം (കിഴക്കുദിക്കുന്ന രാശി), 7ം ഭാവം അഥവാ അസ്ത ലഗ്നം (അസ്തമിക്കുന്ന രാശി), 4-ആം ഭാവം (തലക്കുമുകളിൽ നിൽക്കുന്ന രാശി), 10-ആം ഭാവം (നീചത്തിൽ നിൽക്കുന്ന രാശി) എന്നീ മുഖ്യ രാശികളാണവ. അവയിൽ നിൽക്കുന്ന ഗ്രഹങ്ങൾ, ആ രാശികളുടെ അധിപഗ്രഹങ്ങൾ നിൽക്കുന്ന സ്ഥാനം, അവർ തമ്മിലുള്ള ശത്രു-മിത്രത്വം, ദൃഷ്ടി ഇതൊക്കെ വെച്ചാണ് ഭാവി പ്രവചനം.

ഇനി നമുക്ക് ഗ്രഹ സ്വഭാവങ്ങൾ പരിശോധിക്കാം ആദ്യമായി ഒരു പുതിയ ഗ്രഹത്തെ പരിചയപ്പെടാം.

ഗുളികൻ

വരാഹന്റെ കാലത്ത് ഇല്ലാതിരുന്ന ഒരു ഗ്രഹമാണ് ഗുളികൻ അഥവാ മാന്ദി (ഗ്രഹനിലയിൽ മാ എന്ന അക്ഷരം കൊണ്ടു കുറിക്കുന്നു). ലോകത്തിൽ മറ്റെവിടെയും ഇപ്പോഴും ഗുളികനില്ല; ഒരു ദൂരദർശിനിക്കും കണ്ടെത്താൻ കഴിയുകയുമില്ല. പക്ഷേ കേരളീ [ 150 ] യരുടെ ഭാവി ഭാഗധേയങ്ങൾ നിർണയിക്കുന്നതിൽ ഗുളികൻ വലിയ പങ്കാണു വഹിക്കുന്നത്.

"വ്യാഴം ലഗ്നത്തിൽ നിൽക്കുന്നവൻ ദീർഘായുസ്സായിരിക്കും. സുന്ദരനും സാത്വികനും നല്ല പുത്ര സമ്പത്തുകൾ ഉള്ളവനും ആകും. 12-ം ഭാവത്തിലാണെങ്കിൽ ധൂർത്തനും എപ്പോഴും അന്യ സഹായം അഭ്യർഥിക്കുന്നവനും മിത്രങ്ങളെ ദ്രോഹിക്കുന്നവനും ആയിരിക്കും" (സൗഹൃദം തേടുമ്പോൾ ജാതകം നോക്കുന്നതാണ് ഉചിതം).

"ശുക്രൻ ലഗ്നത്തിൽ തനിച്ചു നിന്നാൽ ജാതകൻ സ്ത്രീകൾക്കു പ്രിയങ്കരനും, ശരീര വടിവുള്ളവനും, ദീർഘായുസ്സും, കലാചതുരനും ആയി ഭവിക്കും."

മറ്റു ഗ്രഹങ്ങൾ പോലെയല്ല ഗുളികൻ. മറ്റുള്ളവയെല്ലാം ദിവസവും ഒരു തവണയേ ഉദിക്കൂ. ഗുളികൻ രണ്ടു തവണ ഉദിക്കും. ഒന്നു രാത്രിയും ഒന്ന് പകലും. ഞായറാഴ്ച പകൽ 26 നാഴികക്ക് കിഴക്കുദിച്ച് (അതായത് സന്ധ്യക്ക് 4 നാഴിക മുമ്പ്) ഉദിച്ച രാശിയിൽ തന്നെ സന്ധ്യക്ക് അസ്തമിച്ച് വീണ്ടും രാത്രി 10 നാഴിക ചെല്ലുമ്പോൾ പുതിയൊരു രാശിയിൽ കിഴക്കുദിക്കുന്നു. പിറ്റേന്ന് മുതൽ 4 നാഴിക വീതം നേരത്തെയാവും ഉദയം. ചൊവ്വാഴ്ച പകൽ 18 നാഴികയ്ക്കും രാത്രി 2 നാഴികയ്ക്കും ഉദിച്ച ഗുളികൻ ബുധനാഴ്ച പകൽ 14 നാഴികയ്ക്കും രാത്രി 26 നാഴികയ്ക്കും ആകും ഉദയം. രാത്രിയിലെ ഈ ചാട്ടം അനിവാര്യമാണല്ലോ. ആഴ്ചതോറും ഈ ക്രമം ആവർത്തിച്ചുകൊണ്ടിരിക്കും. ഗുളികൻ ആരുടെ കണ്ടുപിടുത്തമാണെന്നറിയില്ല. പ്രാചീന ജ്യോതിഷത്തിൽ അവനില്ല. അവൻ ചെറുതാണെങ്കിലും അതി ഭയങ്കര പാപിയാണത്രേ. ഏതു ഗ്രഹത്തോടു ചേർന്നു നിന്നാലും, ഏതു ഗ്രഹത്തിന്റെ സ്വക്ഷേത്രത്തിൽ ഉദിച്ചാലും, ആ ഗ്രഹം പാപനാണെങ്കിൽ കൂടുതൽ പാപനാകും, ശുഭനാണെങ്കിൽ ശുഭത്വം മങ്ങിപ്പോകും (ഗുളികനെപ്പോലെത്തന്നെ കാലൻ, യമകണ്ടൻ, യമശുക്രൻ, അർധപ്രഹരൻ എന്നീ ഭീകരരും കൂടിയുണ്ട്. പക്ഷെ ജ്യോത്സ്യന്മാർ അവയ്ക്ക് വലിയ പ്രാധാന്യം കൊടുത്തു കാണുന്നില്ല).

ഗ്രഹങ്ങളുടെ നിറം

വരാഹൻ പറയുന്നു:

രക്തശ്യാമോ ഭാസ്കരോ ഗൗര ഇന്ദുർ

ന്നാത്യുച്ഛാംഗോ രക്തഗൗരശ്ച വക്രഃ

ദുർവ്വാശ്യാമോ ജ്ഞോ ഗുരുർ ഗൗരഗാത്രഃ

ശ്യാമശ്ശുക്രോ ഭാസ്കരിഃ കൃഷ്ണദേഹഃ

സൂര്യന്റെ നിറം ചുവപ്പും കറുപ്പും ചേർന്നതാണ്. ചന്ദ്രന് നല്ല വെളുപ്പാണ്. ചൊവ്വ കുള്ളനും ചുവപ്പും വെളുപ്പും ചേർന്നവനും ആകുന്നു. ബുധൻ കറുകപോലെ കറുത്തവനും വ്യാഴം വെളുത്തവനും ശുക്രൻ ഇരുനിറക്കാരനും ശനി തനിക്കറുമ്പനും ആണ്.

ഗ്രഹങ്ങളുടെ ലിംഗം

സൂര്യനും ചൊവ്വയും വ്യാഴവും പുരുഷന്മാരും, ചന്ദ്രനും ശുക്രനും രാഹുവും സ്ത്രീകളും, കേതു നപുംസകവും ബുധൻ സ്ത്രീനപുംസകവും ശനി പുംനപുംസകവും ആകുന്നു. [ 151 ]

"ശുക്രൻ ഏഴിലാണെങ്കിൽ ജാതകൻ സമ്പത്തും സൗന്ദര്യവും സുന്ദരിയായ ഭാര്യയും ഉള്ളവനാകും. പക്ഷെ പരസ്ത്രീകളിലാകും അയാൾക്ക് താല്പര്യം" (പണ്ടുകാലത്ത് നമ്പൂതിരിമാർ ജനിക്കുമ്പോൾ ശുക്രൻ മനഃപൂർവം പോയി ഏഴാം ഭാവത്തിൽ നിൽക്കുമായിരുന്നു!).

"ശുക്രൻ 12-ം ഭാവത്തിൽ നിന്നാൽ മൃഷ്ടാന്നഭോജന സുഖവും ശയനസുഖവും സമ്പൽ സമൃദ്ധിയും ഉണ്ടാകും" (നമ്പൂതിരിമാർ ജനിക്കുമ്പോൾ ശുക്രൻ പണ്ട് 7ലും 12ലും ഒരേ സമയം നിന്നിട്ടുണ്ടാകുമോ ആവോ!).

ഗ്രഹങ്ങളുടെ ജാതി

വ്യാഴവും ശുക്രനും ബ്രാഹ്മണരും, കുജനും സൂര്യനും ക്ഷത്രിയരും, ചന്ദ്ര-ബുധന്മാർ വൈശ്യരും, ശനി ശുദ്രനും, രാഹു ഭ്രഷ്ടനും (പറയൻ) ആണ്. (ബുധന്റെയും ശനിയുടെയും കാര്യത്തിൽ തർക്കമുണ്ട്).

ചന്ദ്രൻ, സൂര്യൻ, വ്യാഴം ഇവർ സത്വഗുണമുള്ളവരും, ശുക്രനും ബുധനും രജോഗുണമുള്ളവരും, കുജനും ശനിയും തമോഗുണമുള്ളവരും ആകുന്നു.

ഗ്രഹങ്ങളുടെ രൂപം

സൂര്യൻ തേൻനിറമുള്ള കണ്ണുകളോടുകൂടിയവനും ചതുര ശരീരിയുമാണ് ('മധുപിംഗല ദൃക് ചതുരശ്രതനു' എന്നു വരാഹൻ.) അവന് പിത്ത പ്രകൃതിയും തലമുടി കുറവുമാണ്. ചന്ദ്രന്റെ ശരീരം വൃത്താകാരവും വാത-കഫങ്ങൾ കൂടിയതും ആണ്. അവൾ ബുദ്ധിശാലിയും മധുരഭാഷിയും സുന്ദരനേത്രയും ആണ്. കുജൻ യുവാവും ദാനശീലനും പിത്ത പ്രകൃതിയും ചഞ്ചലഹൃദയനും കൃശമധ്യനും ആണ്. ബുധൻ നാനാർഥങ്ങളോടെ സംസാരിക്കുന്നവനും രസികനും ത്രിദോഷങ്ങൾ അധികമുള്ളവനും ആകുന്നു. ഇങ്ങനെ പോകുന്നു വരാഹന്റെ രൂപവർണന.

ഗ്രഹങ്ങളുടെ ശത്രു-മിത്രത്വം

ഗ്രഹങ്ങൾ തമ്മിൽ നിസർഗ്ഗ (സ്ഥിര) ശത്രു-മിത്രത്വവും, താൽക്കാലിക ശത്രു-മിത്രത്വവും ഉണ്ടത്രെ. ആദ്യം സ്ഥിര ശത്രു-മിത്രത്വം പറയാം (ഇക്കാര്യത്തിൽ വരാഹനോട് വിയോജിക്കുന്നവരും ഉണ്ട്). സൂര്യന് ചന്ദ്രനും കുജനും വ്യാഴവും നിസർഗ്ഗ ബന്ധുക്കൾ. ശനി, ശുക്രൻ നിസർഗ്ഗ ശത്രുക്കൾ, ബുധൻ നിസർഗ്ഗസമൻ. ചന്ദ്രന് സൂര്യൻ, ബുധൻ ബന്ധു, കുജൻ, വ്യാഴം, ശുക്രൻ, ശനി സമന്മാർ (ശത്രുക്കളില്ല). കുജന് വ്യാഴം, ചന്ദ്രൻ, സൂര്യൻ ബന്ധു; ബുധൻ ശത്രു. ശുക്രൻ, ശനി സമന്മാർ ഇങ്ങനെ പോകുന്നു പട്ടിക. ബന്ധുത്വം ചിലപ്പോൾ ഏകപക്ഷീയവുമാകാം. ഉദാ: ചന്ദ്രന് ബുധൻ ബന്ധുവാണെങ്കിലും തിരിച്ച് ബുധന് ചന്ദ്രൻ ശത്രുവാണ് (എന്താണാവോ കാരണം?)

തൽക്കാല ശത്രുമിത്രത്വങ്ങൾ ഉണ്ടാകുന്നതു ഗ്രഹസ്ഥിതിയനുസരിച്ചാണ്. ഓരോ ഗ്രഹത്തിനും അതിന്റെ സ്ഥാനത്തു നിന്ന് 2,3,4,12,11,10 എന്നീ ഭാവങ്ങളിൽ (അതായത് മുമ്പും പിമ്പുമുള്ള 3 വീതം രാശികളിൽ) നിൽക്കുന്നവർ തൽക്കാല ബന്ധുക്കളാണ്. മറ്റു ഭാവങ്ങളിൽ നിൽക്കുന്നവർ തൽക്കാല ശത്രുക്കളും (പരാശരനും മറ്റും ഇതിനോട് പൂർണമായി യോജിക്കുന്നില്ല). നിസർഗ്ഗബന്ധു തൽക്കാല ബന്ധു കൂടിയായാൽ അതി ബന്ധുവും, നിസർഗ ശത്രു തൽക്കാല ശത്രു കൂടിയായാൽ അതിശത്രുവും ആയിരിക്കും. [ 152 ]

"വൃശ്ചികത്തിൽ കുജനോടുകൂടി ശുക്രൻ നിന്നാൽ വൃദ്ധകളുമായി രമിക്കാൻ ആഗ്രഹിക്കുന്നവനാകും. വൃശ്ചികത്തിൽ സൂര്യനോടുകൂടി ശുക്രൻ നിന്നാൽ ഭാര്യ പ്രസവിക്കാത്തവളായി തീരും." (ജ്യോത്സ്യം പൊതുവിൽ പുരുഷമേധാവിത്വപരമാണെന്ന കാര്യം ശ്രദ്ധിക്കുക. സ്ത്രീ പ്രസവിക്കുമോ ഇല്ലയോ എന്ന കാര്യം പോലും പുരുഷജാതകമാണ് തീരുമാനിക്കുന്നത്).

വസ്ത്രം വാങ്ങുമ്പോൾ ശ്രദ്ധിക്കുക: മേടക്കൂറിൽ ജനിച്ചവർക്ക് ഉത്തമം ചുവപ്പും സ്വർണനിറവും ചാരനിറവുമാണ്. ഇടവക്കാർക്ക് ഇളം ചുവപ്പും പച്ചയും വെള്ളയും. ഇങ്ങനെ മറ്റു കൂറുകാർക്കും. ഇതൊന്നും നോക്കാതെ തന്നിഷ്ടത്തിനു വസ്ത്രമെടുത്താൽ സംഗതി കുഴപ്പമാകും.

ഇതുകൂടാതെ സ്ഥാനഭേദമനുസരിച്ച് ചില സ്പെഷൽ ബന്ധുത്വവുമുണ്ട്. ഉദാ: സൂര്യന് താൻ നിൽക്കുന്ന രാശിയിൽ നിന്ന് 6-‌ആം ഭാവത്തിൽ നിൽക്കുന്ന ശനിയും 7-ലെ ചൊവ്വയും 9-ലെ വ്യാഴവും അനുകൂലികളും 11-ലെ ശുക്രൻ പ്രതികൂലിയുമാണ്. ഇതുപോലെ മറ്റു ഗ്രഹങ്ങൾക്കും സ്ഥാനമനുസരിച്ച് പ്രത്യേക ആനുകൂല്യവും പ്രാതികൂല്യവുമുണ്ട്.

ഗ്രഹങ്ങളുടെ ജന്മദേശം

സൂര്യൻ കലിംഗത്തിലും, ചൊവ്വ അവന്തിയിലും, ബുധൻ മഗധത്തിലും ഒക്കെയാണ് ജനിച്ചത് എന്ന് ജ്യോതിഷം പറയുന്നു. ഭൂമിയുടെ 1300 ഇരട്ടിയുള്ള വ്യാഴം ജനിച്ചപ്പോൾ ചെറുതായിരുന്നിരിക്കും എന്നാശ്വസിക്കാം!

ഗ്രഹയുദ്ധം

ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ താരഗ്രഹങ്ങളിൽ ഒന്നിലധികം എണ്ണം ഒരേ രാശിയിൽ, അവ തമ്മിലുള്ള അകലം 3 ഡിഗ്രി 20 മിനുട്ടിൽ (ഒരു നവാംശകത്തിൽ) കുറഞ്ഞു നിന്നാൽ ഗ്രഹയുദ്ധമുണ്ടാകും. അടുത്ത രാശിയിലേക്ക് ആദ്യം കടക്കുന്ന ഗ്രഹമാണതിൽ വിജയിക്കുക. അവനായിരിക്കും ബലം കൂടുതൽ. പക്ഷെ, ശുക്രൻ എവിടെ നിന്നാലും ജയിക്കും (ഇതിൽ പക്ഷാന്തരമുണ്ട്). സൂര്യചന്ദ്രന്മാർ തമ്മിൽ യുദ്ധമില്ലാ കരാർ ഒപ്പിട്ടിട്ടുണ്ട്.

ചേഷ്ടാബലം

സൂര്യനും ചന്ദ്രനും ഉത്തരായനകാലത്തും ചന്ദ്രന് പൗർണമിനാളിലും മറ്റുഗ്രഹങ്ങൾക്കു ചന്ദ്രനോടുകൂടി നിൽക്കുമ്പോഴും, വക്രത്തിലും ബലം കൂടും.

നിസർഗബലം

ഗ്രഹങ്ങളിൽ ഏറ്റവും ബലവാൻ സൂര്യനാണ്. പിന്നെ ചന്ദ്രൻ, ശുക്രൻ, വ്യാഴം, ബുധൻ, ചൊവ്വ, ശനി എന്ന ക്രമത്തിൽ.

ദൃഷ്ടി ബലം

ജ്യോതിഷഫലചിന്തയിൽ വളരെ പ്രധാനമാണ് ഗ്രഹദൃഷ്ടി. ഓരോ ഗ്രഹത്തിനും അതു നിൽക്കുന്ന രാശിയിൽ നിന്ന് ഏഴാം രാശിയിലേക്ക് പൂർണദൃഷ്ടിയും 4-ലും 8-ലും ¾ ദൃഷ്ടിയും 5-ലും 9-ലും ½ ദൃഷ്ടിയും 3-ലും 10-ലും ¼ ദൃഷ്ടിയും ഉണ്ട്. ലഗ്നത്തിലെ വ്യാഴത്തിന് ഏഴാംഭാവത്തിലെ ചൊവ്വയുടെ ദോഷം ദൃഷ്ടികൊണ്ട് പരിഹരിക്കാനാകും എന്നർഥം. ശനിക്ക് അതിന്റെ ¼ ദൃഷ്ടിസ്ഥാനവും വ്യാഴത്തിന് ½ ദൃഷ്ടിസ്ഥാനവും ചൊവ്വക്ക് ¾ ദൃഷ്ടിസ്ഥാനവും പൂർണദൃഷ്ടി സ്ഥാനങ്ങൾക്ക് തുല്യമാണ് (അതായത് അവയ്‌ക്കെല്ലാം 3 പൂർണദൃഷ്ടി സ്ഥാനങ്ങളുണ്ട്). [ 153 ]

"രണ്ടാം ഭാവത്തിൽ ശനി നിന്നാൽ വിദ്യയിൽ പിന്നിലാകും. മഠയനായിരിക്കും. ബന്ധുക്കളുമായി രമ്യതയിൽ കഴിയില്ല. അന്യദേശവാസിയാകും. പല്ലിനോ മുഖത്തിനോ വൈകൃതമുണ്ടാകും. മൂന്നാമിടത്തു ശനി നിന്നാൽ ദീർഘായുസ്സും, ഉൽകൃഷ്ടതയും, ബുദ്ധിയും, സൽസ്വഭാവവും ഉണ്ടാകും. നല്ല ഭാര്യയും ധാരാളം സുഖ സാമഗ്രികളും ലഭിക്കും" (എന്തു പണച്ചെലവുണ്ടായാലും വേണ്ടില്ല, രണ്ടാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കാതെ നോക്കണം പ്രസവം അല്പം (ഏറിയാൽ 2 മണിക്കൂർ) താമസിപ്പിച്ചാൽ മതിയല്ലോ. ഇക്കാലത്ത് അത് എളുപ്പമാണ്.)

ഗ്രഹങ്ങളുടെ കാരകത്വം

ഓരോ ഗ്രഹവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ പ്രത്യേകമായി സൂചിപ്പിക്കുന്നുണ്ടത്രേ. ഉദാഹരണത്തിന്, സൂര്യനെക്കൊണ്ട് ഒരാളുടെ പിതാവ്, ആത്മാവ്, ധീരത, ഉദ്യോഗം, പ്രതാപം, ആരോഗ്യം, ഐശ്വര്യം ഇവയെ ചിന്തിക്കണം. ചന്ദ്രൻ അമ്മ, മനസ്സ്, രക്തം, കൃഷി, രാജപ്രീതി ഇവയുടെയും, ചൊവ്വ യുദ്ധം, ധീരത, സഹോദരൻ, ഭൂസ്വത്ത് ഇവയുടേയും, ബുധൻ വിദ്യ, വാക്ചാതുര്യം, അമ്മാവൻ, സുഹൃത്തുക്കൾ മുതാലയവരുടെയും കാരകഗ്രഹമാണ്. വ്യാഴത്തിന് സന്താനം, ധനം, കീർത്തി, ദൈവഭക്തി ഇവയ്‌ക്ക് മേലും, ശുക്രന് ജീവിതപങ്കാളി, സൗന്ദര്യം, സംഗീതം, സാഹിത്യം, അലങ്കാരം, ലൈംഗിക കാര്യങ്ങൾ ഇവയ്‌ക്കുമേലും കാരകത്വമുണ്ട്. രോഗം, ദുരിതം, മരണം ഇവയ്ക്ക് ശനിയും, രക്തദൂഷ്യം, ഭാഷാപഠനം, പിതാമഹൻ ഇവയ്‌ക്ക് രാഹുവും, അപകടം, ശസ്ത്രക്രിയ, മാതാമഹൻ ഇവയ്‌ക്ക് കേതുവും കാരകത്വം വഹിക്കുന്നു.

ഓരോഗ്രഹത്തിനും ബലവും അനുകൂലസ്ഥിതിയുമുണ്ടായാൽ അതിന്റെ കാരകത്വമനുസരിച്ച് ഗുണഫലങ്ങൾ നൽകാൻ കഴിയും. മറിച്ചായാൽ ദോഷഫലങ്ങളും ഉണ്ടാവും. ഉദാഹരണത്തിന് സൂര്യൻ ബലഹീനനായാൽ പിതാവിനു ദോഷം വരാം. ഗവണ്മെന്റ് ജോലിയിൽ പ്രശ്‌നങ്ങളുണ്ടാകാം. ചുരുക്കത്തിൽ മാനത്തെ ഭരാണാധികാരികളുടെ പോർട്ട്ഫോളിയോ എല്ലാവരും അറിഞ്ഞിരിക്കണം എന്നർഥം.

ജനനസമയത്തെ ഗ്രഹങ്ങളുടെ ബലം നിർണയിക്കുന്നതിൽ സ്ഥാനബലത്തോടൊപ്പം ദിശാബലവും പരിഗണിക്കണം. കൂടിയ ബലം 60 ആണെന്ന് ഓണക്കൂറിന്റെ ബൃഹജ്ജാതക വ്യാഖ്യാനത്തിൽ കാണാം. ഉച്ചത്തിൽ ഗ്രഹബലം 60, മൂലത്രികോണത്തിൽ 45, സ്വക്ഷേത്രത്തിൽ 30, അതിബന്ധുക്ഷേത്രത്തിൽ 22½ ബന്ധു ക്ഷേത്രത്തിൽ 15, സമക്ഷേത്രത്തിൽ 7½ ശത്രുക്ഷേത്രത്തിൽ 3¼ അതിശത്രുവിൽ 178 നീചത്തിൽ ശൂന്യം. ഇതു കൂടാതെ ചന്ദ്രന് പക്ഷബലവുമുണ്ട്. ഇവയ്‌ക്ക് പുറമെയാണ് ദിക്ബലം. ലഗ്നം, ദശമം, സപ്തമം, ചതുർഥം എന്നീ രാശികളാണ് ദിക്‌രാശികൾ അഥവാ കേന്ദ്രങ്ങൾ. ലഗ്നത്തിൽ ബുധൻ, വ്യാഴം ഇവയ്‌ക്കും, പത്തിൽ സൂര്യനും കുജനും, ഏഴിൽ ശനിക്കും, നാലിൽ ശുക്രനും ചന്ദ്രനും ദിക്‌ബലമുണ്ട്. അയനബലം, വക്രബലം, അംശകബലം, വാരാധിപബലം (ഞായറാഴ്ച സൂര്യനും തിങ്കളാഴ്ച ചന്ദ്രനും) എന്നിങ്ങനെ നാനാതരം ബലങ്ങൾ വേറെയുമുണ്ട്.

ഭാവകാരകത്വം

ഗ്രഹങ്ങൾക്കെന്നപോലെ ഭാവങ്ങൾക്കും കാരകത്വമുണ്ട്. [ 154 ] ഒന്നാംഭാവമായ ലഗ്നം കൊണ്ട് ആയുസ്സ്, ശരീരം (ഘടന, നിറം, സൗന്ദര്യം), സ്വഭാവം, കീർത്തി, സുഖം, ജയവും തോൽവിയും ഇവയെക്കുറിച്ച് ചിന്തിക്കണം. ലഗ്നത്തിന്റെ കാരകഗ്രഹം സൂര്യനാണ്. ഇതുകൂടാതെ ലഗ്നരാശിയുടെ രാശ്യാധിപനുമുണ്ട്. ഭാവം, ഭാവനാഥൻ (രാശ്യാധിപൻ), ഭാവകാരകൻ ഇവ മൂന്നും വെച്ചു വേണം ഭാവഫലചിന്ത.

ഗ്രഹദോഷമുണ്ടോ? സാരമില്ല. അല്പം കാശു മുടക്കിയാൽ പരിഹരിക്കാവുന്നതേയുള്ളു. ഓരോ ഗ്രഹദോഷത്തിനും ധരിക്കേണ്ട രത്നക്കല്ലുകളിവയാണ്. സൂര്യനു മാണിക്യം, ചന്ദ്രനു ചന്ദ്രകാന്തം, വെൺ പവിഴം, ചൊവ്വക്ക് ചെമ്പവിഴം, ബുധനു മരതകം, വ്യാഴത്തിനു പുഷ്യരാഗം, ശുക്രനു വജ്രം, ശനിക്ക് ഇന്ദ്രനീലം, രാഹുവിന് ഗോമേദകവും തവിട്ടു വൈഡുര്യവും ഇവ ധരിച്ചാൽ നേട്ടമുണ്ടാകാതിരിക്കില്ല. (ആഭരണ വ്യാപാരിക്കും അതിലൊരു പങ്ക് ജ്യോത്സ്യനും)

രണ്ടാം ഭാവം വിദ്യാസ്ഥാനവും ധനസ്ഥാനവുമാണ്. മൂന്നാം ഭാവം സഹോദരസ്ഥാനവും, നാല് മാതൃസ്ഥാനവും (വീട്, ബന്ധുക്കൾ, അമ്മാവൻ, കന്നുകാലി മുതലായവയും), അഞ്ച് പുത്രസ്ഥാനവും, ആറ് ശത്രു-രോഗസ്ഥാനവും (കള്ളന്മാർ, വിഘ്നം, വ്യാധികൾ), ഏഴ് കളത്രസ്ഥാനവും (വിവാഹം, ക്രയവിക്രയം, ആഗ്രഹം), എട്ട് ആയുർസ്ഥാനവും, ഒമ്പത് ഭാഗ്യസ്ഥാനവും, പത്ത് കർമസ്ഥാനവും (തൊഴിൽ, ജയം, ധനപ്രാപ്തി ആദിയായവ), പതിനൊന്ന് ലാഭസ്ഥാനവും, പന്ത്രണ്ട് വ്യയസ്ഥാനവും (ധനനഷ്ടം, ദാരിദ്ര്യം, സഞ്ചാരം, അംഗവൈകല്യം) സൂചിപ്പിക്കുന്നു.

ഷഡ്‌വർഗ വിഭജനം

ജാതകത്തിൽ ഏതു ഗ്രഹമാണ് ജാതകന് കൂടുതൽ അനുകൂലം, ഏതാണ് പ്രതികൂലം എന്നറിയാൻ ഗ്രഹത്തിന്റെ കൃത്യമായ രാശിസ്ഥാനം കണ്ട് ബലം കണക്കാക്കുന്നതിനുള്ള 6 തരം വർഗീകരണ രീതികളാണ് ഷഡ്‌വർഗം എന്നറിയപ്പെടുന്നത് (16 തരം വർഗങ്ങളുള്ള ഷോഡശവർഗീകരണമാണ് പരാശരമുനി നിർദേശിച്ചിട്ടുള്ളതെങ്കിലും, ഷഡ്‌വർഗങ്ങളാണ് പൊതുവെ ജ്യോത്സ്യന്മാർ സ്വീകരിച്ചിട്ടുള്ളത്). ഷഡ്‌വർഗങ്ങൾ ഇവയാണ്: ക്ഷേത്രം (മുഴുവൻ രാശി), ഹോര (രാശിയുടെ പകുതി), ദ്രേക്കാണം (രാശിയുടെ 13 ഭാഗം), നവാംശകം (19 ഭാഗം) , ദ്വാദശംശകം (112 ഭാഗം), ത്രിംശംശകം (130 ഭാഗം). ഇതിൽ ക്ഷേത്രവും നാവാംശകവുമാണത്രേ ഏറെ പ്രധാനം.

ഒരു ഗ്രഹം നിൽക്കുന്ന രാശിയാണ് ക്ഷേത്രം. അതു സ്വക്ഷേത്രമാണോ, ഉച്ചമാണോ, ബന്ധുക്ഷേത്രമാണോ, മൂലമാണോ എന്നൊക്കെ നോക്കി വേണം ഗ്രഹത്തിന്റെ ബലവും ഫലദായകത്വവും തീരുമാനിക്കാൻ. ആ രാശിയിൽ നിൽക്കുന്ന കാലത്ത് രാശ്യാധിപൻ ഗ്രഹത്തിന്റെ അധിപൻ കൂടിയായിരിക്കും.

രാശിയെ രണ്ടായി ഭാഗിക്കുന്നതാണ് ഹോര (15 ഭാഗ). ഓജ രാശിയാണെങ്കിൽ ആദ്യഹോരയുടെ അധിപൻ സൂര്യനും, രണ്ടാം ഹോരയുടെ അധിപൻ ചന്ദ്രനും, യുഗ്മരാശിയാണെങ്കിൽ തിരിച്ചും എന്നാണ് സങ്കല്പം. ഒരു ഗ്രഹം ഏതു ഹോരയിലാണോ ആ ഹോരയുടെ അധിപനായിരിക്കും (സൂര്യനോ, ചന്ദ്രനോ) ഗ്രഹത്തിന്റേയും അധിപൻ. സൂര്യൻ തന്നെ സൂര്യ [ 155 ] ഹോരയിൽ നിന്നാൽ വിശേഷായി. (ചന്ദ്രൻ ചന്ദ്രഹോരയിൽ നിന്നാലും)

ഗ്രഹദോഷ പരിഹാരത്തിനെന്ന പോലെ രോഗശമനത്തിനും രത്നങ്ങൾ ഉത്തമമാണ്(രത്നം ധരിച്ചാൽ പിന്നെ മരുന്നു കഴിക്കണ്ട എന്നാരും ധരിച്ചു കളയരുത്)

ജ്യോതിഷ വിശ്വാസികൾ ധരിക്കേണ്ടത് ഈ രത്നങ്ങളാണ്. വലിവിന് ചെമ്പവിഴം, മരതകം, മുത്ത്, ഞരമ്പുരോഗത്തിന് കടും ഇന്ദ്രനീലം, പ്രമേഹത്തിനു ചെമ്പവിഴം, മരതകം, രക്താർബുദത്തിനും ക്ഷയത്തിനും ചെമ്പവിഴം, മഞ്ഞ ഇന്ദ്രനീലം ഇങ്ങനെ പോകുന്നു പട്ടിക. വേണ്ടത്ര ചെമ്പവിഴവും, മഞ്ഞ ഇന്ദ്രനീലവും കിട്ടാനില്ലാത്തതിനാലാകാം ഇന്ത്യയിൽ ഒരു കോടിയോളം ക്ഷയരോഗികളുള്ളത്.

ദ്രേക്കാണം മുമ്പ് വിവരിച്ചതാണ്. രാശിയെ 3 ആയി വിഭജിക്കുന്നു (ക്രാന്തിവൃത്തത്തെ 36 ആയി വിഭജിച്ച് അതിൽ സൂര്യന്റെ സ്ഥാനം കണക്കാക്കി ഋതുമാറ്റം പ്രവചിക്കുന്ന ബാബിലോണിയരുടെ ശാസ്ത്രം ഓർക്കുക). ആദ്യദ്രേക്കാണത്തിന്റെ അധിപൻ ആ രാശിയുടെ നാഥനും, മധ്യദ്രേക്കാണത്തിന്റെ അധിപൻ അതിൽ നിന്ന് അഞ്ചാമത്തെ രാശിയുടെ അധിപനും, അന്ത്യദ്രേക്കാണത്തിന്റെ അധിപൻ ഒമ്പതാം രാശിയുടെ അധിപനും ആയിരിക്കും. ഉദാഹരണത്തിന് ഒരു കുഞ്ഞു ജനിക്കുമ്പോൾ ബുധൻ മീനം രാശിയുടെ 17-ം ഭാഗയിൽ നിൽക്കുന്നു എന്നിരിക്കട്ടെ. അതു മധ്യദ്രേക്കാണമാണല്ലോ. അതുകൊണ്ട് മീനത്തിന്റെ അഞ്ചാം രാശിയായ കർക്കടകത്തിന്റെ അധിപൻ ചന്ദ്രനായിരിക്കും ബുധന്റെ ദ്രേക്കാണാധിപൻ. ആദ്യ ദ്രേക്കാണം കർമത്തെ സംബന്ധിച്ചും, മധ്യ ദ്രേക്കാണം ഭോഗസുഖാദികളെ സംബന്ധിച്ചും, അന്ത്യ ദ്രേക്കാണം നാശത്തെ സംബന്ധിച്ചും ഉള്ള കാരകത്വം വഹിക്കുന്നുവത്രേ. ദ്രേക്കാണങ്ങളിലെ ഗ്രഹങ്ങളാണ് ഫലം തീരുമാനിക്കുന്നത്.

ഷഡ്‌വർഗങ്ങളിൽ നവാംശകം വളരെ പ്രധാനമായി കണക്കാക്കുന്നു. രാശിയെ 9 ആക്കി ഭാഗിക്കുന്നു. ഓരോ നവാംശവും 3 ഭാഗ 20 കല വീതമാണ് ഒരു നാളിന്റെ കാൽ ഭാഗമാണിത്. (രാശി=2¼ നാളാണല്ലോ) നക്ഷത്ര പാദം അഥവാ കാൽ എന്നു പറയും. പണ്ടു കാലത്ത് ഗ്രഹസ്ഫുടം നോക്കി കൃത്യമായി പ്രായം ഗണിക്കാൻ വിഷമമാണെന്നുകണ്ട് ജ്യോതിഷികൾ സൃഷ്ടിച്ചെടുത്ത ഒരു എളുപ്പമാർഗമാണ് നവാംശകം. കുഞ്ഞു ജനിച്ചപ്പോൾ ഒരു രാശിയുടെ ഏതു നവാംശത്തിലാണ് ഓരോഗ്രഹവും നിന്നിരുന്നത്, ഇപ്പോൾ ഏതു രാശിയിൽ ഏതു നവാംശത്തിൽ നിൽക്കുന്നു എന്നറിഞ്ഞാൽ, സാമാന്യം കൃത്യതയോടെ പ്രായം കണക്കാക്കാൻ പറ്റും (ഒരു നവാംശത്തിൽ ശനി 4 മാസവും വ്യാഴം 1¼ മാസവും ആണുണ്ടാവുക). ഇങ്ങനെ പ്രായം ഗണിക്കാൻ ചെയ്ത ഒരേർപ്പാട് പിന്നീട് പാദദോഷം (കാലുള്ള നാളുകൾ) എന്ന അന്ധവിശ്വാസമായി മാറി. പൂയം നാളിന്റെ ആദ്യ പാദത്തിൽ ജനിച്ചാൽ തനിക്കു തന്നെയും, രണ്ടാമത്തെ കാലിൽ ജനിച്ചാൽ മാതാവിനും, മൂന്നാമത്തെ കാലിൽ പിതാവിനും, നാലാമത്തേതിൽ അമ്മാവനും ആപത്തുണ്ടാകുമത്രേ. ഇതുപോലെ അത്തം, പൂരാടം, തൃക്കേട്ട മുതലായ പല നാളുകൾക്കും അപകടകരികളായ കാലുകളുണ്ടത്രേ (കൂട്ടുകുടുംബം ഇല്ലാതയതോടെ പല കാലുകളും കുഴപ്പക്കാരല്ലാതായിട്ടുണ്ട്, പ്രത്യേകിച്ച് അമ്മാവൻ കാൽ). [ 156 ]

ബു
ശു
ബു
നവാംശകം
കുറിക്കുന്ന രീതി

ചരരാശിയായ മേടത്തിന്റെ നാലാം നവാംശത്തിൽ ബുധൻ നിൽക്കുന്നുവെങ്കിൽ മേടത്തിൽ നിന്നു നാലാം രാശിയായ കർക്കിടകത്തിനു പുറത്ത് 'ബു' എന്നെഴുതുന്നു. സ്ഥിരരാശിയായ ഇടവത്തിന്റെ മൂന്നാം നവാംശത്തിൽ സൂര്യനുണ്ടെങ്കിൽ ഇടവത്തിൽ നിന്ന് ഒമ്പതാം രാശിയായ മകരത്തിൽ നിന്ന് മൂന്നാമത് നിൽക്കുന്ന മീനത്തിന് പുറത്ത് 'ര' എന്നെഴുതുന്നു. ഉദയരാശിയായ ധനുവിന്റെ ഒമ്പതാം നവാംശത്തിൽ ചന്ദ്രനുണ്ടെങ്കിൽ ധനുവിന്റെ അഞ്ചാം രാശിയിൽ തുടങ്ങി ഒമ്പതു രാശി എണ്ണി അതിന്റെ പുറത്ത് (അതും ധനുരാശി തന്നെ) 'ച' എന്നെഴുതുന്നു.

ഒരു രാശിയിലെ നവാംശങ്ങൾക്ക് 1,2,......9 എന്നിങ്ങനെ എണ്ണം നൽകി അതിൽ എത്രാമത്തെ നവാംശത്തിൽ ഗ്രഹം നിൽക്കുന്നു എന്നു കുറിക്കുന്നതിനു പകരം ഗ്രഹനിലയിൽ അക്കാര്യം രേഖപ്പെടുത്തുന്നതിന് രസകരമായ ഒരു രീതിയാണ് ജ്യോത്സ്യന്മാർ സ്വീകരിക്കുന്നത്. ഒരു ചരരാശിയുടെ ഒന്നാമത്തെ നവാംശത്തിന് ആ രാശിയുടെ പേരും രണ്ടാമത്തെ നവാംശത്തിന് തൊട്ടടുത്ത രാശിയുടെ പേരും അങ്ങനെ 9-മത്തെ നവാംശത്തിന് ആ രാശിയിൽനിന്ന് ഒമ്പതാമത്തെ രാശിയുടെ പേരും നൽകുന്നു. ഉദാ: മേടം രാശിയുടെ നവാംശങ്ങൾ മേടം, ഇടവം, മിഥുനം, ........ധനു എന്നിങ്ങനെ 9 എണ്ണം ആയിരിക്കും. മേടത്തിന്റെ നാലാം നവാംശത്തിൽ ബുധൻ നിൽക്കുന്നുവെങ്കിൽ, ഗ്രഹനിലയിൽ കർക്കടക രാശിക്കു പുറത്ത് 'ബു' എന്നെഴുതും. മേടം, കർക്കിടകം, തുലാം, മകരം എന്നീ ചരരാശികൾക്കെല്ലാം ഈ വിധം അതാതു രാശികളിൽ നിന്ന് എണ്ണിതുടങ്ങണം. കർക്കിടകത്തിൽ ഏഴാം നവാംശത്തിൽ ശുക്രനുണ്ടെങ്കിൽ, കർക്കിടകത്തിന്റെ ഏഴാംഭാവമായ മകരത്തിനു പുറത്തുവേണം 'ശു' എന്നെഴുതാൻ.

സ്ഥിരരാശികളുടെ കാര്യത്തിൽ നവാംശം എണ്ണിത്തുടങ്ങുക ആ രാശിയുടെ ഒമ്പതാംരാശി മുതലാണ്. ഉദാഃ സൂര്യൻ ഇടവത്തിന്റെ മൂന്നാം നവാംശത്തിലാണുള്ളതെന്നിരിക്കട്ടെ. ഒന്നാം നവാംശം മകരം, രണ്ട് കുംഭം, മൂന്ന് മീനം മീനത്തിനു പുറത്ത് ര എന്നെഴുതുന്നു. ഉഭയരാശികൾക്ക് എണ്ണിതുടങ്ങേണ്ടത് അഞ്ചാം രാശി മുതൽക്കാണ്. ഉദാഃ ധനുവിൽ ഒമ്പതാം നവാംശത്തിൽ ചന്ദ്രനുണ്ടെന്നിരിക്കട്ടെ അപ്പോൾ ധനുവിന്റെ അഞ്ചാം രാശിയായ മേടത്തിൽ നവാംശം തുടങ്ങുന്നു. 9ം നവാംശം ധനു തന്നെ ധനുവിന് പുറത്ത് 'ച' എഴുതുന്നു. ഗ്രഹം നിൽക്കുന്ന രാശിയിൽത്തന്നെ നവാംശവും വന്നാൽ അതിനു വർഗോത്തമം എന്നും പറയും. ഇവിടെ ചന്ദ്രന് വർഗോത്തമാംശം ഉണ്ട് (ഇങ്ങനെ നവാംശം കള്ളികൾക്കു പുറത്ത് രേഖപ്പെടുത്തുന്നതിനു പകരം പ്രത്യേകമൊരു രാശിചക്രത്തിൽത്തന്നെ അടയാളപ്പെടുത്തുന്ന രീതിയും ഉണ്ട്)

ഒരു രാശിയെ 12 ആയി വിഭജിക്കുന്നതാണ് ദ്വാദശംശകം. 2 ഭാഗ 30 കല ആണ് ഒരു ദ്വാദശംശകം. ഗ്രഹം നിൽക്കുന്ന രാശിയിൽ നിന്ന് എത്രാമത്തെ രാശിയിൽ ദ്വാദശംശകം ചെയ്തു നിൽക്കുന്നുവോ ആ രാശിനാഥനാണ് ദ്വാദശാംശാധിപൻ. എല്ലാ രാശികൾക്കും ദ്വാദശാംശകം കണക്കാക്കുന്നത് ഒരേ രീതിയിലാണ്.

ത്രിംശാംശകം രാശിയുടെ മുപ്പതിൽ ഒരംശം അഥവാ ഒരു ഭാഗയാണ് ഗ്രഹം. 18 ഭാഗ കഴിഞ്ഞു (19 ൽ താഴെ) നിന്നാൽ 18-ം ത്രിംശാംശം എന്നർഥം. ത്രിംശാംശകാധിപനെ കണക്കാക്കുന്ന രീതി സങ്കീർണമാണ്. ഗ്രഹം ഓജരാശിയിലെ 1 മുതൽ [ 157 ] 5 വരെ ഭാഗയിലാണെങ്കിൽ അധിപൻ ചൊവ്വയായിരിക്കും 5-10 ന് ബുധനും, 11-18 ന് വ്യാഴവും, 19-25 ന് ശനിയും 26-30 ന് ശുക്രനും അധിപനാവും. യുഗ്മരാശിയാണെങ്കിൽ 5 ഭാഗവരെ ശുക്രനും 6-12 ന് ബുധനും 13-20 ന് വ്യാഴവും 21-25 ന് ശനിയും 26-30ന് ചൊവ്വയും ആകും അധിപൻ.

പെൺകുട്ടികൾക്ക് പ്രഥമാർത്തവം സംഭവിക്കുന്ന നേരത്തെ ലഗ്നമാണ് ഋതുലഗ്നം. ഋതുലഗ്നത്തിന്റെ ഏഴാം രാശിയിൽ ആദിത്യൻ ദുഃഖവും ചന്ദ്രശുക്രന്മാർ മരണവും ചൊവ്വ ബന്ധനവും ബുധൻ പുത്രനാശവും വ്യാഴം നാശവും ശനി വൈധവ്യവും രാഹു കേതുക്കൾ ദാരിദ്ര്യവും ഫലം ചെയ്യുന്നു. രജസ്സ് താൻ തന്നെ കണ്ടാൽ ദുഃഖവും വിവാഹിത കണ്ടാൽ മംഗല്യ വർധനവും വിധവ കണ്ടാൽ വൈധവ്യവും ദാസി കണ്ടാൽ സുഖ സമ്പത്തുക്കളും പുരുഷൻ കണ്ടാൽ ദാരിദ്ര്യവും കന്യക കണ്ടാൽ ഭാഗ്യ സമൃദ്ധിയും ഫലം.

ലഗ്നവും ഗ്രഹങ്ങളും സ്ഥിതിചെയ്യുന്നത് ഭൂരിഭാഗവും ശുഭന്മാരുടെ വർഗത്തിലായാൽ ശുഭഫലങ്ങളും മറിച്ചായാൽ പാപഫലങ്ങളും വന്നു ഭവിക്കും എന്നാണ് ജ്യോതിഷമതം.

ദശാഫലങ്ങൾ

ഓരോ ഗ്രഹവും ജാതകന് നൽകാൻ ഉദ്ദേശിക്കുന്ന ഫലങ്ങൾ (നല്ലതും ചീത്തയും) ലഭ്യമാകുക അതാത് ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളിലായിരിക്കുമത്രേ. എന്താണീ ദശയും അപഹാരവും എന്ന് നോക്കാം.

ഒരു പുരുഷായുസ്സ് 120 വർഷം എന്നെടുക്കുന്നു. അതിനെ 9 ദശകങ്ങളായി വിഭജിച്ച് ഓരോന്നിനും ഓരോ ദശാധിപനെ കൽപ്പിക്കുന്നു.

കേതുവിന് 7 വർഷം, ശുക്രന് 20 വർഷം, സൂര്യന് 6 വർഷം, ചന്ദ്രന് 10 വർഷം, ചൊവ്വയ്ക്ക് 7, രാഹുവിന് 18, ഗുരുവിന് 16, ശനിയ്ക്ക് 19, ബുധന് 17 എന്നിങ്ങനെയാണ് അലോട്ട്മെന്റ്. വിംശോത്തരീദശാപദ്ധതി എന്നാണീ വിഭജനം അറിയപ്പെടുന്നത്. എന്താണീ വിഭജനത്തിന്റെ അടിസ്ഥാനം എന്ന് ആർക്കും അറിയില്ല.

(ആദിത്യനാറ് ശശിപത്തു, മൊരേഴു ചൊവ്വ
പത്തെട്ട് പാമ്പ് പതിനാറു ബൃഹസ്പതേശ്ച
പത്തൊമ്പതേ ശനി ബുധൻ പതിനേഴു പിന്നെ
കേതൂനുമേഴി, രൂപതാമത് ശുക്രനന്ത്യം - എന്നു സൂത്രവാക്യം)

ഒരു വ്യക്തിയുടെ ജീവിതം ഏതു ദശയിൽ തുടങ്ങും എന്നു തീരുമാനിക്കുന്നത് ആ വ്യക്തി ജനിച്ച നക്ഷത്രം വെച്ചാണ് (തുടങ്ങുന്നത് ഏതു ദശയിലായാലും പിന്നീട് ആവർത്തനം മുൻപറഞ്ഞ ക്രമത്തിലായിരിക്കും) 27 ജന്മ നക്ഷത്രങ്ങളെ 3 വീതമുള്ള ഗ്രൂപ്പുകളായി തിരിച്ച് ഗ്രഹങ്ങൾക്ക് ആധിപത്യം നൽകിയിരിക്കുന്നു. ഗ്രാഹാധിപത്യം ഇപ്രകാരമാണ്.

1. അശ്വതി മകം മൂലം കേതുവിന്
2. ഭരണി പൂരം പൂരാടം ശുക്രന്
3. കാർത്തിക ഉത്രം ഉത്രാടം സൂര്യന്
4. രോഹിണി അത്തം തിരുവോണം ചന്ദ്രന്
5. മകീര്യം ചിത്ര അവിട്ടം ചൊവ്വയ്ക്ക്
6. തിരുവാതിര ചോതി ചതയം രാഹുവിന് [ 158 ]
7. പുണർതം വിശാഖം പൂരുരുട്ടാതി വ്യാഴത്തിന്
8. പൂയം അനിഴം ഉത്രട്ടാതി ശനിക്ക്
9. ആയില്യം തൃക്കേട്ട രേവതി ബുധന്

ഗ്രഹപ്പിഴകളുള്ള കാലങ്ങളിൽ പ്രാതസ്നിതം, അമാവാസ്യാദി പുണ്യകാലങ്ങളിൽ തീർഥസ്നാനം, ജപം, ദാനം, ഹോമം ഇത്യാദി കർമ്മങ്ങൾ ചെയ്താൽ ഗ്രഹദോഷം ഒഴിവാക്കാം. ഓരോ ഗ്രഹത്തിനുമുള്ള മന്ത്രങ്ങൾ ഉരുവിട്ട് ശാന്തി ഹോമാദി കർമങ്ങൾ ചെയ്യുകയോ ചെയ്യിക്കുകയോ വേണം. (ഇതൊക്കെ ഗ്രഹങ്ങൾ എങ്ങിനെ കേൾക്കും എന്നൊന്നും ചോദിക്കരുത് വിശ്വാസത്തിൽ ചോദ്യങ്ങൾ വർജ്യം)

ഭരണി നക്ഷത്രത്തിൽ ജനിക്കുന്ന കുഞ്ഞിന്റെ ജീവിതം ശുക്രദശയിലും അനിഴത്തിൽ ജനിച്ചാൽ ശനിദശയിലും പൂരുരുട്ടാതിയിൽ ജനിച്ചാൽ വ്യാഴദശയിലും ആണ് ആരംഭിക്കുക. ഭരണിയിൽ ജനിച്ചാൽ ആദ്യത്തെ 20 കൊല്ലവും ശുക്രദശയായിരിക്കും എന്നു കരുതണ്ട. ചന്ദ്രൻ ഭരണി നാളിൽ മുക്കാൽ ഭാഗം പിന്നിട്ട ശേഷമാണ് ജനനമെങ്കിൽ ജന്മശിഷ്ടം ¼ ഭാഗമേയുള്ളു അപ്പോൾ ദശയുടേയും കാൽഭാഗമേ സിദ്ധിക്കൂ (ബാക്കി ജീവിതാന്ത്യത്തിൽ കിട്ടും - 105 വർഷത്തിലേറെ ജീവിച്ചിരുന്നാൽ). ഒരു ഗ്രഹം ജാതകന് നൽകാൻ ഉദ്ദേശിക്കുന്ന ഫലങ്ങൾ ആ ഗ്രഹത്തിന്റെ ദശാകാലത്താകും നൽകുക എന്നു പറഞ്ഞല്ലോ. അങ്ങനെ സംഭവിക്കാതിരുന്നാൽ ആളുകൾ ജ്യോത്സ്യനെ ചോദ്യം ചെയ്യില്ലേ? അതിനൊരു മാർഗ്ഗമുണ്ട് ഓരോ ദശയേയും മുൻപറഞ്ഞ അതേ അനുപാതത്തിൽ, 9 അപഹാരങ്ങൾ അഥവാ ഭുക്തികൾ ആക്കിത്തിരിക്കുന്നു. ഉദാഹരണത്തിന്, കേതു ദശയിൽ (7 വർഷം) ആദ്യത്തെ 4 മാസവും 27 ദിവസവും (7X7/120 വർഷം) കേതുവിന്റെ തന്നെ അപഹാരം (സ്വാപഹാരം), അടുത്ത 1 വർഷവും 2 മാസവും (7X20/120) ശുക്രാപഹാരം, പിന്നെ 4 മാ 6 ദി സൂര്യാപഹാരം ... എന്നിങ്ങനെ. കേതുവിന് ഫലദായകത്വം കൂടുക സ്വാപഹാരത്തിലായിരിക്കും.

അപഹാരത്തെ ഇതേ രീതിയിൽ 9 ഛിദ്രങ്ങളും ആക്കിതിരിച്ചിട്ടുണ്ട്. ശനി ദശയിൽ ശനി അപഹാരത്തിൽ ശനി ഛിദ്രത്തിലാകും ശനിയുടെ ഫലദായകത്വം ഏറെ. ആ സമയത്ത് നിങ്ങൾ ജ്യോത്സ്യന്റെ ഉപദേശം കേട്ട് വല്ല പരിഹാരവും നടത്തിയാൽ (പരിഹാരപൂജ, ദാനം, തീർഥാടനം മുതലായവ) നിങ്ങളും (ജ്യോത്സ്യനും) രക്ഷപ്പെടും. ഇനി, അതൊന്നും ചെയ്യാഞ്ഞിട്ടും ശനി ഉപദ്രവിച്ചില്ലെങ്കിൽ 'ദൈവകടാക്ഷം' എന്നു ജ്യോത്സ്യൻ പറയും. യാദൃച്ഛികമായി വല്ലതും സംഭവിച്ചാലോ ജ്യോത്സ്യൻ പ്രശസ്തനാവുകയും ചെയ്യും.

ഗോചരഫലം അഥവാ ഗ്രഹചാരഫലം

ഇതുവരെ ജനനസമയത്തെ ഗ്രഹനില വെച്ചുകൊണ്ടുള്ള കാര്യങ്ങളാണല്ലോ പറഞ്ഞത്. എന്നാൽ ഗ്രഹങ്ങളുടെ രാശിഗതി വെച്ചുകൊണ്ട് അതതുകാലത്ത് എന്താണ് സംഭവിക്കുക എന്നു പ്രവചിക്കുന്ന രീതിയാണ് ഗോചരഫലമെന്നറിയപ്പെടുന്നത്. ഗോചരത്തിൽ ചന്ദ്രലഗ്നം (ജനനസമയത്ത് ചന്ദ്രൻ നിന്നിരുന്ന രാശി) ആണ് ലഗ്നമായെടുക്കുക. ചന്ദ്രലഗ്നം തൊട്ട് ഭാവങ്ങൾ [ 159 ] എണ്ണുന്നു ഓരോ ഭാവത്തിലും അപ്പപ്പോൾ നിൽക്കുന്ന ഗ്രഹങ്ങളെക്കൊണ്ടുവേണം ഫലം പറയാൻ. ഫലപ്രവചനം സാധാരണഗതിയിൽ ഒരു വർഷത്തേക്കായിരിക്കും. ഇതിലെ ഏറ്റവും വലിയ തമാശ, ജ്യോത്സ്യന് സൗകര്യം പോലെ പ്രവചനങ്ങൾ മാറ്റിമറിക്കാം എന്നതാണ്. ലഗ്നാലോ (അതായത് ഉദയരാശി വെച്ച്) ചന്ദ്രാലോ (ചന്ദ്രലഗ്നം വെച്ച്) ഫലപ്രവചനം നടത്താം. രണ്ടും ഒട്ടുമിക്കപ്പോഴും പൊരുത്തപ്പെടില്ല. അതായത് ഒരു ജാതകം തന്നെ പലവിധത്തിൽ വ്യാഖ്യാനിക്കാം എന്നർഥം. ജ്യോത്സ്യനെ കാണേണ്ടപോലെ കണ്ടാൽ ആഗ്രഹിച്ച ഫലപ്രവചനം കിട്ടുമാറാകും.

ഗ്രഹങ്ങളെല്ലാം ദേവന്മാരണല്ലോ. അവർ ഓരോ സമയത്തും കുളി, വസ്ത്രധാരണം, സുരപാനം, പൂജ, ധ്യാനം, അതിഥി സൽക്കാരം, സുരതം തുടങ്ങിയ 27 തരം കർമ്മങ്ങളിൽ വ്യാപൃതരായിരിക്കും. സൂര്യൻ മദ്യപാനം ചെയ്യുന്ന സമയത്ത് ജനിക്കുന്ന കുട്ടി സ്വാഭാവികമായും ദുർവൃത്തനായിരിക്കും.

ല2 ച7
ല1 ച4
ല12 ച10
ച11

ഏഴരശ്ശനിയും കണ്ടകശ്ശനിയും ശനി ലഗ്നാൽ 12,1,2 ഭാവങ്ങളിലൂടെ കടന്നുപോകുന്ന 7 ½ വർഷമാണ് ഏഴരശ്ശനികാലം.

ശനി ചന്ദ്രാൽ 4,7,10 ഭാവങ്ങളിലൂടെ കടന്നുപോകുന്ന കാലമാണ് കണ്ടകശ്ശനി കാലം.

ഗ്രഹവേധം

ജാതകത്തിൽ ചന്ദ്രാൽ ചില ഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങൾ ശുഭഫലങ്ങളോ ദോഷഫലങ്ങളോ ചെയ്യും എന്നാണല്ലോ വിശ്വാസം. എന്നാൽ ഭാവം മാത്രം അറിഞ്ഞതുകൊണ്ടായില്ല, വേധം കൂടി അറിയണം. വേധം എന്നാൽ അമ്പെയ്തു വീഴ്ത്തൽ തന്നെ. ഗോചരത്തിൽ ചില ഗ്രഹങ്ങൾ മറ്റുചിലതിനെ വേധം ചെയ്ത് ഫലദാന ശക്തി കെടുത്തുമത്രേ. ഉദാഹരണത്തിന്, ചന്ദ്രാൽ 3,6,10,11 ഭാവങ്ങളിൽ നിൽക്കുന്ന സൂര്യൻ ശുഭഫലദായകനാണ്. ഈ ഫലദായകത്വത്തെ 9,12,4,5 ഭാവങ്ങളിൽ നിൽക്കുന്ന ഗ്രഹങ്ങൾ വേധിക്കും. അതുപോലെ ചൊവ്വ, ശനി, രാഹു ഇവയ്‌ക്ക് 3,6,11 സ്ഥാനങ്ങൾ ശുഭങ്ങളും 12,9,5 വേധസ്ഥാനങ്ങളുമാണ്. ഇതു പോലെ മറ്റു ഗ്രഹങ്ങൾക്കും. രവിയും, ശനിയും, ചന്ദ്രനും, ബുധനും പരസ്പരം വേധിക്കില്ല.

ഏഴരശനിയും കണ്ടകശനിയും

ശനിയുടെ പ്രധാനപ്പെട്ട ഗോചരകാലങ്ങാളിവ. ശനി ഒരു രാശിയിലൂടെ സഞ്ചരിക്കാൻ 2½ വർഷം എടുക്കുമല്ലോ. 30 വർഷത്തിൽ ഒരു തവണ അത് എല്ലാ രാശികളിലൂടെയും പോകും. അതിൽ 7½ വർഷം തുടർച്ചയായി ലഗ്നത്തിനു മുമ്പുള്ള രാശി (12-ാം ഭാവം), ലഗ്നം (ഒന്നാം ഭാവം), ലഗ്നത്തിന് ശേഷമുള്ള രാശി (2-ം ഭാവം) ഇവയിലായിരിക്കുമല്ലോ. ഈ 7½ വർഷമാണ് ഏഴരശ്ശനി. അതുപോലെ ചന്ദ്രാൽ 4,7,10 ഭാവങ്ങളിലൂടെ ശനി സഞ്ചരിക്കുന്ന കാലത്തെ കണ്ടകശ്ശനി എന്നു പറയും. രണ്ടും മഹാ ചീത്തകാലമാണത്രേ. അലച്ചിൽ, അപമാനം, വിരഹം, പരദേശവാസം, സ്ഥാനചലനം, കേസുകൾ, ഗൃഹഛിദ്രം, ധനനാശം ഇങ്ങനെ പോകുന്നു കഷ്ട നഷ്ടങ്ങൾ. പാവം ശനി. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ പകുതി (30 വർഷത്തിൽ 7½+7½ വർഷം വീതം) ജ്യോത്സ്യൻ ഇങ്ങനെ ദുരിതപൂർണമാക്കുന്ന കാര്യം അതറിയുന്നുണ്ടോ! [ 160 ]

യമകണ്ടകൻ ഞായറാഴ്ച മുതൽ ക്രമേണ 18,14,10, 6, 2, 26, 22 നാഴികകളിലും, അർധ പ്രഹാരൻ 14,10, 6, 2, 26, 22,18 നാഴികകളിലും കാലൻ 2, 26, 22,18,14,10, 6 നാഴികകളിലുമാണ് ഉദിക്കുക. ഗുളികൻ ശനിക്കും യമകണ്ടകൻ വ്യാഴത്തിനും അർധപ്രഹാരൻ ബുധനും കാലൻ രാഹുവിനും സദൃശ്യമായ ഫലമാണ് ചെയ്യുക. (പക്ഷെ ഈ സാധനങ്ങൾ എന്താണെന്നുമാത്രം ജ്യോതിഷിയോടു ചോദിക്കരുത്. അതാർക്കും അറിയില്ല)

രാഹുകാലം

തെക്കെ ഇന്ത്യയിൽ മാത്രം നിലനിൽക്കുന്ന വിചിത്രമായ ഒരു വിശ്വാസമാണ് രാഹുകാലം. പുതിയ ജോലിയിൽ പ്രവേശിക്കുക, പുതിയ വീട്ടിൽ താമസമാക്കുക, ഏതെങ്കിലും കാര്യസാധ്യത്തിനായി യാത്ര പുറപ്പെടുക തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം രാഹുകാലം ഒഴിവാക്കുക പതിവാണ്. എല്ലാദിവസവും പകലാണ് രാഹുകാലം, 1½ മണിക്കൂർ നേരത്തേക്ക്. തുടങ്ങുന്നത്, തിങ്കളാഴ്ച രാവിലെ 7.30 ന്, ചൊവ്വാഴ്ച 3 മണിക്ക്, ബുധനാഴ്ച 12 മണിക്ക്, വ്യാഴാഴ്ച 1.30 ന്, വെള്ളി 10.30 ന്, ശനി 9 മണിക്ക്, ഞായർ 4.30 ന്. രാഹുവും രാഹുകാലവും തമ്മിലുള്ള ബന്ധം എന്താണ്, എന്തുകൊണ്ട് ഈ സമയങ്ങളിൽ തുടങ്ങുന്നു ഇതൊന്നും ആർക്കും അറിയില്ല. ഈ വിശ്വാസം എവിടുന്നു വന്നു എന്നും അറിയില്ല. പഴയ ജ്യോതിഷഗ്രന്ഥങ്ങളിലൊന്നും രാഹുകാലമില്ല. കേരളത്തിൽ കഷ്ടിച്ച് ഒരു നൂറ്റാണ്ടിന്റെ പഴക്കമേ അതിനുള്ളൂ. അതിനു തൊട്ടു മുമ്പ് തമിഴ്‌നാട്ടിലാണത് ആദ്യം പ്രത്യക്ഷപ്പെടുന്നത്. രാഹുകാലം കഴിയാൻ കാത്തുനിന്ന് വിലപ്പെട്ട സമയം പാഴാക്കുക, വാഹനം കിട്ടാതിരിക്കുക ഇതൊക്കെയല്ലാതെ ഒരു ഗുണവും ചെയ്യാത്ത അന്ധവിശ്വാസമാണത്.

ഗ്രഹങ്ങളുടെ ആശ്രയഫലങ്ങൾ

ജനനസമയത്തെ ഗ്രഹങ്ങളുടെ രാശിസ്ഥാനം അനുസരിച്ച് ജാതകന്റെ സ്വഭാവവിശേഷങ്ങൾ ജ്യോതിഷം വിവരിക്കുന്നിടത്ത് ചിരിക്കാൻ ധാരാളം വകകിട്ടും. ഏതാനും ഉദാഹരണങ്ങൾ നോക്കുക. 1. സൂര്യൻ ചിങ്ങത്തിൽ നിൽക്കുന്നുവെങ്കിൽ ജാതകൻ കാട്, മല, മൃഗസങ്കേതങ്ങൾ ഇവയിലൂടെ സഞ്ചരിക്കാൻ താൽപര്യം കാട്ടും (ചിങ്ങം അഥവാ സിംഹം കാട് ഇഷ്ടപ്പെടുന്ന ജീവിയാണല്ലോ), വൃശ്ചികത്തിൽ നിന്നാൽ ക്രൂരനും സാഹസികനും ആയിരിക്കും, വിഷവസ്തുക്കൾ കൈകാര്യം ചെയ്ത് ധനം നേടും (തേൾ വിഷം വിതരണം ചെയ്യുന്ന ജീവിയാണല്ലോ)

ശനി കർക്കിടകത്തിൽ നിൽക്കുന്നുവെങ്കിൽ ദരിദ്രനും ദന്തരോഗം മൂലം ക്ലേശിക്കുന്നവനും മാതാവിൽ നിന്ന് അകന്ന് കഴിയുന്നവനും വിദ്യാവിഹീനനും ആയിരിക്കും.

ഇങ്ങനെ ഓരോഗ്രഹത്തിനും 12 രാശിയിലും ആശ്രയഫലങ്ങൾ ഉണ്ട്. ഇതു കൂടാതെ ഭാവഫലങ്ങളും ഉണ്ട്.

ഗ്രഹങ്ങളുടെ അവസ്ഥകൾ

ജാതകഫലങ്ങളെല്ലാം ഗ്രഹങ്ങളുടെ സ്ഥാനത്തെയും ബലത്തെയും ആണല്ലോ ആശ്രയിച്ചിരിക്കുന്നത്. 10 അവസ്ഥകളാണത്രേ ഗ്രഹങ്ങൾക്കുള്ളത്. ബലം കൂടിയ അവസ്ഥയിൽ തുടങ്ങി ഇനി പറയുന്ന അവസ്ഥയിൽ കുറഞ്ഞുവരും.

1 ദീപ്തൻ: ഉച്ചത്തിലോ മൂലത്രികോണത്തിലോ നിൽക്കുന്ന ഗ്രഹമാണിത്. അവൻ എപ്പോഴും ബലവാനായിരിക്കും, ആ [ 161 ] ഗ്രഹത്തിന്റെ ദശാപഹാരങ്ങളിൽ വർധിച്ച ഫലസിദ്ധി ഉണ്ടാവും.
2. സ്വസ്ഥൻ: ഗ്രഹം സ്വക്ഷേത്രത്തിൽ ആണ്
3. മുദിതൻ: ഗ്രഹം ബന്ധുക്ഷേത്രത്തിൽ നിൽക്കുന്നു
4. ശാന്തൻ: ശുഭഗ്രഹങ്ങളോടു ചേർന്ന് നിൽക്കുന്നു
5. ശക്തൻ: വക്രത്തിൽ നിൽക്കുന്നു (സൂര്യനും ചന്ദ്രനും വക്രമില്ല)
6. ദീനൻ: ശത്രുക്ഷേത്രത്തിൽ നിൽക്കുന്നു
7. പീഡിതൻ: ഗ്രഹയുദ്ധത്തിൽ തോറ്റവനാണ്
8. ഖലൻ: പാപവർഗത്തിൽ നിൽക്കുന്നു (നീചത്തിൽ നിൽക്കുന്നവനെന്നു ചിലർ)
9. ഭീതൻ: നീചത്തിൽ നിൽക്കുന്നവനെന്നും അതിചാരത്തിൽ നിൽക്കുന്നവനെന്നും രണ്ട് പക്ഷം (ക്ലിപ്ത കാലത്തിനു മുമ്പ് ഒരു ഗ്രഹം അടുത്ത രാശിയിലേക്ക് കടക്കുന്നതാണ് അതിചാരം)
10. വികലൻ: മൗഢ്യത്തിൽ (സൂര്യനോടടുത്ത്, ഒളിമങ്ങി) നിൽക്കുന്നവനാണിവൻ. ഒടുവിലത്തെ അഞ്ച് അവസ്ഥകളും അതാതു ഗ്രഹങ്ങളുടെ ദശാപഹാരങ്ങളിൽ ദോഷം ചെയ്യുമെന്ന് ജ്യോത്സ്യന്മാർ.

യാത്ര പുറപ്പെടുമ്പോൾ ആദ്യം കാണുന്നതാണ് ശകുനം. പച്ച ഇറച്ചി, മദ്യം, തേൻ, നെയ്യ്, വെള്ള വസ്ത്രം, ആന, പക്ഷികൾ, രത്നങ്ങൾ, കുതിര, രാജാവ്, മധുരവും പാലും ചേർത്ത ആഹാരം, രണ്ട് ബ്രാഹ്മണർ, കത്തുന്ന തീ മുതലായവ വിശിഷ്ട ശകുനങ്ങളാണ്. എള്ള്, ഉപ്പ്, വല, മരുന്ന്, പരുത്തി, തീക്കനൽ, ഭസ്മം, ഇരുമ്പ്, മോര്, പാമ്പ്, ഭ്രാന്തൻ, മൂകൻ, അന്ധൻ, ബധിരൻ, സന്യാസി തുടങ്ങിയ വസ്തുക്കളും, മാർജാര കലഹം, ബ്രാഹ്മണ കലഹം, രജസ്വല, ശവദാഹം എന്നിവയും ആപൽ സൂചകങ്ങളാകുന്നു.

ശുക്ലപ്രഥമ തുടങ്ങിയും, ശുക്ലൈകാദശി മുതലും, കൃഷ്ണഷഷ്ഠി മുതലും പത്തു വീതം ദിവസങ്ങളിൽ ക്രമത്തിൽ കിഴക്ക്, വടക്ക്, അഗ്നികോൺ, നിര്യതികോൺ, തെക്ക്, പടിഞ്ഞാറ്, വായുകോൺ, ഈശാന കോൺ, ആകാശം, ഭൂമി ഈ ദിക്കുകളിലാണ് യോഗിനി നിൽക്കുന്നത്. യോഗിനിക്ക് അഭിമുഖമായും ദക്ഷിണദിക്കിലും യാത്ര ചെയ്യരുത്. യോഗിനിയുടെ വാമ പൃഷ്ഠ ഭാഗങ്ങൾ യാത്രക്ക് നല്ലതാകുന്നു.

മുഹൂർത്തങ്ങൾ

ജ്യോതിഷമനുഷരിച്ച് എല്ലാ കാര്യങ്ങളും എല്ലാ കാലത്തും ചെയ്യാൻ പാടില്ല. ഗ്രഹസ്ഥിതി നോക്കാഞ്ഞാൽ ആപത്തുവരും. പ്രശസ്ത ജ്യോതിഷ ഗ്രന്ഥമായ മാധവീയം പറയുന്നതു നോക്കൂ:

ക്ഷൗരേപി ചൗളവിഹിതസ്സമയസ്സമാനഃ

ശ്രേഷ്ഠാ ദ്വിജസ്യ തു രവേരുദയാംശവാരാഃ

ഇന്ദോസ്ത്രിയഃ ക്ഷിതിപതേഃ ക്ഷിതിജസ്യ സൗരേർ

വ്വിട് ശുദ്രയോരുശനസോ ന ശുഭാസ്തു ശാവേ

അശുഭേ സമയേ ക്ഷൗരേ

കൃതേ പുനഃ ക്ഷിപ്രമാചരേൽ സുശുഭേ

ശുഭ നക്ഷത്രേ സുദിനേ

ശ്‌മശ്രുക്ഷൗരം വിധീയതേ കൈശ്ചിൽ

ക്ഷൗരത്തിനുള്ള മുഹൂർത്തം ചൗളത്തിനു വിധിക്കപ്പെട്ടതുതന്നെയാകുന്നു. ബ്രാഹ്മണരുടെ ക്ഷൗരത്തിനു ഞായറാഴ്ചയും ആദിത്യോദയ രാശിയും ശുഭമാകുന്നു. ക്ഷത്രിയർക്കു ചൊവ്വാഴ്ചയും ചൊവ്വയുടെ ഉദയവും, വൈശ്യർക്കും ശുദ്രർക്കും ശനിയാഴ്ചയും ശനിയുടെ ഉദയവും സ്വീകാര്യമാകുന്നു. ശാവാശൗ [ 162 ] ചത്തിൽ (പുലയ്ക്കു ശേഷമുള്ള ശുചി) ചെയ്യുന്ന ക്ഷൗരത്തിനു വെള്ളിയാഴ്ചയും ശുക്രോദയവും കൊള്ളില്ല.

കർക്കിടകം, കന്നി, ധനു, കുംഭം ഈ മാസങ്ങളിൽ ക്ഷൗരം പാടില്ല. കർക്കടകത്തിൽ 22½ തിയ്യതി കഴിഞ്ഞ ശേഷവും ധനുവിൽ 2½ തിയ്യതി കഴിഞ്ഞ ശേഷവും കുംഭത്തിൽ 15നു ശേഷവും ആകാമെന്നു കാണുന്നു. കന്നി മുഴുവനും വർജ്യം തന്നെ

യാത്രാസമയത്ത് ഗൗളി ശബ്ദിച്ചാൽ സൂക്ഷിക്കണം. കിഴക്ക്, പടിഞ്ഞാറ്, വടക്ക്, മുകൾ ഭാഗങ്ങളിൽ നിന്നാണെങ്കിൽ അഭീഷ്ടസിദ്ധിയും, അഗ്നികോണിൽ ധനലാഭവും, വായുകോണിൽ ദേശാന്തര യാത്രയും, നിര്യതി കോണിൽ ദുഃഖവും, ഈശാനകോണിൽ കാര്യവിഷമവും, തെക്കെ ദിക്കിൽ മരണവും ഫലമാകുന്നു. (ഗൗളീടെ ഒരു ദീർഘദൃഷ്ടിയേ! കാര്യങ്ങൾ കണ്ടറിഞ്ഞ് യഥാസ്ഥാനത്ത് പോയി നിൽക്കാൻ അതിനു കഴിയുന്നുവല്ലോ)

അശുഭസമയങ്ങളിൽ ക്ഷൗരം ചെയ്തുപോയാൽ ഉടനെ അടുത്ത ഒരു ശുഭദിവസം ശുഭ നക്ഷത്രത്തിൽ വീണ്ടും ക്ഷൗരം ചെയ്യേണ്ടതാണ്.

ബൃഹജ്ജാതകം പറയുന്നു:

ഉദയതി മൃദു ഭാംശേ സപ്തമസ്ഥേ പ മന്ദേ

യദി ഭവതി നിഷേകഃ സൂതി രബ്ദത്രയേണ

ശശിനി തു വിധി രേഷ ദ്വാദശാബ്‌ദേ പ്രകര്യാ-

ന്നിഗദിത മിഹ ചിന്ത്യം സൂതികാലേപിയുക്ത്യാ

ഗർഭധാരണം നടക്കുന്ന സമയത്ത് ലഗ്നാംശകം ശനി ക്ഷേത്രങ്ങളായ മകര-കുംഭ രാശികളിൽ ആവുകയും ശനി സപ്തമഭാവത്തിൽ നിൽക്കുകയും ചെയ്താൽ അപ്പോൾ ധരിക്കുന്ന ഗർഭം 3 കൊല്ലം തികയുമ്പോൾ മാത്രമേ പ്രസവിക്കുകയുള്ളു. ചന്ദ്രക്ഷേത്രം ലഗ്നമാവുകയും ഏഴിൽ ചന്ദ്രൻ നിൽക്കുകയും ചെയ്താൽ 12 കൊല്ലം തികയുമ്പോഴാണ് പ്രസവം നടക്കുക (വൈദ്യശാസ്ത്രത്തിൽ ഇത്തരം സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് വേറെ കാര്യം).

ന ലഗ്നമിന്ദും ച ഗുരുർന്നിരീക്ഷതേ

നവാ ശശാങ്കോ രവിണാ സമാഗതഃ

സപാപകോർ ക്കേണ യുതോ ഥവാ ശശീ

പരേണ ജാതം പ്രവദന്തി നിശ്ചയാൽ

വ്യാഴം ചന്ദ്രനെയോ ലഗ്നത്തെയോ നോക്കാതിരിക്കുക, ചന്ദ്രനു സൂര്യയോഗമില്ലാതിരിക്കുക, ചന്ദ്രൻ പാപയുതനായി സൂര്യനോട് ചേർന്നിരിക്കുക - എങ്കിൽ അപ്പോൾ ജനിക്കുന്ന ശിശു പരജാതനായിരിയ്ക്കും (അമ്മ എത്ര ചാരിത്ര്യവതിയായിട്ടും കാര്യമില്ല!). ഇത്തരം ഗ്രഹസ്ഥാനങ്ങൾ ഇനിയുമുണ്ട് അനേകം.

ശിശു മരണത്തിന് ഹേതുവായ ഒരു ഗ്രഹസ്ഥിതി കേട്ടോളൂ.

പാപാ വുദയാസ്ത ഗതൗ ക്രൂരേണ യുതശ്ച ശരി

ദൃഷ്ടസ്തു ശുഭൈർന്ന യദാ മൃത്യുസ്തുഭവേ ദചിരാൽ

പാപന്മാർ ലഗ്നത്തിലും ഏഴാമെടത്തും സമകാലത്തു വരിക, ചന്ദ്രൻ പാപയോഗത്തിലും ശുഭ ദൃഷ്ടിയില്ലാതെയും നിൽക്കുക- എങ്കിൽ ശിശു ഉടനെ മരിക്കും. ഇത്തരം ഉടൻകൊല്ലി ഗ്രഹസ്ഥിതിയും അനേകമുണ്ട് (എന്തു കൊണ്ടോ കേരളത്തിൽ ഇത്തരം ഗ്രഹസ്ഥിതികൾ നന്നേ കുറവാണെന്ന് തോന്നുന്നു. ഇന്ത്യയിൽ ശിശുമരണ നിരക്ക് ശരാശരി 1000-ൽ 70-ലേറെയായിരിക്കെ കേരളത്തിൽ അത് 10-11 മാത്രമാണ് ബീഹാറുകാരുടേയും യു. പിക്കാ [ 163 ] രുടേയും ഒക്കെ ഗ്രഹസ്ഥിതി ഒന്ന് മാറ്റിയെടുത്താലേ ഇന്ത്യക്ക് രക്ഷയുള്ളു)

ശിരസ്സിന്റെ മധ്യത്തിൽ ഗൗളി വീണാൽ മാതാവിനോ ഭ്രാതാവിനോ ഗുരുജനങ്ങൾക്കോ മരണവും, ശിരസ്സിന്റെ പിൻഭാഗത്തു വീണാൽ കലഹവും, നെറ്റിമേൽ വീണാൽ നിധിദർശനവും, നാസാഗ്രത്തിൽ വീണാൽ പലതരം രോഗങ്ങളും, അധരത്തിലായാൽ ധന ഐശ്വര്യാദികളും, ചെവിയിലോ കണ്ണിലോ കവിൾത്തടത്തിനടുത്തോ വീണാൽ മരണ പ്രേരണയും, കഴുത്തിൽ വീണാൽ സജ്ജന സംസർഗവും...... ഇങ്ങനെ കാലടി വരെ വിവിധ ഫലങ്ങളാണ് സിദ്ധിക്കുക. പുരുഷന്മാർക്ക് വലതുഭാഗത്തും സ്ത്രീകൾക്ക് ഇടതു ഭാഗത്തും വീണ് മേൽപോട്ട് കയറുകയാണെങ്കിൽ ശുഭവും താഴോട്ടിറങ്ങിയാൽ അശുഭവും ഫലം. ക്ഷേത്രസിദ്ധിയിലോ അരയാലിൻ ചുവട്ടിലോ വെച്ച് പല്ലി വീണാൽ ദോഷമുണ്ടാവില്ല. ശിവഭജനമാണ് ദോഷ പരിഹാരമാർഗം. പല്ലി വെറും പാറ്റ പിടിയനല്ലെന്ന് മനസ്സിലായില്ലെ?

ബൃഹജ്ജാതകം അനേകതരം ഗ്രഹയോഗങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ഇടവ ലഗ്നത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ സൂര്യൻ നാലിലും വ്യാഴം ഏഴിലും ശനി പത്തിലും നിന്നാൽ ജാതകൻ രാജാവാകും. മകര ലഗ്നത്തിൽ ശനി നിൽക്കുമ്പോൾ മൂന്നിൽ ചന്ദ്രനും ആറിൽ കുജനും ഒമ്പതിൽ ബുധനും പന്ത്രണ്ടിൽ വ്യാഴവും നിന്നാൽ യശസ്വിയും സൽഗുണ സമ്പൂർണനുമായ രാജാവാകും. രാജയോഗങ്ങൾ ഇനിയും എത്രയെങ്കിലുമുണ്ട് (നിങ്ങൾ തെരുവിന്റെ മകനായാണോ, ശുദ്രന്റെ മകനായാണോ ജനിച്ചത് എന്നൊന്നും ചിന്തിച്ച് വിഷമിക്കേണ്ട, ധൈര്യത്തോടെ രാജവസ്ത്രങ്ങൾ തുന്നിച്ചോളൂ)

ഇനി ഗ്രഹങ്ങളുടെ ദൃഷ്ടിഫലങ്ങൾ പ്രത്യേകം കേട്ടോളൂ, മേടത്തിൽ നിൽക്കുന്ന ചന്ദ്രന് കുജദൃഷ്ടിയോ, ഗുരുദൃഷ്ടിയോ സംഭവിച്ചാൽ രാജാവാകും, ബുധദൃഷ്ടിയാണെങ്കിൽ വിദ്വാനാകും, ശുക്രദൃഷ്ടിയാണെങ്കിൽ രാജതുല്യനാകും, ശനിദൃഷ്ടിയാണെങ്കിൽ മോഷ്ടാവാകും, സൂര്യദൃഷ്ടിയാണെങ്കിൽ ദരിദ്രനാകും. ഇതുപോലെ ഇടവാദിരാശികളിലും ദൃഷ്ടിഫലങ്ങളുണ്ട്. (മോഷ്ടാവിനെ ഇനിയെങ്കിലും കുറ്റപ്പെടുത്താതിരിക്കുക പാവം, ജനനസമയത്തെ ശനിദൃഷ്ടികൊണ്ട് അങ്ങിനെ ആകേണ്ടി വന്നതാണ്). ചന്ദ്രൻ ലഗ്നത്തിൽ നിന്നാൽ മൂകനും ഉന്മത്തനും ജളനും അന്ധനും നീചനും ബധിരനുമാകും, അന്യന്റെ ഭൃത്യവേല ചെയ്യും (ഇതെല്ലാം കൂടി ഒരാൾക്ക് വന്നു ഭവിക്കുമെന്നു വരാഹൻ ഉദ്ദേശിച്ചു കാണില്ലെന്നു സമാധാനിക്കാം)

ഇതു കൂടാതെ അംശകഫലവുമുണ്ട്. ചന്ദ്രൻ മേടത്തിലംശകിച്ചാൽ തസ്കരനാകും; വർഗോത്തമമായാൽ തസ്കര നേതാവാകും. എടവത്തിലംശകിച്ചാൽ ഭോക്താവാകും; അതു വർഗോത്തമമായാൽ അവരിൽ പ്രധാനിയാകും. കന്നിയിലംശകിച്ചാൽ നപുംസകമാകും; വർഗോത്തമമായാൽ ക്ലീബമുഖ്യനാകും.........

ചന്ദ്രൻ രാഹുഗ്രസ്ഥനായി (അതായത് ഗ്രഹണത്തിൽ) ലഗ്നരാശിയിലും പാപന്മാർ അഞ്ചിലും ഒമ്പതിലും നിൽക്കുമ്പോൾ ജനിച്ചവൻ പിശാചു പീഡിതനാകും; സൂര്യൻ രാഹുഗ്രസ്ഥനായി ലഗ്നത്തിലും പാപന്മാർ അഞ്ചിലും ഒമ്പതിലും നിന്നാൽ കണ്ണില്ലാത്തവനാകും.

ലഗ്നമോ ചന്ദ്രനോ കുജക്ഷേത്രങ്ങളായ മേട വൃശ്ചികങ്ങളിൽ കുജത്രിംശാംശകത്തിൽ നിന്നാൽ കന്യകയായിത്തന്നെ ദുഷിക്കും (വ്യഭിചാരിണിയാകുമെന്നർഥം - സംശയമുണ്ടെങ്കിൽ [ 164 ] ചുവന്ന തെരുവുകളിൽ ഒരു സർവെ നടത്തി നോക്കൂ). ശനി ത്രിംശാംശകമായാൽ ദാസിയാകും. ഗുരു ത്രിംശാംശകമായാൽ പതിവ്രതയും ബുധനായാൽ കൗശലക്കാരിയും ശുക്രനായാൽ ചീത്ത ചരിത്രമുള്ളവളുമാകും.

ബാലചന്ദ്രനെ മഴക്കാറിന്നിടയിൽ കണ്ടാൽ ശത്രു ഉപദ്രവവും, മരങ്ങളുടെ മറവിൽ കണ്ടാൽ ദ്രവ്യനഷ്ടവും, വെള്ളത്തിൽ കണ്ടാൽ രോഗവും, ഞായറാഴ്ച കണ്ടാൽ സുഖവും, തിങ്കളാഴ്ച ജാള്യവും, ചൊവ്വാഴ്ച മരണവും, ബുധനാഴ്ച ഭയവും, വ്യാഴാഴ്ച ലാഭവും, വെള്ളിയാഴ്ച സ്ത്രീ സംഭോഗവും (സ്ത്രീയാണ് കാണുന്നതെങ്കിലോ എന്ന് ചോദിക്കരുത്), ശനിയാഴ്ച നാശവും ഫലമാകുന്നു.

ഞായർ ദ്വിതീയ ആയില്യം, ഞായർ വിശാഖം ദ്വാദശി, ചൊവ്വ ദ്വാദശി ചതയം, ചൊവ്വ സപ്തമി ചതയം, ശനി ദ്വിതീയ ആയില്യം, ശനി സപ്തമി കാർത്തിക, ഇവ ചേർന്ന സമയം ജനിച്ച സ്ത്രീകൾക്ക് വിഷകന്യ (വൈധവ്യ) ലക്ഷണമുണ്ട്. ഏഴിൽ ഭാവാധിപനോ ബലവാനായ ശുഭനോ നിന്നാൽ ദോഷഫലം കുറയും.

പാപഗ്രഹങ്ങൾ മാത്രം ഏഴാമിടത്തു നിന്നാൽ വിധവയാകും, ഒപ്പം ശുഭന്മാരുമുണ്ടെങ്കിൽ പുനർവിവാഹം ചെയ്യും. കുജക്ഷേത്രത്തിൽ ശുക്രനും ശുക്രക്ഷേത്രത്തിൽ കുജനും അംശകം ചെയ്താൽ പരപുരുഷന്മാരിൽ തല്പരരായിരിക്കും. കുജനും ശുക്രനും ഏഴിൽ നിന്നാലും തഥൈവ. അവിടെ ചന്ദ്രനും കൂടി നിന്നാൽ അത് ഭർത്താവിന്റെ അനുമതിയോടെയായിരിക്കും. അഷ്ടമത്തിൽ പാപഗ്രഹം നിന്നാൽ സ്ത്രീക്കു വൈധവ്യം സംഭവിക്കും. എന്നാൽ അതു ലഗ്നാധിപനോ സപ്തമാധിപനോ അഷ്ടമാധിപനോ ആയാൽ വൈധവ്യമുണ്ടാവില്ല. ആദിത്യനും ചന്ദ്രനും മീനത്തിൽ (മത്സ്യ രാശിയിൽ) നിന്നാൽ ജാതകൻ വെള്ളത്തിൽ മുങ്ങിമരിക്കും.

മുജ്ജന്മത്തിൽ എവിടെയായിരുന്നുവെന്നും എവിടെ നിന്നാണ് ഈ ജന്മത്തിൽ വന്നതെന്നും കണ്ടെത്താൻ ബൃഹജ്ജാതകം വഴി കാണിച്ചുതരുന്നുണ്ട്. സൂര്യചന്ദ്രന്മാരിൽ ആർക്കാണോ ബലം അതിന്റെ ദ്രേക്കാണനാഥനെക്കൊണ്ട് വേണം അത് പറയാൻ. നാഥൻ വ്യാഴമാണെങ്കിൽ ദേവലോകത്തായിരുന്നു, ചന്ദ്രനോ ശുക്രനോ ആണെങ്കിൽ പിതൃലോകത്തു നിന്ന് (മോക്ഷം കിട്ടാത്ത ആത്മാക്കളുടെ ലോകം) ആണു വരുന്നത്, സൂര്യനോ കുജനോ ആണ് അധിപനെങ്കിൽ തിര്യക്ക് (പക്ഷിമൃഗാദികളുടെ) യോനികളിലായിരുന്നു, ശനിയോ ബുധനോ ആണെങ്കിൽ നരകത്തിലായിരുന്നു.

വിവാഹപ്പൊരുത്തങ്ങളും മറ്റും

മാധവീയവും മറ്റ് അനേകം ജ്യോതിഷഗ്രന്ഥങ്ങളും പതിനഞ്ചുതരം വിവാഹപ്പൊരുത്തങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതിൽ പത്തു നാൾ പൊരുത്തങ്ങളാണത്രെ ഏറെ പ്രധാനം.

1. രാശിപ്പൊരുത്തം

സ്ത്രീപുരുഷന്മാരുടെ കൂറുകൾ (ജനന സമയത്ത് ചന്ദ്രൻ നിന്ന രാശികൾ) പരിഗണിക്കുമ്പോൾ സ്ത്രീ ജനിച്ച കൂറു തുടങ്ങി എണ്ണിയാൽ 2,3,5,6,8,12 ഇവയിലേതെങ്കിലുമാണ് പുരുഷന്റെ കൂറെങ്കിൽ രാശിപ്പൊരുത്തം അധമവും, ഇതിൽത്തന്നെ 2,12 (ദിദ്വാദശ ദോഷം) 6,8 (ഷഷ്ഠാഷ്ടമ ദോഷം) ഇവ തീർത്തും വർജ്യവുമാണ്. മറ്റ് കൂറുകൾ ഉത്തമങ്ങളാണ്. കൂറുകൾ പരസ്പരം ഏഴാം രാശിയായി വരുന്നത് (സമ സപ്തമം) വളരെ നല്ലതാണ് രാശിപ്പൊരുത്തം ഇല്ലെങ്കിലും രണ്ട് കൂറുകളുടേയും അധിപൻ ഒരേ ഗ്രഹമാണെങ്കിൽ പൊരുത്തം മധ്യമമായി കണ [ 165 ] ക്കാക്കണം സ്ത്രീ-പുരുഷന്മാരുടെ കൂറുകൾ ഒന്നാവുകയും നക്ഷത്രങ്ങൾ വ്യത്യസ്തമാവുകയും ചെയ്താൽ ഉത്തമമാണ്.

സ്ത്രീ ജാതകത്തിൽ ഏഴാം ഭാവത്തിൽ ബുധനും ശനിയും ചേർന്ന് വരികയോ അവയിലൊന്നിന്റെ സ്വക്ഷേത്രമാവുകയോ ചെയ്താൽ ഭർത്താവ് ലൈംഗിക ശേഷി ഇല്ലാത്തവനാകും. ഏഴാം ഭാവം ചരരാശിയാവുകയും അതിന്റെ രാശ്യാധിപൻ ഒരു ചര രാശിയിലോ അംശത്തിലൊ ആയിരിക്കുകയും ചെയ്താൽ ഭർത്താവു എപ്പോഴും വീട്ടിൽ നിന്നകലെയായിരിക്കും എന്നു ഫലം പറയണം. ശനി ഏഴാം ഭാവത്തിൽ സ്വക്ഷേത്രത്തിലോ അംശകത്തിലോ ആണെങ്കിൽ ഭർത്താവ് കിഴവനും വിഡ്ഢിയും ആയിരിക്കും.

ലഗ്നത്തിൽ നിൽക്കുന്ന ശനിയുടെ സ്വക്ഷേത്രത്തിൽ ശുക്രൻ നിൽക്കുകയും ആറാം ഭാവാധിപൻ ബുധക്ഷേത്രത്തിൽ നിൽക്കുകയും ചെയ്താൽ ജാതകന് വായ് നാറ്റമുണ്ടാകും.

2. രാശ്യാധിപപ്പൊരുത്തം.

സ്ത്രീ-പുരുഷന്മാരുടെ കൂറുകളുടെ ആധിപത്യം ഒരേ ഗ്രഹത്തിനാവുകയോ കൂറുകളുടെ അധിപന്മർ ബന്ധുക്കളായി വരുകയോ ചെയ്താൽ രാശ്യാധിപപ്പൊരുത്തം ഉത്തമമായി.

3. വശ്യപ്പൊരുത്തം.

ഓരോ രാശിക്കും അതിന്റെ വശ്യ രാശികളുണ്ടത്രെ മേടത്തിനു ചിങ്ങം, മിഥുനം, ഇടവത്തിനു കർക്കിടകം, തുലാം, മിഥുനത്തിനു കന്നി, കർക്കിടകത്തിനു ധനു, വൃശ്ചികം എന്നിങ്ങനെ. പുരുഷന്റെ കൂറ് സ്ത്രീയുടെ കൂറിന്റെ വശ്യ രാശികളിൽ ഒന്നോ അല്ലെങ്കിൽ മറിച്ചോ വന്നാൽ അവരുടെ നാളുകൾ തമ്മിൽ വശ്യപ്പൊരുത്തം ഉണ്ടെന്ന് പറയും.

4. മഹേന്ദ്രപ്പൊരുത്തം.

സ്ത്രീയുടെ ജന്മ നക്ഷത്രത്തിൽ നിന്നും അനുജന്മനക്ഷത്രങ്ങളിൽ നിന്നും 4, 7, 8 എന്നീ നക്ഷത്രങ്ങളിലാണ് പുരുഷൻ ജനിച്ചതെങ്കിൽ അവരുടെ നാളുകൾ തമ്മിൽ മഹേന്ദ്രപ്പൊരുത്തമുണ്ട് (ജന്മ നക്ഷത്രത്തിന്റെ പത്താമത്തേയും പത്തൊമ്പതാമത്തേയും നക്ഷത്രങ്ങളാണ് അനുജന്മ നക്ഷത്രങ്ങൾ മൂന്നിനും ഒരേ ഗ്രഹാധിപത്യമായിരിക്കും എന്നോർക്കുക)

5. ഗണപ്പൊരുത്തം

നക്ഷത്രങ്ങളെ ദേവഗണം, അസുരഗണം, മനുഷ്യഗണം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു (എന്തടിസ്ഥാനത്തിലാണോ ആവോ) അശ്വതി, മകയിര്യം, പുണർതം, പൂയം, അത്തം, ചോതി,അനിഴം,തിരുവോണം,രേവതി ഇവ ദേവഗണങ്ങളും, ഭരണി, രോഹിണി, തിരുവാതിര, പൂരം, ഉത്രം, പൂരാടം, ഉത്രാടം, പൂരുരുട്ടാതി,ഉത്രട്ടാതി ഇവ മനുഷ്യഗണങ്ങളും മറ്റുള്ളവ അസുരഗണങ്ങളുമാണ്. ഒരേഗണത്തിലുള്ള സ്ത്രീ-പുരുഷന്മാരുടെ ചേർച്ച ഉത്തമമെന്നും അസുരനും ദേവനും ആണെങ്കിൽ അധമമെന്നുമാണ് വെപ്പ്. മനുഷ്യഗണത്തിലുള്ള സ്ത്രീക്ക് ദേവഗണത്തിലുള്ള പുരുഷൻ ഉത്തമവും അസുരഗണത്തിലുള്ള പുരുഷൻ മധ്യമവും ആണ് എന്നാൽ ദേവഗണത്തിലുള്ള സ്ത്രീക്ക് മറ്റു ഗണങ്ങൾ അധമമാണത്രെ.

6. യോനിപ്പൊരുത്തം

നക്ഷത്രങ്ങളെ സ്ത്രീയോനി, പുരുഷയോനി എന്നിങ്ങനെയും, വിഭജിച്ചിട്ടുണ്ട് കാർത്തിക, രോഹിണി, മകയിരം, തിരുവാതിര,പുണർതം, പൂരം, അത്തം, ചിത്ര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി ഇവ സ്ത്രീയോനിയാണ്, മറ്റുള്ളവ പുരുഷ [ 166 ] യോനിയും (എന്താണാവോ അടിസ്ഥാനം) പുരുഷയോനിയിൽ ജനിച്ച പുരുഷനും സ്ത്രീ യോനിയിൽ ജനിച്ച സ്ത്രീയും ഉത്തമം തിരിച്ചായാൽ മധ്യമം. പുരുഷനും പുരുഷനും അധമവും സ്ത്രീയും സ്ത്രീയും മധ്യമവുമാണത്രേ (ചില ജ്യോതിഷികൾ നപുംസക നക്ഷത്രങ്ങളെയും കണ്ടെത്തിയിട്ടുണ്ട്)

ഒരാൾക്ക് എത്ര ഭാര്യമാരുണ്ടാകും? ഏഴാം ഭാവത്തിൽ എത്ര ഗ്രഹങ്ങളുണ്ട്, ഏഴാം ഭാവാധിപനും ശുക്രനുമായി ചേർന്ന് എത്ര ഗ്രഹങ്ങൾ നിൽക്കുന്നു ഇക്കാര്യങ്ങൾ വെച്ച് പറയാൻ കഴിയും. ചില ജ്യോതിഷികളുടെ അഭിപ്രായത്തിൽ, ഏഴാം ഭാവത്തിൽ ഒരു ഗ്രഹമുണ്ടെങ്കിൽ ശുക്രനോട് യോഗത്തിൽ നിൽക്കുന്ന ഗ്രഹസംഖ്യക്ക് തുല്യമായിരിക്കുമത് (ഇന്തോനേഷ്യയുലും ആഫ്രിക്കയിലും മറ്റും പത്തും ഇരുപതും ഭാര്യമാരുള്ള നാട്ടു പ്രമാണിമാരുണ്ടത്രെ. ഗ്രഹങ്ങൾ ആകെ ഒമ്പതേയുള്ളു താനും. കൃസ്ത്യാനികൾക്ക് ഈ നിയമമൊന്നും ബാധകമല്ലെന്നും തോന്നുന്നു.)

7. ദിനപ്പൊരുത്തം.

സ്ത്രീയുടെ ജന്മനക്ഷത്രത്തിൽ നിന്നും അനുജന്മ നക്ഷത്രങ്ങളിൽ നിന്നും 3, 5, 7 എന്നീ നക്ഷത്രങ്ങളിൽ ജനിച്ച പുരുഷൻ വർജ്യൻ. മറ്റു നാളുകൾക്ക് ദിനപ്പൊരുത്തം ഉത്തമം.

8. രജ്ജുപൊരുത്തം.

അശ്വതി ആദിരജ്ജു, ഭരണി മധ്യരജ്ജു, കാർത്തിക ശിരോരജ്ജു, മകയിരം മധ്യരജ്ജു, തിരുവാതിര ആദിരജ്ജു ഇങ്ങനെ മുന്നോട്ടും പിന്നോട്ടും എണ്ണുക. സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങൾ ഒരേ രജ്ജുവിൽ വന്നാൽ പൊരുത്തമില്ല. ഇതിൽത്തന്നെ മധ്യരജ്ജുവും മധ്യരജ്ജുവും തമ്മിൽ ചേരുന്നതു വളരെ ദോഷം ചെയ്യുമത്രേ. വ്യത്യസ്ത രജ്ജുക്കൾ തമ്മിൽ ഉത്തമം.

9. വേധപ്പൊരുത്തം

ഇതുതന്നെ രണ്ടുതരമുണ്ട്. വർഗവേധവും നക്ഷത്രവേധവും

വർഗവേധം: നക്ഷത്രങ്ങളെ അഞ്ചു വർഗങ്ങളായി വിഭജിക്കുന്നു. 1.രോഹിണി, തിരുവാതിര, അത്തം, ചോതി, തിരുവോണം, ചതയം. 2.ഭരണി, പൂയം, പൂരം, അനിഴം, പൂരാടം, ഉത്രട്ടാതി 3. അശ്വതി, ആയില്യം, മകം, കേട്ട, മൂലം, രേവതി. 4.മകയിരം, ചിത്ര, അവിട്ടം 5.കാർത്തിക, പുണർതം, ഉത്രം, വിശാഖം, ഉത്രാടം, പൂരുരുട്ടാതി എന്നിങ്ങനെ. സ്ത്രീപുരുഷ നക്ഷത്രങ്ങൾ ഒരേവർഗത്തിൽ വന്നാൽ വർഗവേധം എന്ന ദോഷമാണ്. രണ്ടും ഒന്നാമത്തെ വർഗത്തിലായാൽ കണ്‌ഠവേധമാണ്. ഫലം ഭർതൃനാശവും. രണ്ടാം വർഗത്തിലായാൽ കടീവേധം. ഫലം - ദാരിദ്ര്യം. മൂന്നിലായാൽ പാദവേധം. ഫലം-സ്ഥാനചലനം, സഞ്ചാരം മുതാലയവ. നാലിലായാൽ ശിരോവേധം. ഫലം-രണ്ടിൽ ഒരാളുടെ മരണം. അഞ്ചിലായാൽ കുക്ഷിവേധം. ഫലം-സന്താന നാശം.

നക്ഷത്രവേധം: നക്ഷത്രവേധം നേരത്തെ സൂചിപ്പിച്ചതാണല്ലോ. അശ്വതിക്ക് കേട്ട, ഭരണിക്ക് അനിഴം, കാർത്തികക്ക് വിശാഖം, എന്നിങ്ങനെ ചില നക്ഷത്രങ്ങൾക്ക് മറ്റു ചിലതുമായി വേധമുണ്ട്. വേധമുള്ള നക്ഷത്രങ്ങൾ തമ്മിൽ പൊരുത്തമുണ്ടാകില്ല. കലഹം, വേർപാട്, മരണം തുടങ്ങിയവയെല്ലാം സംഭവിക്കാം.

10. സ്ത്രീദീർഘപ്പൊരുത്തം

സ്ത്രീ ജനിച്ച നക്ഷത്രത്തിൽ നിന്ന് ഒമ്പതു നക്ഷത്രങ്ങൾക്കു [ 167 ] ള്ളിലാണ് പുരുഷന്റെ നക്ഷത്രമെങ്കിൽ സ്ത്രീ ദീഘപ്പൊരുത്തം അധമം. 9-10 മധ്യമം. 18 ൽ കൂടിയാൽ ഉത്തമം.

സന്തതികളെക്കുറിച്ച് അഞ്ചും ഒമ്പതും ഭാവങ്ങൾ കൊണ്ടുവേണം പറയാൻ. സന്താനലബ്‌ധിയുടെ കാരകൻ വ്യാഴമാണ്. ഇടവം, ചിങ്ങം, കന്നി, വൃശ്ചികം ഈ രാശികൾ 'അല്പസുത' രാശികളാണ്. അവയിലൊന്ന് അഞ്ചാം ഭാവമായി വന്നാൽ കുഞ്ഞുങ്ങളില്ലാതെ വരികയോ ഏറെ വൈകി മാത്രം ഉണ്ടാവുകയോ ചെയ്യാം. അഞ്ചാം ഭാവമായി അല്പസുത രാശികളിലൊന്ന് വരികയും അതിൽ സൂര്യൻ നിൽക്കുകയും ലഗ്നത്തിൽ ചൊവ്വയും എട്ടിൽ ശനിയും വരികയും ചെയ്താൽ വയസ്സാകുമ്പോൾ മാത്രം ഒരു കുഞ്ഞിനെ പ്രതീക്ഷിക്കാം. ഇത്തരം ധാരാളം ഗ്രഹനിലകൾ വേറെയുമുണ്ട്. കുഞ്ഞുണ്ടാകാത്തത് മുജ്ജന്മപാപം കൊണ്ടാണ് കേട്ടോ, ഗ്രഹം അതു സൂചിപ്പിക്കുന്നു എന്നേയുള്ളു. ഒരു ജ്യോത്സൻ ആ മൂലപാപം കണ്ടുപിടിക്കുകയും പരിഹാരം പറഞ്ഞുതരികയും ചെയ്യും. ഇത്തിരി കാശു മുടക്കാമെങ്കിൽ കാര്യം നേരെയാക്കാം.

ഇതുകൂടാതെ ഋക്ഷയോനിപ്പൊരുത്തം, ജാതിപ്പൊരുത്തം, പക്ഷിപ്പൊരുത്തം, ഗോത്രപ്പൊരുത്തം, ഭൂതപ്പൊരുത്തം എന്നിങ്ങനെ അഞ്ചെണ്ണം കൂടിയുണ്ട്. മാധവീയത്തിൽ കാണുന്നതിപ്രകാരമാണ്. അശ്വതിക്ക് കുതിര, ഭരണിക്ക് ആന, കാർത്തികക്ക് ആട് എന്നിങ്ങനെ നക്ഷത്രങ്ങൾക്കെല്ലാം നക്ഷത്രയോനികൾ ഉണ്ട്. ഇതിൽ ചില ജീവികൾക്ക് മറ്റു ചിലത് ശത്രുവാണ് (എലിയും പൂച്ചയും, മാനും പുലിയും ഒക്കെ ഇതിൽ വരും) ആ നക്ഷത്രങ്ങൾ തമ്മിൽ യോജിക്കില്ല. അതാണ് ഋക്ഷയോനിപ്പൊരുത്തത്തിന്റെ അടിസ്ഥാനം.

പണ്ടുകാലത്ത് ഏറെ പ്രധാനമായിരുന്ന ഒന്നാണ് ജാതിപ്പൊരുത്തം. അശ്വതി മുതൽ നക്ഷത്രങ്ങളെ ക്രമത്തിൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശുദ്രൻ, അനുലോമജാതി, പ്രതിലോമജാതി എന്നിങ്ങനെ തരം തിരിക്കുന്നു. ഇപ്രകാരം 4 ആവൃത്തി കണക്കാക്കി, ബാക്കി വരുന്ന പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി ഇവയെ ബ്രാഹ്മണനും, ക്ഷത്രിയനും, വൈശ്യനുമായി എണ്ണി തിട്ടപ്പെടുത്തുന്നു. ഇനി, സ്ത്രീ-പുരുഷ നക്ഷത്രങ്ങൾ ഒരേ ജാതിയായാൽ ശ്രേഷ്‌ഠം, പുരുഷൻ ഉത്തമജാതി(?)യിലും സ്ത്രീ ഹീനജാതിയിലും ആയാലും നല്ലതു തന്നെ, തിരിച്ചായാൽ കഷ്ടം. പ്രതിലോമജാതിയും മറ്റ് ഉന്നതജാതികളും തമ്മിലായാൽ വർജ്യം. മറ്റുള്ളവ മധ്യമം-ഇങ്ങനെ കണാക്കാക്കുന്നു. കുറേക്കാലമായി ജാതിപ്പൊരുത്തം എന്തുകൊണ്ടോ ജ്യോത്സന്മാർ ഉപേക്ഷിച്ച മട്ടാണ്.

അശ്വതി മുതൽ ആദ്യത്തെ അഞ്ചു നക്ഷത്രങ്ങൾക്കു പെരുമ്പുള്ള്, അടുത്ത ആറിന് ചെമ്പോത്ത്, പിന്നത്തെ ആറിന് കാക്ക, അടുത്ത അഞ്ചിന് കോഴി, ബാക്കി അഞ്ചിന് മയിൽ എന്നിങ്ങനെ പക്ഷിവർഗങ്ങൾ ആരോപിച്ചിരിക്കുന്നു. സ്ത്രീപുരുഷന്മാർ ഒരേ പക്ഷിവർഗമായാൽ ശ്രേഷ്‌ഠമായി ഇതാണ് പക്ഷിപ്പൊരുത്തം.

അശ്വതി തുടങ്ങി അഭിജിത് ഉൾപ്പടെ 28 നക്ഷത്രങ്ങളെ സപ്തർഷികളുടെ (മരീചി, വസിഷ്ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു ഇവരുടെ) ഗോത്രങ്ങളാക്കി തിരിക്കുന്നു. ഒരേ ഗോത്രത്തിൽ പെട്ട നക്ഷത്രങ്ങൾ തമ്മിൽ ഒട്ടും ചേരില്ലത്രേ.

നക്ഷത്രങ്ങളെ പൃത്ഥ്വി, ജലം, വായു, അഗ്നി, ആകാശം എന്നിങ്ങനെ അഞ്ചു ഭൂതങ്ങളാക്കി വിഭജിക്കുന്നു. സ്ത്രീ-പുരുഷ നക്ഷത്രങ്ങളുടെ ഭൂതങ്ങൾ ഒന്നായി വരുന്നതു നല്ലതാണത്രേ.

ദൈവം വിചാരിച്ചാൽപോലും ഈ പൊരുത്തങ്ങളെല്ലാം ഇണകൾക്ക് ഒത്തുവരിക സാധ്യമല്ല. വിഭജനത്തിന്റെ പരിഹാസ്യത [ 168 ] ആർക്കും ഒറ്റനോട്ടത്തിൽ ബോധ്യമാകും (അതിനു വേണ്ടി മാത്രമാണ് അർഥഹീനമായ ഇക്കാര്യങ്ങൾക്കായി ഇത്രയും പേജുകൾ ചെലവഴിച്ചത്). ഇതിനു പുറമെ പാപസാമ്യം, ദശാസന്ധി ദോഷം മുതലായ ജാതകദോഷങ്ങൾ കൂടി വിവാഹപ്പൊരുത്തത്തിനു പരിഗണിക്കണം.

ചന്ദ്രൻ കർക്കിടക ലഗ്നത്തിൽ നിൽക്കുകയും അതിനു ശനിയുടെയും ചൊവ്വയുടെയും ദൃഷ്ടിയുണ്ടായിരിക്കുകയും ചെയ്താൽ അപ്പോൾ ജനിക്കുന്ന ശിശു കൂനനോ കുള്ളനോ ആയിരിക്കും.

ഗർഭധാരണ സമയത്ത ലഗ്നം മീനമാവുകയും ചന്ദ്രൻ, ചൊവ്വ, ശനി ഇവ അതിനെ ദൃഷ്ടി ചെയ്യുകയും ചെയ്താൽ കുഞ്ഞ് മുടന്തനായിരിക്കും.

ചന്ദ്രനോടൊപ്പം ഏതെങ്കിലും പാപൻ ഋക്ഷസന്ധികളിലൊന്നിൽ (4,8,12 രാശികളുടെ അന്ത്യഭാഗം) നിന്നാൽ ശിശു മന്ദബുദ്ധിയായി വളരും

പാപസാമ്യം

സ്ത്രീ ജാതകത്തിൽ ജന്മലഗ്നം, ചന്ദ്രലഗ്നം, ശുക്രലഗ്നം (ശുക്രൻ നിൽക്കുന്ന രാശി) ഇതിൽ ഓരോന്നിൽ നിന്നും ലഗ്നാലും ചന്ദ്രലും ശുക്രാലും എന്ന് ജ്യോത്സ്യഭാഷ -1, 2, 4, 7, 8,12 എന്നീ രാശികളിൽ സൂര്യൻ,ചൊവ്വ,ശനി,രാഹു എന്നീ പാപന്മാരിൽ ആരെങ്കിലും നിൽക്കുന്നത് ഭർത്താവിന് ദോഷം ചെയ്യുമെത്രെ, പ്രത്യേകിച്ചും 8 ൽ ചൊവ്വ ഗൗരവമുള്ളതത്രെ. ലഗ്നാലുള്ള പാപസൂചനയുടെ പകുതിയാണ് ചന്ദ്രാലുള്ളതിന്, അതിന്റെ പകുതി ശുക്രാലും. പുരുഷ ജാതകത്തിലും സമാനമായ പാപ സൂചനയുണ്ടെങ്കിൽ പാപസാമ്യമായി. പാപസാമ്യമുണ്ടെങ്കിൽ വിവാഹത്തിനു ദോഷമില്ല. ഉദാ: രണ്ടു പേർക്കും ചൊവ്വാ ദോഷമുണ്ടെങ്കിൽ കുഴപ്പം തീർന്നു (സ്ത്രീ ജാതകത്തിലെ ഏഴിലോ എട്ടിലോ നിൽക്കുന്ന പാപന്മാർക്ക് പുരുഷജാതകത്തിലെ ഏഴിൽത്തന്നെ വേണം പാപൻ എന്നതു നിർബന്ധമാണ്)

ദശാസന്ധി

ഒരു ദശയുടെ അവസാനത്തെ 6 മാസവും അടുത്ത ദശയുടെ ആദ്യത്തെ ആറു മാസവും ചേർന്നതാണ് ഒരു ദശാ സന്ധി. സ്ത്രീ - പുരുഷന്മാർക്ക് അവരുടെ ഭാവി ജീവിതത്തിൽ എപ്പോഴെങ്കിലും ഒന്നിച്ചു ദശാസന്ധി വരുന്നുവെന്ന് കണ്ടാൽ വിവാഹം വർജിക്കണം.

ചുരുക്കത്തിൽ, ജീവിതകാലത്ത് വരാവുന്ന എല്ലാ ആപത്തുകൾക്കും വേണ്ടത്ര കാരണങ്ങൾ പൊരുത്തം എന്ന ജാലവിദ്യയിലൂടെ ജ്യോത്സ്യൻ കണ്ടെത്തിയിട്ടുണ്ട്. പൊരുത്തക്കേടില്ലാത്ത ഒരു ജാതകവും ഉണ്ടാകില്ലെന്ന് ജ്യോതിഷം ഉറപ്പു വരുത്തിയിരിക്കുന്നു. അതിലെ സങ്കീർണതകൾ എല്ലാം ജ്യോത്സ്യന്മാർ ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്.. ആരെങ്കിലും സ്വന്തം ഭാവി സ്വയം വായിച്ചെടുക്കാനായാൽ കച്ചവടം നഷ്ടമാകുമല്ലോ. എന്നു മാത്രമല്ല സംഭവിക്കുന്ന ഏതു ദുരന്തത്തിനും (സൽക്കാര്യങ്ങൾക്കും) ഒരു വിശദീകരണം നൽകാനുള്ള വകുപ്പ് ഗ്രഹനിലയിലുണ്ടാകും. ഗ്രഹനിലയനുസരിച്ച് സംഭവിക്കേണ്ടിയിരുന്നതു സംഭവിക്കാതിരുന്നാൽ ജ്യോത്സ്യനോടാരും വിശദീകരണം ചോദിക്കാറുമില്ലല്ലോ.