താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഹോരയിൽ നിന്നാൽ വിശേഷായി. (ചന്ദ്രൻ ചന്ദ്രഹോരയിൽ നിന്നാലും)

ഗ്രഹദോഷ പരിഹാരത്തിനെന്ന പോലെ രോഗശമനത്തിനും രത്നങ്ങൾ ഉത്തമമാണ്(രത്നം ധരിച്ചാൽ പിന്നെ മരുന്നു കഴിക്കണ്ട എന്നാരും ധരിച്ചു കളയരുത്)

ജ്യോതിഷ വിശ്വാസികൾ ധരിക്കേണ്ടത് ഈ രത്നങ്ങളാണ്. വലിവിന് ചെമ്പവിഴം, മരതകം, മുത്ത്, ഞരമ്പുരോഗത്തിന് കടും ഇന്ദ്രനീലം, പ്രമേഹത്തിനു ചെമ്പവിഴം, മരതകം, രക്താർബുദത്തിനും ക്ഷയത്തിനും ചെമ്പവിഴം, മഞ്ഞ ഇന്ദ്രനീലം ഇങ്ങനെ പോകുന്നു പട്ടിക. വേണ്ടത്ര ചെമ്പവിഴവും, മഞ്ഞ ഇന്ദ്രനീലവും കിട്ടാനില്ലാത്തതിനാലാകാം ഇന്ത്യയിൽ ഒരു കോടിയോളം ക്ഷയരോഗികളുള്ളത്.

ദ്രേക്കാണം മുമ്പ് വിവരിച്ചതാണ്. രാശിയെ 3 ആയി വിഭജിക്കുന്നു (ക്രാന്തിവൃത്തത്തെ 36 ആയി വിഭജിച്ച് അതിൽ സൂര്യന്റെ സ്ഥാനം കണക്കാക്കി ഋതുമാറ്റം പ്രവചിക്കുന്ന ബാബിലോണിയരുടെ ശാസ്ത്രം ഓർക്കുക). ആദ്യദ്രേക്കാണത്തിന്റെ അധിപൻ ആ രാശിയുടെ നാഥനും, മധ്യദ്രേക്കാണത്തിന്റെ അധിപൻ അതിൽ നിന്ന് അഞ്ചാമത്തെ രാശിയുടെ അധിപനും, അന്ത്യദ്രേക്കാണത്തിന്റെ അധിപൻ ഒമ്പതാം രാശിയുടെ അധിപനും ആയിരിക്കും. ഉദാഹരണത്തിന് ഒരു കുഞ്ഞു ജനിക്കുമ്പോൾ ബുധൻ മീനം രാശിയുടെ 17-ം ഭാഗയിൽ നിൽക്കുന്നു എന്നിരിക്കട്ടെ. അതു മധ്യദ്രേക്കാണമാണല്ലോ. അതുകൊണ്ട് മീനത്തിന്റെ അഞ്ചാം രാശിയായ കർക്കടകത്തിന്റെ അധിപൻ ചന്ദ്രനായിരിക്കും ബുധന്റെ ദ്രേക്കാണാധിപൻ. ആദ്യ ദ്രേക്കാണം കർമത്തെ സംബന്ധിച്ചും, മധ്യ ദ്രേക്കാണം ഭോഗസുഖാദികളെ സംബന്ധിച്ചും, അന്ത്യ ദ്രേക്കാണം നാശത്തെ സംബന്ധിച്ചും ഉള്ള കാരകത്വം വഹിക്കുന്നുവത്രേ. ദ്രേക്കാണങ്ങളിലെ ഗ്രഹങ്ങളാണ് ഫലം തീരുമാനിക്കുന്നത്.

ഷഡ്‌വർഗങ്ങളിൽ നവാംശകം വളരെ പ്രധാനമായി കണക്കാക്കുന്നു. രാശിയെ 9 ആക്കി ഭാഗിക്കുന്നു. ഓരോ നവാംശവും 3 ഭാഗ 20 കല വീതമാണ് ഒരു നാളിന്റെ കാൽ ഭാഗമാണിത്. (രാശി=2¼ നാളാണല്ലോ) നക്ഷത്ര പാദം അഥവാ കാൽ എന്നു പറയും. പണ്ടു കാലത്ത് ഗ്രഹസ്ഫുടം നോക്കി കൃത്യമായി പ്രായം ഗണിക്കാൻ വിഷമമാണെന്നുകണ്ട് ജ്യോതിഷികൾ സൃഷ്ടിച്ചെടുത്ത ഒരു എളുപ്പമാർഗമാണ് നവാംശകം. കുഞ്ഞു ജനിച്ചപ്പോൾ ഒരു രാശിയുടെ ഏതു നവാംശത്തിലാണ് ഓരോഗ്രഹവും നിന്നിരുന്നത്, ഇപ്പോൾ ഏതു രാശിയിൽ ഏതു നവാംശത്തിൽ നിൽക്കുന്നു എന്നറിഞ്ഞാൽ, സാമാന്യം കൃത്യതയോടെ പ്രായം കണക്കാക്കാൻ പറ്റും (ഒരു നവാംശത്തിൽ ശനി 4 മാസവും വ്യാഴം 1¼ മാസവും ആണുണ്ടാവുക). ഇങ്ങനെ പ്രായം ഗണിക്കാൻ ചെയ്ത ഒരേർപ്പാട് പിന്നീട് പാദദോഷം (കാലുള്ള നാളുകൾ) എന്ന അന്ധവിശ്വാസമായി മാറി. പൂയം നാളിന്റെ ആദ്യ പാദത്തിൽ ജനിച്ചാൽ തനിക്കു തന്നെയും, രണ്ടാമത്തെ കാലിൽ ജനിച്ചാൽ മാതാവിനും, മൂന്നാമത്തെ കാലിൽ പിതാവിനും, നാലാമത്തേതിൽ അമ്മാവനും ആപത്തുണ്ടാകുമത്രേ. ഇതുപോലെ അത്തം, പൂരാടം, തൃക്കേട്ട മുതലായ പല നാളുകൾക്കും അപകടകരികളായ കാലുകളുണ്ടത്രേ (കൂട്ടുകുടുംബം ഇല്ലാതയതോടെ പല കാലുകളും കുഴപ്പക്കാരല്ലാതായിട്ടുണ്ട്, പ്രത്യേകിച്ച് അമ്മാവൻ കാൽ).