താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോനിയും (എന്താണാവോ അടിസ്ഥാനം) പുരുഷയോനിയിൽ ജനിച്ച പുരുഷനും സ്ത്രീ യോനിയിൽ ജനിച്ച സ്ത്രീയും ഉത്തമം തിരിച്ചായാൽ മധ്യമം. പുരുഷനും പുരുഷനും അധമവും സ്ത്രീയും സ്ത്രീയും മധ്യമവുമാണത്രേ (ചില ജ്യോതിഷികൾ നപുംസക നക്ഷത്രങ്ങളെയും കണ്ടെത്തിയിട്ടുണ്ട്)

ഒരാൾക്ക് എത്ര ഭാര്യമാരുണ്ടാകും? ഏഴാം ഭാവത്തിൽ എത്ര ഗ്രഹങ്ങളുണ്ട്, ഏഴാം ഭാവാധിപനും ശുക്രനുമായി ചേർന്ന് എത്ര ഗ്രഹങ്ങൾ നിൽക്കുന്നു ഇക്കാര്യങ്ങൾ വെച്ച് പറയാൻ കഴിയും. ചില ജ്യോതിഷികളുടെ അഭിപ്രായത്തിൽ, ഏഴാം ഭാവത്തിൽ ഒരു ഗ്രഹമുണ്ടെങ്കിൽ ശുക്രനോട് യോഗത്തിൽ നിൽക്കുന്ന ഗ്രഹസംഖ്യക്ക് തുല്യമായിരിക്കുമത് (ഇന്തോനേഷ്യയുലും ആഫ്രിക്കയിലും മറ്റും പത്തും ഇരുപതും ഭാര്യമാരുള്ള നാട്ടു പ്രമാണിമാരുണ്ടത്രെ. ഗ്രഹങ്ങൾ ആകെ ഒമ്പതേയുള്ളു താനും. കൃസ്ത്യാനികൾക്ക് ഈ നിയമമൊന്നും ബാധകമല്ലെന്നും തോന്നുന്നു.)

7. ദിനപ്പൊരുത്തം.

സ്ത്രീയുടെ ജന്മനക്ഷത്രത്തിൽ നിന്നും അനുജന്മ നക്ഷത്രങ്ങളിൽ നിന്നും 3, 5, 7 എന്നീ നക്ഷത്രങ്ങളിൽ ജനിച്ച പുരുഷൻ വർജ്യൻ. മറ്റു നാളുകൾക്ക് ദിനപ്പൊരുത്തം ഉത്തമം.

8. രജ്ജുപൊരുത്തം.

അശ്വതി ആദിരജ്ജു, ഭരണി മധ്യരജ്ജു, കാർത്തിക ശിരോരജ്ജു, മകയിരം മധ്യരജ്ജു, തിരുവാതിര ആദിരജ്ജു ഇങ്ങനെ മുന്നോട്ടും പിന്നോട്ടും എണ്ണുക. സ്ത്രീപുരുഷന്മാരുടെ ജന്മനക്ഷത്രങ്ങൾ ഒരേ രജ്ജുവിൽ വന്നാൽ പൊരുത്തമില്ല. ഇതിൽത്തന്നെ മധ്യരജ്ജുവും മധ്യരജ്ജുവും തമ്മിൽ ചേരുന്നതു വളരെ ദോഷം ചെയ്യുമത്രേ. വ്യത്യസ്ത രജ്ജുക്കൾ തമ്മിൽ ഉത്തമം.

9. വേധപ്പൊരുത്തം

ഇതുതന്നെ രണ്ടുതരമുണ്ട്. വർഗവേധവും നക്ഷത്രവേധവും

വർഗവേധം: നക്ഷത്രങ്ങളെ അഞ്ചു വർഗങ്ങളായി വിഭജിക്കുന്നു. 1.രോഹിണി, തിരുവാതിര, അത്തം, ചോതി, തിരുവോണം, ചതയം. 2.ഭരണി, പൂയം, പൂരം, അനിഴം, പൂരാടം, ഉത്രട്ടാതി 3. അശ്വതി, ആയില്യം, മകം, കേട്ട, മൂലം, രേവതി. 4.മകയിരം, ചിത്ര, അവിട്ടം 5.കാർത്തിക, പുണർതം, ഉത്രം, വിശാഖം, ഉത്രാടം, പൂരുരുട്ടാതി എന്നിങ്ങനെ. സ്ത്രീപുരുഷ നക്ഷത്രങ്ങൾ ഒരേവർഗത്തിൽ വന്നാൽ വർഗവേധം എന്ന ദോഷമാണ്. രണ്ടും ഒന്നാമത്തെ വർഗത്തിലായാൽ കണ്‌ഠവേധമാണ്. ഫലം ഭർതൃനാശവും. രണ്ടാം വർഗത്തിലായാൽ കടീവേധം. ഫലം - ദാരിദ്ര്യം. മൂന്നിലായാൽ പാദവേധം. ഫലം-സ്ഥാനചലനം, സഞ്ചാരം മുതാലയവ. നാലിലായാൽ ശിരോവേധം. ഫലം-രണ്ടിൽ ഒരാളുടെ മരണം. അഞ്ചിലായാൽ കുക്ഷിവേധം. ഫലം-സന്താന നാശം.

നക്ഷത്രവേധം: നക്ഷത്രവേധം നേരത്തെ സൂചിപ്പിച്ചതാണല്ലോ. അശ്വതിക്ക് കേട്ട, ഭരണിക്ക് അനിഴം, കാർത്തികക്ക് വിശാഖം, എന്നിങ്ങനെ ചില നക്ഷത്രങ്ങൾക്ക് മറ്റു ചിലതുമായി വേധമുണ്ട്. വേധമുള്ള നക്ഷത്രങ്ങൾ തമ്മിൽ പൊരുത്തമുണ്ടാകില്ല. കലഹം, വേർപാട്, മരണം തുടങ്ങിയവയെല്ലാം സംഭവിക്കാം.

10. സ്ത്രീദീർഘപ്പൊരുത്തം

സ്ത്രീ ജനിച്ച നക്ഷത്രത്തിൽ നിന്ന് ഒമ്പതു നക്ഷത്രങ്ങൾക്കു