Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കാക്കണം സ്ത്രീ-പുരുഷന്മാരുടെ കൂറുകൾ ഒന്നാവുകയും നക്ഷത്രങ്ങൾ വ്യത്യസ്തമാവുകയും ചെയ്താൽ ഉത്തമമാണ്.

സ്ത്രീ ജാതകത്തിൽ ഏഴാം ഭാവത്തിൽ ബുധനും ശനിയും ചേർന്ന് വരികയോ അവയിലൊന്നിന്റെ സ്വക്ഷേത്രമാവുകയോ ചെയ്താൽ ഭർത്താവ് ലൈംഗിക ശേഷി ഇല്ലാത്തവനാകും. ഏഴാം ഭാവം ചരരാശിയാവുകയും അതിന്റെ രാശ്യാധിപൻ ഒരു ചര രാശിയിലോ അംശത്തിലൊ ആയിരിക്കുകയും ചെയ്താൽ ഭർത്താവു എപ്പോഴും വീട്ടിൽ നിന്നകലെയായിരിക്കും എന്നു ഫലം പറയണം. ശനി ഏഴാം ഭാവത്തിൽ സ്വക്ഷേത്രത്തിലോ അംശകത്തിലോ ആണെങ്കിൽ ഭർത്താവ് കിഴവനും വിഡ്ഢിയും ആയിരിക്കും.

ലഗ്നത്തിൽ നിൽക്കുന്ന ശനിയുടെ സ്വക്ഷേത്രത്തിൽ ശുക്രൻ നിൽക്കുകയും ആറാം ഭാവാധിപൻ ബുധക്ഷേത്രത്തിൽ നിൽക്കുകയും ചെയ്താൽ ജാതകന് വായ് നാറ്റമുണ്ടാകും.

2. രാശ്യാധിപപ്പൊരുത്തം.

സ്ത്രീ-പുരുഷന്മാരുടെ കൂറുകളുടെ ആധിപത്യം ഒരേ ഗ്രഹത്തിനാവുകയോ കൂറുകളുടെ അധിപന്മർ ബന്ധുക്കളായി വരുകയോ ചെയ്താൽ രാശ്യാധിപപ്പൊരുത്തം ഉത്തമമായി.

3. വശ്യപ്പൊരുത്തം.

ഓരോ രാശിക്കും അതിന്റെ വശ്യ രാശികളുണ്ടത്രെ മേടത്തിനു ചിങ്ങം, മിഥുനം, ഇടവത്തിനു കർക്കിടകം, തുലാം, മിഥുനത്തിനു കന്നി, കർക്കിടകത്തിനു ധനു, വൃശ്ചികം എന്നിങ്ങനെ. പുരുഷന്റെ കൂറ് സ്ത്രീയുടെ കൂറിന്റെ വശ്യ രാശികളിൽ ഒന്നോ അല്ലെങ്കിൽ മറിച്ചോ വന്നാൽ അവരുടെ നാളുകൾ തമ്മിൽ വശ്യപ്പൊരുത്തം ഉണ്ടെന്ന് പറയും.

4. മഹേന്ദ്രപ്പൊരുത്തം.

സ്ത്രീയുടെ ജന്മ നക്ഷത്രത്തിൽ നിന്നും അനുജന്മനക്ഷത്രങ്ങളിൽ നിന്നും 4, 7, 8 എന്നീ നക്ഷത്രങ്ങളിലാണ് പുരുഷൻ ജനിച്ചതെങ്കിൽ അവരുടെ നാളുകൾ തമ്മിൽ മഹേന്ദ്രപ്പൊരുത്തമുണ്ട് (ജന്മ നക്ഷത്രത്തിന്റെ പത്താമത്തേയും പത്തൊമ്പതാമത്തേയും നക്ഷത്രങ്ങളാണ് അനുജന്മ നക്ഷത്രങ്ങൾ മൂന്നിനും ഒരേ ഗ്രഹാധിപത്യമായിരിക്കും എന്നോർക്കുക)

5. ഗണപ്പൊരുത്തം

നക്ഷത്രങ്ങളെ ദേവഗണം, അസുരഗണം, മനുഷ്യഗണം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു (എന്തടിസ്ഥാനത്തിലാണോ ആവോ) അശ്വതി, മകയിര്യം, പുണർതം, പൂയം, അത്തം, ചോതി,അനിഴം,തിരുവോണം,രേവതി ഇവ ദേവഗണങ്ങളും, ഭരണി, രോഹിണി, തിരുവാതിര, പൂരം, ഉത്രം, പൂരാടം, ഉത്രാടം, പൂരുരുട്ടാതി,ഉത്രട്ടാതി ഇവ മനുഷ്യഗണങ്ങളും മറ്റുള്ളവ അസുരഗണങ്ങളുമാണ്. ഒരേഗണത്തിലുള്ള സ്ത്രീ-പുരുഷന്മാരുടെ ചേർച്ച ഉത്തമമെന്നും അസുരനും ദേവനും ആണെങ്കിൽ അധമമെന്നുമാണ് വെപ്പ്. മനുഷ്യഗണത്തിലുള്ള സ്ത്രീക്ക് ദേവഗണത്തിലുള്ള പുരുഷൻ ഉത്തമവും അസുരഗണത്തിലുള്ള പുരുഷൻ മധ്യമവും ആണ് എന്നാൽ ദേവഗണത്തിലുള്ള സ്ത്രീക്ക് മറ്റു ഗണങ്ങൾ അധമമാണത്രെ.

6. യോനിപ്പൊരുത്തം

നക്ഷത്രങ്ങളെ സ്ത്രീയോനി, പുരുഷയോനി എന്നിങ്ങനെയും, വിഭജിച്ചിട്ടുണ്ട് കാർത്തിക, രോഹിണി, മകയിരം, തിരുവാതിര,പുണർതം, പൂരം, അത്തം, ചിത്ര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി ഇവ സ്ത്രീയോനിയാണ്, മറ്റുള്ളവ പുരുഷ