താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"രണ്ടാം ഭാവത്തിൽ ശനി നിന്നാൽ വിദ്യയിൽ പിന്നിലാകും. മഠയനായിരിക്കും. ബന്ധുക്കളുമായി രമ്യതയിൽ കഴിയില്ല. അന്യദേശവാസിയാകും. പല്ലിനോ മുഖത്തിനോ വൈകൃതമുണ്ടാകും. മൂന്നാമിടത്തു ശനി നിന്നാൽ ദീർഘായുസ്സും, ഉൽകൃഷ്ടതയും, ബുദ്ധിയും, സൽസ്വഭാവവും ഉണ്ടാകും. നല്ല ഭാര്യയും ധാരാളം സുഖ സാമഗ്രികളും ലഭിക്കും" (എന്തു പണച്ചെലവുണ്ടായാലും വേണ്ടില്ല, രണ്ടാം ഭാവത്തിൽ ശനി നിൽക്കുമ്പോൾ ജനിക്കാതെ നോക്കണം പ്രസവം അല്പം (ഏറിയാൽ 2 മണിക്കൂർ) താമസിപ്പിച്ചാൽ മതിയല്ലോ. ഇക്കാലത്ത് അത് എളുപ്പമാണ്.)

ഗ്രഹങ്ങളുടെ കാരകത്വം

ഓരോ ഗ്രഹവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ പ്രത്യേകമായി സൂചിപ്പിക്കുന്നുണ്ടത്രേ. ഉദാഹരണത്തിന്, സൂര്യനെക്കൊണ്ട് ഒരാളുടെ പിതാവ്, ആത്മാവ്, ധീരത, ഉദ്യോഗം, പ്രതാപം, ആരോഗ്യം, ഐശ്വര്യം ഇവയെ ചിന്തിക്കണം. ചന്ദ്രൻ അമ്മ, മനസ്സ്, രക്തം, കൃഷി, രാജപ്രീതി ഇവയുടെയും, ചൊവ്വ യുദ്ധം, ധീരത, സഹോദരൻ, ഭൂസ്വത്ത് ഇവയുടേയും, ബുധൻ വിദ്യ, വാക്ചാതുര്യം, അമ്മാവൻ, സുഹൃത്തുക്കൾ മുതാലയവരുടെയും കാരകഗ്രഹമാണ്. വ്യാഴത്തിന് സന്താനം, ധനം, കീർത്തി, ദൈവഭക്തി ഇവയ്‌ക്ക് മേലും, ശുക്രന് ജീവിതപങ്കാളി, സൗന്ദര്യം, സംഗീതം, സാഹിത്യം, അലങ്കാരം, ലൈംഗിക കാര്യങ്ങൾ ഇവയ്‌ക്കുമേലും കാരകത്വമുണ്ട്. രോഗം, ദുരിതം, മരണം ഇവയ്ക്ക് ശനിയും, രക്തദൂഷ്യം, ഭാഷാപഠനം, പിതാമഹൻ ഇവയ്‌ക്ക് രാഹുവും, അപകടം, ശസ്ത്രക്രിയ, മാതാമഹൻ ഇവയ്‌ക്ക് കേതുവും കാരകത്വം വഹിക്കുന്നു.

ഓരോഗ്രഹത്തിനും ബലവും അനുകൂലസ്ഥിതിയുമുണ്ടായാൽ അതിന്റെ കാരകത്വമനുസരിച്ച് ഗുണഫലങ്ങൾ നൽകാൻ കഴിയും. മറിച്ചായാൽ ദോഷഫലങ്ങളും ഉണ്ടാവും. ഉദാഹരണത്തിന് സൂര്യൻ ബലഹീനനായാൽ പിതാവിനു ദോഷം വരാം. ഗവണ്മെന്റ് ജോലിയിൽ പ്രശ്‌നങ്ങളുണ്ടാകാം. ചുരുക്കത്തിൽ മാനത്തെ ഭരാണാധികാരികളുടെ പോർട്ട്ഫോളിയോ എല്ലാവരും അറിഞ്ഞിരിക്കണം എന്നർഥം.

ജനനസമയത്തെ ഗ്രഹങ്ങളുടെ ബലം നിർണയിക്കുന്നതിൽ സ്ഥാനബലത്തോടൊപ്പം ദിശാബലവും പരിഗണിക്കണം. കൂടിയ ബലം 60 ആണെന്ന് ഓണക്കൂറിന്റെ ബൃഹജ്ജാതക വ്യാഖ്യാനത്തിൽ കാണാം. ഉച്ചത്തിൽ ഗ്രഹബലം 60, മൂലത്രികോണത്തിൽ 45, സ്വക്ഷേത്രത്തിൽ 30, അതിബന്ധുക്ഷേത്രത്തിൽ 22½ ബന്ധു ക്ഷേത്രത്തിൽ 15, സമക്ഷേത്രത്തിൽ 7½ ശത്രുക്ഷേത്രത്തിൽ 3¼ അതിശത്രുവിൽ 178 നീചത്തിൽ ശൂന്യം. ഇതു കൂടാതെ ചന്ദ്രന് പക്ഷബലവുമുണ്ട്. ഇവയ്‌ക്ക് പുറമെയാണ് ദിക്ബലം. ലഗ്നം, ദശമം, സപ്തമം, ചതുർഥം എന്നീ രാശികളാണ് ദിക്‌രാശികൾ അഥവാ കേന്ദ്രങ്ങൾ. ലഗ്നത്തിൽ ബുധൻ, വ്യാഴം ഇവയ്‌ക്കും, പത്തിൽ സൂര്യനും കുജനും, ഏഴിൽ ശനിക്കും, നാലിൽ ശുക്രനും ചന്ദ്രനും ദിക്‌ബലമുണ്ട്. അയനബലം, വക്രബലം, അംശകബലം, വാരാധിപബലം (ഞായറാഴ്ച സൂര്യനും തിങ്കളാഴ്ച ചന്ദ്രനും) എന്നിങ്ങനെ നാനാതരം ബലങ്ങൾ വേറെയുമുണ്ട്.

ഭാവകാരകത്വം

ഗ്രഹങ്ങൾക്കെന്നപോലെ ഭാവങ്ങൾക്കും കാരകത്വമുണ്ട്.