താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


യരുടെ ഭാവി ഭാഗധേയങ്ങൾ നിർണയിക്കുന്നതിൽ ഗുളികൻ വലിയ പങ്കാണു വഹിക്കുന്നത്.

"വ്യാഴം ലഗ്നത്തിൽ നിൽക്കുന്നവൻ ദീർഘായുസ്സായിരിക്കും. സുന്ദരനും സാത്വികനും നല്ല പുത്ര സമ്പത്തുകൾ ഉള്ളവനും ആകും. 12-ം ഭാവത്തിലാണെങ്കിൽ ധൂർത്തനും എപ്പോഴും അന്യ സഹായം അഭ്യർഥിക്കുന്നവനും മിത്രങ്ങളെ ദ്രോഹിക്കുന്നവനും ആയിരിക്കും" (സൗഹൃദം തേടുമ്പോൾ ജാതകം നോക്കുന്നതാണ് ഉചിതം).

"ശുക്രൻ ലഗ്നത്തിൽ തനിച്ചു നിന്നാൽ ജാതകൻ സ്ത്രീകൾക്കു പ്രിയങ്കരനും, ശരീര വടിവുള്ളവനും, ദീർഘായുസ്സും, കലാചതുരനും ആയി ഭവിക്കും."

മറ്റു ഗ്രഹങ്ങൾ പോലെയല്ല ഗുളികൻ. മറ്റുള്ളവയെല്ലാം ദിവസവും ഒരു തവണയേ ഉദിക്കൂ. ഗുളികൻ രണ്ടു തവണ ഉദിക്കും. ഒന്നു രാത്രിയും ഒന്ന് പകലും. ഞായറാഴ്ച പകൽ 26 നാഴികക്ക് കിഴക്കുദിച്ച് (അതായത് സന്ധ്യക്ക് 4 നാഴിക മുമ്പ്) ഉദിച്ച രാശിയിൽ തന്നെ സന്ധ്യക്ക് അസ്തമിച്ച് വീണ്ടും രാത്രി 10 നാഴിക ചെല്ലുമ്പോൾ പുതിയൊരു രാശിയിൽ കിഴക്കുദിക്കുന്നു. പിറ്റേന്ന് മുതൽ 4 നാഴിക വീതം നേരത്തെയാവും ഉദയം. ചൊവ്വാഴ്ച പകൽ 18 നാഴികയ്ക്കും രാത്രി 2 നാഴികയ്ക്കും ഉദിച്ച ഗുളികൻ ബുധനാഴ്ച പകൽ 14 നാഴികയ്ക്കും രാത്രി 26 നാഴികയ്ക്കും ആകും ഉദയം. രാത്രിയിലെ ഈ ചാട്ടം അനിവാര്യമാണല്ലോ. ആഴ്ചതോറും ഈ ക്രമം ആവർത്തിച്ചുകൊണ്ടിരിക്കും. ഗുളികൻ ആരുടെ കണ്ടുപിടുത്തമാണെന്നറിയില്ല. പ്രാചീന ജ്യോതിഷത്തിൽ അവനില്ല. അവൻ ചെറുതാണെങ്കിലും അതി ഭയങ്കര പാപിയാണത്രേ. ഏതു ഗ്രഹത്തോടു ചേർന്നു നിന്നാലും, ഏതു ഗ്രഹത്തിന്റെ സ്വക്ഷേത്രത്തിൽ ഉദിച്ചാലും, ആ ഗ്രഹം പാപനാണെങ്കിൽ കൂടുതൽ പാപനാകും, ശുഭനാണെങ്കിൽ ശുഭത്വം മങ്ങിപ്പോകും (ഗുളികനെപ്പോലെത്തന്നെ കാലൻ, യമകണ്ടൻ, യമശുക്രൻ, അർധപ്രഹരൻ എന്നീ ഭീകരരും കൂടിയുണ്ട്. പക്ഷെ ജ്യോത്സ്യന്മാർ അവയ്ക്ക് വലിയ പ്രാധാന്യം കൊടുത്തു കാണുന്നില്ല).

ഗ്രഹങ്ങളുടെ നിറം

വരാഹൻ പറയുന്നു:

രക്തശ്യാമോ ഭാസ്കരോ ഗൗര ഇന്ദുർ

ന്നാത്യുച്ഛാംഗോ രക്തഗൗരശ്ച വക്രഃ

ദുർവ്വാശ്യാമോ ജ്ഞോ ഗുരുർ ഗൗരഗാത്രഃ

ശ്യാമശ്ശുക്രോ ഭാസ്കരിഃ കൃഷ്ണദേഹഃ

സൂര്യന്റെ നിറം ചുവപ്പും കറുപ്പും ചേർന്നതാണ്. ചന്ദ്രന് നല്ല വെളുപ്പാണ്. ചൊവ്വ കുള്ളനും ചുവപ്പും വെളുപ്പും ചേർന്നവനും ആകുന്നു. ബുധൻ കറുകപോലെ കറുത്തവനും വ്യാഴം വെളുത്തവനും ശുക്രൻ ഇരുനിറക്കാരനും ശനി തനിക്കറുമ്പനും ആണ്.

ഗ്രഹങ്ങളുടെ ലിംഗം

സൂര്യനും ചൊവ്വയും വ്യാഴവും പുരുഷന്മാരും, ചന്ദ്രനും ശുക്രനും രാഹുവും സ്ത്രീകളും, കേതു നപുംസകവും ബുധൻ സ്ത്രീനപുംസകവും ശനി പുംനപുംസകവും ആകുന്നു.