താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാംഭാവമായ ലഗ്നം കൊണ്ട് ആയുസ്സ്, ശരീരം (ഘടന, നിറം, സൗന്ദര്യം), സ്വഭാവം, കീർത്തി, സുഖം, ജയവും തോൽവിയും ഇവയെക്കുറിച്ച് ചിന്തിക്കണം. ലഗ്നത്തിന്റെ കാരകഗ്രഹം സൂര്യനാണ്. ഇതുകൂടാതെ ലഗ്നരാശിയുടെ രാശ്യാധിപനുമുണ്ട്. ഭാവം, ഭാവനാഥൻ (രാശ്യാധിപൻ), ഭാവകാരകൻ ഇവ മൂന്നും വെച്ചു വേണം ഭാവഫലചിന്ത.

ഗ്രഹദോഷമുണ്ടോ? സാരമില്ല. അല്പം കാശു മുടക്കിയാൽ പരിഹരിക്കാവുന്നതേയുള്ളു. ഓരോ ഗ്രഹദോഷത്തിനും ധരിക്കേണ്ട രത്നക്കല്ലുകളിവയാണ്. സൂര്യനു മാണിക്യം, ചന്ദ്രനു ചന്ദ്രകാന്തം, വെൺ പവിഴം, ചൊവ്വക്ക് ചെമ്പവിഴം, ബുധനു മരതകം, വ്യാഴത്തിനു പുഷ്യരാഗം, ശുക്രനു വജ്രം, ശനിക്ക് ഇന്ദ്രനീലം, രാഹുവിന് ഗോമേദകവും തവിട്ടു വൈഡുര്യവും ഇവ ധരിച്ചാൽ നേട്ടമുണ്ടാകാതിരിക്കില്ല. (ആഭരണ വ്യാപാരിക്കും അതിലൊരു പങ്ക് ജ്യോത്സ്യനും)

രണ്ടാം ഭാവം വിദ്യാസ്ഥാനവും ധനസ്ഥാനവുമാണ്. മൂന്നാം ഭാവം സഹോദരസ്ഥാനവും, നാല് മാതൃസ്ഥാനവും (വീട്, ബന്ധുക്കൾ, അമ്മാവൻ, കന്നുകാലി മുതലായവയും), അഞ്ച് പുത്രസ്ഥാനവും, ആറ് ശത്രു-രോഗസ്ഥാനവും (കള്ളന്മാർ, വിഘ്നം, വ്യാധികൾ), ഏഴ് കളത്രസ്ഥാനവും (വിവാഹം, ക്രയവിക്രയം, ആഗ്രഹം), എട്ട് ആയുർസ്ഥാനവും, ഒമ്പത് ഭാഗ്യസ്ഥാനവും, പത്ത് കർമസ്ഥാനവും (തൊഴിൽ, ജയം, ധനപ്രാപ്തി ആദിയായവ), പതിനൊന്ന് ലാഭസ്ഥാനവും, പന്ത്രണ്ട് വ്യയസ്ഥാനവും (ധനനഷ്ടം, ദാരിദ്ര്യം, സഞ്ചാരം, അംഗവൈകല്യം) സൂചിപ്പിക്കുന്നു.

ഷഡ്‌വർഗ വിഭജനം

ജാതകത്തിൽ ഏതു ഗ്രഹമാണ് ജാതകന് കൂടുതൽ അനുകൂലം, ഏതാണ് പ്രതികൂലം എന്നറിയാൻ ഗ്രഹത്തിന്റെ കൃത്യമായ രാശിസ്ഥാനം കണ്ട് ബലം കണക്കാക്കുന്നതിനുള്ള 6 തരം വർഗീകരണ രീതികളാണ് ഷഡ്‌വർഗം എന്നറിയപ്പെടുന്നത് (16 തരം വർഗങ്ങളുള്ള ഷോഡശവർഗീകരണമാണ് പരാശരമുനി നിർദേശിച്ചിട്ടുള്ളതെങ്കിലും, ഷഡ്‌വർഗങ്ങളാണ് പൊതുവെ ജ്യോത്സ്യന്മാർ സ്വീകരിച്ചിട്ടുള്ളത്). ഷഡ്‌വർഗങ്ങൾ ഇവയാണ്: ക്ഷേത്രം (മുഴുവൻ രാശി), ഹോര (രാശിയുടെ പകുതി), ദ്രേക്കാണം (രാശിയുടെ 13 ഭാഗം), നവാംശകം (19 ഭാഗം) , ദ്വാദശംശകം (112 ഭാഗം), ത്രിംശംശകം (130 ഭാഗം). ഇതിൽ ക്ഷേത്രവും നാവാംശകവുമാണത്രേ ഏറെ പ്രധാനം.

ഒരു ഗ്രഹം നിൽക്കുന്ന രാശിയാണ് ക്ഷേത്രം. അതു സ്വക്ഷേത്രമാണോ, ഉച്ചമാണോ, ബന്ധുക്ഷേത്രമാണോ, മൂലമാണോ എന്നൊക്കെ നോക്കി വേണം ഗ്രഹത്തിന്റെ ബലവും ഫലദായകത്വവും തീരുമാനിക്കാൻ. ആ രാശിയിൽ നിൽക്കുന്ന കാലത്ത് രാശ്യാധിപൻ ഗ്രഹത്തിന്റെ അധിപൻ കൂടിയായിരിക്കും.

രാശിയെ രണ്ടായി ഭാഗിക്കുന്നതാണ് ഹോര (15 ഭാഗ). ഓജ രാശിയാണെങ്കിൽ ആദ്യഹോരയുടെ അധിപൻ സൂര്യനും, രണ്ടാം ഹോരയുടെ അധിപൻ ചന്ദ്രനും, യുഗ്മരാശിയാണെങ്കിൽ തിരിച്ചും എന്നാണ് സങ്കല്പം. ഒരു ഗ്രഹം ഏതു ഹോരയിലാണോ ആ ഹോരയുടെ അധിപനായിരിക്കും (സൂര്യനോ, ചന്ദ്രനോ) ഗ്രഹത്തിന്റേയും അധിപൻ. സൂര്യൻ തന്നെ സൂര്യ